പ്രഭാതവാർത്തകൾ2023 | മെയ് 4 | വ്യാഴം

◾യുഎഇ സന്ദര്‍ശനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും കേന്ദ്ര സര്‍ക്കാരിന്റെ യാത്രാവിലക്ക്. പ്രധാനമന്ത്രിയുടെ ഓഫീസ് യാത്രാനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ഉപേക്ഷിച്ചു. അബുദാബി നിക്ഷേപക സംഗമത്തിനു കേരളം ഒന്നര കോടിയിലധികം രൂപ മുടക്കി സ്പോണ്‍സര്‍മാരായിരിക്കേയാണ് വിലക്ക്. ഗോള്‍ഡന്‍ സ്പോണ്‍സറായ കേരളത്തിന് ഒരു മണിക്കൂര്‍ നിക്ഷേപക സംഗമം നടത്താനുള്ള അനുമതിയുണ്ട്. ഈ മാസം എട്ടിന് ആരംഭിക്കുന്ന സംഗമത്തിന്റെ പ്രാസംഗികരുടെ പട്ടികയില്‍ മന്ത്രി മുഹമ്മദ് റിയാസും ഇടം പിടിച്ചിരുന്നു.

◾ബ്രഹ്‌മപുരത്ത് 90 കോടി രൂപ മുടക്കി സിഎന്‍ജി പ്ലാന്റ് സ്ഥാപിക്കുമെന്നും മാലിന്യം പ്രകൃതി വാതകമാക്കി മാറ്റുമെന്നും മന്ത്രി എം ബി രാജേഷ്. ബിപിസിഎല്ലാണ് പ്ലാന്റ് നിര്‍മ്മിക്കുക. ഒരു വര്‍ഷത്തിനകം പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഉപോല്‍പന്നമായി വളവും നിര്‍മ്മിക്കും. മാലിന്യ ശേഖരണം തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ നിര്‍വഹിക്കും. മുതല്‍ മുടക്കും പ്രവര്‍ത്തന ചെലവും ബിപിസിഎല്‍ വഹിക്കും.

◾പൊതു പദ്ധതികള്‍ക്കു ഭൂമി കൈമാറ്റം രജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ മുദ്ര വിലയിലും രജിസ്ട്രേഷന്‍ ഫീസിലും ഇളവ്. ബിപിഎല്‍ ലിസ്റ്റില്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് ദാനമായോ വിലക്കോ വാങ്ങി നല്‍കുന്ന ഭൂമിക്ക് ഇളവുണ്ടാകും. 10 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

◾ഇന്ത്യന്‍ വംശജനും മുന്‍ മാസ്റ്റര്‍ കാര്‍ഡ് സിഇഒയുമായ അജയ് ബാംഗയെ ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. അടുത്ത മാസം രണ്ടിന് അജയ് ബാംഗ ചുമതലയേല്‍ക്കും. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.

◾വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

◾കോഴിക്കോട് ഉള്ളിയേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. മടവൂര്‍ സ്വദേശി സദാനന്ദന്‍, ചെറുമകന്‍ ധന്‍ജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു പേരെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഇന്നു നഴ്സുമാരുടെ സമരം. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സൂചനാ പണിമുടക്കും കളക്ട്രേറ്റ് മാര്‍ച്ചും പ്രഖ്യാപിച്ചത്. ദിവസ വേതനം മിനിമം 1500 രൂപയാക്കണമെന്നാണ് ആവശ്യം.

◾അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവെന്ന് വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. മയക്കുവെടി വച്ച് പരിശോധിച്ചപ്പോഴാണ് മനസ്സിലായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന് കൂടുതല്‍ ചികിത്സ ആവശ്യം ഇല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.

