◾ഡീസല്‍ വാഹനങ്ങള്‍ക്കു നിരോധനം വരുന്നു. ഡീസല്‍ ഇന്ധനമാക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളും 2027 ല്‍ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്മിഷന്‍ പാനലിന്റെ ശുപാര്‍ശ. പത്തു ലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനീകരണം കൂടുതലുള്ള നഗരങ്ങളിലും ഇലക്ട്രിക്, ഗ്യാസ് എന്നിവ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ മാത്രമേ അനുവദിക്കാവൂവെന്നും പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
◾സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിലെ എതിര്‍പ്പ് അടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി.
◾കോണ്‍ഗ്രസ് ദ്വിദിന നേതൃസംഗമം ഇന്നും നാളേയും വയനാട്ടില്‍. ഒരു വര്‍ഷത്തെ കര്‍മ്മപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും ആവിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.
◾താനൂരില്‍ 22 പേരുടെ മരണത്തിനിയാക്കിയ വിനോദസഞ്ചാര ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസര്‍ അറസ്റ്റില്‍. കോഴികോടുനിന്നാണ് നാസറിനെ അറസ്റ്റു ചെയ്തത്. നരഹത്യ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. നാസറിന്റെ വാഹനം കൊച്ചിയില്‍ പിടികൂടിയിരുന്നു.
◾താനൂര്‍ ബോട്ട് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് നടത്തുന്ന അന്വേഷണത്തിനു 14 അംഗ പ്രത്യേക സംഘത്ത നിയോഗിച്ചു. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പി മേല്‍നോട്ടം വഹിക്കും. ബോട്ടപകടം നടന്ന സ്ഥലത്ത് ദേശീയ ദ്രുതകര്‍മസേന ഇന്നും തെരച്ചില്‍ തുടരും.
◾താനൂരില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്തു ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.
◾താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച 22 പേരുടെ കുടുംബങ്ങള്‍ക്ക് 2018 സിനിമാ നിര്‍മാതാക്കള്‍ ലക്ഷം രൂപയുടെ ധനസഹായം നല്‍കും. 2018 ലുണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയാണ് 2018. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
◾ബോട്ടു ദുരന്തത്തില്‍ 11 പേര്‍ മരിച്ച കുടുംബത്തിലെ ഉറ്റവര്‍ക്കു വീടു നിര്‍മിച്ചു നല്‍കുമെന്ന് മുസ്ലിംലീഗ്. പരപ്പനങ്ങാടി പുത്തന്‍കടപുറത്തെ കുന്നുമ്മല്‍ അബൂബക്കറിന്റെ മക്കളായ സൈതലവിയുടെയും സിറാജിന്റെയും കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുക. താനൂര്‍ ഓലപ്പീടികയില്‍ പിതാവും രണ്ടു സഹോദരങ്ങളും ബോട്ടപകടത്തില്‍ നഷ്ടപ്പെട്ട ജുനൈദ് (15), ഫാതിമ റജുവ (7) എന്നിവരുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍ മുസ്ലിം ലീഗ് വഹിക്കും.
◾നിയമ വിരുദ്ധവുമായി സര്‍വ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ടൂറിസ്റ്റ് - ശിക്കാര ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് ഇന്‍ലാന്‍ഡ് വെസല്‍ ആക്റ്റ് പ്രകാരമാണ്.
◾ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റും സഹിതമുള്ള മഴക്കു സാധ്യത.
◾ശമ്പള വര്‍ധന ആവശ്യപ്പെട്ട് പ്രീ പ്രൈമറി അധ്യാപകര്‍ നടത്തി വന്ന സമരം മന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അവസാനിപ്പിച്ചു. ശമ്പള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കുമെന്നും മന്ത്രി പറഞ്ഞെന്നാണു റിപ്പോര്‍ട്ട്.
