◾എഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനങ്ങള്‍ക്കു ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പലതവണ ഗതാഗത നിയമലംഘനം നടത്തിയവര്‍ക്കാണ് ആദ്യം നോട്ടീസ് അയയ്ക്കുന്നത്. ഈ മാസം 20 മുതല്‍ പിഴ ഈടാക്കാനാണു തീരുമാനം.
◾മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 54 പേര്‍ മരിച്ചെന്ന് ഔദ്യോഗിക കണക്ക്. യഥാര്‍ത്ഥത്തില്‍ മരിച്ചവരുടെ എണ്ണം വളരെയധികമാണെന്നാണ് റിപ്പോര്‍ട്ട്. അനേകം കുടുംബങ്ങള്‍ പലായനം ചെയ്തു. ന്യൂനപക്ഷമായ നാഗ, കുക്കി വിഭാഗക്കാരായ ക്രിസ്ത്യാനികളുടെ സ്‌കൂളുകളും പള്ളികളും വീടുകളുമെല്ലാം മെയ്തേയ് വിഭാഗക്കാര്‍ അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തു. ഗുജറാത്തിലെ വംശഹത്യക്കു സമാനമായ കലാപത്തിനു പോലീസിന്റേയും പട്ടാളത്തിന്റേയും പിന്തുണയുണ്ടെന്നാണ് ആരോപണം.
◾ബ്രിട്ടനില്‍ പ്രൗഡോജ്വലമായ ചടങ്ങുകളോടെ ചാള്‍സ് മൂന്നാമന്‍ രാജാവായി അഭിഷിക്തനായി. വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങില്‍ ലോകരാജ്യങ്ങളിലെ ഭരണ നേതാക്കള്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധന്‍കറാണ് ചടങ്ങില്‍ പങ്കെടുത്തത്. 70 വര്‍ഷത്തിനു ശേഷമാണ് ബ്രിട്ടനില്‍ കിരീടധാരണം നടന്നത്.
◾മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദര്‍ശനത്തില്‍നിന്നു ചീഫ് സെക്രട്ടറി വി.പി. ജോയി പിന്‍മാറി. മൂന്നംഗ ഉദ്യോഗസ്ഥ സംഘം ഇന്ന് അബുദാബിയിലേക്കു പുറപ്പെടും. നോര്‍ക്ക - ഐടി- ടൂറിസം സെക്രട്ടറിമാരാകും അബുദാബി നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുക.
◾മണിപ്പൂരില്‍ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്നു പന്തംകൊളുത്തി പ്രകടനം നടത്തുമെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബിജെപി രാജ്യത്തു വിദ്വേഷം ആളിക്കത്തിച്ച് വര്‍ഗീയ കലാപമുണ്ടാക്കുകയാണെന്നു സുധാകരന്‍ ആരോപിച്ചു.
◾മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് കലാപം ആളിക്കത്തിച്ചതെന്നു സിബിസിഐ ആരോപിച്ചു. മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ആരാധനാലയങ്ങളും സ്ഥാപനങ്ങളും വീടുകളും അഗ്നിക്കിരയാക്കുന്നത് അപലപനീയമാണെന്ന് മെത്രാന്‍ സമിതികള്‍ പറഞ്ഞു.
◾സര്‍ക്കാരിനു വികസനത്തില്‍ മാത്രമാണു താല്‍പര്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിച്ചമച്ചും കെട്ടിപ്പൊക്കിയുമുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല. ചില മാധ്യമങ്ങളും അതിനു കൂട്ടുനില്‍ക്കുകയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാകും. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി. ക്ഷേത്രം കിഴക്കേ നട പന്തലില്‍ ഗവര്‍ണര്‍ക്ക് 83 കിലോ കദളിപ്പഴംകൊണ്ടാണു തുലാഭാരം നടത്തിയത്. ഇതിനായി 4250 രൂപ ക്ഷേത്രത്തില്‍ അടച്ചു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്.
◾ലഹരിക്കടത്തു കേസിലെ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടേയും, എക്‌സൈസ് വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍, കെ.വി ഷാജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ സുധീഷ് എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.