◾പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ ആഭിചാരക്രിയകള്‍ നടത്തി പിടിയിലായ ശോഭനയുടെ വീട്ടില്‍ പൂട്ടിയിട്ടിരുന്ന ഏഴു വയസുള്ള കുട്ടിയടക്കം മൂന്നുപേരെ സിപിഎം പ്രവര്‍ത്തകരും പോലീസും മോചിപ്പിച്ചു. പൂജകളുടെ പണം നല്‍കിയില്ലെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്ന് അറിഞ്ഞ് മന്ത്രവാദ കേന്ദ്രത്തിലേക്ക് സിപിഎം പ്രകടനം നടത്തി. തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്. മോചിപ്പിച്ചവരെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

◾അട്ടപ്പാടി മധു കേസിലെ അഭിഭാഷകന്‍ രാജേഷ് എം മേനോനെ വാളയാര്‍ കേസിലെ സിബിഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും. പെണ്‍കുട്ടികളുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നിയമനം.

◾എഐ കാമറ ക്രമക്കേടില്‍ പ്രതിഷേധിച്ച് ട്രാഫിക്ക് ഐലന്റിലെ കാമറ കൊട്ടകൊണ്ടു മറച്ച് പ്രതീകാത്മക പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. കൊച്ചിയില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായായിരുന്നു ലീഗ് നേതാവിന്റെ കൊട്ട കൊണ്ടുള്ള പ്രതിഷേധം.

◾കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട കാപ്പ തടവുകാരനെ പിടികൂടി. മട്ടാമ്പ്രം സ്വദേശി സുനീറാണ് ഇന്നലെ പുലര്‍ച്ചെ ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ടത്. ആയിക്കരയില്‍ നിന്നാണ് സുനീറിനെ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന്, ക്വട്ടേഷന്‍, തട്ടിക്കൊണ്ട് പോകല്‍ ഉള്‍പ്പെടെ പതിമൂന്ന് കേസുകളിലെ പ്രതിയാണ് ഇയാള്‍.

◾നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണവുമായി രണ്ടു യാത്രക്കാര്‍ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി ഷെരീഫ്, പാലക്കാട് സ്വദേശി ഷെമീര്‍ എന്നിവരാണ് പിടിയിലായത്. ഒരു കോടി നല്‍പ്പത് ലക്ഷം രൂപയുടെ സ്വര്‍ണം കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്.

◾ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി ഞായറാഴ്ച അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്.

◾വിവാഹം വാഗ്ദാനം നല്‍കി പണം തട്ടിയ യുവതി തിരുവനന്തപുരത്ത് അറസ്റ്റില്‍. ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്റെ പിടിയിലായത്. പൂവാര്‍ സ്വദേശിയായ 68 കാരനില്‍ നിന്നാണ് അശ്വതി നാല്‍പതിനായിരം രൂപ തട്ടിയെടുത്തത്.

◾വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി അശ്വതി കൃഷ്ണ (29) യെ വിഴിഞ്ഞം പൊലീസ് പിടികൂടി. കോട്ടുകാല്‍ ചൊവ്വര കാവുനട തെക്കേകോണത്ത് വീട്ടില്‍ അനുപമയുടെ പരാതിയിലാണ് അറസ്റ്റ്.

◾പിതാവിന്റെ പീഡനത്തിനിരയായി അഭയകേന്ദ്രത്തിലാക്കിയ ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. നെയ്യാറ്റിന്‍കര അമരവിള നടുവോര്‍ക്കൊല്ല റെയില്‍വേ ഗേറ്റിനു സമീപം കൃഷ്ണ വിലാസം വീട്ടില്‍ സനല്‍കുമാറിനെ (27) യാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്.

◾നിലമ്പൂര്‍ വഴിക്കടവ് മരുതയില്‍ 14 ദിവസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു. വെണ്ടേക്കുംപൊട്ടി ആദിവാസി കോളനിയിലെ ഇണ്ണിമാന്‍-ഇന്ദിര ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

◾വ്യക്തിത്വ വികസനം പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തണമെന്ന് ഡോ. അലക്സാണ്ടര്‍ ജേക്കബ്. മാനവവിഭവ ശേഷി പരിശീലക പേളി ജോസ് രചിച്ച 'വ്യക്തി, വ്യക്തിത്വം, വ്യക്തിപ്രഭാവം' പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി ഡോ. സി. രാവുണ്ണി അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി. പ്രേംനാഥ്, പ്രഫ. ജോര്‍ജ് എസ്. പോള്‍, ഡോ. സി.കെ.തോമസ്, ഡേവിസ് കണ്ണനായ്ക്കല്‍, ഫ്രാങ്കോ ലൂയിസ്, സി.ആര്‍. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

