◾രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ താത്കാലിക വെടിനിര്‍ത്തല്‍. മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും ഒന്നിച്ച് നീങ്ങാന്‍ ധാരണയായി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉറപ്പു നല്‍കി. ഡല്‍ഹിയിലായിരുന്നു ചര്‍ച്ച.
◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെന്‍കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമേറ്റെന്നാണു സംശയം.
◾നിയമസഭാ കൈയങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരെ കെപിസിസിയുടെ തടസ ഹര്‍ജി. സിപിഐ നേതാക്കളായ ബിജിമോളും ഗീതാ ഗോപിയും നല്‍കിയ ഹര്‍ജി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജികള്‍ അടുത്ത മാസം 16 ലേക്ക് മാറ്റി.
◾പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ ആരോപണം ഉന്നയിച്ച നിയമസഭാ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരേയും കേസെടുത്ത പോലീസ് എസ്ഐക്കെതിരേയും രമേശ് ചെന്നിത്തല നല്‍കിയ അവകാശ ലംഘന നോട്ടീസില്‍ സ്പീക്കറുടെ നടപടി. ചെന്നിത്തലയുടെ പരാതി എത്തിക്സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.
◾വന്യജീവികളുടെ ആക്രമണം തടയുന്നതിനും ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനും 40 ഫോറസ്റ്റ് സ്റ്റേഷനുകളും ഏഴ് ആര്‍ആര്‍ടികളും ആരംഭിക്കണമെന്ന വനം വകുപ്പിന്റെ ശുപാര്‍ശ പരിഗണിക്കാതെ ധന വകുപ്പ്. അഞ്ചു വര്‍ഷത്തിനിടെ നാലു തവണ ആവശ്യം ഉന്നയിച്ച് വനം വകുപ്പ് കത്തു നല്‍കിയെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം ധനവകുപ്പ് അംഗീകാരം നല്‍കിയില്ല.
◾വേമ്പനാട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മൂന്നു തമിഴ്നാട് സ്വദേശികളെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചു. മണ്‍തിട്ടയില്‍ ഇടിച്ചു മറിയുകയായിരുന്നു.
◾മഴ സാധ്യത തുടരുന്നു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
◾സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍. തൃശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു തട്ടിപ്പ്.
◾മലപ്പുറം ആലിപറമ്പ് സ്വദേശിയായ 65 കാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റിലായി. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതന്‍കോടന്‍ വീട്ടില്‍ ഷബാന(37) നെയാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടില്‍ ഷബീറലി(37), താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◾നിര്‍ധന കുടുംബത്തിനു സഹായങ്ങള്‍ നല്‍കാമെന്നു വിശ്വസിപ്പിച്ചു കബളിപ്പിച്ച് വീടും വസ്തുവും തട്ടിയെടുത്ത വിരുതന്‍ അറസ്റ്റിലായി. കൊല്ലം ആദിച്ചനല്ലൂര്‍ തഴുത്തല ശരണ്‍ ഭവനത്തില്‍ ശരണ്‍ ബാബു (34) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. താമരക്കുളം മേക്കും മുറിയില്‍ കൊച്ചുപുത്തന്‍ വിള സുനില്‍ ഭവനത്തില്‍ സുശീലയുടെ (49)വീടും വസ്തുവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
◾ജര്‍മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ തൃശൂര്‍ ആറങ്ങോട്ടുകര സ്വദേശിനി സരിത ഗോപി (34) അറസ്റ്റിലായി.
◾ഇന്ത്യന്‍ ആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതിന് അറസ്റ്റിലായ കൊല്ലം ആണ്ടൂര്‍ പൂവനത്തും വിള പുത്തന്‍ വീട്ടില്‍ സന്തോഷ് കുമാറിനെതിരേ (48) 37 പരാതികളുണ്ടെന്ന് പോലീസ്. ഇയാള്‍ മരട് അസറ്റ് കൊട്ടാരം അപ്പാര്‍ട്ട്മെന്റില്‍ ആണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
◾കോഴിക്കോട് കൊമ്മേരി അമ്മാട്ട് പറമ്പ് കിരണ്‍ കുമാര്‍ കൊല്ലപ്പെട്ട കേസില്‍ അഞ്ചു പ്രതികള്‍ അറസ്റ്റിലായി. കൊമ്മേരി എരവത്തുകുന്ന് സ്വദേശികളായ അമ്മാട്ടുമീത്തല്‍ സതീശന്‍ (41), അമ്മാട്ടുമീത്തല്‍ സൂരജ് (27), മന്നിങ്ങ് വീട്ടില്‍ മനോജ് (മനു - 52 ), അമ്മാട്ട് ഉമേഷ് (50), അമ്മാട്ട് ജിനേഷ് (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◾കോഴിക്കോട് എലത്തൂരില്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനു മുന്നിലേക്കു ചാടി അജ്ഞാതന്‍ ആത്മഹത്യ ചെയ്തു. ട്രെയിനിന്റെ മുന്‍ഭാഗത്തു കേടുപാടുകളണ്ടായി.
