*പ്രഭാത വാർത്തകൾ*2023 | മെയ് 8 | തിങ്കൾ |

◾താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വന്‍ ദുരന്തം. 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 35 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം.

◾പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഷംന (17), ഹുസ്ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), ആവില്‍ ബീച്ച് കുന്നുമ്മല്‍ കുഞ്ഞമ്പി (38), താനൂര്‍ ഓലപ്പീടിക കാട്ടില്‍ പീടിയേക്കല്‍ സിദ്ദീഖ് (35), മകള്‍ ഫാത്തിമ മിന്‍ഹ (12), പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ ജാബിര്‍ (40), മകന്‍ ജരീര്‍ (12), പരപ്പനങ്ങാടി കുന്നുമ്മല്‍ സീനത്ത് (38), ഒട്ടുമ്മല്‍ കുന്നുമ്മല്‍ വീട്ടില്‍ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മല്‍ റസീല, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫ്ലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (9), പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവില്‍ പോലീസ് ഓഫീസറുമായ സബറുദ്ദീന്‍ (38) എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞവര്‍.

◾പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ബോട്ടിന്റെ വാതില്‍ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ബോട്ടില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നുവെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും.

◾താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ സഹായധനം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

◾എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷം. അഴിമതിയാരോപണങ്ങള്‍ ശക്തമായിട്ടും മുഖ്യമന്ത്രി കാണാമറയത്തിരുന്ന് സംസാരിക്കുകയാണെന്നും, തുടര്‍ ഭരണം കിട്ടിയെന്ന് കരുതി അഴിമതിയാരോപണം ഇല്ലാതാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

◾എഐ ക്യാമറ,കെ.ഫോണ്‍ തുടങ്ങിയ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി

◾ക്യാമറ വിവാദത്തില്‍ വിശദീകരണവുമായി പ്രസാഡിയോ. കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി.

◾എഐ ക്യാമറ വിഷയത്തില്‍ അഴിമതി നടന്നിട്ടെല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല. ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസയും ഇതുവരെ ചെലവാക്കിയിട്ടില്ല എന്നും കണക്കുകള്‍ സഹിതം അദ്ദേഹം വ്യക്തമാക്കി.

◾റോഡ് ക്യാമറ അഴിമതി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി ഗോവിന്ദന്‍ ചെയ്തതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

◾ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ബി എം എസ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്നലെ അര്‍ധരാത്രിമുതല്‍ തുടങ്ങി. പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

◾മണിപ്പൂര്‍ കലാപം തുടരുന്നതില്‍ ആശങ്കയും വേദനയും ഉണ്ടെന്നു മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. സാധാരണക്കാരായ മനുഷ്യരുടെ ജീവനും സ്വത്തിനും കനത്ത നഷ്ടമാണ് കലാപം മൂലമുണ്ടായത്. കലാപം തുടങ്ങാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നുണ്ടായതായാലും അത് ഒന്നിനും പരിഹാരമല്ലെന്നും എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും മാര്‍ത്തോമ സഭാ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
.
◾ദമയന്തിയായി മന്ത്രി അരങ്ങിലെത്തി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അഞ്ചാം ദിവസത്തിലാണ് സംഗമ വേദിയില്‍ നളചരിതം ഒന്നാംദിവസം കഥകളിയില്‍ മന്ത്രി ആര്‍ ബിന്ദു വീണ്ടും ചായമിട്ടത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ബിന്ദു ടീച്ചര്‍ കഥകളി വേഷത്തില്‍ വീണ്ടും അരങ്ങിലെത്തിയത്.

◾തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ അമ്മ അറസ്റ്റിലായി. കാഞ്ഞിരംകുളം സ്വദേശിനി അഞ്ജുവാണ് അറസ്റ്റിലായത്. കുഞ്ഞിനെ വില്‍ക്കാന്‍ ഇടനില നിന്ന മാതാവിന്റെ സുഹൃത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

◾അടിമാലി സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അടിമാലി 200 ഏക്കര്‍ മരോട്ടിക്കുഴിയില്‍ ഫിലിപ്പ് തോമസ് അടിമാലി പൊലീസിന്റെ പിടിയിലായി.രണ്ട് തവണകളായി മൂന്നുലക്ഷത്തിനടുത്ത് തുകയാണ് ഇയാള്‍ സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയത്.

