മലയാളിയായ അഡ്വ. കെ.വി വിശ്വനാഥൻ ഇന്ന് സുപ്രീം കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: മുതിർന്ന അഭിഭാഷകൻ കെ.വി വിശ്വനാഥൻ ഇന്ന്സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കും. രാവിലെ 10.30 ന് സത്യപ്രതിജ്ഞ നടക്കും. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം മൂന്ന് ദിവസത്തിനുള്ളിലാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. പാലക്കാട്‌ കൽപാത്തി സ്വദേശിയാണ് അഡ്വ. കെ.വി വിശ്വനാഥൻ. ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റിസ് സി ജെ പ്രശാന്ത് കുമാർ മിശ്രയും നാളെ സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും.

ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം ആർ ഷാ എന്നിവർ വിരമിച്ച ഒഴിവിലേക്ക് ഇരുവരെയും ജഡ്ജിമാരാക്കാനാണ് കൊളീജിയം ശുപാർശ നൽകിയത്. 32 വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കെ.വി വിശ്വനാഥനെ സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 2009 ലാണ് ഇദ്ദേഹം സുപ്രീം കോടതിയിലെ സീനീയർ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളീജീയം ശുപാർശ കേന്ദ്രം അംഗീകരിച്ചതോടെ 2030 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെ.വി വിശ്വനാഥൻ എത്താൻ സാധ്യതയേറി.