തലസ്ഥാന ജില്ലയിലെ പെരുമാതുറ ഒറ്റപ്പനയില്‍ തെരുവുനായയുടെ ആക്രമണം. 4 സ്ത്രീകളടക്കം 7 പേര്‍ക്ക് നായയുടെ കടിയേറ്റു. സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
ഒറ്റപന സ്വദേശിനികളായ 23 കാരി നദിയ, 40 വയസുളള സഫീന, 40കാരി ഹസീന, 65 വയസ്സുളള സൈനബ നിസ്സാര്‍, 41 കാരന് റാഫി, 20 വയസ്സുള്ള ബിലാല്‍, 50 വയസ്സുള്ള നാസ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നും അറിയിച്ചത്
പരിക്കേറ്റവരെ പെരുമാതുറ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിന് പുറത്തുനില്ക്കുകയായിരുന്നവരെയാണ് തെരുവു നായ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് നായ വഴിയിലുണ്ടായിരുന്നവരേയും ആക്രമിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ക്ക് കടിയേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആക്രമിച്ച നായെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ച് വരുകയാണ്.