◾കലാപം നടക്കുന്ന മണിപ്പൂരില്‍ പട്ടാളമിറങ്ങി. അക്രമികള്‍ക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്. എട്ടു ജില്ലകളില്‍ നിരോധനാജ്ഞ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി എന്‍ ബിരെന്‍ സിംഗുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്ത് ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ പ്രതിഷേധമാണു കലാപമായത്. മൈതേയ് വിഭാഗത്തെ എതിര്‍ക്കുന്ന ഗോത്ര വിഭാഗങ്ങളാണു കലാപത്തിനു പിറകില്‍. നിരവധി വീടുകളും വാഹനങ്ങളും ആരാധാനാലായങ്ങളും ആക്രമികള്‍ തകര്‍ത്തു.
◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനെ ലക്ഷ്യമിട്ടു നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിറകില്‍ അമേരിക്കയാണെന്ന് റഷ്യ. യുക്രെയിന്റെ പദ്ധതിയാണ് അമേരിക്ക നടപ്പാക്കുന്നതെന്ന് റഷ്യ ആരോപിച്ചു. നേരത്തെ യുക്രെയിനാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചിരുന്നു. യുക്രെയിന്‍ ഇതു നിഷേധിച്ചു. റഷ്യതന്നെയാണ് എല്ലാം ചെയ്യുന്നതെന്നാണ് യുക്രെയിന്‍ ആരോപിച്ചത്. തിരിച്ചടിയുണ്ടാകുമെന്ന് റഷ്യന്‍ വക്താവ് ദിമെത്രി പെക്സ്‌കോവ് പറഞ്ഞു.
◾അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്യൂബയും സന്ദര്‍ശിക്കും. യാത്രാനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും. ജൂണ്‍ എട്ടു മുതല്‍ 18 വരെയാണ് അമേരിക്കന്‍ സന്ദര്‍ശനം. യുഎസില്‍ ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണു മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത്. ലോകബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തും. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങളാണ് സംഘത്തിലുള്ളത്.
◾വേനലവധി ക്ലാസുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധനം ബാധകമായിരിക്കും. സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
◾ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ആരംഭിച്ച ജാതി സര്‍വെ പാറ്റ്ന ഹൈക്കോടതി സ്റ്റേ ചെയ്തു. ജാതി സര്‍വെ ജാതി സെന്‍സസിന് സമാനമാണെന്നും സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമേ അവകാശമുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കി.
◾കേരളത്തിലെ ക്ഷേമപെന്‍ഷന്‍ തടയാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പെടെ പലരും ആഗ്രഹിച്ചിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ന് മുന്‍പ് പെന്‍ഷന്‍ മാസങ്ങളും വര്‍ഷങ്ങളും കുടിശിക ആയിരുന്നുവെന്നും ഇപ്പോള്‍ കുടിശികയില്ലാതെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫ്ലാഷ് ന്യൂസ് വാർത്തകൾ ഇനി വാട്സ് ആപ്പിലും -
ജോയിൻ ചെയ്യാൻ
https://chat.whatsapp.com/FfKWEMhiUe72VPRWJPGLDE
◾കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 1531 കോടി രൂപയുടെ കെ ഫോണ്‍ പദ്ധതി, മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ക്കും ശതകോടികള്‍ കൈയിട്ടുവാരാനുള്ള തട്ടിപ്പു പദ്ധതിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എഐ ക്യാമറ പദ്ധതിയേക്കാള്‍ വലിയ തട്ടിപ്പാണ് ഫോണ്‍ പദ്ധതിയില്‍ അരങ്ങേറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾വന്ദേഭാരത് സമയക്രമം പാലിക്കുന്നുണ്ടെന്നും വന്ദേഭാരതിനുവേണ്ടി മറ്റു ട്രെയിനുകളുടെ സമയം മാറ്റുകയോ ട്രെയിനുകളെ പിടിച്ചിടുകയോ ചെയ്തിട്ടില്ലെന്നു ദക്ഷിണ റെയില്‍വേ. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസര്‍കോടും നിന്ന് 'പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്താണ്. ട്രയല്‍ റണ്ണിലെ സമയം സര്‍വീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ല. വേണാട്, പാലരുവി ട്രെയിനുകളുടെ സമയം മാറ്റിയതു വന്ദേഭാരതിനു വേണ്ടിയല്ലെന്നും ദക്ഷിണ റെയില്‍വേ.
