തിരുവനന്തപുരം: കുടുംബശ്രീദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും ബുധന്‍ പകല്‍ 3.30ന് പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 1998ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് കുടുംബശ്രീയെന്ന ആശയത്തിന് ജീവന്‍ നല്‍കിയത്. 1997-ല്‍ അദ്ദേഹം നിയമിച്ച കമ്മിറ്റിയാണ് പദ്ധതി രൂപകല്‍പ്പന ചെയ്തത്. തുടര്‍ന്ന് 1998 മെയ് 17ന് കുടുംബശ്രീ രൂപീകൃതമായി. ദാരിദ്ര്യനിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും പ്രധാന ലക്ഷ്യങ്ങളാക്കിയാണ് ഈ സ്ത്രീകൂട്ടായ്മ രൂപംകൊണ്ടത്. ഇന്ന് 46 ലക്ഷം സ്ത്രീകളും അവരുടെ കുടുംബങ്ങളും കുടുംബശ്രീയുടെ ഭാഗമാണ്.
ചടങ്ങില്‍ തദ്ദേശമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. കുടുംബശ്രീയുടെ ആദ്യ ഡിജിറ്റല്‍ റേഡിയോ ‘റേഡിയോശ്രീ’യുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പുതുക്കിയ കുടുംബശ്രീ ലോഗോ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തപാല്‍ വകുപ്പ് പുറത്തിറക്കിയ കവര്‍ മന്ത്രി ആന്റണി രാജുവും ‘നിലാവ് പൂക്കുന്ന വഴികള്‍’ എന്ന പുസ്തകം മന്ത്രി വി ശിവന്‍കുട്ടിയും പ്രകാശിപ്പിക്കും. എല്ലാ വര്‍ഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്