ശിവഗിരി: ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പാരിപ്പള്ളിയില്‍ നിന്നും വര്‍ക്കല ശിവഗിരിയിലേക്ക് ഒഴുകിയെത്തുന്ന പാരിപ്പള്ളിയില്‍ നിന്നും വര്‍ക്കലയിലേക്കുള്ള റോഡ് നാഷണല്‍ ഹൈവേ വികസനത്തിന് വേണ്ടി അടച്ചുപൂട്ടുന്നു. ദക്ഷിണകാശി എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച വര്‍ക്കലയുടേയും ശ്രീനാരായണ ഗുരുദേവന്‍റെ മഹാസമാധി കുടികൊള്ളുന്നതും ലോകമെമ്പാടുമുള്ള ഗുരുഭക്തന്‍മാരുടെ ആത്മീയ തലസ്ഥാനമായ ശിവഗിരിയുടെ പ്രാധാന്യം മനസ്സിലാക്കാതെ ഡല്‍ഹിയിലെ ഏതോ ശീതീകരണ മുറിയിലിരുന്നു തയ്യാറാക്കിയ പദ്ധതിയനുസരിച്ചുള്ള റോഡ് വികസനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന് ശിവഗിരി മഠം ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്രമന്ത്രിമാരായി വി. മുരളീധരനും രാജീവ് ചന്ദ്രശേഖരനും ശിവഗിരിയില്‍ നിന്നും സന്ദേശം അയച്ചിട്ടുണ്ട്. ഇപ്പോള്‍ പാരിപ്പള്ളിയിലെ മുക്കട മുക്കില്‍ നിന്നും നേരിട്ട് ശിവഗിരിയിലും വര്‍ക്കലയിലും എത്താം. റോഡ് വികസനത്തിന്‍റെ ഭാഗമായി അഞ്ചര കിലോമീറ്റര്‍ ഹൈവേവഴി തന്നെ പോയി തിരികെ സര്‍വ്വീസ് റോഡില്‍ കയറി പതിനൊന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചേ പാരിപ്പള്ളിയില്‍ നിന്നും വര്‍ക്കലയിലേക്ക് തിരിക്കാനാവൂ.
ലോകമെമ്പാടും അധിവസിക്കുന്ന ഗുരുഭക്തരുടെ ആത്മീയ തലസ്ഥാനം കൂടാതെ വര്‍ക്കല ജനാര്‍ദ്ധന സ്വാമി ക്ഷേത്രം - ബലിതര്‍പ്പണത്തിനായി പതിനായിരങ്ങള്‍ എത്തിച്ചേരുന്ന പാപനാശം കടല്‍ തീരം, ഉല്ലാസ കേന്ദ്രമായ വര്‍ക്കല ബീച്ച്, വര്‍ക്കല നാരായണ ഗുരുകുലം, ശിവഗിരി എസ്.എന്‍ കോളേജ്, ശിവഗിരിയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി, മന്നാനിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി എന്നിവ ഉള്‍ക്കൊള്ളുന്ന വര്‍ക്കലയുടെ പ്രാധാന്യം മനസ്സിലാക്കി പാരിപ്പള്ളിയിലെ മുക്കട ജംഗ്ഷനില്‍ അടിപ്പാത നിര്‍മ്മിച്ച് പ്രശ്നം പരിഹരിക്കേണ്ടതാണ്.
കൊല്ലം - പാരിപ്പള്ളി റൂട്ടില്‍ അപ്രധാനമായ പല സ്ഥലങ്ങളിലും അടിപ്പാതയും മേല്‍പ്പാലവും നിര്‍മ്മിക്കുന്നതായി അറിയുന്നുണ്ട്. പാരിപ്പള്ളി - വര്‍ക്കല നിവാസികള്‍ ഈ അടച്ചുപൂട്ടലിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ അധികൃതരില്‍ നിന്നും വ്യക്തമായ പദ്ധതി വെളിപ്പെടുത്താതെ ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന ആക്ഷേപമുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഗുരുഭക്തരുടേയും മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടേയും വികാരത്തെ മാനിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ശിവഗിരി മഠം ആവശ്യപ്പെടുന്നു. കേന്ദ്രഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എം.പി.മാര്‍, മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ സത്വരമായി ഇടപെടണമെന്ന് ശിവഗിരി മഠത്തിന് വേണ്ടി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദഎന്നിവര്‍ ആവശ്യപ്പെട്ടു. പാരിപ്പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ യോഗം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി - വര്‍ക്കല റോഡ് സംരക്ഷണ സമിതി ചെയര്‍മാന്‍ വി മണിലാല്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭ ജോയിന്‍റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, റോഡ് സംരക്ഷണ സമിതി കോ-ഓര്‍ഡിനേറ്റര്‍ പാരിപ്പള്ളി വിനോദ്, ജനറല്‍ കണ്‍വീനര്‍ അഡ്വ. എസ്.ആര്‍ അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. രാജ്യമെമ്പാടുമുള്ള ഗുരുദേവഭക്തര്‍ വന്‍ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നതിന് ഇടനല്‍കാതെ പ്രശ്നം പരിഹരിക്കണമെന്ന് ബന്ധപ്പെട്ടവരെ ശിവഗിരി മഠം അറിയിക്കുന്നു.