◾തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്റെ തീരുമാനപ്രകാരം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനത്തില്‍ എത്തിയത്.

◾കര്‍ണാടക തെരഞ്ഞെടുപ്പില്‍ കേരള സ്റ്റോറിയും ചര്‍ച്ചയാക്കുന്ന ബി ജെ പി സിനിമ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചു. കേരളാ സ്റ്റോറി സിനിമ ബെംഗളുരുവില്‍ പ്രദര്‍ശിപ്പിക്കാനാണ് ബി ജെ പിയുടെ തീരുമാനം. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയടക്കമുള്ളവര്‍ സിനിമ കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

◾ക്ഷേത്രത്തിന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് ബിജെപിയുടെ വാഹനം പിടിച്ചെടുത്ത് അധികൃതര്‍. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ബിജെപിയുടെ വാഹനം പിടിച്ചെടുത്തത്.

◾കര്‍ണാടകയില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കെ ബംഗളുരുവില്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബി ജെ പി പ്രചാരണം നേരിട്ട് നയിച്ചപ്പോള്‍ കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചെത്തി. അവസാനലാപ്പില്‍ പ്രചാരണം കൊട്ടിക്കയറുകയാണ് കര്‍ണാടകയില്‍.

◾മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ഡോ.രാജേഷ് കുമാറിനെ മാറ്റി. പകരം വിനീത് ജോഷിക്കാണ് പുതിയ ചുമതല. മണിപ്പൂരിലെ ആഭ്യന്തര കലാപ സാഹചര്യത്തിലാണ് നിയമനം.

◾പുല്‍വാമയില്‍ ആറ് കിലോയോളം ഭാരം വരുന്ന ബോംബ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഭീകരബന്ധമുള്ള ഇഷ്ഫാക്ക് അഹമ്മദ് വാനിയെന്ന പുല്‍വാമ സ്വദേശിയെ അറസ്റ്റ് ചെയ്തു. നടപടിയിലൂടെ ഒഴിവാക്കാനായത് വന്‍ ദുരന്തമെന്ന് ജമ്മുകശ്മീര്‍ പൊലീസ് പ്രതികരിച്ചു.

◾ബ്രിജ് ഭുഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡല്‍ഹി വളയുമെന്ന് മുന്നറിയിപ്പുമായി ഗുസ്തി താരങ്ങള്‍ .തുടര്‍ പ്രക്ഷോഭത്തിന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഘാപ്പ് നേതാക്കളുടെയും,കര്‍ഷക സംഘടനകളുടെയും പിന്തുണ. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ബ്രിജ് ഭൂഷന്റെ ചോദ്യം ചെയ്യല്‍ വൈകുന്നതെന്ന് ഗുസ്തി താരം ബജരംഗ് പൂനിയ ആരോപിച്ചു.

◾ഓണ്‍ലൈന്‍ വീഡിയോകള്‍ ഭരണകൂടം സെന്‍സര്‍ ചെയ്യുന്നതിനാല്‍ ചൈനയിലെ ദാരിദ്ര്യത്തിന്റെ അളവ് എത്രമാത്രമാണെന്ന് രാജ്യത്തെ ജനങ്ങള്‍ പോലും അറിയുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

◾സിറിയയെ ഉപാധികളോടെ അറബ് ലീഗില്‍ തിരിച്ചെടുക്കാന്‍ ധാരണയായി. ഒരു പതിറ്റാണ്ടിലധികം നീണ്ട വിലക്കിന് ശേഷം ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് അറബ് ലീഗ് വക്താവ് പറഞ്ഞു. സിറിയയുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള അറബ് രാജ്യങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം.

