വിവാഹസത്കാരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ
വധുവിന്റെ ബന്ധുക്കൾക്കു നേരെ പടക്കം എറിഞ്ഞു. സംഭവത്തിൽ രണ്ട്
സ്ത്രീകളടക്കം 8 പേർക്ക് പരുക്കേറ്റു. ക്രൈസ്റ്റ് നഗർ സ്വദേശി ഷെറിൻ(24),
വാഴയില സ്വദേശി സംഗീത ലാൽ(24) എന്നിവരുടെ പരുക്ക് ഗുരുതരമാണ്.
ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് സ്ത്രീകളും
അക്രമിസംഘത്തിലെ 4 പേരും പേരൂർക്കട ഗവ.ജില്ലാ ആശുപത്രി യിലാണ്. 4 പേരെ
പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈസ്റ്റ് നഗർ പള്ളിക്കു സമീപം ഇന്നലെ
രാത്രി 9.30ന് ആയിരുന്നു സംഭവം. പൊലീസ് പറഞ്ഞത്: ക്രൈസ്റ്റ് നഗർ
സ്വദേശിയായ യുവതിയും പോത്തൻകോട് സ്വദേശി വിജിനും പ്രണയത്തിലായിരുന്നു.
ഇവരുടെ വിവാഹം ഇന്നലെ പോത്തൻകോട് വച്ച് നടന്നു.
വൈകിട്ട് ക്രൈസ്റ്റ് നഗറിൽ വിവാഹ സൽക്കാരം നടക്കുമ്പോൾ വിജിന്റെ
സുഹൃത്ത് രമേഷും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മിൽ തർക്കവും
കയ്യാങ്കളിയും നടന്നു. വെല്ലുവിളിച്ചു കൊണ്ട് സത്കാരചടങ്ങിൽ നിന്നു പിണങ്ങി
പോയ വിജിനും രമേശും പോത്തൻകോട് നിന്നും സുഹൃത്തുക്കളെ വിളിച്ചുവരുത്തി.
ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി വന്നിറങ്ങിയ സംഘം പള്ളിക്കു സമീപം
കമ്മ്യൂണിറ്റി ഹാളിനു പുറത്തു നിന്ന ആൾക്കൂട്ടത്തിന് നേരെ റോഡിലേക്ക്
പടക്കം എറിയുകയായിരുന്നു.
വൻ ശബ്ദം കേട്ട് ആളുകൾ ചിതറി ഓടി. അക്രമി സംഘം മാരക ആയുധങ്ങളുമായി
സ്ഥലത്ത് അക്രമം അഴിച്ചുവിട്ടു. പിന്നീട് അക്രമികളെ വധുവിന്റെ ബന്ധുക്കൾ
സംഘടിച്ച് തടഞ്ഞുവച്ചതോടെ വീണ്ടും സംഘട്ടനം ഉണ്ടായി. വിവരം അറിഞ്ഞ് എത്തിയ
പൊലീസ് സ്ഥലത്തു നിന്നു 4 പേരെ കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റ ഇവരെ
പിന്നീട് ആശുപത്രിയിൽ എത്തിച്ച ശേഷം രാത്രി വൈകി കേസ് റജിസ്റ്റർ ചെയ്തു.
വരൻ വിജിനും സുഹൃത്തുക്കളും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പൊലീസ്
പറഞ്ഞു.