◾മണിപ്പൂര്‍ കത്തിയെരിയുന്നു. കലാപങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കണ്ടാലുടന്‍ വെടിയുമായാണ് സൈന്യത്തിന്റെ മുന്നേറ്റം. ആരാധനാലയങ്ങളും വീടുകളും അടക്കമുള്ളവ കത്തിച്ചു. കലാപബാധിത മേഖലകളിലെ പന്തീരായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. എട്ടു ജില്ലകളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുന്നു. എല്ലാ ട്രെയിനുകളും റദ്ദാക്കി. ഭൂരിപക്ഷ സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരേ ഗോത്രവര്‍ഗങ്ങളുടെ പ്രതിഷേധമാണ് കലാപമായി മാറിയത്. ബിജെപി സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്ന വര്‍ഗീയ കലാപമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മണിപ്പൂരിലെ മലയാളി വിദ്യാര്‍ത്ഥികളെ ഡല്‍ഹി വഴി നാട്ടിലെത്തിക്കുമെന്ന് പ്രഫ. കെ.വി. തോമസ് അറിയിച്ചു.
◾ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം ഇന്നു 11 ന്. ലോകരാഷ്ട്രങ്ങളിലെ നേതാക്കള്‍ അടക്കം 2,800 അതിഥികളുടെ സാന്നിധ്യത്തിലാണ് കിരീടധാരണം. 70 വര്‍ഷത്തിനുശേഷമാണു ബ്രിട്ടനില്‍ കിരീടധാരണ ചടങ്ങുകള്‍ നടക്കുന്നത്.
◾കേരളം സുന്ദരമാണ്, എന്നാല്‍ അവിടത്തെ ഭീകര ഗൂഡാലോചനയാണ് 'ദ കേരള സ്റ്റോറി' എന്ന സിനിമ തുറന്നു കാട്ടുന്നതെന്ന വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകത്തിലെ ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
◾ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട പ്രധാന രേഖ ഇന്നു പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്തെ എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്നിടത്താണ്. ആ പെട്ടി മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ കൈയിലാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നാല് അഴിമതികള്‍ ഉടന്‍ പുറത്തുവരും. എഐ ക്യാമറ, കെ ഫോണ്‍ തുടങ്ങിയ ഇടപാടുകളിലെല്ലാം ഉപകരാറുകള്‍ പ്രസാഡിയോക്കു നല്‍കിയത് എങ്ങനെയാണ്? പ്രസാഡിയോക്ക് 60 ശതമാനം നോക്കുകൂലി. നടപ്പാക്കുന്ന കമ്പനിക്ക് 40 ശതമാനം. ഇത്തരം ഉപകരാറുകള്‍ സര്‍ക്കാരിന്റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ്.
◾കാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോയും തമ്മിലുള്ള ബന്ധത്തിന് തെളിവെന്തെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമാണുള്ളത്. മന്ത്രി പറഞ്ഞു.
◾എഐ ക്യാമറ ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവിനെതിരേയും എന്‍ഫോഴ്സ്മെന്റ് അന്വേഷണം വേണം. കോടികളുടെ അഴിമതി നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണു പുറത്തുവന്നിരിക്കുന്നത്. തെളിവു ഹാജരാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ശോഭ സുരേന്ദ്രന്‍.
◾എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അഴിമതിയില്‍ അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുള്ളതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായിട്ടുള്ള ബന്ധം പുറത്തുവന്നിരിക്കേ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ഉറപ്പിക്കാമെന്നും സുരേന്ദ്രന്‍.
