ജില്ലയിലെ താലൂക്ക്തല അദാലത്തുകൾക്ക് സമാപനം; ചിറയിൻകീഴ് താലൂക്കിൽ തീർപ്പാക്കിയത് 670 പരാതികൾ

വൻ ജനപങ്കാളിത്തത്തിൽ ചിറയിൻകീഴ് താലൂക്ക് അദാലത്ത്. ഓൺലൈൻ ആയി 2243 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 670 അപേക്ഷകളാണ് തീർപ്പാക്കിയത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ ആരംഭിച്ച താലൂക്ക് തല അദാലത്തിൽ ചിറയിൻകീഴ് താലൂക്കിൽ അദാലത്ത് ദിവസം മാത്രം ലഭിച്ചത് 1412 അപേക്ഷകളാണ്. ഈ അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും 15 ദിവസത്തിനകം തീർപ്പാക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ നിർദേശം നൽകുകയും ചെയ്തു. 

26 വിഷയങ്ങളാണ് അദാലത്തിനായി പരിഗണിച്ചിരുന്നത്. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടാത്ത 863 അപേക്ഷകളും നിരസിച്ച 710 അപേക്ഷകളും ഉൾപ്പെടുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതൽ ലഭിച്ചത്. 942 അപേക്ഷകൾ ലഭിച്ചതിൽ 390 അപേക്ഷകൾ തീർപ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 140 അപേക്ഷകൾ തീർപ്പാക്കി. 

സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 42 അപേക്ഷകളും കൃഷി വകുപ്പുമായി ബന്ധപ്പെട്ട 31 പരാതികളും പരിഹരിച്ചു. കെഎസ്ഇബിയുമായി ബന്ധപ്പെട്ട 11 പരാതികളും പട്ടികജാതി വികസന വകുപ്പിന് ലഭിച്ച 12 അപേക്ഷകളിൽ 10 അപേക്ഷകൾ തീർപ്പാക്കുകയും ഓൾ വെൽഫയർ ബോർഡിന് ലഭിച്ച അപേക്ഷകളിൽ രണ്ടെണ്ണം അദാലത്തിൽ പരിഹരിക്കുകയും ചെയ്തു.

ജലസേചനവുമായി ബന്ധപ്പെട്ട 6 അപേക്ഷകളും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട 13 പരാതികളും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് പരാതികളും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട രണ്ട് അപേക്ഷകളും അദാലത്തിൽ പരിഹരിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ്, ഡയറി ഡെവലപ്‌മെന്റ്, ഹാർബർ എൻജിനീയറിംഗ്, വനം, സാമൂഹിക നീതി, മറ്റു താലൂക്ക് ഓഫീസുകൾ, മൈനിങ് ആൻഡ് ജിയോളജി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട ഓരോ പരാതിയും പരിഹരിച്ചു.

മെയ് രണ്ടിനാണ് ജില്ലയിൽ താലൂക്ക് തല അദാലത്തുകൾ ആരംഭിച്ചത്. എല്ലാ താലൂക്കിലും ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു അദാലത്തുകൾ. അവസാനവേദിയായ ചിറയിൻകീഴ് താലൂക്കിലും ആയിരത്തിലേറെ പേർക്കാണ് അദാലത്ത് ആശ്വാസമായത്.