നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി; വൈദികന് ദാരുണാന്ത്യം

വടകര: കോഴിക്കോട് വടകരയിലുണ്ടായ വാഹനാപകടത്തിൽ വൈദികന് ദാരുണാന്ത്യം. തലശേരി അതിരൂപതയിലെ ഫാദർ കണ്ണൂർ ആറളത്തെ മനോജ് പോൾ ഒറ്റപ്ലാക്കൽ (38) ആണ് മരിച്ചത്. തലശേരി മൈനർ സെമിനാരി വൈസ് റെക്ടർ ആയിരുന്നു.
ദേശീയപാതയിൽ മുക്കാളിയിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു വൈദികർക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് ചടങ്ങിൽ പങ്കെടുത്തു തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ഗ്യാസ് ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ചു കയറിയ നിലയിലാണ്.ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ ഫാ. ജോർജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ.ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.