◾മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ 30 വരെ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. മെയ് 15 ന് സര്‍വീസ് നടത്താനിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ്സ് റദ്ദാക്കി. കൊല്ലം - എറണാകുളം സ്പെഷ്യല്‍ മെമു ഭാഗികമായി റദ്ദാക്കി. മേയ് 15 ന് നിലമ്പൂര്‍ - കോട്ടയം ട്രെയിന്‍ അങ്കമാലി വരെ മാത്രമാക്കി. മേയ് എട്ടിനും 15 നും കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് തൃശൂര്‍ വരെ മാത്രമാക്കി. മേയ് എട്ടിനും 15 നും തിരുവനന്തപുരം - ഗുരുവായൂര്‍ ഇന്റര്‍സിറ്റി എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ. മേയ് ഒമ്പതിനും 16 നും ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും. മേയ് എട്ടിനും 15 നും പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് കോട്ടയം വരെ മാത്രമാണ് സര്‍വീസ് നടത്തുക. മേയ് 15 ന് തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം - കൊല്ലം മെമു എക്സ്പ്രസ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
◾റിയാദിലെ ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തില്‍ രണ്ടു മലയാളികള്‍ അടക്കം ആറ് പ്രവാസികള്‍ മരിച്ചു. വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കവുങ്ങല്‍ത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍.
◾വന്ദേഭാരത് ട്രെയിന്‍ ആറു ദിവസംകൊണ്ട് ടിക്കറ്റ് വില്‍പനയിലൂടെ നേടിയത് രണ്ടേമുക്കാല്‍ കോടി രൂപ. ഇതിനകം 27,000 പേര്‍ ട്രെയിനില്‍ യാത്ര ചെയ്തു. മേയ് 14 വരെയുള്ള ടിക്കറ്റുകളെല്ലാം ബുക്കു ചെയ്തു കഴിഞ്ഞു. എക്സിക്യൂട്ടീവ് ക്ലാസിനാണു കൂടുതല്‍ ഡിമാന്‍ഡ്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ചെയര്‍കാറില്‍ 1,520 രൂപയും എക്സിക്യൂട്ടീവ് ക്ലാസില്‍ 2,815 രൂപയുമാണ് നിരക്ക്. ഭക്ഷണം അടക്കമാണ് ഈ തുക.
◾സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ് സിപിഎം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഏരിയ കമ്മിറ്റി യോഗത്തിന് എത്താതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
◾പത്തനംതിട്ട മലയാലപ്പുഴയില്‍ മന്ത്രവാദ കേന്ദ്രത്തില്‍ മൂന്നുപേരെ പൂട്ടിയിട്ട സംഭവത്തില്‍ പ്രതികളായ രണ്ടു പേര്‍ കീഴടങ്ങി. പ്രതികളായ ശോഭന, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് കീഴടങ്ങിയത്.
◾തൃശൂര്‍ പുതുക്കാട് ജംഗ്ഷനിലെ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു പിറകില്‍ ടോറസ് ഇടിച്ച് എട്ടു വാഹനങ്ങള്‍ തകര്‍ന്നു. നാലു കാറുകളും ഒരു ടെംബോയും രണ്ട് സ്‌കൂട്ടറുകളുമാണ് ഇടിയേറ്റ് തകര്‍ന്നത്. പെരുമ്പാവൂരില്‍ നിന്ന് പൊള്ളാച്ചിക്ക് പോകുകയായിരുന്ന ടോറസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്.
◾തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പു കേസില്‍ പ്രവീണ്‍ റാണയുടെ കൂട്ടാളികളെ അറസ്റ്റു ചെയ്തു. സേഫ് ആന്‍ഡ് സ്ട്രോംഗ് കമ്പനിയുടെ ഡയറക്ടര്‍മാരായ പ്രജിത്ത് മോഹനന്‍, മനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജനുവരിയില്‍ അറസ്റ്റിലായ പ്രവീണ്‍ റാണ ജയിലിലാണ്.
◾ഭാര്യ കൈവശപ്പെടുത്തിയ പെന്‍ഡ്രൈവ് ആവശ്യപ്പെട്ട് മര്‍ദിച്ചെന്ന കേസില്‍ പ്രതികളായ ഭര്‍ത്താവിന്റേയും രണ്ടു സഹോദരങ്ങളുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. നാദാപുരം ചാലപ്പുറം സ്വദേശികളായ കുന്നോത്ത് ജാഫറിന്റേയും സഹോദരങ്ങളുടേയും ജാമ്യപേക്ഷയാണ് കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയത്. വടകര കീഴല്‍ സ്വദേശി റുബീനയെ മര്‍ദിച്ചെന്നാണു കേസ്.
