തിരുവനന്തപുരത്തെ കിൻഫ്ര പാർക്കിലുണ്ടായ തീപ്പിടുത്തത്തിൽ ഡ്യൂട്ടിക്കിടെ മരിച്ച ചാക്ക ഫയർ സ്റ്റേഷനിലെ ഫയർമാൻ രഞ്ജിത്തിന്റെ പ്രിയപ്പെട്ട നായയാണ് സൂസി. രഞ്ജിത്തിന്റെ വേർപാടിന് ശേഷം സൂസി ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയിട്ടില്ല. മൂന്ന് വർഷമായി ഫയർ സ്റ്റേഷന്റെ കാവൽക്കാരിയാണ് നാടൻ ഇനത്തിൽപ്പെട്ട 4വയസുകാരിയായ സൂസി. ഫയർസ്റ്റേഷൻ തന്നെയാണ് ഇവളുടെ വീട്. അടുപ്പമേറെയും രഞ്ജിത്തിനോടായിരുന്നു.കുറച്ച് നാൾ മുമ്പ് രഞ്ജിത്ത് സൂസിയെ കളിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രഞ്ജിത്തിന്റെ മൃതദേഹം സ്റ്റേഷനിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ സൂസി ഓടി വരികയായിരുന്നു. ആംബുലൻസിന് ചുറ്റും മണത്ത് വീണ്ടും മുഖം കുനിച്ച് പടിവാതിൽക്കൽ കിടന്നു. അന്ന് മുതൽ സൂസി ഒന്നും കഴിക്കാൻ കൂട്ടാക്കിയിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സൂസിയുടെ കാഴ്ച കരളലിയിക്കുന്നതാണെന്ന് ജീവനക്കാർ പറയുന്നു. രഞ്ജിത്തിന്റെ വേർപാടിൽ നിന്ന് സഹപ്രവർത്തകരും മുക്തരായിട്ടില്ല.