ഡോ. വന്ദനദാസിന്‍റെ ആത്മശാന്തിയ്ക്കായിശിവഗിരിയില്‍ സമൂഹപ്രാര്‍ത്ഥന നടത്തി.

പൊതുജനസേവികയും ഗുരുദേവഭക്തയുമായിരുന്ന ഡോ. വന്ദനാദാസിന്‍റെ അകാലികമായ വേര്‍പാടില്‍ ശിവഗിരി മഠം അനുശോചനം രേഖപ്പെടുത്തുകയും പരേതാത്മാവിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ചുരുങ്ങിയ കാലംകൊണ്ട് സ്നേഹമസൃണമായ പെരുമാറ്റം കൊണ്ടും സാമൂഹിക സേവനം കൊണ്ടും പ്രശംസ നേടിയ വന്ദനദാസിന്‍റെ വേര്‍പാട് സമൂഹത്തിന് മാത്രമല്ല ശ്രീനാരായണ പ്രസ്ഥാനത്തിന് തന്നെ വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ഡോ.വന്ദനയെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് ആശുപത്രിയില്‍ കൂട്ടിക്കൊണ്ട് വരികയും കുരുതിക്കായി എറിഞ്ഞുകൊടുക്കുകയും ചെയ്തിട്ട് അവര്‍ സ്വയം രക്ഷതേടി മാറി നില്‍ക്കുകയും ചെയ്തു. നിയമപാലകരായ പോലീസുകാര്‍ തന്നെ ഇവിടെ ശിക്ഷാര്‍ഹരായിരിക്കുകയാണ്. തെറ്റുകാരായ ഇവര്‍ സ്വയം രാജി വച്ച് പിരിഞ്ഞുപോവുകയോ അല്ലാത്തപക്ഷം ഗവണ്‍മെന്‍റ് ഇവരുടെ പേരില്‍ നടപടി സ്വീകരിക്കുകയോ വേണം. മദ്യത്തിന് അടിമപ്പെട്ടു പോയി സമനില തെറ്റിയതു മൂലം നിരപരാധിയായ ഒരു യുവഡോക്ടറെ രാജ്യത്തിന് നഷ്ടപ്പെട്ടു. മദ്യം വിഷമാണ് അതുണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത് എന്ന ഗുരുദേവവാണി ഇത്തരുണത്തില്‍ സ്മരിക്കുക. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഈ കൊടും വിപത്തിനെ തിരിച്ചറിയുക തന്നെ വേണം.
  അതുപോലെ മദ്യത്തിനും മയക്കുമരുന്നിനും വിധേയനായ ഒരാള്‍ അധ്യാപകനായിരി ക്കുന്നത് അധ്യാപക സമൂഹത്തിന് തന്നെ അപമാനമാണ്. ഇത്തരക്കാര്‍ കുട്ടികളെ പഠിപ്പിച്ചാല്‍ ആ കുട്ടികളുടെ ഭാവി എന്തായിരിക്കുമെന്ന് ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവര്‍ അധ്യാപകരാകാന്‍ പാടില്ല എന്ന നിയമം വേണം. കാരണം അവരാണ് ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നത്. ഡോ.വന്ദനയുടെ കൊലപാതകത്തില്‍ കേരളം മുഴുവന്‍ കണ്ണീരിലാണ്. ബഹുമാനപ്പെട്ട കോടതിയുടെ നിരീക്ഷണം പോലെ കുറ്റക്കാരായ പോലീസുകാര്‍ ശിക്ഷയ്ക്ക് വിധേയരാവുക തന്നെ വേണം.
  ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രാര്‍ത്ഥനായോഗത്തില്‍ സ്വാമി വിശാലാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ദേശികാനന്ദയതി തുടങ്ങിയ ധര്‍മ്മസംഘാംഗങ്ങളും മഠത്തിലെ അന്തേവാസികളും പങ്കെടുത്തു. ഡോ. വന്ദനാദാസിന്‍റെ മാതാവ് വാസന്തിയുടേയും പിതാവ് മോഹന്‍ദാസിന്‍റേയും ബന്ധുമിത്രാദികളുടേയും അഗാധമായ ദു:ഖത്തില്‍ ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യസംഘവും പങ്കുചേരുന്നതായും അതുപോലെ ബോട്ടപകടത്തില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞ 22 പേരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടേയും ബന്ധുമിത്രാദികളുടേയും ദു:ഖത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും ശിവഗിരി മഠത്തിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.