◾മലമ്പുഴ ഡാം പരിസരത്തെ ജനവാസ മേഖലയില്‍ ഭീഷണിയായി ടസ്‌ക്കര്‍ പതിനാലാമന്‍. പാലക്കാട് ടസ്‌ക്കര്‍ പതിനാലാമന്‍ എന്ന പി ടി 14 മദപ്പാടോടെയാണ് എത്തിയതെന്നാണ് വിവരം.
◾കേരള തമിഴ്നാട് അതിര്‍ത്തിയില്‍ അരിക്കൊമ്പന്റെ വിളയാട്ടം. ഇരവങ്കലാര്‍ എസ്റ്റേറ്റിലെ ലയത്തിലെ വീട് തകര്‍ത്ത് അരി തിന്നത് അരിക്കൊമ്പനെന്ന് സംശയം. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകര്‍ത്തത്.
◾ജമ്മു കാഷ്മീരിലെ രജൗരി സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ച് ഇന്ത്യന്‍ സൈനികര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്നു വ്യക്തമല്ല.
◾എന്‍സിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച ശരത് പവാര്‍ രാജി പിന്‍വലിച്ചു. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ നിയോഗിച്ച പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി സമ്മര്‍ദം ചെലുത്തിയതോടെയാണ് രാജി പിന്‍വലിച്ചത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പാര്‍ലമെന്റു തെരഞ്ഞെടുപ്പു വരെയെങ്കിലും തുടരണമെന്ന് പവാറിനോട് ആവശ്യപ്പെട്ടിരുന്നു.
◾കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാന്‍ വന്‍കിട രാജ്യങ്ങള്‍ പോലും ശ്രമിക്കാതിരുന്നപ്പോള്‍ ഇന്ത്യ രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 3862 ഇന്ത്യാക്കാരെയാണ് ഓപറേഷന്‍ കാവേരി ദൗത്യത്തിലൂടെ ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇന്നലെ 47 പേരെ കൂടി പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ചു.
◾പാക്കിസ്ഥാന്‍ ഭീകരവാദ വ്യവസായത്തിന്റെ കേന്ദ്രമാണെന്നും ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭീകരവാദത്തിനു നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവയില്‍ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ പങ്കെടുത്ത ഷാങ്ഹായ് ഉച്ചകോടിയിലാണ് ജയശങ്കര്‍ പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരേ സംസാരിച്ചത്.
◾ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയര്‍വെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ്. കാനറാ ബാങ്കില്‍നിന്നെടുത്ത വായ്പ വകമാറ്റി ചെലവാക്കി തിരിച്ചടവു മുടക്കിയതു സംബന്ധിച്ച പരാതിയിലാണ് അന്വേഷണം. നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, കമ്പനി മുന്‍ ഡയറക്ടര്‍ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികളിലാണു റെയ്ഡ് ചെയ്തത്.
◾സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാന്‍ പിടികൂടിയ 600 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിക്കും. പാക് വിദേശകാര്യമന്ത്രി ഇന്ത്യയില്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഈ തീരുമാനം.
◾യുക്രെയിന്റെ പതാക തട്ടിപ്പറിച്ചെടുത്ത റഷ്യന്‍ നയതന്ത്ര പ്രതിനിധിക്കു യുക്രെയിന്റെ നയതന്ത്ര പ്രതിനിധിയുടെ വക അടി. അന്താരാഷ്ട്ര വേദിയിലെ ഡിപ്ലോമാറ്റിക് അടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ 'ബ്ലാക്ക് സീ ഇക്കോണമിക് കമ്മ്യൂണിറ്റി'യുടെ കോണ്‍ഫറന്‍സിലാണ് അടിപൊട്ടിയത്. സമ്മേളന വേദിയിലുണ്ടായിരുന്ന യുക്രെയ്ന്‍ എം പി ഒലക്സാണ്ടര്‍ മാരിക്കോവ്സ്‌ക്കിയുടെ കയ്യില്‍നിന്നും യുക്രെയിനിന്റെ ദേശീയ പതാക റഷ്യന്‍ പ്രതിനിധി തട്ടിപ്പറിച്ചു. യുക്രെയ്ന്‍ എം പി പിറകേയെത്തി അടികൊടുത്ത് പതാക തിരിച്ചു വാങ്ങി. സമ്മേളനത്തിനെത്തിയ മറ്റു പ്രതിനിധികളാണ് ഇരുവരെയും പിടിച്ചു മാറ്റിയത്.