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 56 റണ്‍സ് ജയം. പുറത്താവാതെ 94 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റേയും 81 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയുടേയും കരുത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനം ഉറപ്പിച്ചുനിര്‍ത്തി.

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 95 റണ്‍സ് നേടിയ ജോസ് ബട്ലറുടേയും 66 റണ്‍സ് നേടിയ സഞ്ജു സാംസണിന്റേയും മികവില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അവസാന പന്തിലാണ് ഹൈദരാബാദ് മറികടന്നത്. സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാനാവശ്യമായ 17 റണ്‍സ് അടിച്ചെടുത്ത അബ്ദുള്‍ സമദാണ് ഹൈദരാബാദിന് ആവേശജയം സമ്മാനിച്ചത്.

◾രാജ്യത്തെ പ്രമുഖ മേഖല ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നാലാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 93.3 ശതമാനം വര്‍ദ്ധനവോടെ 2,782 കോടി രൂപയാണ് ഉയര്‍ന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ അറ്റാദായം 1,440 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ മൊത്തത്തിലുള്ള അറ്റാദായം 61.18 ശതമാനം വര്‍ദ്ധിച്ച് 8,433 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ അറ്റപലിശ മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.98 ശതമാനമായാണ് മെച്ചപ്പെട്ടത്. പലിശ ഇതര വരുമാനം 62.48 ശതമാനം ഉയര്‍ന്ന് 5,269 കോടി രൂപയായിട്ടുണ്ട്. മൊത്തം നിക്ഷേപം 8.26 ശതമാനം വര്‍ദ്ധിച്ച് 11.17 ട്രില്യണ്‍ രൂപയായി. അതേസമയം, കുറഞ്ഞ നിരക്കിലുള്ള നിക്ഷേപങ്ങള്‍ 2023 മാര്‍ച്ച് അവസാനത്തോടെ 35.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് വരെ ഇത് 36.54 ശതമാനമായിരുന്നു.

◾മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹ'ത്തിലെ പ്രമോ ഗാനം പുറത്തിറങ്ങി. ജിബിന്‍ ഗോപാല്‍ സംഗീത സംവിധാനം ചെയ്ത് ആലപിച്ച ഗാനം രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയാണ്. പ്രശസ്ത ഡാന്‍സറായ റംസാനാണ് പ്രൊമോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ഏറെ കളര്‍ഫുള്‍ ആയ ദൃശ്യങ്ങളോടെ പുറത്തെത്തിയ ഗാനം മലയാളി യുവാക്കള്‍ക്കിടയില്‍ തരംഗമാവുമെന്നാണ് പ്രതീക്ഷ. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചിരിയുടെ പശ്ചാത്തലത്തില്‍ ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾സുദീപ്തോ സെന്നിന്റെ വിവാദ ചിത്രം 'ദി കേരള സ്റ്റോറി'ക്ക് ഗംഭീര കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് 20 കോടിയാണ്. ആദ്യദിനം 8.03 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രത്തിന് ശനിയാഴ്ച മാത്രം 11.22 കോടി രൂപ നേടാനായി. ആദാ ശര്‍മ്മ നായികയായ ചിത്രം തീയറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ വിവാദമായിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തെ ചൊല്ലിയായിരുന്നു വിവാദങ്ങള്‍. 32000 ത്തോളം പേര്‍ കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട് എന്നാണ് സിനിമയുടെ ഉള്ളടക്കം. പിന്നീട് ഈ കണക്ക് മൂന്ന് എന്നാക്കി സിനിമയുടെ ട്രെയിലറിന്റെ ഡിസ്‌ക്രിപ്ക്ഷനില്‍ തിരുത്തിയിരുന്നു. ചിത്രത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ആരോപിച്ച് സിനിമ-സാംസ്‌കാരിക -രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മുസ്‌ളീം സംഘടനകളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ചില തീയറ്ററുകളില്‍ കേരളാ സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തിയിരുന്നു. ചെന്നൈ നഗരത്തിലെ വിവിധ മാളുകളിലെയും തീയറ്ററുകളിലെയും പ്രദര്‍ശനമാണ് നിര്‍ത്തിവച്ചത്.