◾കര്‍ണാടക തിരഞ്ഞെടുപ്പില്‍ 16 നിയമസഭാ സീറ്റുകളില്‍ മത്സരിക്കുമെന്നും ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസിനും ജെഡിഎസിനും പിന്തുണ നല്‍കുമെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ). 100 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നായിരുന്നു എസ്ഡിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

◾മോദി പരാമര്‍ശത്തിനെതിരായ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുല്‍ നല്‍കിയ ഹര്‍ജി റാഞ്ചി കോടതി തള്ളി. മോദി പരാമര്‍ശത്തില്‍ രാഹുലിനെതിരെ പല സംസ്ഥാനങ്ങളിലും മോദിയെന്നു പേരുള്ളവര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. റാഞ്ചിയില്‍ പ്രദീപ് മോദി എന്നയാളാണ് കോലാര്‍ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചത്.

◾ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ എംപിക്കെതിരെ ജന്തര്‍ മന്തറില്‍ സത്യഗ്രഹ സമരം നടത്തുന്ന ഗുസ്തിതാരങ്ങളുമായി പൊലീസ് ഏറ്റുമുട്ടി. സമരവേദിയിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കിടക്കകള്‍ എത്തിക്കുന്നതു പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. പൊലീസ് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് താരങ്ങള്‍ ആരോപിച്ചു.

◾പ്രണയ ബന്ധത്തിലുള്ള പ്രായപൂര്‍ത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്നു ബോംബെ ഹൈക്കോടതി. പോക്സോ കേസ് ദുരുപയോഗം ചെയ്യരുത്. ലൈംഗികാതിക്രമം തടയാനുള്ള വകുപ്പാണ് പോക്സോയെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു. പോക്സോ കേസില്‍ യുവാവുമായുള്ള ബന്ധം ഉഭയസമ്മതത്തോടെയെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പ്രതിയായ 23 കാരന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

◾ഇന്ത്യയില്‍ വിവാഹമോചന കേസുകള്‍ ഒരു ശതമാനം മാത്രമെന്നു റിപ്പോര്‍ട്ട്. 94 ശതമാനം വരെ ബന്ധങ്ങള്‍ തകരുന്ന രാജ്യങ്ങളുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ വിവാഹമോചന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെന്നും വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ശതമാനം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യ കഴിഞ്ഞാല്‍ ഏഴ് ശതമാനമുള്ള വിയറ്റ്‌നാമാണ് രണ്ടാം സ്ഥാനത്ത്. താജിക്കിസ്ഥാനില്‍ 10 ശതമാനവും ഇറാനില്‍ 14 ശതമാനവും മെക്സിക്കോയില്‍ 17 ശതമാനവും വിവാഹമോചനം നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

◾റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊല്ലാന്‍ യുക്രൈന്‍ ശ്രമിച്ചെന്ന് റഷ്യ. രണ്ട് ഡ്രോണുകള്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതി ആക്രമിക്കാന്‍ ശ്രമിച്ചു. പ്രതിരോധ സേന ആക്രമണം വിഫലമാക്കിയെന്നും റഷ്യ അവകാശപ്പെട്ടു. എന്നാല്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും റഷ്യയുടെ ഡ്രോണുകള്‍തന്നെയാകാം ആക്രമണത്തിനു മുതിര്‍ന്നതെന്നുമാണ് യുക്രെയിന്‍ പ്രതികരിച്ചത്.  

◾87 ദിവസം നിരാഹാര സമരം നടത്തിയ പലസ്തീന്‍ തടവുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചു. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ നേതാവായ ഖാദര്‍ അദ്‌നാന്റെ (45) മരണ വാര്‍ത്ത പുറത്തുവന്നതിനു പിറകേ ഗാസാ മുനമ്പില്‍ ഹമാസിന്റെ നേതൃത്വത്തില്‍ ശക്തമായ റോക്കറ്റ് ആക്രമണം. ഇസ്രായേലും റോക്കറ്റ് ആക്രമണം ശക്തമാക്കി.