◾ആഴക്കടല്‍ മത്സ്യബന്ധന ബോട്ട് വിതരണ പദ്ധതിക്കു കൊല്ലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ശക്തികുളങ്ങരയില്‍ കരിങ്കൊടി കാണിച്ച ആര്‍വൈഎഫ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര ഫിഷറീസ് മന്ത്രി പാര്‍ഷോത്തം രൂപാല മുഖ്യാതിഥിയായിരുന്ന ചടങ്ങു കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാട്ടിയത്.
◾ഗുസ്തി താരങ്ങളെ പി.ടി ഉഷ തള്ളിപ്പറഞ്ഞത് സ്ഥാനമാനങ്ങള്‍ മോഹിച്ചാണെന്ന് എഴുത്തുകാരന്‍ ടി പദ്മനാഭന്‍. നിവൃത്തി ഇല്ലാത്ത ഘട്ടം വന്നപ്പോഴാണ് താരങ്ങളെ സന്ദര്‍ശിച്ചത്. മലയാളി എന്ന നിലയില്‍ തനിക്കു ലജ്ജ തോന്നുന്നു. ഉഷയ്ക്ക് ഇനിയും സ്ഥാനമാനങ്ങള്‍ കിട്ടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
◾വയറിളക്കം ബാധിച്ച് 13 വയസുകാരന്‍ മരിച്ചതു ഭക്ഷ്യ വിഷബാധമൂലമെന്ന് പരാതി. തൃശൂര്‍ കൊട്ടാരത്ത് വീട്ടില്‍ അനസിന്റെ മകന്‍ ഹമദാന്‍ ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം ഉല്ലാസയാത്ര നടത്തിയ കുടുംബം പലയിടത്തുനിന്നു ഭക്ഷണം കഴിച്ചിരുന്നു.
◾കൊല്ലം കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (59) വാണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വര്‍ഷമായി അകന്നു കഴിയുകയായിരുന്ന പ്രിയങ്കയെ വാടക വീട്ടിലെത്തി ശല്യപ്പെടുത്തിയ സജുവിനെ മണ്‍വെട്ടി കൊണ്ടു നേരിടുകയായിരുന്നു ഹോം നഴ്സായ പ്രിയങ്ക.
◾മലയാളി ദമ്പതികളെ കുവൈറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പൂത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. ജീനയെ കൊലപ്പെടുത്തി സൈജു സൈമണ്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
◾മിസ്റ്റര്‍ കേരള ട്രാന്‍സ്മാന്‍ എന്നറിയപ്പെടുന്ന പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. നെന്മാറ സ്വദേശിയാണെങ്കിലും തൃശ്ശൂര്‍ പൂങ്കുന്നത്തായിരുന്നു താമസം. പ്രവീണ്‍ നാഥും രിഷാന ഐഷുവും പ്രണയ ദിനത്തില്‍ വിവാഹിതരായിരുന്നു.
◾ഒമ്പത് വയസുകാരനെ പീഡിപ്പിച്ച 39 കാരന് 11 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ആലുംതുരുത് സ്വദേശി ഷൈന്‍ഷാദിനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
◾പൊള്ളാച്ചി കോട്ടാംപട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികള്‍ കണ്ണൂരില്‍ പിടിയിലായി. ഇടയാര്‍ പാളയം സ്വദേശി സുജയ് (30), മലയാളിയായ ഭാര്യ രേഷ്മ (25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ബിരുദ വിദ്യാര്‍ത്ഥിനി സുബ്ബലക്ഷ്മി എന്ന ഇരുപതുകാരിയെയാണ് കൊലപ്പെടുത്തിയത്.
◾സിപിഎം നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിന്‍ സി ബാബുവിനെ ആറു മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്റ് ചെയ്തു. അവിഹിതബന്ധം ചോദ്യം ചെയ്തതിനു തന്നെ മര്‍ദിച്ചെന്നു ഭാര്യ മിനിസ പരാതി നല്‍കിയിരുന്നു. സിപിഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് ബിപിന്‍ സി ബാബുവിനെതിരെ നടപടിയെടുത്തത്.