◾ഹീറോ മോട്ടോകോര്‍പ്പ് ജനപ്രിയ വിഡ വി1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 25,000 രൂപ കുറച്ചു. ഇതോടെ സ്‌കൂട്ടറിന്റെ അടിസ്ഥാന വില 1.20 ലക്ഷം രൂപയായി കുറഞ്ഞു. അതേസമയം വി1 പ്രോയ്ക്ക് 1.40 ലക്ഷം രൂപയാണ് സബ്‌സിഡി ഉള്‍പ്പെടെയുള്ള എക്‌സ് ഷോറൂം വില. ഹീറോ വിഡ വി1 ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളില്‍ ലഭ്യമാണ്. ഇത് രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു - വി1 പ്ലസിനൊപ്പം 3.44കിലോവാട്ട്അവറും വി1 പ്രോയ്‌ക്കൊപ്പം 3.94കിലോവാട്ട്അവറും. ആദ്യത്തേത് ഒറ്റ ചാര്‍ജില്‍ 143 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വി1 പ്രോയ്ക്ക് ഒറ്റ ചാര്‍ജില്‍ 165 കിലോമീറ്റര്‍ വരെ ഓടാനാകും. വി1 പ്രോ, വി1 പ്ലസ് എന്നിവയ്ക്ക് യഥാക്രമം 3.2 സെക്കന്‍ഡിലും 3.4 സെക്കന്‍ഡിലും പൂജ്യം മുതല്‍ ഓരോ മണിക്കൂറിലും 40കിമീ വേഗത കൈവരിക്കാന്‍ കഴിയും. ഇ-സ്‌കൂട്ടറുകള്‍ പരമാവധി 80 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. നിലവില്‍ വിദ വി1 ഇ-സ്‌കൂട്ടര്‍ ഡല്‍ഹി, ജയ്പൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഈ വര്‍ഷം 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.

◾ചിത്രമെഴുത്തിന്റെ നിതാന്ത വിസ്മയങ്ങളായ വിന്‍സെന്റ് വാന്‍ ഗോഗും പോള്‍ ഗോഗിനും ഫ്രാന്‍സിലെ ആള്‍സ് പട്ടണത്തില്‍ ഒരുമിച്ചു ജീവിച്ച ദിനങ്ങളെ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന നോവല്‍. വാന്‍ ഗോഗിന്റെ സ്‌കെച്ചുകള്‍ രേഖാചിത്രങ്ങളുടെ രൂപത്തില്‍ ഇഴചേര്‍ന്ന് ഈ കൃതിയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവചരിത്ര നോവല്‍. 'വാന്‍ഗോഗിന്‍'. രാജന്‍ തുവ്വാര. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 210 രൂപ.