◾സെര്‍ബിയയില്‍ സ്‌കൂളില്‍ വെടിവയ്പ്. എട്ട് വിദ്യാര്‍ത്ഥികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബെല്‍ഗ്രേഡിലെ സ്‌കൂളില്‍ പതിനാലു വയസുകാരനാണ് വെടിവയ്പ് നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ 19.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. മത്സരം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയന്റ് വീതം ലഭിച്ചു.

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 6 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 42 പന്തില്‍ 82 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റണിന്റെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി. എന്നാല്‍ 41 പന്തില്‍ 75 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റേയും 31 പന്തില്‍ 66 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റേയും 10 ബോളില്‍ 26 റണ്‍സ് നേടിയ തിലക് വര്‍മയുടേയും കരുത്തില്‍ മുംബൈ 7 ബോളുകള്‍ ബാക്കി നില്‍ക്കേ 6 വിക്കറ്റ് വിജയം നേടി.

◾ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന്റെ പേരില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ രണ്ടാഴ്ചത്തേക്ക് ക്ലബില്‍ നിന്ന് സസ്പെന്റ് ചെയ്ത് പിഎസ്ജി. അതേസമയം ക്ലബ് അധികൃതരുടെ സസ്പെന്‍ഷന്‍ തീരുമാനത്തിന് പിന്നാലെ പി എസ് ജി വിടുമെന്ന് മെസി വ്യക്തമാക്കി. ജൂണില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കില്ലെന്ന് മെസ്സി ക്ലബിനെ അറിയിച്ചു.

◾യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകളും മൂല്യവും ഏപ്രിലില്‍ കുറിച്ചത് പുത്തന്‍ റെക്കോഡ്. ഇടപാടുകളുടെ മൂല്യം 2022 ഏപ്രിലിനേക്കാള്‍ 43 ശതമാനം വര്‍ദ്ധിച്ച് 14.07 ലക്ഷം കോടി രൂപയിലെത്തിയെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഇടപാടുകളുടെ എണ്ണം 59 ശതമാനം ഉയര്‍ന്ന് 890 കോടിയായി. മാര്‍ച്ചില്‍ ഇടപാടുകളുടെ മൂല്യം 14.05 ലക്ഷം കോടി രൂപയും എണ്ണം 870 കോടിയും ആയിരുന്നു. മൊത്തം 12.35 ലക്ഷം കോടി രൂപയുടെ 750 കോടി ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. കഴിഞ്ഞമാസത്തെ അവസാനത്തെ മൂന്ന് ദിവസങ്ങളില്‍ മാത്രം 1.37 ലക്ഷം കോടി രൂപയുടെ 100 കോടി ഇടപാടുകള്‍ നടന്നുവെന്നും എന്‍.പി.സി.ഐ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ യു.പി.ഐയുടെ തുടക്കം നോട്ട് അസാധുവാക്കലിന് പിന്നാലെ 2016ലാണ്. 2023 മാര്‍ച്ചില്‍ ഇടപാട് മൂല്യം ആദ്യമായി 14 ലക്ഷം കോടി രൂപയിലെത്തി. ഫോണ്‍പേ, ഗൂഗിള്‍പേ, ആമസോണ്‍പേ, പേടിഎം എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും സ്വീകാര്യതയുള്ള യു.പി.ഐ ആപ്പുകള്‍.

