ഇതിനിടെ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പുറത്തുവിടുന്ന വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളൊന്നും ഉറപ്പിക്കാറായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം മെസിയെ കുറിച്ച് പുറത്തുവിട്ട അവസാന ട്വീറ്റില്‍ പറയുന്നതിങ്ങനെ.. ''മെസിയുടെ നിലവിലെ സാഹചര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. സീസണിനൊടുവില്‍ മാത്രമെ എന്തെങ്കിലും തീരുമാനം പുറത്തുവിടൂ. അല്‍ഹിലാല്‍ മുന്നോട്ടുവച്ച ഓഫര്‍ ഏപ്രില്‍ മുതല്‍ ചര്‍ച്ചയിലുള്ളതാണ്. ബാഴ്‌സ മെസി തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.'' റൊമാനോ ട്വീറ്റ് ചെയ്തു.പെട്ടന്നാണ് മെസിയുടെ കൂടുമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീനയുടെ ഇതിഹാസ താരം ലിയോണല്‍ മെസിയും സൗദി ലീഗിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചത്തെ സൗദി സന്ദര്‍ശനത്തിനിടെ മെസി കരാറില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. അനുമതിയില്ലാത്ത ഈ സന്ദര്‍ശനത്തിന് പിന്നാലെ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പിഎസ്ജി വിലക്ക് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ താരം ക്ലബിനൊപ്പം പരിശീലനം നടത്തി. അടുത്ത മാസം അവസാനിക്കുന്ന പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് ജോര്‍ഗെ മെസി പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്.അതേസമയം, മികച്ച കായികതാരത്തിനുള്ള 2023ലെ ലോറസ് പുരസ്‌കാരം സൂപ്പര്‍താരം ലിയോണല്‍ മെസിക്ക് ലഭിച്ചതിന്റെ ആഘോഷത്തിലാണ് ആരാധകര്‍. ലോകകപ്പ് സ്വന്തമാക്കിയ അര്‍ജന്റീന ടീം മികച്ച ടീമിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. രണ്ടാം തവണയാണ് മെസി ലോറസ് പുരസ്‌കാരം നേടുന്നത്. പിഎസ്ജിയിലെ സഹതാരം കിലിയന്‍ എംബപ്പെ, ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍,ഫോര്‍മുല വണ്‍ ചാംപ്യന്‍ മാക്‌സ് വെഴ്സ്റ്റപ്പന്‍, എന്‍ബിഎ താരം സ്റ്റീഫ് കറി, പോള്‍വോള്‍ട്ട് വിസ്മയം മോണ്‍ടോ ഡുപ്ലാന്റിസ് തുടങ്ങിയ വമ്പന്മാരെ മറികടന്നാണ് മെസി നേട്ടത്തിലെത്തിയത്.