◾കുട്ടിക്കാലത്തെ പോഷണക്കുറവ് ഇന്ത്യക്കാരില്‍ പിന്നീട് ടൈപ്പ് 2 പ്രമേഹരോഗമുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് സ്വീഡനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ പോഷണക്കുറവ് നികത്തുന്നത് വഴി ഇന്ത്യയിലെ പ്രമേഹരോഗികളുടെ തോത് വലിയ അളവില്‍ കുറയ്ക്കാന്‍ സാധിച്ചേക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇന്ത്യയിലെയും യൂറോപ്പിലെയും വിവിധ തരം ടൈപ്പ് 2 പ്രമേഹങ്ങള്‍ തമ്മിലുള്ള ജനിതക സമാനതകളെയും വ്യത്യാസങ്ങളെയും അടിവരയിടുന്നതാണ് ദ ലാന്‍സെറ്റ് റീജണല്‍ ഹെല്‍ത്ത് സൗത്ത്ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്. പ്രമേഹ രോഗചികിത്സയില്‍ വഴിത്തിരിവാകുന്നതാണ് ഈ ഗവേഷണത്തിലെ കണ്ടെത്തലുകള്‍. സൈവിയര്‍ ഇന്‍സുലിന്‍ ഡെഫീഷ്യന്റ് ഡയബറ്റീസ് എന്ന തരം ടൈപ്പ് 2 പ്രമേഹമാണ് ഇന്ത്യക്കാരില്‍ വ്യാപകമായി കാണുന്നത്. കുറഞ്ഞ ഇന്‍സുലിന്‍ ഉത്പാദനം, മോശം ചയാപചയ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട എസ്ഐഡിഡി ചെറു പ്രായത്തില്‍ തന്നെ കാണപ്പെട്ടെന്നു വരാം. എന്നാല്‍ ജീവിതത്തില്‍ വൈകി എത്തുന്ന മൈല്‍ഡ് ഏജ് റിലേറ്റഡ് ഡയബറ്റീസ് എന്ന തരം ടൈപ്പ് 2 പ്രമേഹമാണ് സ്വീഡനിലെ ജനങ്ങളില്‍ വ്യാപകമായി കാണുന്നതെന്നും പഠനം ചൂണ്ടിക്കാട്ടി. എസ്ഐഡിഡി കഴിഞ്ഞാല്‍ ഇന്ത്യാക്കാരില്‍ പ്രബലമായ ടൈപ്പ് 2 പ്രമേഹം മൈല്‍ഡ് ഒബ്സിറ്റി റിലേറ്റഡ് ഡയബറ്റീസ് ആണ്. അമിതവണ്ണം, പതുക്കെയുള്ള രോഗപുരോഗതി, വൈറ്റമിന്‍ ബി12 അഭാവം എന്നിവുമായി ബന്ധപ്പെട്ട എംഒഡിയും നേരത്തെ തന്നെ ജീവിതത്തെ ബാധിച്ച് തുടങ്ങാം. ഇവ ഉള്‍പ്പെടെ അഞ്ച് ഗ്രൂപ്പുകളായിട്ടാണ് ഗവേഷണ റിപ്പോര്‍ട്ട് ടൈപ്പ് 2 പ്രമേഹത്തെ വിഭജിക്കുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
തണുപ്പുകാലം വരികയാണ്. ആ വീട്ടിലുള്ള സമ്പാദ്യം മുഴുവന്‍ എടുത്ത് ചെരുപ്പുകുത്തി കമ്പിളിവാങ്ങാന്‍ കടയിലെത്തി. പക്ഷേ, വില തികയാത്തതിനാല്‍ അയാള്‍ക്ക് കമ്പിളി വാങ്ങാന്‍ സാധിച്ചില്ല. അയാള്‍ ആ കാശെടുത്ത് മദ്യം കഴിച്ചു. തിരികെ വീട്ടിലേക്ക് വരുമ്പോള്‍ റോഡരുകില്‍ ഒരു ചെറുപ്പക്കാരന്‍ വിവസ്ത്രനായി കിടക്കുന്നത് കണ്ടു. വല്ല കള്ളനായിരിക്കും എന്ന ചിന്തയില്‍ അയാള്‍ നടന്നുവെങ്കിലും പിന്നീട് ദയതോന്നി അയാള്‍ തിരിച്ചുവന്ന് ആ ചെറുപ്പക്കാരനെയും