◾മൂന്നാറില്‍നിന്നും ബംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന കെ സ്വിഫ്റ്റ് ബസില്‍ യുവതിയെ കുത്തി യുവാവ് സ്വന്തം കഴുത്തറുത്തു. ഗൂഡല്ലൂര്‍ സ്വദേശികളാണ് യുവാവും യുവതിയും. യുവതി അങ്കമാലിയില്‍ നിന്നാണ് ബസില്‍ കയറിയത്. മലപ്പുറം വെണ്ണിയൂരെത്തിയപ്പോള്‍ പിറകിലെ സീറ്റിലെ യുവാവ് യുവതിയുടെ സീറ്റിലേക്കു വന്ന് യുവതിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. പിറകിലെ സീറ്റിലേക്കു തിരിച്ചുപോയി യുവാവ് സ്വയം കഴുത്തറുത്തു. ഇരുവരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന ബിജെപി മണിപ്പൂരിലെ സമാധാനം തകര്‍ത്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം. മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
◾ചൈനയുമായുള്ള അതിര്‍ത്തിയില്‍ സ്ഥിരമായി സമാധാനം പുലരണമെന്ന് ഇന്ത്യ. ഷാങ്ഹായ് സഹകരണ സംഘടനായോഗത്തിനു മുന്നോടിയായി നടന്ന ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ഗാങുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറമേ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ റഷ്യന്‍ വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തി.
◾ചാര പ്രവര്‍ത്തി നടത്തിയതിന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുണെയിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറാണ് അറസ്റ്റിലായത്.
◾എന്‍സിപി നേതൃസ്ഥാനത്തുനിന്ന് ശരത് പവാര്‍ രാജി പ്രഖ്യാപിച്ചിരിക്കേ, മകള്‍ സുപ്രിയ സുലെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായേക്കും. അനന്തരവന്‍ അജിത്പവാറിന് സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയേക്കും. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ പവാര്‍ നിശ്ചയിച്ച ഉന്നതാധികാര സമിതി ഇന്നു ചേരും.
◾ഡല്‍ഹി ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ പോലീസ് മദ്യപിച്ചെത്തി ഗുസ്തി താരങ്ങളെ ആക്രമിച്ചെന്ന് ആരോപണം. സമരം ചെയ്യുന്ന ഗുസ്തി താരങ്ങളാണ് ആരോപണം ഉന്നയിച്ചത്. മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വനിതാ താരങ്ങളോടു മോശമായി പെരുമാറിയെന്നും കയ്യേറ്റം ചെയ്തെന്നും താരങ്ങള്‍ ആരോപിച്ചു.
◾ജമ്മുകാഷ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് പരിക്കേറ്റ സൈനികനു വീരമൃത്യു. കിഷ്ട്വാറിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ ഏവിയേഷന്‍ ടെക്നിക്കല്‍ വിഭാഗത്തിലെ ക്രാഫ്റ്റ്സ്മാന്‍ പബ്ബല്ല അനിലാണു മരിച്ചത്.
◾സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മേയ് ഒമ്പതുവരെ ഷെഡ്യൂള്‍ ചെയ്ത എല്ലാ ഫ്ളൈറ്റുകളും ഗോ ഫസ്റ്റ് എയര്‍ലൈന്‍ റദ്ദാക്കി. ടിക്കറ്റ് ബുക്കു ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും മടക്കി നല്‍കും.
◾മൃദംഗവിദ്വാന്‍ കാരൈക്കുടി ആര്‍ മണി ചെന്നൈയില്‍ അന്തരിച്ചു. 77 വയസായിരുന്നു. തെന്നിന്ത്യന്‍ സംഗീതലോകത്തെ മിക്ക പ്രമുഖര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടേകാല്‍ കോടി രൂപയും നൂറു പവന്‍ സ്വര്‍ണവും കവര്‍ന്ന കേസില്‍ മൂന്നു പേരെ കോയമ്പത്തൂരില്‍ പോലീസ് അറസ്റ്റു ചെയ്തു. തിരുവള്ളൂര്‍ സ്വദേശികളായ അരുണ്‍കുമാര്‍ (37), പ്രവീണ്‍ (32), സുരേന്ദര്‍ (25) എന്നിവരാണു പിടിയിലായത്. വര്‍ഷിണി എന്ന 29 കാരി അടക്കം രണ്ടു പ്രതികള്‍ ഒളിവിലാണ്. കോയമ്പത്തൂര്‍ ഗ്രീന്‍ഫീല്‍ഡ് കോളനിയിലെ രാജേശ്വരി എന്ന 63 കാരിക്കു ഭക്ഷണത്തില്‍ മയക്കുമരുന്നു നല്‍കി മയക്കിക്കിടത്തിയാണ് കവര്‍ച്ച നടത്തിയത്.
