കൊടും ചൂട്; പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിയുടെ തലയിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം

കനത്ത ചൂട് സഹിക്കാനാവാതെ കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. ലക്ഷ്മി എന്ന മൂന്നുവയസുകാരിയാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ് ദാരുണമായി മരണപ്പെട്ടത്. കുട്ടി കിടന്നുറങ്ങുന്നത് ശ്രദ്ധിക്കാതെ മുന്നോട്ട് എടുത്ത കാര്‍ മൂന്ന് വയസുകാരിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ ബേസ്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്.ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് പൊലീസിന് പരാതി ലഭിക്കുന്നത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ ഷാബാദ് മണ്ഡല്‍ സ്വദേശിയായ കവിതയെന്ന 22 കാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജോലി തേടിയാണ് യുവതി മക്കളുമൊന്നിച്ച് ഹൈദരബാദിലെത്തിയത്. ഹയാത്ത് നഗറിന് സമീപത്തെ ലെക്ചറേഴ്സ് കോളനിക്ക് സമീപത്തെ കെട്ടിട നിര്‍മ്മാണ സ്ഥലത്തായിരുന്നു ബുധനാഴ്ച ഇവര്‍ ജോലി ചെയ്തത്.

ഉച്ചയ്ക്ക് ആറു വയസുകാനായ ബാസവ രാജുവിനും മൂന്ന് വയസുകാരി ലക്ഷ്മിക്കും ഒപ്പം ഭക്ഷണം കഴിച്ചു. ചൂട് അസഹനീയമായതിനാല്‍ കെട്ടിടം പണി നടക്കുന്നതിന്‍റെ സമീപത്ത് തന്നെയുള്ള ബാലാജി ആര്‍ക്കേഡിന്‍റെ ബേസ്മെന്‍റില്‍ മകളെ കിടത്തിയ ശേഷം ജോലിക്ക് പോയി. എന്നാല്‍ മൂന്ന് മണിയോടെ പാര്‍ക്കിംഗിലെത്തിയ ഒരു കാര്‍ മകളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നാണ് കവിതയുടെ പരാതി. തലയ്ക്ക് ഗുരുതര പരിക്കേറ്റ ലക്ഷ്മി സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.