തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തിപിടിത്തത്തിൽ ഫയർ ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം.തീ അണക്കാനുള്ള ശ്രമത്തിനിടെ, ചാക്ക ഫയർ ഫോഴ്സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ കരിച്ചിയിൽ ജെ.എസ് നിവാസിൽ രഞ്ജിത്ത് (32) ആണ് മരിച്ചത്. തീ അണക്കാനുളള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് പുലർച്ചെയോടെ തീപിടിച്ചത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂർണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. കരിച്ചിയിൽ ജെ.എസ് നിവാസിൽ ബാബുവിന്റെയും സിന്ധുവിന്റെയും മകനായ രഞ്ജിത്ത് അവിവാഹിതനാണ്.