◾ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. പത്തു വര്‍ഷത്തിനു ശേഷമാണ് ഷിംല മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് ജയിക്കുന്നത്. 24 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി ഒന്‍പത് സീറ്റുകളിലും സിപിഎം ഒരിടത്തും ജയിച്ചു. ആകെ 34 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
◾മ്യാന്‍മര്‍ തുറമുഖം 300 ലക്ഷം ഡോളറിന് വില്‍ക്കാന്‍ അദാനി പോര്‍ട്ട്സ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഒപ്പുവച്ച പുനരാലോചനാ ഓഹരി വാങ്ങല്‍ കരാറിനെത്തുടര്‍ന്നാണ് അദാനി പോര്‍ട്ട്‌സ് തുറമുഖം വില്‍ക്കുന്നത്.
◾ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാസ്പോര്‍ട്ടില്‍ വിസാ സ്റ്റിക്കറ്റുകള്‍ പതിക്കുന്നത് അവസാനിപ്പിച്ചതായി സൗദി അറേബ്യ അറിയിച്ചു. പകരം പൂര്‍ണമായി ഇലക്ട്രോണിക് വിസയിലേക്ക് മാറി.
◾ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 5 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയിക്കാന്‍ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വേണ്ടിയിരുന്ന ഹൈദരാബാദിന് വെറും 3 റണ്‍സ് മാത്രം നല്‍കി പ്രതിരോധിച്ച സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്.
◾ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റര്‍പ്രൈസസിന്റെ ലാഭം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇരട്ടിയായി. 722.78 കോടി രൂപയാണ് ലാഭം രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ വരുമാനം 26 ശതമാനം വര്‍ധിച്ച് 31,346.05 കോടി രൂപയുമായി. കമ്പനിയുടെ പ്രവര്‍ത്തന വരുമാനവും ഇരട്ടിയിലധികം വര്‍ധിച്ച് 3957 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ സംയോജിത ലാഭം മൂന്നു മടങ്ങ് ഉയര്‍ന്ന് 2,472.94 കോടി രൂപയും വരുമാനം 97 ശതമാനം വര്‍ധിച്ച് 1.37 ലക്ഷം കോടി രൂപയുമായി. എല്ലാ ബിസിനസിനസ് രംഗത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതോടെ പ്രവര്‍ത്തന ലാഭവും ഇരട്ടി വളര്‍ച്ചയോടെ 10,025 കോടി രൂപയായി. മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് അദാനി എന്റര്‍പ്രൈസസിന്റെ മൊത്തം കടം 38,320 കോടി രൂപയാണ്. അദാനി എയര്‍പോര്‍ട്‌സ് ഹോള്‍ഡിംഗ്‌സ് മാര്‍ച്ച് പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 74 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കി. 14 ശതമാനമാണ് കാര്‍ഗോയിലെ വളര്‍ച്ച. എയര്‍പോര്‍ട്ട് ബിസിനസ് 38 ശതമാനം വളര്‍ച്ചയോടെ 1,657 കോടി രൂപ വരുമാനം നേടി. അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനം മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 31 ശതമാനം വര്‍ധനയോടെ 908 കോടി രൂപയും പ്രവര്‍ത്തന ലാഭം 23 ശതമാനം വര്‍ധിച്ച് 89 കോടി രൂപയുമായി. മൈനിംഗ് ബിസിനസില്‍ നിന്നുള്ള വരുമാനം 18 ശതമാനം വളര്‍ച്ചയോടെ 803 കോടി രൂപയും പ്രവര്‍ത്തന ലാഭം എട്ട് ശതമാനം വര്‍ധനയോടെ 311 കോടി രൂപയുമായി. ഓസ്‌ട്രേലിയയിലെ കാര്‍മിച്ചേല്‍ മൈന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4872 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്.