◾കോഴിക്കോട് മുക്കം മണാശേരിയില്‍ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനില്‍കുമാറിന്റെ മകന്‍ കാശിനാഥന്‍ ആണ് മരിച്ചത്.
◾വയനാട്ടില്‍ പനമരം-മാനന്തവാടി റൂട്ടിലെ കൈതക്കലില്‍ വാഹനാപകടത്തില്‍ കാല്‍നട യാത്രക്കാരനായ കൈതക്കല്‍ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകന്‍ ബാബു (54) മരിച്ചു.
◾നായയെ കുളിപ്പിക്കുന്നതിനിടയില്‍ മുംബൈയില്‍ തടാകത്തില്‍ മുങ്ങി മരിച്ച സഹോദരങ്ങളുടെ മൃതദേഹം ഹരിപ്പാട് താമല്ലാക്കലില്‍ സംസ്‌കരിച്ചു. കുമാരപുരം താമല്ലാക്കല്‍ ശബരിയില്‍ രവീന്ദ്രന്‍ - ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (21), സഹോദരി കീര്‍ത്തി (17) എന്നിവരുടെ മൃതദേഹമാണ് സംസ്‌കരിച്ചത്.
◾ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിനു മുകളില്‍ മരം ഒടിഞ്ഞ് വീണു. ഇരിട്ടി- ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് അപകടം. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
◾യുവതി ജീവനൊടുക്കിയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലിനെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭീഷണിമൂലമാണ് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്.
◾കണ്ണൂരില്‍ 10, 12 വയസുള്ള വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കണ്ണവം സ്റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകന്‍ പെരിന്തല്‍മണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് അറസ്റ്റു ചെയ്തത്.
◾'നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണെ' ന്ന് നടി അപര്‍ണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും റോഡിലൂടെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതികരണം.
◾കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍. രാത്രി എത്തിയ അമിത് ഷാ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അമിത് ഷാ അക്രമ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. വിവിധ ജനവിഭാഗങ്ങളുമായി സംസാരിക്കും. എണ്‍പതോളം പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
◾മണിപ്പുരില്‍ ചൈനീസ് ആയുധങ്ങളുമായി മൂന്ന് അക്രമികള്‍ പിടിയില്‍. 25 അക്രമികളെ പിടികൂടി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നതിനു മുന്‍പേയാണ് അക്രമികളെ സൈന്യം പിടികൂടിയത്.
◾ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരായ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ഒളിംപിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്. ഭാവി പരിപാടികള്‍ ഉടന്‍ അറിയിക്കുമെന്നും സാക്ഷി മാലിക് അറിയിച്ചു. സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കുള്ള വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
◾പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ ഏക എംഎല്‍എ ബൈറോണ്‍ വിശ്വാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തോടയാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് നിയമസഭാംഗമായത്.
◾മൈസുരുവില്‍ വാഹനാപകടത്തില്‍ പത്തു പേര്‍ മരിച്ചു. കൊല്ലഗല്‍ - ടി നരസിപുര മെയിന്‍ റോഡില്‍ സ്വകാര്യ ബസും ടൊയോട്ട എസ്യുവി കാറും കൂട്ടിയിടിക്കുകയായിരുന്നു. ബെല്ലാരിയിലെ സംഗനക്കല്‍ സ്വദേശികളാണ് മരിച്ചത്.
◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളില്‍ 150 ലും കോണ്‍ഗ്രസ് വിജയം നേടും. മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും വ്യക്തമാക്കി.
◾ഡല്‍ഹിയിലെ രോഹിണിയില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയ 20 കാരനായ കാമുകന്‍ സാഹിലിനെ അറസ്റ്റു ചെയ്തു. ഷഹബാദില്‍ ആളുകള്‍ നോക്കിനില്‍ക്കേയാണ് പെണ്‍കുട്ടിയെ കല്ലുകൊണ്ടു തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയും കൊന്നത്.
◾യുഎസിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകന്‍ ജൂഡ് ചാക്കോയാണ്(21) മരിച്ചത്.