◾ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പിന്‍വലിച്ചു. മൂന്നര വര്‍ഷം മുമ്പു പടര്‍ന്നു പിടിച്ച കോവിഡ് വ്യാപനം കുറഞ്ഞതിനാലാണ് നടപടി.
ഫ്ലാഷ് ന്യൂസ് വാർത്തകൾ ഇനി വാട്സ് ആപ്പിലും.
https://chat.whatsapp.com/FfKWEMhiUe72VPRWJPGLDE
◾ദോഹ ഡയമണ്ട് ലീഗില്‍ ജേതാവായി ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര. 8 മാസത്തെ ഇടവേളയ്ക്കുശേഷം മത്സരക്കളത്തിലേക്കു തിരിച്ചെത്തിയ നീരജ് സീസണില്‍ തന്റെ ആദ്യ ചാംപ്യന്‍ഷിപ്പായ ദോഹ ഡയമണ്ട് ലീഗിലാണ് ജേതാവായത്. പുരുഷ ജാവലിന്‍ത്രോയില്‍ 88.67 മീറ്റര്‍ എറിഞ്ഞിട്ട നീരജ് ഈ സീസണിലെ ലോകത്തെ മികച്ച പ്രകടനവുമായാണ് ദോഹയില്‍ തിളങ്ങിയത്.
◾ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 9 വിക്കറ്റിന്റെ നാണം കെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 17.5 ഓവറില്‍ 118 റണ്‍സ് മാത്രം എടുക്കാനേ സാധിച്ചുള്ളു. രാജസ്ഥാന്‍ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം 13.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. ഈ ജയത്തോടെ 10 കളികളില്‍ നിന്ന് 14 പോയന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രാജസ്ഥാന്റെ നാലാം തോല്‍വിയാണിത്.
◾ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി യുടെ അനുമതിയില്ലാതെ സൗദി സന്ദര്‍ശനം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി. മുന്‍കൂട്ടി നിശ്ചയിച്ച യാത്ര ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലെന്നും സഹതാരങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച വീഡിയോയില്‍ മെസി വ്യക്തമാക്കി.
◾ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി - മാര്‍ച്ചില്‍ 67 ശതമാനം വളര്‍ച്ചയോടെ 903 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ബാങ്കിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണിത്. 2021-22 സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ 540 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം ഇക്കാലയളവില്‍ 67.20 ശതമാനം വര്‍ധിച്ച് 1,334.58 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 798.20 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭവും സര്‍വകാല റെക്കോഡിലാണ്. നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 25.18 ശതമാനം വര്‍ധിച്ച് 1909.29 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 1525.21 രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ അറ്റാദായം 59.31 ശതമാനം വളര്‍ച്ചയോടെ 3010.59 കോടി രൂപയായി. പ്രവര്‍ത്തനം ലാഭം ഇക്കാലയളവില്‍ 27.58 ശതമാനം വളര്‍ച്ചയോടെ 4794.40 കോടിയും അറ്റ പലിശ വരുമാനം 21.31 ശതമാനം വളര്‍ച്ചയോടെ 7232.16 കോടിയുമായി. അറ്റ വരുമാനം 18.77 ശതമാനം വളര്‍ച്ചയോടെ 9,562.16 കോടി രൂപയുമായി. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ് 3.87 ലക്ഷം കോടി രൂപയായി. തൊട്ടു മുന്‍ വര്‍ഷമിത് 3.26 കോടി രൂപയായിരുന്നു. 18.74 ശതമാനമാണ് വളര്‍ച്ച. ബാങ്കിന്റെ മൊത്ത നിക്ഷേപം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 17.44 ശതമാനം വര്‍ധിച്ച് 2,13,386.04 രൂപയായി. ആകെ വായ്പകള്‍ 20.14 ശതമാനം വര്‍ധിച്ച് 1.77 ലക്ഷം കോടിയിലെത്തി. കറന്റ് അക്കൗണ്ട് -സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 69740.98 കോടി രൂപയാണ്. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 1355 ശാഖകളും 1914 എ.ടി.എമ്മുകളുമാണ് ഫെഡറല്‍ ബാങ്കിനുള്ളത്.