◾ഹൃദയസ്പര്‍ശിയായ ഒരു പ്രണയകഥയുമായി 'പ്രണയാക്ഷരങ്ങള്‍' ഒരുങ്ങുന്നു. കഥയും തിരക്കഥയും ഒരുക്കിരിക്കുന്നത് ബിജു എബ്രഹാം ആണ്. ആര്‍ ശ്രീനിവാസ സംവിധാനം ചെയ്യുന്ന പ്രണയാക്ഷരങ്ങളുടെ ഷൂട്ടിങ് മൈസൂര്‍, കല്‍പ്പത്തി, ഷൊര്‍ണ്ണൂര്‍, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ പുരോഗമിക്കുന്നു. മാനസിക നില നഷ്ടപ്പെട്ട ആയിഷ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഡോ. വിനു, അയാളെ ജീവനു തുല്യം സ്നേഹിക്കുന്ന ഡോ നന്ദ എന്നിവരിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. പത്മശ്രീ മധു, ഷമ്മി തിലകന്‍, നാസര്‍, ബിജു എബ്രഹാം, ബാബു അടൂര്‍, സുജിന്‍ കോട്ടയം, അംബിക, രേവതി, സുഹാസിനി, മാളവിക, ഡോ നുന്ന ഖാന്‍, വിനായപ്രസാദ്, പ്രസീത, മാളവിക നന്ദന്‍, ദേവിക, വിഷ്ണു പ്രിയ, ആശ പ്രിന്‍സ്, പാര്‍വതി, ഇന്ദിര ബാലു, ബിനി പ്രേംരാജ്, ഋതു സാരംഗി, നിജി, അനീഷ അനു, മേരിക്കുട്ടി, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ വേഷമിടുന്നു. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിനായി ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ, രമേശ് കുടമാളൂര്‍, ബിജു എബ്രഹാം എന്നിവരാണ്. രഞ്ജിനി സുധീരന്‍, സുരേഷ് പെരിനാട് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശോഭ ശിവാനി, രജനി സുധീരന്‍, ലിസി, സ്വരസാഗര്‍, സുരേഷ് പെരുനാട് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
◾മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഫീനിക്സ്' എന്നാണ് ചിത്രത്തിന്റെ പേര്. വിഷ്ണു ഭരതന്‍ ആണ് സംവിധാനം. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അനൂപ് മേനോന്‍, അജു വര്‍ഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നിഗൂഢത ജനിപ്പിക്കുന്ന രീതിയിലുള്ള ടൈറ്റില്‍ ലുക്ക് വൈറലാണ്. 21 ഗ്രാംസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഫീനിക്‌സ്'. 'അഞ്ചാം പാതിരാ'എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ തിരക്കഥ എഴുതുന്നു എന്നത് കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടതാണ് ചിത്രം. ഹൊറര്‍ ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബിയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി എസും ആണ്.
◾പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, പുതിയ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് നമ്മുടെ വിപണിയില്‍ എന്‍ ലൈന്‍ പതിപ്പും ലഭിക്കും. ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈന്‍ ഇന്ത്യന്‍ വിപണിയിലെ എന്‍ ലൈന്‍ ശ്രേണിയിലെ കൊറിയന്‍ ഭീമനില്‍ നിന്നുള്ള മൂന്നാമത്തെ മോഡലായിരിക്കും ഇത്. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ ഹ്യുണ്ടായ് ഇതിനകം ക്രെറ്റ എന്‍ ലൈന്‍ വില്‍ക്കുന്നുണ്ട്. 2022 ജൂണില്‍ ആദ്യമായി അവതരിപ്പിച്ച ക്രെറ്റ എന്‍ ലൈന്‍ സ്‌പോര്‍ട്ടിയര്‍ ഡിസൈനും പരിഷ്‌കരിച്ച ഇന്റീരിയറും ചെറിയ മെക്കാനിക്കല്‍ അപ്‌ഗ്രേഡുകളുമായാണ് വരുന്നത്. ബ്രസീലിയന്‍-സ്പെക്ക് മോഡലില്‍ 157 ബിഎച്ച്പിയും 188 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 എല്‍ എന്‍എ പെട്രോള്‍ എഞ്ചിനാണ്. ഫ്ലെക്സ്-ഫ്യുവല്‍ പതിപ്പ് 167 ബിഎച്ച്പിയും 202 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 2024 മാര്‍ച്ചോടെ പുതിയ മോഡല്‍ വില്‍പ്പനയ്‌ക്കെത്താനാണ് സാധ്യത. ടോപ്പ്-സ്പെക്ക് വേരിയന്റിലാണ് പുതിയ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. 18 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) ചിലവ് വരാനാണ് സാധ്യത.
