കരുതലും കൈത്താങ്ങും' വര്‍ക്കല താലൂക്ക് അദാലത്ത് തീര്‍പ്പാക്കിയത് 650 അപേക്ഷകള്‍

സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയുന്ന സന്തോഷത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു താലൂക്ക് തലത്തില്‍ മന്ത്രിമാര്‍ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തിന്റെ വര്‍ക്കല താലൂക്കുതല ഉദ്ഘാടനം വര്‍ക്കല എസ്എന്‍ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു. 

പുതിയ അപേക്ഷകളില്‍ 15 ദിവസത്തിനകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. നിയമതടസ്സങ്ങള്‍ മാറ്റി ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാനുള്ള ശ്രമമാണ് താലൂക്കുതല അദാലത്തിലൂടെ നടപ്പാക്കുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വി.ജോയി എംഎല്‍എ അധ്യക്ഷനായി. ഒ.എസ്.അംബിക എംഎല്‍എ, കലക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം ജെ.അനില്‍ ജോസ്, സബ് കലക്ടര്‍ അശ്വതി ശ്രീനിവാസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

വര്‍ക്കല താലൂക്കില്‍ ആകെ ലഭിച്ചത് 2052 അപേക്ഷകളാണ്. ഇന്നലെ മാത്രം 510 അപേക്ഷകള്‍ ലഭിച്ചു. 650 അപേക്ഷകളാണ് തീര്‍പ്പാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. 877ല്‍ 372 എണ്ണം അപേക്ഷകള്‍ തീര്‍പ്പാക്കി.

 താലൂക്ക് ഓഫിസുമായി ബന്ധപ്പെട്ട 147 അപേക്ഷകള്‍ പരിഹരിച്ചു. കാര്‍ഷിക വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 34 പരാതികളും, സിവില്‍ സപ്ലൈസിന്റെ 27 അപേക്ഷകളും റവന്യു വകുപ്പുമായി ബന്ധപ്പെട്ട 15 അപേക്ഷകളും പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട 12 അപേക്ഷകളും കെഎസ്ഇബിയുമായി ബന്ധപ്പെട്ട 13 അപേക്ഷകളും പരിഹരിച്ചു. 9 അപേക്ഷകളാണ് എഡിഎമ്മുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കിയത്. 

ജലസേചനവുമായി ബന്ധപ്പെട്ട് ഏഴ് അപേക്ഷകളും വാട്ടര്‍ അതോറിറ്റിയുടെ നാലും ആരോഗ്യ വകുപ്പ് മൂന്നും ചിറയിന്‍കീഴ് താലൂക്കുമായി ബന്ധപ്പെട്ട് രണ്ടും വനം വകുപ്പുമായി ബന്ധപ്പെട്ട് രണ്ട് പരാതിയും തീര്‍പ്പാക്കിയിട്ടുണ്ട്.