സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആതിരയുടെ സംസ്‌കാരം ഇന്ന്,പ്രതി ഒളിവില്‍, പൊലീസ് വിചാരിച്ചിരുന്നെങ്കില്‍ ഈ മരണം ഒഴിവായേനേ

കോട്ടയം: കടുത്തുരുത്തിയില്‍ മുന്‍ സുഹൃത്തിന്‍റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആതിരയുടെ സംസ്‌കാരം ഇന്ന്.പൊലീസിന്‍റെ നിഷ്ക്രിയത്വത്തിനെതിരെ വിമര്‍ശനം.

കോന്നല്ലൂര്‍ സ്വദേശിയായ 26കാരിയെ ഞായറാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ആതിര ജീവനൊടുക്കിയത്. അരുണിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.

എന്നാല്‍ ആത്മഹത്യക്ക് പിന്നില്‍ പിന്നില്‍ പൊലീസ് നിസംഗത ആണെന്ന് ആക്ഷേപമുണ്ട്. ആതിരയുടെ സഹോദരിയുടെ ഭര്‍ത്താവ് ഐഎഎസുകാരനാണ്. മണിപ്പൂരിലെ സബ് കളക്ടര്‍ ആശിഷ് ദാസ്. ഭാര്യാ സഹോദരിയുടെ വേദനയറിഞ്ഞ് ഇടപെടണമെന്ന് പൊലീസിനോട് ആശിഷും അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ ാര്യമായ ഒരു ഇടപെടലും ഉണ്ടായില്ല, സമാശ്വാസനീക്കം പോലും നടന്നില്ല. നാണക്കേട് കാരണം ആതിര വീട്ടില്‍ തൂങ്ങി മരിച്ചു.

കോട്ടയം ഞീഴൂര്‍ സ്വദേശിയായ അരുണുമായി ആതിര പിണങ്ങിയിരുന്നു. യുവതിക്ക് വിവാഹാലോചനകള്‍ വരുന്നത് അറിഞ്ഞ അരുണ്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിച്ചു. യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ശനിയാഴ്ച പെണ്‍കുട്ടി കടുത്തുരുത്തി പൊലീസില്‍ അരുണിനെതിരെ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അതിനിടെ ആതിര ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈകാരിക കുറിപ്പുമായി ഐഎഎസ് ഉദ്യോഗസ്ഥന്‍ ആശിഷ് ദാസ് ഫേസ്ബുക്കില്‍.

മരിച്ച യുവതിയുടെ സഹോദരീ ഭര്‍ത്താവാണ് ആശിഷ് ദാസ്. സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടെതെന്ന് ആശിഷ് ദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ‘പ്രിയപ്പെട്ടവളെ ഞാന്‍ നിനക്ക് വാക്കുതരുന്നു, നിന്നെ കൊലപ്പെടുത്തിയവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കും, നിനക്ക് സംഭവിച്ച ഈ ദുര്‍വിധി മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാവരുത്’ എന്നാണ് ആശിഷ് കുറിച്ചത്.

മണിപ്പൂരില്‍ സബ് കളക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദാസ്, കേരളാ അഗ്നിശമന സേനയില്‍ ഫയര്‍മാനായി ജോലി ചെയ്യുന്നതിനിടെ സിവില്‍ സര്‍വീസ് നേടി ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ആളാണ്.