◾മുപ്പതു കോടി രൂപയുടെ സമ്മാനമുണ്ടെന്നു വാഗ്ദാനം ചെയ്ത് ചങ്ങനാശേരി ചെത്തിപ്പുഴയിലെ വീട്ടമ്മയില്‍നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി ഇസിചിക്കു എന്ന 26 കാരനെ പോലീസ് ഡല്‍ഹിയില്‍നിന്നു പിടികൂടി. ഫേസ് ബുക്കിലൂടെ സൗഹാര്‍ദം സ്ഥാപിച്ചാണ് തട്ടിപ്പു നടത്തിയത്.
◾ദേശീയ പാതയോരത്ത് കിടന്നിരുന്ന ജലവിതരണ വകുപ്പിന്റെ 36 കൂറ്റന്‍ ശുദ്ധജല പൈപ്പുകള്‍ മോഷണം പോയി. കൊച്ചി- ധനുഷ് കോടി ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്ണിനടിയില്‍നിന്നു നീക്കംചെയ്ത പൈപ്പുകളാണ് ലോറിയില്‍ ആക്രി വ്യാപാരികള്‍ തമിഴ്നാട്ടിലേക്കു കടത്തിയത്.
◾കാറിന്റെ സണ്‍റൂഫില്‍ മൂന്നു കുട്ടികളെ ഇരുത്തി അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ വാഹന ഉടമയായ പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡു ചെയ്തു. കാറിന്റെ ദൃശ്യങ്ങള്‍ പിറകിലെ വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.
◾പൊതുചടങ്ങുകളില്‍ ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്ന് മഞ്ചേരി പട്ടയമേളയില്‍ പ്രസംഗിക്കവേ അന്‍വര്‍ ആവശ്യപ്പെട്ടു.
◾ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിന തടവ്. കടപ്പുറം അഞ്ചങ്ങാടി സ്വദേശി വലിയ പുരക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
◾ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിന് പോക്‌സോ ആക്ടനുസരിച്ച ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ച് കോടതി. തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ആലപ്പാട്ട് വീട്ടില്‍ വര്‍ഗീസിനെയാണ് (27) തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.
◾കര്‍ണാടകയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും 40 ശതമാനം കമ്മീഷന്‍ വാങ്ങുന്നുവെന്ന് ആരോപിച്ചു പത്ര പരസ്യം നല്‍കിയ കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. ഇന്നു വൈകുന്നേരം ഏഴിനകം തെളിവു ഹാജരാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനു നടപടിയെടുക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്.
◾കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രദേശമാകുമെന്ന് ആസാം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. കോണ്‍ഗ്രസ് നേതാക്കളായ സിദ്ദരാമയ്യയും ഡി.കെ. ശിവകുമാറും ടിപ്പു സുല്‍ത്താന്റെ കുടുംബാംഗങ്ങളാണെന്നും ബിജെപി നേതാവ് ആരോപിച്ചു. കൊഡുഗ് ജില്ലയിലെ വിരാജ്പേട്ടില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18 നു പാറ്റ്നയില്‍ ചേരും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വിളിച്ചുകൂട്ടുന്ന യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കേജരിവാള്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കും.
◾ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നു. മാര്‍ച്ചു മാസത്തെ 7.8 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 8.11 ശതമാനമായി ഉയര്‍ന്നു. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതായാണ് സൂചന.
◾ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് തലവനും ഭീകരനുമായ പരംജിത് സിംഗ് പഞ്ചാര്‍ എന്ന മാലിക് സര്‍ദാര്‍ സിംഗിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ലാഹോറിലെ ജോഹര്‍ ടൗണിലാണ് അംഗരക്ഷകരുടെ രക്ഷാവലയത്തെ തകര്‍ത്ത് വെടിവച്ചുകൊന്നത്.