◾സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികള്‍ വിറ്റഴിഞ്ഞ കൃതി. ഡസന്‍ കണക്കിന് നാടകങ്ങള്‍ക്കും ഒപ്പറെകള്‍ക്കും ആധാരമായ കൃതി. കഥാകൃത്തിന്റെ മാസ്റ്റര്‍ പീസ്. 'കാട്ടുകടന്നല്‍'. എഥേല്‍ ലിലിയന്‍ വോയ്നിച്ച്. പരിഭാഷ - പി ഗോവിന്ദ പിള്ള. 15 -ാം പതിപ്പ്. ചിന്ത പബ്ളിക്കേഷന്‍സ്. വില 408 രൂപ.
◾ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം അവകാശപ്പെടുന്നു. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഓരോ വ്യായാമ കാലയളവിലും സന്നദ്ധപ്രവര്‍ത്തകരുടെ ഹൃദയമിടിപ്പ് വ്യതിയാനം വര്‍ദ്ധിക്കുകയും അവരുടെ രക്തത്തില്‍ പ്രചരിക്കുന്ന അമിലോയിഡ്-ബീറ്റ പെപ്റ്റൈഡുകളുടെ അളവ് പരീക്ഷണത്തിന്റെ നാലാഴ്ചയ്ക്കുള്ളില്‍ കുറയുകയും ചെയ്തു. ആഴത്തിലുള്ള ശ്വാസോച്ഛ്വാസം തലച്ചോറിലെ മൂടല്‍മഞ്ഞ് കുറയ്ക്കുകയും ഫോക്കസ് മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സമ്മര്‍ദപൂരിതമായ കാലഘട്ടങ്ങളില്‍, വളരെയധികം നോറാഡ്രിനാലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തും. ഒരു വ്യക്തിയുടെ ഓര്‍മശക്തിയെയും മറ്റ് പ്രധാന മാനസിക പ്രവര്‍ത്തനങ്ങളെയും നശിപ്പിക്കുന്ന ഒരു രോഗമാണ് അല്‍ഷിമേഴ്‌സ്. മെമ്മറി, പെരുമാറ്റം, ചിന്ത എന്നിവയെ ബാധിക്കുന്ന ഒരു രോ?ഗമാണിത്. ആരോഗ്യകരമായ ജീവിതം അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ലാന്‍സെറ്റ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. അല്‍ഷിമേഴ്‌സ് രോഗമുള്ളവരില്‍ 40 ശതമാനം പേര്‍ക്കും കാര്യമായ വിഷാദരോഗം ഉണ്ടെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു. ആരോഗ്യകരമായ ശരീരവും മനസ്സും ഉറപ്പാക്കാന്‍ ആഴത്തിലുള്ള, ശരിയായ ശ്വസനം അനിവാര്യമാണ്. ശരിയായി ശ്വസിക്കുന്നത് ശ്രദ്ധ മാത്രമല്ല, ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ശ്വസനരീതികളുണ്ട്. 'ബെല്ലോസ് ബ്രീത്ത്' എന്നറിയപ്പെടുന്ന പ്രാണായാമം മികച്ചൊരു ശ്വസന വ്യായാമമാണ്. ഭസ്ത്രിക പ്രാണായാമം മനസ്സിന്റെയും ശരീരത്തിന്റെയും ആന്തരിക അഗ്നിയെ ഉത്തേജിപ്പിക്കുന്നു. എല്ലാ തലങ്ങളിലും ശരിയായ ദഹനത്തെ പിന്തുണക്കുന്നു.