◾നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന 'കൊറോണ ജവാന്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. 'തലകിറുക്ക്' എന്നു തുടങ്ങുന്ന പാട്ടിന് അജീഷ് ദാസന്‍ ആണ് വരികള്‍ കുറിച്ചത്. ആന്റണി ദാസന്‍ ഗാനം ആലപിച്ചു. റിജോ ജോസഫ് ആണ് പാട്ടിന് ഈണമൊരുക്കിയത്. പാട്ട് മികച്ച പ്രതികരണങ്ങളോടെ ട്രെന്‍ഡിങ്ങിലും ഇടം പിടിച്ചു. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'കൊറോണ ജവാന്‍'. ജെയിംസ് &മാു; ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

◾ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച 'ഫാമിലി' 32-ാമത് ഇന്‍സ്ബ്രൂക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 15-ാമത് ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഉള്‍പ്പെടുത്തിയിരുന്നു. 2023 ജൂണ്‍ 7, 9 തീയതികളില്‍ ആണ് ചിത്രം ഇന്‍സ്ബ്രൂക്കിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മെയ് 7ന് പതിനഞ്ചാമത് ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കും. സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 'സോണി' എന്ന പ്രധാന വേഷത്തില്‍ വിനയ് ഫോര്‍ട്ട് അഭിനയിക്കുന്നു. നല്ല ഒരു മാതൃകാ ക്രിസ്ത്യാനിയായ സോണി തന്റെ നാട്ടുകാര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാനും, ബുദ്ധിമുട്ടുന്ന കുട്ടികളെ അവരുടെ പഠനത്തില്‍ സഹായിക്കാനും, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും എപ്പോഴും തയ്യാറാണ്. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദിവ്യപ്രഭ, നില്‍ജ കെ ബേബി, അഭിജ ശിവകല, മാത്യു തോമസ്, ജോളി ചിറയത്ത്, മനോജ് പണിക്കര്‍, ഇന്ദിര എ കെ, സജിത മഠത്തില്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

◾ഇന്ത്യന്‍ വിപണിയില്‍ ഒരു മാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്‌സ്. ഏപ്രിലില്‍ 6,516 വൈദ്യുത കാറുകളാണ് ടാറ്റ ഇന്ത്യയില്‍ വിറ്റത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനി ഇത്രയേറെ വൈദ്യുത കാറുകള്‍ വില്‍ക്കുന്നത്. എംജി, ഹ്യുണ്ടേയ് എന്നിങ്ങനെയുള്ള എതിരാളികളേക്കാള്‍ വൈദ്യുത കാര്‍ വില്‍പനയില്‍ ഏറെ മുന്നിലാണ് ടാറ്റ മോട്ടോഴ്‌സ്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്‌സണ്‍ ഇവി എന്നീ മോഡലുകളാണ് ടാറ്റയുടെ വൈദ്യുത കാര്‍ വില്‍പനയില്‍ മുന്നിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോവുന്ന വൈദ്യുത കാര്‍ ടാറ്റ നെക്‌സണ്‍ ഇവിയാണ്. മാര്‍ച്ചില്‍ 6,506 കാറുകള്‍ വിറ്റ ടാറ്റ മോട്ടോഴ്‌സ് ഏപ്രിലില്‍ 6,516 വൈദ്യുത കാറുകള്‍ വിറ്റാണ് അടിവെച്ചടിവെച്ച് മുന്നേറുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 179 ശതമാനമാണ് ടാറ്റ മോട്ടോഴ്‌സിന്റെ വൈദ്യുത കാര്‍ വില്‍പനയില്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്. 2,333 വൈദ്യുത കാറുകളാണ് കഴിഞ്ഞ വര്‍ഷം ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ടാറ്റ അവതരിപ്പിച്ച ടിയാഗോ ഇ.വിയാണ് കൂട്ടത്തില്‍ സൂപ്പര്‍ഹിറ്റ്. ആകെ കാര്‍ വില്‍പനയില്‍ 13 ശതമാനം വൈദ്യുത വാഹനങ്ങളാണ് വിറ്റതെന്നതും ടാറ്റയ്ക്ക് നേട്ടമാണ്.

