കല്ലമ്പലം നാവായിക്കുളം ഡീസന്റ് മുക്കിൽ പോത്ത് വിരണ്ടോടി; 2 ബൈക്ക് നശിപ്പിച്ചു, പിക്കപ്പിന്റെ ചില്ലു തകര്‍ത്തു

നാവായിക്കുളം ഡീസന്റ്മുക്കില്‍ നാട്ടുകാരെ മുള്‍മുനയിലാക്കി വിരണ്ടോടിയ പോത്തിനെ 24 മണിക്കൂറിനു ശേഷം മയക്കു വെടിവച്ചു പിടികൂടി. ഓട്ടത്തിനിടെ രണ്ടു ബൈക്ക് നശിപ്പിക്കുകയും മറ്റൊരു വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. ഡീസന്റ്മുക്ക് കല്ലുവിള സര്‍വീസ് സെന്ററിന് സമീപം സുബൈറിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് നാട്ടില്‍ പരിഭ്രാന്തി പരത്തിയത്. രണ്ടു ദിവസം മുന്‍പ് കാട്ടുപുതുശ്ശേരി ചന്തയില്‍ നിന്ന് 32,000 രൂപയ്ക്ക് വാങ്ങിയ പോത്തിനെ ചൊവ്വ രാവിലെ വീടിനടുത്തുള്ള കളി സ്ഥലത്തിനു സമീപം കെട്ടിയിട്ടിരുന്നു.

ച്ചകഴിഞ്ഞ് കളിക്കാന്‍ എത്തിയ കുട്ടികളുടെ ബഹളം കേട്ട് നില തെറ്റിയ പോത്ത് വിരണ്ടോടി. കയര്‍ ഊരിപ്പോയതിനാല്‍ പലതവണ ശ്രമിച്ചിട്ടും ആര്‍ക്കും പിടിക്കാനുമായില്ല. ബുധനാഴ്ച പുതുശ്ശേരിമുക്ക് ഡീസന്റ്മുക്ക് റോഡില്‍ കയറിയ പോത്ത് ഒരു പിക്കപ്പിന്റെ ഗ്ലാസ് തകര്‍ത്തു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളും നശിപ്പിച്ചു.പോത്തിനെ കല്ലമ്പലം ഫയര്‍ഫോഴ്‌സ് ടീം എത്തി മൂന്നു മണിക്കൂര്‍ പരിശ്രമിച്ച് തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കൊല്ലത്തു നിന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് മയക്കുവെടി വച്ചു പിടിച്ചത്. ഡോ,എസ്.അരവിന്ദ്, ഇന്‍സ്‌പെക്ടര്‍ ആര്‍.അരവിന്ദ് എന്നിവരാണ് സ്‌ക്വാഡിലു?ണ്ടായിരുന്നത്.