യുഎസിലെ വിസ്‌കോണ്‍സിനില്‍ സ്വന്തം വെപ്പു പല്ല് 22 വയസുകാരന്‍ അബദ്ധത്തില്‍ വിഴുങ്ങി . വെള്ളിയില്‍ പൂശിയ ഈ വെപ്പു പല്ലുകള്‍ ഇയാളുടെ ശ്വാസകോശത്തില്‍ കുടുങ്ങുകയായിരുന്നു ചെയ്തത്.
ഈ വെപ്പ് പല്ല് ഇയാള്‍ പെട്ടെന്ന് അപസ്മാരം ഉണ്ടായ സമയത്ത് അറിയാതെ വിഴുങ്ങുകയായിരുന്നു ചെയ്തത് എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തെത്തുടര്‍ന്ന് ഇയാള്‍ക്ക് അതിഭയങ്കരമായ ചുമയും ശ്വാസംമുട്ടലും അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു.
മരണം വരെ സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്ന ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇയാളുടെ എക്സ്-റേ പരിശോധിച്ചപ്പോഴാണ് ശ്വാസകോശത്തിന്റെ ശ്വാസനാളത്തില്‍ 4.1 സെന്റീമീറ്റര്‍ നീളമുള്ള വെപ്പു പല്ല് കുടുങ്ങിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ക്യൂറസ് മെഡിക്കല്‍ ജേണലില്‍ ആണ് ഈ സംഭവത്തിന്‍റെ കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പരിശോധനകള്‍ക്ക് ശേഷം, കുടുങ്ങിയ വസ്തു നീക്കം ചെയ്യുന്നതിനായി ഡോക്ടര്‍മാര്‍ ഇയാളെ ബ്രോങ്കോസ്കോപ്പിക്ക് വിധേയമാക്കി. കനംകുറഞ്ഞ ട്യൂബ് ശ്വാസനാളത്തിലൂടെ പ്രവേശിപ്പിച്ചാണ് ഈ ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ വിജയകരമായി നടന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.