◾കൂടത്തായി കൂട്ടക്കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം. റോയ് തോമസ് വധക്കേസിലെ 156 -ാം സാക്ഷി അഭിഭാഷകനായ സി വിജയകുമാറാണ് കൂറുമാറിയത്. വില്‍പത്രം ജോളി തന്നെ കാണിച്ചെന്നു പോലീസ് രേഖപ്പെടുത്തിയിരുന്ന മൊഴിയാണു മറ്റിപ്പറഞ്ഞത്. സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സി വിജയകുമാര്‍. കേസില്‍ നേരത്തെ ഒരു സാക്ഷി കൂറുമാറിയിരുന്നു.
◾വന്ദേ ഭാരത് എക്സ്പ്രസിനുനേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്താണ് കല്ലേറുണ്ടായത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം.
◾നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവിഭാഗം വിജിലന്‍സ് സംഘം പരിശോധന നടത്തി. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും ചികിത്സ പിഴവുകളുണ്ടെന്നും നിരന്തരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
◾ആലപ്പുഴ മാന്നാറില്‍ ഉത്സവത്തിലെ കൂട്ടത്തല്ലിനിടെ എസ്ഐയുടെ തലക്ക് അടിയേറ്റു. എസ് ഐ ബിജുക്കുട്ടനാണ് പരിക്കേറ്റത്. നാടന്‍പാട്ടിനിടെ അടിപിടിയുണ്ടാക്കിയവരെ പിടിച്ചു മാറ്റുന്നതിനിടെ പിറകില്‍ നിന്ന് തലക്കടിക്കുകയായിരുന്നു.
◾പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. കേരള - കര്‍ണാടക അതിര്‍ത്തിയായ കേന്യയിലെ കുമാരധാര പുഴയിലാണ് അപകടം ഉണ്ടായത്. സഹോദരികളായ ഹംസിത (15 ), ഹവന്ദിക (11) എന്നിവരാണ് മരിച്ചത്.
◾ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് കമ്പല്ലൂരിലെ സുധീഷിന്റെയും സുനിതയുടെയും മകന്‍ സാരംഗ് ആണ് മരിച്ചത്.
◾ശരീരത്തിലേക്ക് കംപ്രസര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെതുടര്‍ന്ന് അതിഥി തൊഴിലാളി മരിച്ചു. കുറുപ്പുംപടി മലമുറി മറിയം പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തു വന്നിരുന്ന ആസാം സ്വദേശി മിന്റു ചൗമയാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് സിദ്ധാര്‍ത്ഥ ചുമ്മായെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു.
◾വയനാട്ടില്‍ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തതിന് പനവല്ലി സ്വദേശിയായ പ്രതി അജീഷിനെ അറസ്റ്റു ചെയ്തു. പരിക്കേറ്റ യുവതി മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
◾മണിപ്പൂര്‍ കലാപത്തില്‍ 60 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. 231 പേര്‍ക്ക് പരിക്കേറ്റു. 1700 വീടുകള്‍ തീവച്ചുു നശിപ്പിച്ചു. പുനരധിവാസ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ബിരേന്‍ സിംഗ്. മണിപ്പൂര്‍ ശാന്തമായിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ദുരിതാശ്വാസവും പുനരധിവാസവും കാര്യക്ഷമമാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
◾മണിപ്പൂരില്‍ ക്രൈസ്തവരെ ആക്രമിക്കുകയാണെന്ന് ബംഗളൂരു ആര്‍ച്ച്ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ സുപ്രീം കോടതിയില്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റൈ പിന്തുണയോടെ സംഘപരിവാര്‍ സംഘങ്ങളാണ് ആക്രമണങ്ങള്‍ നടത്തുന്നത്. ഇരയാകുന്നവരെ പ്രതികളാക്കിയാണു പോലീസ് കേസെടുക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്ന ആയിരത്തിലേറെ അക്രമങ്ങള്‍ ആസൂത്രിതമാണ്. 2021 ല്‍ 505 ആക്രമണങ്ങളും, 2022ല്‍ 598 ആക്രമണങ്ങളും ഉണ്ടായി. അതേസമയം അതിര്‍ത്തി തര്‍ക്കം പോലുള്ള വ്യക്തി തര്‍ക്കങ്ങളെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണമായി ചിത്രീകരിക്കുകയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
◾കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു കൊട്ടിക്കലാശം. നാളെയാണു വോട്ടെടുപ്പ്. നാളെ അര്‍ധരാത്രിവരെ മദ്യനിരോധനം ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനമായ 13 നും മദ്യനിരോധനമാണ്. ബാറുകളിലും മദ്യം വിളമ്പില്ല.
