വിഴിഞ്ഞത്ത് 3 സെന്‍റിലെ വാടക വീട്ടിലെ ടെറസില്‍ വിളഞ്ഞ് 'സ്വര്‍ഗത്തിലെ പഴം

തിരുവനന്തപുരം: സ്വർഗ്ഗീയഫലം വിഴിഞ്ഞത്തും. തെക്ക് കിഴക്കൻ ഏഷ്യയിലെ സ്വർഗീയഫലം എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ട് വിഴിഞ്ഞം ഫലമണിഞ്ഞു. തെരുവ് ശ്രീലക്ഷ്മി ഭവനിൽ സുനിൽ കുമാറിന്റെ വീട്ടിലാണ് ഗാഗ് ഫ്രൂട്ട് കായ്ച് കിടക്കുന്നത്. ടെറസിന് മുകളിൽ ബലൂണുകൾ പോലെ തൂങ്ങി കിടക്കുന്ന ഗാക് ഫ്രൂട്ട് കാഴ്ചയ്ക്കും മനോഹരമാണ്. 

പോക്ഷക സമ്പുഷ്ടമായ ഇവ പച്ചയ്ക്കും പഴമായും കഴിക്കാം. പാവൽ വർഗ്ഗത്തിൽപ്പെട്ട പഴമാണിത് ആദ്യം പച്ചയും പിന്നെ മഞ്ഞയുമാകുന്ന പഴം മൂത്ത് കഴിയുമ്പോൾ കടുത്ത ഓറഞ്ച് നിറമാകും. ഇത് ജ്യൂസ് ആയി ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. വിയറ്റ്നാമിൽ ധാരാളം കണ്ടുവരുന്ന ഈ പഴം അവർ ചോറിൽ ചേർത്താണ് ഭക്ഷിക്കുന്നത്. ഇത് ചോറിൽ ചേർക്കുമ്പോൾ കടുത്ത ചുവപ്പ് നിറമാകും. ഔഷധ മൂല്യമുള്ള ഇത് കിലോയ്ക്ക് 1500 രൂപയിലേറെ വില വരും ഇതിന്റെ കുരുവിൽ നിന്നെടുക്കുന്ന എണ്ണയ്ക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ 20000 ത്തോളം രൂപ വിലവരുമെന്നും പറയപ്പെടുന്നത്.മുള്ളൻ ചക്കയോട് രൂപ സാദൃശ്യം ഉള്ള ഇവ കീറിമുറിച്ചാൽ കൊക്കോ കായ പോലെ തോന്നും. ഉള്ളിൽ കടും ചുവപ്പ് നിറം, ഇതാണ് കഴിക്കേണ്ടത്. ഉള്ളിലെ വിത്തിൽ നിന്നും പൾപ്പ് പോലെ വേർതിരിച്ചു ജ്യൂസ് ആക്കിയാണ് സേവികേണ്ടത്. സൗന്ദര്യ വർധക വസ്തുക്കൾ, തൊലിക്കു നിറം വയ്ക്കുന്ന എണ്ണകൾ, വൈറ്റമിൻ ഔഷധം എന്നിവയ്ക്കെല്ലാം ഗാഗ് ഫലം ഉപയോഗിക്കുന്നുണ്ട്.ഗാക് ഫ്രൂട്ട് കൂടാതെ കുടംപുളി, മുന്തിരി, ചെറി, അമ്പഴം, ഇലന്തപ്പഴം എന്നിവയും സുനില്‍ കുമാര്‍ കൃഷി ചെയ്യുന്നുണ്ട്. 56കാരനായ സുനിൽ കുമാറിനെ സഹായിക്കാൻ ഭാര്യ ശോഭയും മക്കളായ അർജുനും പൂജയും ഉണ്ട്. 3 സെന്റ് സ്ഥലത്തെ വാടക വീട്ടിൽ ടെറസിന് മുകളിൽ പ്ലാസ്റ്റിക് ബക്കറ്റുകളിലാണ് ഇവ കൃഷി ചെയ്യുന്നത്.