എസ്എസ് എൽസി; 99.70വിജയശതമാനം, 68604 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 99.70 % ആണ് ഇത്തവണത്തെ വിജയശതമാനം. 68604 വിദ്യാര്‍ത്ഥികള്‍ എല്ലാവര്‍ഷത്തിനും എ പ്ലസ് നേടി. കണ്ണൂര്‍ ജില്ലയാണ് വിജയശതമാനം ഏറ്റവും കൂടുതലുളള റവന്യൂ ജില്ല.

ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും ഇക്കൊല്ലം പരീക്ഷ എഴുതി. 

എസ്.എസ്.എല്‍.സി ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ 'സഫലം 2023' എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2023 ' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും.

മെയ് 25 ന് പ്ലസ് ടു ഫലം പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിലും ലക്ഷദ്വീപിലും ​ഗൾഫിലുമായി നാല് ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. വിവിധ സർക്കാർ വെബ്സൈറ്റുകളിൽ നിന്ന് നാല് മണി മുതൽ ഫലം അറിയാം.