◾സുഡാനില്‍നിന്ന് സൗദി അറേബ്യ രക്ഷപ്പെടുത്തിയത് 7,839 പേരെ. ഇതില്‍ 247 പേര്‍ സ്വദേശികളും 7,592 പേര്‍ 110 രാജ്യങ്ങളില്‍നിന്നുള്ള വിദേശികളുമാണ്. വിവിധ രാജ്യങ്ങളുടെ അഭ്യര്‍ഥനയനുസരിച്ചാണ് സ്വന്തം കപ്പലുകളും വിമാനങ്ങളും അയച്ച് സൗദി അറേബ്യ ഇത്രയും പേരെ സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ചത്.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യം 17.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ജയത്തോടെ 11 കളികളില്‍ നിന്ന് 13 പോയന്റുമായി ചെന്നൈ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. പത്ത് കളികളില്‍ നിന്ന് 10 പോയിന്റുള്ള മുംബൈ നിലവില്‍ ആറാം സ്ഥാനത്താണ്.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, മഹിപാല്‍ ലോംറോര്‍ എന്നിവരുടെ മികവിലൂടെ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം 45 ബോളില്‍ 87 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിന്റെ കരുത്തില്‍ 20 ബോളുകള്‍ ബാക്കി നില്‍ക്കേ ഡല്‍ഹി മറികടന്നു. പത്ത് കളികളില്‍ നിന്ന് 10 പോയിന്റുള്ള ബാംഗ്ലൂര്‍ നിലവില്‍ അഞ്ചാം സ്ഥാനത്തെത്തി നില്‍ക്കുമ്പോള്‍ പത്ത് കളികളില്‍ നിന്ന് 8 പോയിന്റുള്ള ഡല്‍ഹി ഒന്‍പതാം സ്ഥാനത്താണ്.
◾പ്രമുഖ ലേഡീസ് എത്‌നിക് ഫാഷന്‍ വെയര്‍ ബ്രാന്‍ഡുകളെ സ്വന്തമാക്കാന്‍ ഒരുങ്ങി ആദിത്യ ബിര്‍ള ഫാഷന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡബ്ല്യു, ഓറേലിയ എന്നീ ബ്രാന്‍ഡുകളെയാണ് ഏറ്റെടുക്കുന്നത്. ടിസിഎന്‍എസ് ക്ലോത്തിംഗിന്റെ 51 ശതമാനം ഓഹരികള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുക്കുന്നതാണ്. ഇതോടെ, ഈ ബ്രാന്‍ഡുകളടക്കം പ്രമുഖ 5 ബ്രാന്‍ഡുകള്‍ ആദ്യത്തെ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയിലിന്റെ സ്വന്തമാകുന്നതാണ്. 1,650 കോടി രൂപയ്ക്കാണ് ഫാഷന്‍ ബ്രാന്‍ഡുകളെ ഏറ്റെടുക്കുന്നത്. ഓപ്പണ്‍ ഓഫര്‍ വഴി 29 ശതമാനവും, സ്ഥാപക പ്രമോട്ടര്‍മാരുടെ ഓഹരികളും ഏറ്റെടുത്താണ് 51 ശതമാനം പൂര്‍ത്തിയാക്കുക. ഓപ്പണ്‍ ഓഫര്‍ ഓരോ ഓഹരിക്കും 503 രൂപ എന്ന നിരക്കിലാണ് നടക്കുക. ഇതോടെ ആദിത്യ ബിര്‍ല ഫാഷന് ടി.സി.എന്‍.എസ് ബ്രാന്‍ഡുകളുടെ പ്രവര്‍ത്തനാവകാശം ലഭിക്കും. മാര്‍ച്ച് 31, 2022 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 896.05 കോടിരൂപയായിരുന്നു ടി.സി.എന്‍.എസിന്റെ വിറ്റുവരവ്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുക്കുന്ന ബ്രാന്‍ഡുകള്‍ക്ക് ഓണ്‍ലൈന്‍ ഫാഷന്‍ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഉള്ളത്. പ്രധാനമായും എത്‌നിക് കുര്‍ത്തികള്‍, ടോപ്പുകള്‍, ബോട്ടം പോലെയുള്ള ഉല്‍പ്പന്നങ്ങളാണ് ഡബ്ല്യു, ഓറേലിയ ബ്രാന്‍ഡുകള്‍ പുറത്തിറക്കാറുള്ളത്. ബജറ്റ് ക്ലോത്തിംഗ് സെഗ്മെന്റിലെ എത്‌നിക് ബ്രാന്‍ഡുകളുടെ ഏറ്റെടുക്കല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ റീട്ടെയില്‍ ബിസിനസിന് ശക്തി പകര്‍ന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
