കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്. കഴിഞ്ഞ ആറാം തീയതി വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ അപകടം നടക്കുന്നത്. അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു സാരംഗ്. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. തുടർന്നാണ് സാരംഗിൻ്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ തുടങ്ങിയ അയവയവങ്ങൾ ദാനം നല്‍കിയത്. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടിയായിരുന്നു സാരംഗ്. പഠനത്തിലും ഏറെ മുമ്പൻ. സാരംഗിന്റെ മൃതദേഹത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മാമത്തുള്ള സ്‌പോര്‍ട്‌സ് കരീന ക്ലബ്ബിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. അധ്യാപകരും സഹപാഠികളും നാട്ടുകാരും സാരംഗിന് അന്ത്യയാത്ര നൽകി.