ഭോപാല്‍: രാജ്യമാകെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഒരു അസിസ്‌റ്റന്റ് എഞ്ചിനീയറുടെ വീട്ടില്‍ നടന്ന അഴിമതി വിരുദ്ധ വിഭാഗത്തിന്റെ റെയ്ഡ് ഇപ്പോള്‍ .
ഏതാണ്ട് 30,000 രൂപ മാത്രമാണ് മദ്ധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അസിസ്‌റ്റന്റ് എഞ്ചിനീയര്‍ ഹേമ മീണ(36)യുടെ ശമ്പളം . എന്നാല്‍ അവരുടെയും ബന്ധുക്കളുടെയും പേരില്‍ അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തിയത് കോടിക്കണക്കിന് വിലവരുന്ന സ്വത്തുക്കളാണ്.
സോളാര്‍ പാനല്‍ അറ്റകുറ്റപണിക്കെന്ന പേരില്‍ വ്യാഴാഴ്‌ച ലോകായുക്ത സ്‌പെഷ്യല്‍ പൊലീസ് എസ്‌റ്റാബ്ളിഷ്‌മെന്റ് (എല്‍ എസ് പി ഇ) സംഘം ഹേമയുടെ പടുകൂറ്റന്‍ ബംഗ്ളാവില്‍ കയറിപ്പറ്റി. ആദ്യ ദിവസത്തെ പരിശോധനയില്‍ തന്നെ രണ്ട് ഡസനോളം വിലയേറിയ ഗീര്‍ പശുക്കള്‍, വിവിധ കൂടുകളിലായി നൂറുകണക്കിന് നായ്‌ക്കള്‍, 98 ഇഞ്ചിന്റെ ടി.വി, ഇതിന് ഏതാണ്ട് 30 ലക്ഷം രൂപ എന്നതാണ് പ്രൈസ് ടാഗില്‍ കാണുന്നത്. വീട് പരിസരം മുഴുവന്‍ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സിസ്‌റ്റം, മൊബൈല്‍ ജാമറുകള്‍ എന്നിങ്ങനെ നിരവധി ഇലക്‌ട്രിക് സാധനങ്ങളും കണ്ടെത്തുകയുണ്ടായി.
ഹേമ മീണയുടെ ബംഗ്ളാവ് ഏതാണ്ട് ഒരു കോടി രൂപ വിലവരുന്നതാണ് . 20,000 ചതുരശ്രയടി സ്ഥലത്താണ് ഇത് നിര്‍മ്മിച്ചത്. പിതാവിന്റെ പേരിലാണ് സ്ഥലംവാങ്ങിയത്. ഈ ബംഗ്ളാവിന് പുറമെ റയ്‌സെന്‍,വിദിഷ എന്നീ ജില്ലകളിലും ഇവര്‍ക്ക് ഭൂമിയുണ്ട്. മദ്ധ്യപ്രദേശ് പൊലീസ് ഹൗസിംഗ് കോര്‍പറേഷനിലാണ് ഹേമ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഏതാണ്ട് 10 വര്‍ഷത്തോളമായി സര്‍വീസിലെത്തിയിട്ട്. മദ്ധ്യപ്രദേശ് പൊലീസ് ഹൗസിംഗ് കോര്‍പറേഷന്റെ വിവിധ പ്രൊജക്‌ടുകള്‍ക്ക് വേണ്ടി വാങ്ങിയ സാധനങ്ങള്‍ വീട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവയ്‌ക്കെല്ലാം പുറമേ കാര്‍ഷിക ഉപകരണങ്ങള്‍ അടക്കം ലോകായുക്ത സ്‌പെഷ്യല്‍ പൊലീസ് എസ്‌റ്റാബ്ളിഷ്‌മെന്റ് അംഗങ്ങള്‍ പിടിച്ചെടുത്തു. ബില്‍ഖീരിയയിലെ ഈ വിട്ടിലടക്കം ഒരേസമയം മൂന്നിടത്താണ് പരിശോധന നടത്തിയത്. ആദ്യ ദിവസത്തെ പരിശോധനയിലൂടെ അഞ്ച് മുതല്‍ ഏഴ് കോടിവരെ രൂപയുടെ ആസ്‌തിയാണ് കണ്ടെത്തിയത്. ഇത് ഹേമ മീണയുടെ വരവിനെക്കാള്‍ 232 ശതമാനം കൂടുതലാണെന്നാണ് പരിശോധക സംഘം വ്യക്തമാക്കുന്നത് തന്നെ.