◾മുത്തശ്ശിമാരും കാരണവന്മാരുമൊക്കെ പകര്‍ന്നുതന്ന അറിവുകള്‍ പിന്നീട് നാട്ടുവഴക്കങ്ങളായിത്തീര്‍ന്ന് സ്വരസഹായത്തോടെ ഉച്ചരിക്കാന്‍ കഴിയുന്നവയാണ് വ്യഞ്ജനങ്ങള്‍. പണ്ഡിതര്‍ അംഗീകരിച്ച അക്ഷരമാലയിലെ എല്ലാ വ്യഞ്ജനങ്ങളേയും എണ്ണിയാലൊടുങ്ങാത്തത്ര ഉദാഹരണങ്ങളെടുത്തുകാട്ടി വിശദീകരിച്ച്, സന്ദര്‍ഭത്തിനു യോജിച്ച കഥകളുള്‍പ്പെടുത്തി പ്രബലപ്പെടുത്തിയ പുസ്തകം. ഓരോ നാട്ടുവഴക്കപദങ്ങളും സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്നത്ര ലളിതമായി ഈ വിജ്ഞാനകോശത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. പണ്ടുകാലം മുതല്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന മലയാള ഭാഷാപദങ്ങളും ശൈലികളും പ്രയോഗങ്ങളുമൊക്കെ കൂടാതെ നാടകച്ചൊല്ലുകളും ഗ്രന്ഥകാരന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചുകുട്ടിക്കുപോലും മനസ്സിലാകുന്ന ലാളിത്യമുള്ള രചന ഈ കൃതിയുടെ പ്രത്യേകതയാണ്. 'നാട്ടുവഴക്ക വ്യഞ്ജന വിജ്ഞാനകോശം'. ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍. ഗ്രീന്‍ ബുക്സ്. വില 510 രൂപ.

◾നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് ഓക്സിജന്‍ അടങ്ങിയ ശുദ്ധരക്തം പമ്പ് ചെയ്യുന്ന അവയവമാണ് ഹൃദയം. ഇതിനു വേണ്ടി ഹൃദയം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മിടിച്ച് കൊണ്ടേയിരിക്കും. സാധാരണ ഒരു മുതിര്‍ന്നയാളിന്റെ ഹൃദയമിടിപ്പ് മിനിറ്റില്‍ 60 മുതല്‍ 100 എന്ന തോതിലായിരിക്കും. ശാരീരികമായി എന്തെങ്കിലും അധ്വാനത്തില്‍ ഏര്‍പ്പെടുമ്പോഴോ, ഭയക്കുമ്പോഴോ ഒക്കെ ഹൃദയമിടിപ്പ് വേഗത്തിലായെന്നു വരാം. അതേ പോലെ ശരീരം വിശ്രമിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഹൃദയതാളം അല്‍പം മന്ദഗതിയിലാകാം. എന്നാല്‍ ഇടയ്ക്കിടെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് ഒരു രോഗമാണ്. കാര്‍ഡിയാക് അരിത്മിയ എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. നമ്മുടെ ഹൃദയമിടിപ്പിനെ ഏകോപിപ്പിക്കുന്ന വൈദ്യുത പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാത്തപ്പോഴാണ് അരിത്മിയ ഉണ്ടാകുന്നത്. ഹൃദയം സാധാരണയിലും വേഗത്തില്‍ മിടിക്കുന്നതിനെ ടാക്കിക്കാര്‍ഡിയ അരിത്മിയ എന്നും മന്ദഗതിയില്‍ മിടിക്കുന്നതിനെ ബ്രാഡികാര്‍ഡിയ അരിത്മിയ എന്നും വിളിക്കുന്നു. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ജനിതക പ്രശ്നങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, പുകവലി, കോവിഡ്, അമിത മദ്യപാനം, അമിതമായ കഫൈന്‍ ഉപയോഗം എന്നിവയെല്ലാം അരിത്മിയയിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. ശ്വാസംമുട്ടല്‍, തലകറക്കം, തലയ്ക്ക് ഭാരമില്ലാത്ത അവസ്ഥ, ബോധക്ഷയം, ഉത്കണ്ഠ, നെഞ്ചു വേദന എന്നിങ്ങനെ പല പ്രശ്നങ്ങളും അരിത്മിയ മൂലം ഉണ്ടാകാം. ചിലതരം അരിത്മിയകള്‍ ദോഷകരമല്ലെങ്കിലും ചിലത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ പോലെ ജീവന്‍തന്നെ നഷ്ടമാകാന്‍ ഇടയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം. അസാധാരണ ഹൃദയമിടിപ്പിന്റെ കാരണം കണ്ടെത്തേണ്ടത് ചികിത്സ നല്‍കുന്നതില്‍ സുപ്രധാനമാണ്.