◾അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത 'ബഡേ മിയാന്‍, ഛോട്ടേ മിയാന്‍' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2024 ലെ ഈദ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. ഏപ്രില്‍ പത്തിനോ പതിനൊന്നിനോ ആയിരിക്കും ഈ തീയതി. യൂറോപ്പും യുഎഇയുമൊക്കെ ലൊക്കേഷനുകള്‍ ആയിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷ്രോഫിന്റെയും കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. അതേസമയം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കബീര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹിന്ദിയില്‍ പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രമാണിത്. അയ്യാ, ഔറംഗസേബ്, നാം ഷബാന എന്നിവയാണ് ബോളിവുഡില്‍ പൃഥ്വിയുടെ മുന്‍ ചിത്രങ്ങള്‍. ജാക്കി ഭഗ്നാനിയും ദീപ്ശിഖ ദേശ്മുഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയും മാനുഷി ഛില്ലാറും അലയ എഫും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
◾പൊറിഞ്ചു മറിയം ജോസ് എന്ന വിജയ ചിത്രത്തിനു ശേഷം ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി'യുടെ ചിത്രീകരണം ആരംഭിച്ചു. ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, വാഗമണ്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. പൊറിഞ്ചു മറിയം ജോസിലെ മറ്റു ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ഈ ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപി നായകനായ പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്. വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത്ത് എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ട്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇരട്ട എന്ന ജനപ്രിയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രവുമാണ് ആന്റണി.
◾വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് ഹ്യുണ്ടേയ് ഇന്ത്യ. ക്രേറ്റ, അല്‍ക്കസാര്‍, അയോണിക് 5 എന്നീ എസ്യുവികളുടെ അടിസ്ഥാന വകഭേദം മുതല്‍ ആറ് എയര്‍ബാഗുകള്‍ ഹ്യുണ്ടേയ് നല്‍കുന്നു. വെന്യു, ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ മോഡലുകള്‍ക്ക് നാല് എയര്‍ബാഗുകളും ഹ്യുണ്ടേയ് നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ മോഡലുകളിലും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും നല്‍കുന്നുണ്ട്. ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങള്‍ക്ക് സെഗ്മെന്റില്‍ത്തന്നെ ആദ്യമായിട്ടാണ് നാലു എയര്‍ബാഗ് ലഭിച്ചത്. ക്രേറ്റ, അല്‍ക്കസാര്‍ തുടങ്ങിയ മോഡലുകളിലെ സുരക്ഷാ സംവിധാനങ്ങളായ ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്മെന്‍ഡ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവ അപ്ഗ്രേഡ് ചെയ്തിട്ടുമുണ്ട്. നേരത്തേ ട്യൂസോണില്‍ മാത്രമുണ്ടായിരുന്ന ഹ്യുണ്ടേയ് സ്മാര്‍ട് സെന്‍സ് ലെവല്‍2 എഡിഎഎസ് ഫീച്ചര്‍ അയോണിക് 5ലും പുതിയ വെര്‍നയിലും നല്‍കിയിട്ടുണ്ട്.