◾ദ കേരള സ്റ്റോറി ബംഗാളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രദര്‍ശനാനുമതി നല്‍കിയ കേരള സര്‍ക്കാരും സിപിഎമ്മും ബിജെപിയെ സഹായിക്കുകയാണെന്ന് മമത ആരോപിച്ചു.
◾തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരില്‍ അഴിച്ചുപണി വരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും എതിരേ സംസാരിച്ചതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കേ, ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കുമെന്നാണു സൂചന.
◾പാപ്പരായ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിംഗും വില്‍പനയും നിര്‍ത്തണമെന്ന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടു. 15 ദിവസത്തിനകം മറുപടി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
◾തമിഴ്നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ മനീഷ് കശ്യപിനെതിരായ കേസുകള്‍ ഒന്നിച്ചാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ബീഹാര്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ ഒന്നിച്ചാക്കണമെന്ന ആവശ്യമാണ് തള്ളിയത്.
◾പ്രസംഗത്തിനിടെ വിവര്‍ത്തകനെ മാറ്റി പ്രധാനമന്ത്രി മോദി. കര്‍ണാടക നഞ്ചന്‍ഗുഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലണു ഹിന്ദി പ്രസംഗം കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്ന മുന്‍ ബിജെപി എംഎല്‍സി ജി മധുസൂദനനെ ഒഴിവാക്കിയത്. ഹിന്ദി പ്രസംഗത്തിന് പ്രതികരണമുള്ളതിനാല്‍ വിവര്‍ത്തനം ആവശ്യമില്ലെന്നു പറഞ്ഞ മോദി 'നിങ്ങളാണ് എന്റെ യജമാനന്മാര്‍. നിങ്ങള്‍ പറയുന്നതുപോലെ ഞാന്‍ ചെയ്യും' എന്നും പറഞ്ഞു.
◾ഐഎഎസ് ഉദ്യോഗസ്ഥന്‍ ജി. കൃഷ്ണയ്യ 1994 ല്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന മുന്‍ എം.പി. ആനന്ദ് മോഹന്‍ സിംഗ് അടക്കം 27 പേരെ മോചിപ്പിച്ച ബീഹാര്‍ സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ജയില്‍ മാനുവലില്‍ ഭേദഗതി വരുത്തിയാണ് തടവുകാരെ മോചിപ്പിച്ചത്.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബ് ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് കൊല്‍ക്കത്ത മറികടന്നത്. ക്യാപ്റ്റന്‍ നിതീഷ് റാണയുടെ അര്‍ധ സെഞ്ചുറി പ്രകടനത്തിനൊപ്പം അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ആന്ദ്രേ റസ്സല്‍ - റിങ്കു സിങ് സഖ്യമാണ് കൊല്‍ക്കത്തക്ക് ആവേശജയം സമ്മാനിച്ചത്.