*ശുഭദിനം*

തന്റെ മരണം അടുത്തെത്താറായി എന്ന് അയാള്‍ക്ക് മനസ്സിലായി. അയാള്‍ തന്റെ മകനെ അടുത്തുവിളിച്ചു പറഞ്ഞു: നീ ഒരു കരിക്കട്ടയും ഒരു ചന്ദനവും കൊണ്ടുവരിക. അവന്‍ അടുക്കളയില്‍ നിന്നും കരിക്കട്ടയും പറമ്പിലെ ചന്ദനമരത്തില്‍ നിന്ന് ഒരു കൊമ്പും കൊണ്ടുവന്നു. രണ്ടും രണ്ടുകയ്യില്‍ കുറച്ച് നേരം മുറുകെ പിടിച്ച ശേഷം താഴെയിടാന്‍ അയാള്‍ ആവശ്യപ്പെട്ടു. രണ്ടും താഴെയിട്ടപ്പോള്‍ അയാള്‍ ചോദിച്ചു: ഇപ്പോള്‍ രണ്ടു കൈകളിലും എന്ത് കാണുന്നു അവന്‍ പറഞ്ഞു: ഒരു കയ്യില്‍ നിറയെ കരിയാണ്. മറ്റെ കയ്യില്‍ ഒന്നുമില്ല. ആ കൈ ഒന്ന് മണത്തുനോക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. അങ്ങിനെ ചെയ്തപ്പോള്‍ അവന് ചന്ദനത്തിന്റെ ഗന്ധം കിട്ടി. അച്ഛന്‍ പറഞ്ഞു: നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്ന ബന്ധങ്ങളും ഇതുപോലെയാണ്. ചിലത് കരിയും ചെളിയും സമ്മാനിക്കും. ചിലത് സുഗന്ധവും. എന്ത് അവശേഷിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ബന്ധങ്ങളുടെയേും തുടര്‍ച്ച തീരുമാനിക്കേണ്ടത്. അടുത്തുണ്ടായിരിക്കുമ്പോള്‍ ഉള്ള ആസ്വാദ്യതയേക്കാള്‍ മുഖ്യമാണ് അകന്നുകഴിയുമ്പോഴുള്ള അടയാളങ്ങള്‍. ന്യൂനതകളില്ലാത്തവരുമായി ബന്ധം പുലര്‍ത്താനോ എല്ലാം തികഞ്ഞവരെ കണ്ടെത്താനോ നമുക്ക് കഴിഞ്ഞെന്നു വരില്ല. പക്ഷേ, സ്വന്തം ആത്മാവിനെ നശിപ്പിക്കുന്ന ബന്ധങ്ങളില്‍ നിന്നും നമുക്ക് വിടപറയാന്‍ സാധിക്കും. പ്രത്യക്ഷത്തില്‍ ഒന്നും തരുന്നില്ലെന്ന് തോന്നിപ്പിക്കുന്ന ചില ബന്ധങ്ങളുണ്ട്. ഒരിക്കലവര്‍ അകന്നുപോയാലും ആ സുഗന്ധം അനുനിമിഷം പ്രസരിച്ചുകൊണ്ടേയിരിക്കും. എന്നും കാണുന്നതിലോ ആശ്ലേഷിക്കുന്നതിലോ സമ്മാനങ്ങള്‍ കൈമാറുന്നതിലോ അല്ല ബന്ധങ്ങളുടെ സൗന്ദര്യം. അത്യപൂര്‍വ്വമായി കണ്ടുമുട്ടുമ്പോഴും ആയുസ്സിന് കൂട്ടാകുന്ന ചിലത്


 അവശേഷിപ്പിക്കുന്ന ബന്ധങ്ങള്‍.. അത്തരം ബന്ധങ്ങളെ നമുക്ക് കൂടെ കൂട്ടാം. - *ശുഭദിനം.*