◾കാനഡയില്‍ വിവാഹ സല്‍ക്കാര വേദിക്കരികില്‍ ഇന്ത്യന്‍ വംശജനായ ഗുണ്ടാനേതാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. കുപ്രസിദ്ധ കുറ്റവാളി പഞ്ചാബ് വംശജനായ അമര്‍പ്രീത്(28) ആണ് കൊല്ലപ്പെട്ടത്.
◾കിരീടം 'തല'ക്കു തന്നെ. ഗുജറാത്തിനെ തകര്‍ത്ത് 5-ാം ഐപിഎല്‍ കിരീടം സ്വന്തമാക്കി ധോനിയും സംഘവും. മഴയ്ക്കും തണുപ്പിക്കാനാകാത്ത ഫൈനല്‍ ത്രില്ലര്‍ പോരാട്ടത്തില്‍ അവസാന പന്തില്‍ ഫോറടിച്ച് ലക്ഷ്യത്തിലെത്തിയ ചെന്നൈക്ക് 5 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 47 പന്തില്‍ 96 റണ്‍സെടുത്ത് പുറത്തായ സായ് സുദര്‍ശന്റെ കരുത്തില്‍ 214 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ചെന്നൈ ഇറങ്ങിയതിനു പിന്നാലെയെത്തിയ മഴയും കാറ്റും മത്സരം തടസപ്പെടുത്തി. മഴ കാരണം ഏറെ നേരം നഷ്ടമായതിനാല്‍ മത്സരം 15 ഓവറായി ചുരുക്കിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിച്ചു. റുതുരാജ് ഗെയ്ക്കവാദും ഡെവണ്‍ കോണ്‍വേയും മികച്ച തുടക്കം നല്‍കിയ മത്സരത്തിന്റെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന നാല് റണ്‍സ് നേടി രവീന്ദ്ര ജഡേജ ചെന്നൈക്ക് അഞ്ചാം കിരീടം നേടി കൊടുത്തു. ഇതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിന് ഒപ്പം എം എസ് ധോണിയെത്തി.
◾രാജ്യത്തെ ലിസ്റ്റഡ് കമ്പനികള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ച ലാഭവിഹിതം 3.26 ലക്ഷം കോടി രൂപ. 2021-22ലെ 2.6 ലക്ഷം കോടി രൂപയേക്കാള്‍ 26 ശതമാനം അധികം. ബി.എസ്.ഇ 500ല്‍ ലിസ്റ്റ് ചെയ്ത 317 കമ്പനികള്‍ ചേര്‍ന്ന് നല്‍കിയതാണ് 3.26 ലക്ഷം കോടി രൂപ. കമ്പനികളുടെ ലാഭവിഹിത അനുപാതം 2021-22ലെ 34.66 ശതമാനത്തില്‍ നിന്ന് 41.46 ശതമാനമായും ഉയര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ 167.4 ശതമാനം വര്‍ദ്ധനയോടെ 42,090 കോടി രൂപ ലാഭവിഹിതം സമ്മാനിച്ച് രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസാണ് കഴിഞ്ഞവര്‍ഷം ഒന്നാമത്. ഖനന രംഗത്തെ പ്രമുഖരായ വേദാന്തയാണ് രണ്ടാംസ്ഥാനത്ത്; ലാഭവിഹിതം 126 ശതമാനം വര്‍ദ്ധനയോടെ 37,758 കോടി രൂപ. 319 ശതമാനം വര്‍ദ്ധനയോടെ 31,899 കോടി രൂപ ലാഭവിഹിതവുമായി ഹിന്ദുസ്ഥാന്‍ സിങ്ക് മൂന്നാംസ്ഥാനത്തുണ്ട്. കോള്‍ ഇന്ത്യ 20,491 കോടി രൂപയും (വര്‍ദ്ധന 95.6 ശതമാനം) ഐ.ടി.സി 15,846 കോടി രൂപയും (വര്‍ദ്ധന 11.8 ശതമാനം) ലാഭവിഹിതം നല്‍കി. ഓഹരിയൊന്നിന് ഏറ്റവും ഉയര്‍ന്ന തുക ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനികളുടെ പട്ടികയിലും മുന്നില്‍ ടി.സി.എസാണ്. 115 രൂപ! 2021-22ല്‍ ഇത് 43 രൂപയായിരുന്നു. വേദാന്തയുടെ ലാഭവിഹിതം 45 രൂപയില്‍ നിന്ന് 101.50 രൂപയായി ഉയര്‍ന്നു. 18 രൂപയില്‍ നിന്ന് 75.50 രൂപയായാണ് ഹിന്ദുസ്ഥാന്‍ സിങ്ക് പ്രഖ്യാപിച്ച ലാഭവിഹിതം ഉയര്‍ന്നത്. വേദാന്ത നടപ്പുവര്‍ഷത്തെ (2023-24) ആദ്യ ലാഭവിഹിതവും പ്രഖ്യാപിച്ച് കഴിഞ്ഞു. ഓഹരിയൊന്നിന് 18.50 രൂപവീതമാണിത്. ഈയിനത്തില്‍ കമ്പനി ആകെ ചെലവാക്കുന്നത് 6,877 കോടി രൂപയാണ്.