കൂട്ടി തന്റെ വീട്ടിലേക്ക് വന്നു. കടുത്ത പട്ടിണിയില്‍ കമ്പിളി വാങ്ങാതെ മദ്യംകഴിച്ച് കൂടെ ഒരാളെയും കൂട്ടി വന്ന തന്റെ ഭര്‍ത്താവിനെ കണ്ട് അവര്‍ക്ക് ദേഷ്യം തോന്നി. അവര്‍ അയാളെ കുറെ ചീത്ത വിളിച്ചു. എങ്കിലും ആ ചെറുപ്പക്കാരന് കുറച്ച് സൂപ്പും ബാക്കി വന്ന ഒരു റൊട്ടിയും നല്‍കി. ചെറുപ്പക്കാന്‍ അവരെ നോക്കി പുഞ്ചിരിച്ചു. ചെറുപ്പക്കാരന്‍ വളരെ വേഗം തന്നെ ചെരുപ്പുനിര്‍മ്മിക്കാന്‍ പഠിച്ചു. ആരോടും അയാള്‍ ഒന്നും സംസാരിക്കില്ല. പുറത്തേക്ക് പോവുകയും ഇല്ല. ഒരിക്കല്‍ ഒരു പ്രഭു വിലകൂടിയ തുകല്‍ കൊണ്ടുവന്ന് തനിക്കൊരു ബൂട്ട് വേണമെന്ന് ആവശ്യപ്പെട്ടു. കുറച്ച് ദിവസം കഴിഞ്ഞ് ചെരുപ്പുകുത്തി നോക്കുമ്പോള്‍ അയാള്‍ ബൂട്ടിന് പകരം മരിച്ചവര്‍ ധരിക്കുന്ന ചെരുപ്പാണ് നിര്‍മ്മിച്ചത്. ചെരുപ്പുകുത്തി ചോദിച്ചെങ്കിലും അയാള്‍ ഒന്നും മിണ്ടിയില്ല. അപ്പോഴാണ് പ്രഭുവിന്റെ ഭൃത്യന്‍ വന്നത്. പ്രഭു മരിച്ചുപോയെന്നും തനിക്ക് ബൂട്ട് വേണ്ട, മരിച്ചവര്‍ ഇടുന്ന ചെരുപ്പ് മതിയെന്ന് ഭൃത്യന്‍ പറഞ്ഞു. ഇത് കേട്ട് അയാള്‍ ചെറുപ്പക്കാരനെ നോക്കി. ചെറുപ്പക്കാരന്‍ പുഞ്ചിരിച്ചുകൊണ്ട് അയാള്‍ക്ക് ആ ചെരുപ്പ് കൊടുത്തു. ചെറുപ്പക്കാരന്‍ ചെരുപ്പുകുത്തിയോട് യാത്ര പറഞ്ഞ് പോകാന്‍ ഇറങ്ങി. ചെരുപ്പുകുത്തി ചോദിച്ചു: നിങ്ങള്‍ ആരാണ്? നിങ്ങള്‍ ഇവിടെ വന്നിട്ട് രണ്ടു തവണ മാത്രമാണ് ചിരിച്ചത്. എന്തിനാണ് ചിരിച്ചത്? ഇനി എവിടേക്കാണ് പോകുന്നത്? അയാള്‍ പറഞ്ഞു: ഞാന്‍ ഒരു മാലഖയാണ്. ഈ ലോകത്തെകുറിച്ച് കൂടുതല്‍ പഠിക്കാനാണ് ഞാന്‍ വന്നത്. മനുഷ്യര്‍ ജീവിക്കുന്നതിന്റെ ഒരു കാരണം ദയ ആണെന്ന് എനിക്ക് മനസ്സിലായി. കൂടാതെ മനുഷ്യര്‍ക്ക്, അവര്‍ക്ക് യാഥാര്‍ത്ഥത്തില്‍ വേണ്ടത് എന്താണെന്ന് അറിയില്ലെന്നും, ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പലപ്പോഴും അവര്‍ ബഹളം വെക്കുന്നത് എന്നും എനിക്ക് മനസ്സിലായി. ഈ ലോകത്ത് സ്‌നേഹമുള്ളിടത്തോളം കാലം മനുഷ്യന്‍ ജീവിക്കുമെന്നതും എനിക്കൊരു തിരിച്ചറിവായിരുന്നു എന്ന് പറഞ്ഞ് ചെറുപ്പക്കാരന്‍ മാലാഖയുടെ രൂപമെടുത്ത് അപ്രത്യക്ഷനായി. കാരുണ്യവും സ്‌നേഹവും ഇനിയും ഇവിടെയുളളിടത്തോളം നമുക്ക് ജീവിക്കാന്‍ ആകും. നമുക്ക് ലഭിക്കുന്ന ഈ കരുതലിന്റെ കരങ്ങള്‍ മറ്റുള്ളവരിലേക്കും പകരാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.