◾ഇടുക്കിയ വിറപ്പിച്ച കൊലകൊമ്പനായ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യഹിയയാണ് അരിക്കൊമ്പന്റെ ജീവിത കഥ സിനിമയാക്കുന്നത്. രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പന്റെ സംഭവബഹുലമാര്‍ന്ന കഥയാണ് സിനിമയ്ക്ക് ആധാരമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടേതായി പുറത്തിറങ്ങിയ അനൗണ്‍സ്മെന്റ് പോസ്റ്ററിലും അമ്മ ആനയെയയും അതിന്റെ കുഞ്ഞിനെയും കാണാം. സുഹൈല്‍ എം. കോയയുടേതാണ് കഥ. എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ബദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് നിര്‍മാണം. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ അരിക്കൊമ്പന്റെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോള്‍ മലയാള സിനിമയില്‍ പുതിയ ഒരദ്ധ്യായം രചിക്കപ്പെടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം. ചിത്രത്തിന്റെ താര നിര്‍ണയം പുരോഗമിച്ചു വരികയാണ്.
◾'ജാനകി ജാനേ' എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകഹൃദയങ്ങള്‍ കീഴടക്കുന്നു. 'ചെമ്പരത്തിപൂ' എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. മധുവന്തി നാരായണനാണ് ഗാനം ആലപിച്ചത്. നാട്ടഴകു നിറയുന്ന പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'ജാനകി ജാനേ'. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫല്‍ അബദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.
◾വില്‍പനയില്‍ നേട്ടം കൊയ്ത് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. 2023 ഏപ്രിലില്‍ 73,136 മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ മാസത്തില്‍ 62,155 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ച സ്ഥാനത്താണ് ഇത്. ഇതനുസരിച്ച് കമ്പനിയുടെ വില്‍പ്പനയില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തി. റോയല്‍ എന്‍ഫീല്‍ഡിന്റെ ആഭ്യന്തര വില്‍പ്പന 2022 ഏപ്രിലില്‍ വിറ്റ 53,852 യൂണിറ്റില്‍ നിന്ന് 28 ശതമാനം ഉയര്‍ന്ന് 68,881 യൂണിറ്റായി. അതേസമയം റോയല്‍ എന്‍ഫീല്‍ഡിന്റെ കയറ്റുമതി ഇടിഞ്ഞു. കയറ്റുമതി നേരെ പകുതിയായിട്ടാണ് കുറഞ്ഞത്. 2023 ഏപ്രിലില്‍ കമ്പനി 4,255 മോട്ടോര്‍സൈക്കിളുകള്‍ കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 8,303 യൂണിറ്റുകളെ അപേക്ഷിച്ചാണ് ഈ കണക്കുകള്‍. ഐഷര്‍ മോട്ടോഴ്‌സിന്റെ ഒരു വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡിന് കോണ്ടിനെന്റല്‍ ജിടി 650, ഹണ്ടര്‍ 350, ക്ലാസിക് 350, മെറ്റിയര്‍ 350 ക്രൂയിസര്‍, ഹിമാലയന്‍ അഡ്വഞ്ചര്‍ ടൂറര്‍, ഐക്കണിക് ബുള്ളറ്റ് 350, സ്‌ക്രാം 411 എഡിവി ക്രോസ്ഓവര്‍, പുതിയ സൂപ്പര്‍ മെറ്റിയര്‍ 650, ഇന്റര്‍സെപ്റ്റര്‍ 650 തുടങ്ങി നിരവധി ഇരുചക്രവാഹനങ്ങളുണ്ട്.
◾ഈ മൂന്ന് പേരും ഈ വിധം തന്നെ പഠിച്ച് പഠിച്ച് എന്‍ട്രന്‍ പരീക്ഷ പാസ്സായി. അവര്‍ മൂന്നു പേരും വൃദ്ധ വടവൃക്ഷത്തെ സാക്ഷിയാക്കി വ്യക്ഷച്ചുവട്ടില്‍ ഇരുന്നു കൊണ്ട് എന്നും ഒരു പ്രതിക്ഷ ചെയ്തിരുന്നു . ജീവിതത്തില്‍ അവര്‍തമ്മില്‍ പിരിയുകയില്ല. ഒരിക്കലും വിവാഹം കഴിക്കുകയില്ല. വക്കീലന്മാരായി മൂന്നു പേരും ഒരു വീട്ടില്‍ താമസിക്കും. പണം സമ്പാദിച്ച് എല്ലാം ഒരു വലിയ പെട്ടിയില്‍ സൂക്ഷിക്കും. അതുകൊണ്ട് അവര്‍ നാടിന് വേണ്ടി വേണ്ടതെല്ലാം ചെയ്യും. ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ബംഗാളി നോവലിന്റെ മലയാള വിവര്‍ത്തനം. 'ദത്ത'. വിവര്‍ത്തനം - ലീല സര്‍ക്കാര്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 237 രൂപ.
◾പ്രമേഹം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. പ്രമേഹം പല അനുബന്ധ ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം വ്യക്തികളെ നയിക്കാം. ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. പ്രമേഹരോഗികളുടെ മരണത്തിന് പോലും ഒരു പരിധി വരെ കാരണമാകുന്നത് ഹൃദയാഘാതമാണ്. പ്രത്യേകിച്ച് പ്രമേഹത്തിനൊപ്പം ബിപി, കൊളസ്ട്രോള്‍ എന്നിവ കൂടിയുള്ളവരാണെങ്കില്‍. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം പ്രമേഹമുള്ള സ്ത്രീകളിലാണത്രേ പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹത്തോട് അനുബന്ധമായ ഹൃദ്രോഗങ്ങള്‍ കൂടുതലായി കാണുന്നത്. 'ഡയബെറ്റിസ് യുകെ പ്രൊഫഷണല്‍ കോണ്‍ഫറന്‍സ് 2023'ലാണ് ഒരു സംഘം ഗവേഷകര്‍ തങ്ങളുടെ പഠനം അവതരിപ്പിച്ചത്. ടൈപ്പ്-2 പ്രമേഹമുള്ള സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങളോ ഹൃദയാഘാതമോ വരാന്‍ 20 ശതമാനം അധികസാധ്യതയാണുള്ളത് എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പല കാരണങ്ങളുമുള്ളതായും പഠനം വിശദീകരിക്കുന്നു. പ്രമേഹമുള്ള പുരുഷന്മാരെക്കാളും ശരീരവണ്ണം കൂടുന്നതും, ഒപ്പം ബിപി, കൊളസ്ട്രോള്‍ എന്നീ പ്രശ്നങ്ങള്‍ ബാധിക്കുന്നതും സ്ത്രീകളിലാണത്രേ. ഇവ കൂടിയാകുമ്പോഴാണ് സ്ത്രീകളില്‍ പ്രമേഹത്തോടനുബന്ധമായ ഹൃദയപ്രശ്നങ്ങള്‍ കൂടുന്നത്. അതുപോലെ തന്നെ പ്രമേഹം അടക്കം പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും സ്ത്രീകള്‍ തിരിച്ചറിയുന്നതും സമയബന്ധിതമായി ചികിത്സ തേടുന്നതും പുരുഷന്മാരെ താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണെന്നതും ഇതില്‍ തിരിച്ചടിയാകുന്നു എന്നാണ് പഠനം പറയുന്നത്. ടൈപ്പ്-2 പ്രമേഹം ബാധിക്കുന്നവര്‍ അത് തിരിച്ചറിഞ്ഞ് ജീവിതരീതികളിലൂടെയും ആവശ്യമെങ്കില്‍ മരുന്നടക്കമുള്ള ചികിത്സയിലൂടെയും പ്രമേഹത്തെ നിയന്ത്രിക്കണം. ഇല്ലാത്തപക്ഷം അത് ഹൃദയസംബന്ധമായ പ്രയാസങ്ങള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം എന്നും പഠനം ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.