◾ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. അര്‍ജന്റീന ഫുട്ബോള്‍ ടീമിനാണ് ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം. അതേസമയം രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സൂപ്പര്‍ താരം ലയണല്‍ മെസി പിഎസ്ജി യുടെ പരിശീലന സെഷനില്‍ മടങ്ങിയെത്തി. വിലക്കേര്‍പ്പെടുത്തി ആറ് ദിവസം പിന്നിടുമ്പോഴാണ് മെസ്സി ഇപ്പോള്‍ ക്ലബ്ബിനൊപ്പം ചേര്‍ന്നിരിക്കുന്നത്. മെസ്സിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ക്ലബ്ബ് പിന്‍വലിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
◾2022-23ല്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 24.15 ശതമാനം കുറഞ്ഞ് 35 ബില്യണ്‍ ഡോളറായി. 2021-22 ല്‍ ഇറക്കുമതി 46.2 ബില്യണ്‍ ഡോളറായിരുന്നു. 2022 ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇറക്കുമതിയിലെ വളര്‍ച്ചാ നിരക്ക് നെഗറ്റീവ് സോണിലായിരുന്നു. 2023 മാര്‍ച്ചില്‍ ഇത് 3.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇത് 1 ബില്യണ്‍ ഡോളറായിരുന്നു, എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വെള്ളി ഇറക്കുമതി 6.12 ശതമാനം ഉയര്‍ന്ന് 5.29 ബില്യണ്‍ ഡോളറിലെത്തി. 2022-23 ലെ വ്യാപാര കമ്മി 267 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെട്ടിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 191 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇന്ത്യ ഏകദേശം 600 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തു. ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം ഇതില്‍ കുറവുണ്ടായി. കറണ്ട് അക്കൗണ്ട് കമ്മി പരിശോധിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം കേന്ദ്രം സ്വര്‍ണ ഇറക്കുമതി തീരുവ 10.75 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. ആഭരണ വ്യവസായത്തിനായി സ്വര്‍ണം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 800 മുതല്‍ 900 ടണ്‍ വരെ സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുവെന്നാണ് കണക്കുകള്‍. 2022-23 കാലയളവില്‍ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 3 ശതമാനം കുറഞ്ഞ് ഏകദേശം 38 ബില്യണ്‍ ഡോളറായി.
◾ടെനെറ്റിനു ശേഷം ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന 'ഓപ്പണ്‍ഹൈമര്‍' എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ എത്തി. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ.റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന് പ്രമേയം. കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഫ്ലോറെന്‍സ് പഗ് തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം ഈ വര്‍ഷം ജൂലൈ 21ന് തിയറ്ററുകളിലെത്തും. ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്ഫോടനം ചിത്രീകരിച്ചത് വലിയ വാര്‍ത്തയായായിരുന്നു. 1945ല്‍ ഓപ്പണ്‍ഹൈമറിന്റെ നേതൃത്വത്തില്‍ നടന്ന ട്രിനിറ്റി ടെസ്റ്റ്( മെക്സിക്കോയില്‍ നടന്ന ആദ്യ നൂക്ലിയര്‍ സ്ഫോടന പരീക്ഷണം) ആണ് നോളന്‍ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്. തന്റെ സിനിമകളിലെ ഏറ്റവും മുതല്‍മുടക്കേറിയ സിനിമയാകും ഓപ്പണ്‍ഹൈമറെന്ന് നോളന്‍ പറയുന്നു. ഐമാക്സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. നോളന്റെ പ്രിയ ഛായാഗ്രാഹകനായ ഹൊയ്തി വാന്‍ ഹൊയ്ടെമയാണ് ഓപ്പണ്‍ഹൈമറിന്റെ ക്യാമറ. ആറ്റംബോംബിന്റെ നിര്‍മാണവും രണ്ടാംലോക മഹായുദ്ധവും ഇതില്‍ പശ്ചാത്തലമാകും.