◾പ്രഭാസ് നായകനായി എത്തുന്ന 'ആദിപുരുഷ്' വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്റെ റിലീസ് ജൂണ്‍ 16 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'റാം സീതാ റാം' എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതിയുമാണ് അഭിനയിച്ചിരിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള ഗാനവും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ എത്തിയിട്ടുണ്ട്. മനോജ് മുംതാഷിറിന്റെ വരികള്‍ക്ക് സംഗീത ജോഡിയായ സച്ചേത്- പറമ്പാറയാണ് സംഗീതം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത്. രാമനും സീതയും തമ്മിലുള്ള ആത്മബന്ധം എത്രമാത്രമാണെന്ന് കാട്ടി തരികയാണ് ഈ ഗാനം. പ്രണയവും ഭക്തിയും ആദരവും ഒരുപോലെ ഈ ഗാനത്തില്‍ തെളിഞ്ഞു കാണുന്നു.
◾ബോക്സ് ഓഫീസില്‍ മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് വിജയകരമായി പ്രദര്‍ശനം തുടരുകയാണ് '2018'. 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഇപ്പോഴിതാ '2018' ഒടിടി സ്ട്രീമിംഗ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സോണി ലിവിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ജൂണ്‍ ഏഴ് മുതലാണ് '2018' സിനിമ സോണി ലിവില്‍ ലഭ്യമാകുക. ഒരു മലയാള സിനിമ ഇത് ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഈ വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ടിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജൂഡിനൊപ്പം അഖില്‍ പി ധര്‍മജനും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. വേണു കുന്നപ്പിള്ളി, സി കെ പദ്മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് '2018' നിര്‍മിച്ചത്.
◾ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മാഗ്‌നൈറ്റ് ജീസ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്സ്എല്‍ വേരിയന്റിനേക്കാള്‍ 35,000 രൂപ അധികമാണ് പ്രത്യേക പതിപ്പിന്. 7.39 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരും പുതിയ മോഡലിന്. കോംപാക്റ്റ് എസ്യുവിയുടെ പുതിയ പതിപ്പ് സാന്‍ഡ്‌സ്റ്റോണ്‍ ബ്രൗണ്‍, ബ്ലേഡ് സില്‍വര്‍, ഓനിക്സ് ബ്ലാക്ക്, ഫ്ലെയര്‍ ഗാര്‍നെറ്റ് റെഡ്, സ്‌ട്രോം വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ഉള്ളത്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന അപ്‌ഡേറ്റുകളിലൊന്ന്. ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നതിനായി, കാര്‍ നിര്‍മ്മാതാവ് ഒരു ജെബിഎല്‍ സൗണ്ട് സിസ്റ്റം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. നിസാന്‍ മാഗ്‌നൈറ്റ് ജീസ എഡിഷന്‍ 1.0 ലീറ്റര്‍, 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് വരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയ്‌ക്കൊപ്പം 100 ബിഎച്ച്പി, 1.0 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി സബ്‌കോംപാക്റ്റ് എസ്യുവി ലഭ്യമാണ്.
◾ബാല്യകാലത്തിലെ രക്ഷിതാക്കള്‍ നഷ്ട്ടപെട്ട സുനീതി വളര്‍ന്നത് അനാഥരായ ബ്രാഹ്‌മണക്കുട്ടികള്‍ക്കുള്ള ഭവാനിമന്ദിരത്തിലാണ്. കൗമാരത്തില്‍ എപ്പോഴോ തോന്നിയ പ്രണയം അവളുടെ ജീവിതം തകര്‍ക്കുന്നു. ഗര്‍ഭിണിയായ സുനീതിക്ക് ഒരു ദരിദ്ര ബ്രാഹ്‌മണന്റെ രണ്ടാം പത്നിയായി ജീവിതമാരംഭിക്കേണ്ടിവരുന്നു. ദുരിതവും സങ്കടങ്ങളും നിറഞ്ഞ ജീവിതത്തില്‍ അവള്‍ക്ക് താങ്ങായി മാറുന്ന സപത്നിയുടെ കഥ വായനക്കാരുടെ ഹൃദയം കവരുന്നു. 'സപത്നി'. ചന്ദ്രക്കല എസ് കമ്മത്ത്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 366 രൂപ.