കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൻ്റെ സമാപന ദിവസം വേദിയിൽ വീണ്ടും അടി. 2 പൊലീസുകാർ ഉൾപ്പടെ പത്തു പേർക്ക് പരിക്ക്.

അമ്പലപ്പുഴ: കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൻ്റെ സമാപന ദിവസം വേദിയിൽ വീണ്ടും അടി. 2 പൊലീസുകാർ ഉൾപ്പടെ പത്തു പേർക്ക് പരിക്ക്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആനന്ദ്, ഗ്രേഡ് എസ്.ഐ പ്രദീപ് കുമാർ, രക്ഷകർത്താക്കളായ ഗംഗ (37), ഗോപീകൃഷ്ണൻ (22), മധു (54), തിരുവനന്തപുരം എൻ.എസ്.എസ് ഗേൾസ്കോളേജ് വിദ്യാർത്ഥിനി പാർവതി (19), വാളൻ്റിയേഴ്സ് മാരായ അമൽ കൃഷ്ണൻ (23), ഷമീറ (22), സുജന (21) അൻഷാദ് (18) എന്നിവരെയാണ് പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ 9 ഓടെ ഗവ.കോളേജിലായിരുന്നു സംഭവം. സംഘനൃത്തത്തിൻ്റെ ഫലപ്രഖ്യാപനത്തിന് ശേഷം രാവിലെ 9 ഓടെ ഏതാനും വിദ്യാർത്ഥികൾ ഓഫീസിൽ അപ്പീൽ കൊടുക്കാനെത്തുകയും, റിസൾട്ടുമായി പുറത്തേക്ക് ഓടിയെന്നുമാണ് സംഘാടകർ പറയുന്നത്. ഇവരുടെ പിന്നാലെ എത്തിയ വാളൻ്റിയേഴ്സുമായാണ് ആദ്യം സംഘർഷവും മർദ്ദനവും നടന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസുകാർക്കും മർദ്ദനമേൽക്കുകയായിരുന്നു.പൊലീസ് ജീപ്പിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചപ്പോൾ ഏതാനും വിദ്യാർത്ഥികൾ എത്തി ഗേറ്റ് പൂട്ടിയെന്ന് പൊലീസ് പറയുന്നു. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. റിസൾട്ടുമായി പുറത്തേക്കോടിയ വിദ്യാർത്ഥികളെ പിടിക്കാതെ പൊലീസ് വാളൻ്റിയർമാരെ ലാത്തിവെച്ച് മർദ്ദിക്കുകയായിരുന്നെന്ന് സംഘാടകർ പറയുന്നു. കോളേജിന് മുന്നിലെ ക്യാമറ മോഷണം പോയെന്നു കാട്ടി കോളേജ് അധികൃതർ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. ഇതെ തുടർന്ന് വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്