◾ദാദാ ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ ഓണറബിള്‍ ജൂറി മെന്‍ഷന്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ മുരുകന്‍ മേലേരി സംവിധാനം ചെയ്യുന്ന പരിസ്ഥിതി ചിത്രമാണ് 'അക്കുവിന്റെ പടച്ചോന്‍'. 'അക്കുവിന്റെ പടച്ചോന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, കര്‍ഷകന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, നടന്‍ ശിവജി ഗുരുവായൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ 'അക്കു'വിനെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ വിനായകാണ്. മാമുക്കോയ, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും 'അക്കുവിന്റെ പടച്ചോനി'ല്‍ വേഷമിടുന്നുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണം, മതസൗഹാര്‍ദവും പ്രകൃതി സംരക്ഷണവും എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന 'അക്കുവിന്റെ പടച്ചോന്റെ' പ്രമേയം. പശ്ചാത്തലസംഗീതം സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ ആണ്. ജയകുമാര്‍ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികള്‍ക്ക് നടേഷ് ശങ്കര്‍,സുരേഷ് പേട്ട, ജോയ് മാധവന്‍ എന്നിവര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
◾മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക്ക് ലെജന്‍ഡ്സ് 2018-ല്‍ ആണ് ജാവയെ തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് 2022-ല്‍ യെസ്ഡിയും തിരിച്ചെത്തി. ഇപ്പോഴിതാ യെസ്ഡി , ജാവ മോട്ടോര്‍സൈക്കിളുകള്‍ളുടെ ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ ലൈനപ്പ് കമ്പനി അപ്ഡേറ്റ് ചെയ്തിരിക്കുന്നു. യെസ്ഡി, ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണ് നവീകരണം പ്രഖ്യാപിച്ചത്. പുതിയ ലൈനപ്പ് ഇപ്പോള്‍ സ്റ്റേജ് 2 ബിഎസ്6 കംപ്ലയിന്റാണ്. കൂടാതെ ഈ രണ്ട് മോട്ടോര്‍സൈക്കിളുകളുടെ റൈഡും ഹാന്‍ഡിലിംഗും മെച്ചപ്പെടുത്താന്‍ നിരവധി അപ്‌ഗ്രേഡുകളും ലഭിക്കുന്നു. ഈ മാറ്റങ്ങള്‍ വേരിയന്റിനെ ആശ്രയിച്ച് മോട്ടോര്‍സൈക്കിളുകളുടെ വിലയില്‍ 0.8 മുതല്‍ രണ്ട് ശതമാനം വരെ വര്‍ദ്ധനവിന് കാരണമായി. ജാവ 42 ന് 1.96 ലക്ഷം രൂപ മുതലും 42 ബോബറിന് 2.12 ലക്ഷം രൂപ മുതലും പെരാക്ക് 2.13 ലക്ഷം രൂപ മുതലുമാണ് വില. യെസ്ഡി സ്‌ക്രാംബ്ലറിന് 2.10 ലക്ഷം രൂപ മുതലും റോഡ്സ്റ്ററിന് 2.06 ലക്ഷം രൂപ മുതലും അഡ്വഞ്ചറിന് 2.15 ലക്ഷം രൂപ മുതലുമാണ് വില . എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.
◾സമാനതകളില്ലാത്ത ഈ പുസ്തകം നദികളോട് സംവദിക്കുന്ന ഒരാളുടെ ആത്മഭാഷണമാണ്. ആ ആത്മഭാഷണത്തില്‍ ധാരാളം വസ്തുതകളുണ്ട്, പുരാണേതിഹാസങ്ങളോടുള്ള ബന്ധമുണ്ട്, നാഗരികതകളുടെ ചരിത്രമുണ്ട്, സാഹിത്യ-ശില്പ- നൃത്തകലകള്‍ വിരിഞ്ഞാടിയ ഭൂതകാലസ്മൃതികളുണ്ട്, ഉര്‍വ്വരതയുടെ ഹരിതകേളിയുണ്ട്, ആധുനികതയുടെ ആശങ്കകളുണ്ട്, സര്‍വ്വോപരി നദികളുടെ ജൈവ വ്യക്തിത്വത്തെ അറിയാനുള്ള അന്വേഷണകൗതുകമുണ്ട്. ഓരോ നദിയെക്കുറിച്ചെഴുതുമ്പോഴും ആ നദി എങ്ങനെ മറ്റു നദികളില്‍നിന്ന് വ്യത്യസ്തയായിരിക്കുന്നുവെന്ന് അടയാളപ്പെടുത്താനുള്ള ഗ്രന്ഥകാരന്റെ നിര്‍ബ്ബന്ധം, ഒരേ പ്രമേയത്തെ അധികരിച്ചിട്ടുള്ളതെങ്കിലും ഈ പതിനെട്ട് അദ്ധ്യായങ്ങളെയും അങ്ങേയറ്റം പാരായണക്ഷമമാക്കുന്നു. വൈജ്ഞാനികതയുടെയും വൈകാരികതയുടെയും ഊടുംപാവുംകൊണ്ട് നെയ്‌തെടുത്ത കംബളമാണ് ഈ കൃതി. 'നദികള്‍:മഹാസംസ്‌കൃതിയുടെ തീരഭൂമികളിലൂടെ'. പി.എ രാമചന്ദ്രന്‍. മാതൃഭൂമി. വില 255 രൂപ.