◾നുറുങ്ങോര്‍മ്മകളുടെ വാതായനത്തിലൂടെ കേരളത്തിന്റെയും ഖത്തറിന്റെയും വാങ്മയചിത്രങ്ങള്‍ വരഞ്ഞിടുന്ന നോവല്‍. ഓരോ പ്രവാസിയുടെയും ഉള്ളില്‍ നിറയുന്ന ആര്‍ദ്രമായ ചിന്തകളും കനവുകളും സ്നേഹന്ധങ്ങളും ഒരു പൊന്‍നൂലില്‍ കോര്‍ത്തിണക്കിയ രചന. അവയ്ക്ക് ചിന്തേരിടുമ്പോള്‍ ചിലപ്പോള്‍ മൂര്‍ച്ചയും മറ്റു ചിലപ്പോള്‍ മിനുസവും കൂടും. താന്‍ ജീവിച്ച ഇടവും ജീവിക്കാന്‍ വിധിക്കപ്പെട്ട ഇടവും സമഞ്ജസമായി സമ്മേളിപ്പിക്കുന്ന അതിമനോഹരമായ എഴുത്ത്. ഒരു കണ്ണാടിയിലെന്നപോലെ കാണാനാകുന്ന, ചന്തമാര്‍ന്ന ഭാവങ്ങള്‍. 'കാറ്റ് പറഞ്ഞ കഥ'. ഖമറുന്നിസ നഹ. ഗ്രീന്‍ ബുക്സ്. വില 152 രൂപ.
◾നമ്മുടെ ശരീരം ആരോഗ്യമുളളതാണോ എന്നറിയാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ടെസ്റ്റുകള്‍ ഉണ്ട്. ഒരു കാലില്‍ നില്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മസ്തിഷ്‌കം ആരോഗ്യകരമാണെന്നാണ് സൂചിപ്പിക്കുന്നത്. 60 സെക്കന്‍ഡ് നേരം ഒരു കാലില്‍ നില്‍ക്കാനാകുമോ എന്ന് പരിശോധിക്കാവുന്നതാണ്. 20 സെക്കന്‍ഡ് പോലും നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, പിന്നീട് നിങ്ങള്‍ക്ക് തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു കാലില്‍ 10 സെക്കന്‍ഡ് നില്‍ക്കുന്ന ബാലന്‍സ് ടെസ്റ്റില്‍ പരാജയപ്പെടുന്ന പ്രായമായവര്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത ഇരട്ടിയാണ്. അടുത്ത ടെസ്റ്റ് ചെയ്യാനായി ആം റെസ്റ്റ് ഇല്ലാത്ത ഒരു കസേര എടുക്കുക. ഇനി ഈ കസേരയില്‍ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുക. ഒരു മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് എത്ര തവണ ഇരിക്കാനും എഴുന്നേല്‍ക്കാനും കഴിയുമെന്ന് നോക്കുക. യുകെയില്‍ നടത്തിയ ഒരു പഠനമനുസരിച്ച് 20 സെക്കന്‍ഡില്‍ 10 തവണ ഇത് ചെയ്യാന്‍ കഴിയുന്ന മുതിര്‍ന്നവര്‍ക്ക് ഇത് ചെയ്യാന്‍ കഴിയാത്തവരെ അപേക്ഷിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി. മൂന്നാമത്തെ ടെസ്റ്റ് ചെയ്യുന്നതിന് ആദ്യം നിലത്തിരുന്ന് രണ്ട് കാലുകളും നേരെ നീട്ടി വെക്കുക. ഇതിനുശേഷം നിങ്ങളുടെ കൈകള്‍ കൊണ്ട് രണ്ട് കാലുകളുടെയും തള്ളവിരലുകളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുക. ഇത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് സൂചിപ്പിക്കുന്നത്. വഴക്കമുള്ള ശരീരം വഴക്കമുള്ള ധമനികളെ സൂചിപ്പിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. അവസാനമായി, ഗലീഷ്യയിലെ കൊറൂണയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച്, നിങ്ങള്‍ക്ക് നിര്‍ത്താതെ എളുപ്പത്തില്‍ പടികള്‍ കയറാന്‍ കഴിയുമെങ്കില്‍, നിങ്ങളുടെ ആയുസ് കൂടുതലാകും. പടികള്‍ കയറാന്‍ ബുദ്ധിമുട്ടുള്ള ആളുകള്‍, ബുദ്ധിമുട്ടില്ലാത്തവരെ അപേക്ഷിച്ച് മരണപ്പെടാനുളള സാധ്യത മൂന്നിരട്ടിയാണെന്ന് ഗവേഷകര്‍ കണ്ടെത്തി.