ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊടുമണ്‍ പ്ലാന്റേഷന്‍ സ്വദേശിയായ എട്ടുവയസുകാരന് അണലിയുടെ കടി ഏല്‍ക്കുന്നത്. ഉടന്‍ വീട്ടുകാര്‍ കുട്ടിയെ അടൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ആന്റി വെനം നല്‍കിയ ഡോക്ടര്‍ കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഡോക്ടര്‍ വിളിച്ചതോടെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് രാജേഷ് ബാലന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ശ്രീജിത്ത് എസ് എന്നിവര്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തി. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ എത്രയും പെട്ടെന്ന് എസ്.എ.ടി ആശുപത്രിയില്‍ എത്തിക്കുക എന്നതായിരുന്നു ദൗത്യം. തുടര്‍ന്ന് ഇക്കാര്യം ആശുപത്രി എയ്ഡ് പോസ്റ്റില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ പൊലീസിന്റെ ഗ്രീന്‍ കോറിഡോര്‍ സംവിധാനം വഴി ആംബുലന്‍സിന് സുഗമമായി കടന്നു പോകാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. വൈകിട്ട് 3.40ന് കുട്ടിയുമായി ആംബുലന്‍സ് അടൂരില്‍ നിന്ന് തിരിച്ചു. ഏനാത്ത് മുതല്‍ തിരുവനന്തപുരം വരെ ആംബുലന്‍സിന് സുഗമമായി കടന്നു പോകാന്‍ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. 4.30ന് ആംബുലന്‍സ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തുകയും ഉടന്‍ തന്നെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.