◾പല തരത്തിലുള്ള ഹോര്‍മോണുകള്‍ നമ്മുടെ ശരീരത്തിലുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും രക്തസമ്മര്‍ദത്തെയും പ്രത്യുല്‍പാദനക്ഷമതയെയും ചയാപചയത്തെയും ഉറക്കത്തെയുമെല്ലാം ഗണ്യമായി സ്വാധീനിക്കുന്നു. നാം എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു, ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യുന്നു എന്നതിലെല്ലാം ഹോര്‍മോണുകളുടെ സന്തുലനത്തിന് നിര്‍ണായക പങ്കുണ്ട്. ഹോര്‍മോണല്‍ സന്തുലനം താളം തെറ്റുന്നത് പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അമിതമായ തോതില്‍ കാപ്പി കുടിക്കുന്നത് ഹോര്‍മോണല്‍ സന്തുലനത്തിന്റെ താളം തെറ്റിക്കും. കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ ഹോര്‍മോണിന്റെ ഉല്‍പാദനത്തെ ഉദ്ദീപിപ്പിക്കാന്‍ കഫൈന് സാധിക്കും. കോര്‍ട്ടിസോള്‍ തോത് നിയന്ത്രണം വിട്ടുയരുന്നത് നീര്‍ക്കെട്ടിനെ കൈകാര്യം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കുന്നതാണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അറ്റകുറ്റപണിയെല്ലാം നടക്കുന്നത് നാം ഉറങ്ങുന്ന സമയത്താണ്. ശരീരത്തിന് സ്വയം പുതുക്കാനും റീച്ചാര്‍ജ് ചെയ്യാനും ഉറക്കം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോള്‍ സമ്മര്‍ദ പ്രതികരണം ഉണ്ടാകുകയും ഹോര്‍മോണല്‍ സന്തുലനത്തിന്റെ താളം തെറ്റുകയും ചെയ്യും. തിരക്ക് പിടിച്ചുള്ള ജീവിതത്തിനിടെ പലരും പലപ്പോഴും കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ വിട്ടുപോകാറുണ്ട്. പ്രഭാതഭക്ഷണവും മറ്റും ഒരു കാപ്പിയില്‍ ഒതുക്കുന്നവരെയും കാണാം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് ഹോര്‍മോണുകളുടെ മാത്രമല്ല ജീവിതത്തിന്റെയും താളം തെറ്റിക്കാം. ജിമ്മില്‍ പോകുന്നതും വര്‍ക്ക് ഔട്ട് ചെയ്യുന്നതുമൊക്കെ നല്ലതുതന്നെ. പക്ഷേ, അത് അമിതമായാല്‍ കുഴപ്പമാണ്. അതിതീവ്രമായ വര്‍ക്ക്ഔട്ടുകള്‍ തുടര്‍ച്ചയായി ചെയ്യുന്നത് ഹോര്‍മോണല്‍ തകരാറുകള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്ലാസ്റ്റിക് വെള്ള കുപ്പികള്‍, അലുമിനിയം കാനുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയില്‍ എന്‍ഡോക്രൈന്‍ സംവിധാനത്തിന്റെ താളം തെറ്റിക്കുന്ന ചില രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഹോര്‍മോണ്‍ ഉല്‍പാദനത്തിനെ നിയന്ത്രിക്കുന്ന എന്‍ഡോക്രൈന്‍ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശരീരത്തിലെ ഹോര്‍മോണ്‍ വ്യവസ്ഥയെ തകിടം മറിക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ബീര്‍ബലും സുഹൃത്തും പാലത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് സുഹൃത്ത് കാല്‍വഴുതി നദിയില്‍ വീണു. ബീര്‍ബല്‍ പാലത്തില്‍ നിന്ന് കൈകള്‍ നീട്ടിക്കൊടുത്തു. കയ്യില്‍ പിടിച്ചുകയറാന്‍ തുടങ്ങിയ അയാള്‍ക്ക് സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു. ജീവിതം തിരിച്ചുനല്‍കിയ ബീര്‍ബലിനോട് അയാള്‍ പറഞ്ഞു: ഞാന്‍ പാലത്തിന് മുകളിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് വിലമതിക്കാനാകാത്ത ഒരു സമ്മാനം നല്‍കും. ഇത് കേട്ട് ബീര്‍ബല്‍ സന്തോഷം കൊണ്ട് കൈകൂപ്പി നന്ദിപറയാന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്ത് പിടിവിട്ട് വീണ്ടും താഴേക്ക് വീണു. പിന്നീട് ബീര്‍ബല്‍ കൊടുത്ത കയറില്‍ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ അയാള്‍ ചോദിച്ചു. നിങ്ങളെന്തിനാണ് എന്റെ കൈവിട്ടത്? സന്തോഷം കൊണ്ട് : ബീര്‍ബല്‍ മറുപടി പറഞ്ഞു. ഞാന്‍ കരയിലെത്തുന്നതുവരെ കാത്തുനില്‍ക്കാന്‍ പാടില്ലായിരുന്നോ? അപ്പോള്‍ ബീര്‍ബല്‍ ഇങ്ങനെ തിരിച്ചുചോദിച്ചു: കരയിലെത്തിയശേഷം താങ്കള്‍ക്ക് സമ്മാനത്തെക്കുറിച്ച് പറഞ്ഞാല്‍ മതിയായിരുന്നല്ലോ... ചിലപ്പോഴൊക്കെ, ആവേഷത്തില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന പാരിതോഷികങ്ങള്‍ക്ക് ആത്മാര്‍ത്ഥതയോ കൃതജ്ഞതയോ ഉണ്ടാകണമെന്നില്ല. അവസരങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നവര്‍ ഉചിതസമയത്ത് ഇടപെടുകയും തങ്ങളുടെ സാന്നിധ്യം പരസ്യപ്പെടുത്തുകയും ചെയ്യും. വികാരവിക്ഷോഭത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ചില ന്യൂനതകളുണ്ടായിരിക്കും. അവയ്ക്ക് യാഥാര്‍ത്ഥ്യബോധമുണ്ടാകണമെന്നില്ല. പലപ്പോഴും പ്രായോഗികക്ഷമത കുറവായിരിക്കുകയും ചെയ്യും. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആവേശം കുറയുമ്പോള്‍ പഴയ തീരുമാനങ്ങള്‍ അബദ്ധങ്ങളായെന്നും തോന്നും. ഏത് പ്രവൃത്തിയും തീരുമാനങ്ങളും നമുക്ക് മാനസിക സമനിലയോടെ എടുക്കാന്‍ സാധിക്കട്ടെ, എന്തെന്നാല്‍ അമിതാഹ്ലാദവും, അധിക നിരാശയും മനസ്സിന്റെ നിയന്ത്രണശേഷി നഷ്ടപ്പെടുത്തുക തന്നെ ചെയ്യും - ശുഭദിനം.