ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിന്‍റെ ക്വാളിഫയർ-1ല്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് കിംഗായി, ചെപ്പോക്കിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്ണിന് മലർത്തിയടിച്ച് സിഎസ്കെ ഫൈനലില്‍ പ്രവേശിച്ചു. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സിന് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി. വാലറ്റത്ത് റാഷിദ് ഖാന്‍ തകർത്തടിച്ചെങ്കിലും അവസാന രണ്ട് ഓവറിലെ 34 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സിന് നേടാനാവുന്നതായിരുന്നില്ല.
ചെപ്പോക്ക് ചെന്നൈയുടേത്
മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ തുടക്കം പ്രതീക്ഷാനിര്‍ഭരമായിരുന്നില്ല. മൂന്ന് ഓവറില്‍ ടീം സ്കോര്‍ 22ലെത്തിയപ്പോള്‍ വൃദ്ധിമാന്‍ സാഹയെ(11 പന്തില്‍ 12) ദീപക് ചാഹര്‍ പുറത്താക്കി. പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും(7 പന്തില്‍ 8) അതിവേഗം മടങ്ങിയതോടെ ടൈറ്റന്‍സ് 5.5 ഓവറില്‍ 41-2 എന്ന നിലയിലായി. ഇതിന് ശേഷം ടൈറ്റന്‍സിന് ഇരട്ട പ്രഹരം ജഡേജ നല്‍കുന്നതാണ് കണ്ടത്. ശുഭ്മാന്‍ ഗില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പോലെ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും റണ്ണുയർത്താനുള്ള ശ്രമത്തിനിടെ ദാസുന്‍ ശനക 16 പന്തില്‍ 17 റണ്‍സുമായി വീണു. വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലറും(6 പന്തില്‍ 4) വന്നപോലെ മടങ്ങി.
ടീമിനെ ഒറ്റയാനായി ജയിപ്പിക്കുമെന്ന് കരുതിയ ഗില്ലിനെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ദീപക് ചാഹർ മടക്കിയത് ടൈറ്റന്‍സിന് കനത്ത തിരിച്ചടിയായി. 38 ബോളില്‍ 4 ഫോറും 1 സിക്സും സഹിതം 42 റണ്‍സാണ് ഗില്‍ നേടിയത്. ഇതോടെ 88-5 എന്ന നിലയില്‍ ടൈറ്റന്‍സ് പ്രതിരോധത്തിലായി. 100 റണ്‍സ് കടക്കാന്‍ 15-ാം ഓവർ വരെ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ രാഹുല്‍ തെവാട്ടിയയുടെ(5 പന്തില്‍ 3) കൂടി വിക്കറ്റ് വീണു. ഇതിന് ശേഷം വിജയ് ശങ്കറും റാഷിദ് ഖാനും സിഎസ്കെയ്ക്ക് നേരിയ ഭീഷണി ഉയർത്തിയെങ്കിലും പതിരാനയുടെ പന്തില്‍ പറക്കും ക്യാച്ചില്‍ ശങ്കറിനെ ഗെയ്‌ക്‌വാദ് പിടികൂടിയതോടെ വഴിത്തിരിവായി. തൊട്ടടുത്ത പന്തില്‍ ദർശന്‍ നല്‍കണ്ഡെയയെ(0) ത്രോയില്‍ സേനാപതി മടക്കി. 16 പന്തില്‍ 30 എടുത്ത റാഷിദ് ഖാനെ തുഷാർ ദേശ്പാണ്ഡെ മടക്കിയപ്പോള്‍ മുഹമ്മദ് ഷമി(5) ഇന്നിംഗ്സിലെ അവസാന ബോളില്‍ പുറത്തായി. നൂർ അഹമ്മദ്(7*) പുറത്താവാതെ നിന്നു.
ജയ് ഗെയ്‌ക്‌വാദ്
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സ് എടുക്കുകയായിരുന്നു. ചെന്നൈക്കായി ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദ് 60 ഉം ദേവോണ്‍ കോണ്‍വേ 40 ഉം റണ്‍സ് നേടിയപ്പോള്‍ നായകന്‍ എം എസ് ധോണി 2 പന്തില്‍ 1 റണ്ണെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ(16 പന്തില്‍ 22) ഇന്നിംഗ്‌സിലെ അവസാന ബോളില്‍ മടങ്ങിയപ്പോള്‍ മൊയീന്‍ അലി(4 പന്തില്‍ 9*) പുറത്താവാതെ നിന്നു. അജിങ്ക്യ രഹാനെ(10 പന്തില്‍ 17), അമ്പാട്ടി റായുഡു(9 പന്തില്‍ 17), ശിവം ദുബെ(3 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോറുകള്‍. മുഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും രണ്ട് വീതവും ദര്‍ശന്‍ നല്‍കാണ്ഡെയും റാഷിദ് ഖാനും നൂര്‍ അഹമ്മദും ഓരോ വിക്കറ്റും നേടി.