◾മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിക്കും എഐസിസി ആസ്ഥാനത്തിനും സുരക്ഷ കൂട്ടി. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ബജ്രംഗ്ദളിനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബജ്രംഗ്ദള്‍ മാര്‍ച്ച് നടത്തുന്നതിനാലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. അധികാരത്തില്‍ വന്നാല്‍ ബജ്രംഗദളും പോപ്പുലര്‍ ഫ്രണ്ടുംപോലെ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ പരാമര്‍ശം.
◾എന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന തീരുമാനം പുനപരിശോധിക്കുമെന്ന് ശരത് പവാര്‍. സഹപ്രവര്‍ത്തകരുടെ സമ്മര്‍ദംമൂലമാണ് പുനപരിശോധിക്കുമെന്നു ശരത് പവാര്‍ സമ്മതിച്ചതെന്ന് മരുമകന്‍ അജിത് പവാര്‍ വെളിപെടുത്തി. പാര്‍ട്ടിയുടെ അടുത്ത അധ്യക്ഷന്‍ ബിജെപിയുമായി അടുക്കാന്‍ ആഗ്രഹിക്കുന്ന അജിത്കുമാര്‍ ആകുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നതിനിടെയാണ് ഈ പ്രതികരണം.
◾പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ജൂണ്‍ 26 വരെയാക്കി നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേയാണ് തീയതി നീട്ടിയത്. യുഎഎന്‍ അംഗങ്ങള്‍ക്ക് ഇ-സേവ പോര്‍ട്ടലിലൂടെ പെന്‍ഷന്‍ ഓപ്ഷന്‍ നല്‍കാം. (https://unifiedportal-mem.epfindia.gov.in/memberinterfac-e/). അപേക്ഷ സമര്‍പ്പിച്ചതിനുശേഷം തൊഴിലുടമ സ്ഥിരീകരിക്കും.
◾റോഡ് കാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്കു ചലാന്‍ അയക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. മേയ് 19 വരെ നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കില്ലെങ്കിലും ചലാന്‍ അയക്കാനാണു തീരുമാനം. പിഴ ഈടാക്കാത്തതു നിയമപ്രശ്നമാകുമെന്നതു മറികടക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്.
◾താലൂക്ക് അദാലത്തിലേക്കു നേരത്തെ പരാതി നല്‍കാന്‍ കഴിയാത്ത അപേക്ഷകരെ തിരിച്ചയയ്ക്കില്ലെന്നും പരാതികള്‍ സ്വീകരിച്ച് മറ്റൊരു ദിവസം പരിഹാരം കാണുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും അദാലത്തിന്റെ തിരുവനന്തപുരം താലൂക്കുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
◾എ ഐ ക്യാമറ വിവാദത്തില്‍ മൂന്ന് രേഖകള്‍ കൂടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫേസ് ബുക്കിലൂടെ പുറത്തുവിട്ടു. 'ക്യാമറ കുംഭകോണം പുകമറയില്‍ അല്ല മുഖ്യാ, മറിച്ച് അങ്ങാണ് പുകമറയില്‍ ഒളിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് രേഖകള്‍ പുറത്തുവിട്ടത്. കെല്‍ട്രോണ്‍ പുറത്തുവിട്ട രണ്ടു രേഖകളില്‍ ഒന്ന് ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് ആണെന്നും അതിലാണ് ഗുരുതരമായ ക്രമക്കേടുള്ളതെന്നും ചെന്നിത്തല വിവരിച്ചു.
◾പാരിസ്ഥിതിക പ്രതിസന്ധിയുണ്ടാക്കുന്നതും ജനങ്ങളെ കുടിയിറക്കുന്നതുമായ കൃത്രിമ ജലപാത നിര്‍മ്മാണത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെ റെയില്‍ പോലെ ജനങ്ങളെ ദ്രോഹിക്കുന്ന മറ്റൊരു പദ്ധതിയാണിത്. പ്രദേശവാസികളെപ്പോലും അറിയിക്കാതെ പാതയുടെ സര്‍വെ പ്രവര്‍ത്തികള്‍ ജനാധിപത്യ വിരുദ്ധമായിട്ടാണ് നടത്തിവരുന്നതെന്നും സുധാകരന്‍.
◾സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ക്രിമിനല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.
◾അപകീര്‍ത്തി കേസ് കൊടുത്ത് വിരട്ടാമെന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മറുപടി. ഇനി കോടതിയില്‍ കാണാമെന്നും സ്വപ്ന പ്രതികരിച്ചു.
◾ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണത്തില്‍ 32,000 യുവതികളെ ഭീകരസംഘടനയിലേക്കു കടത്തിയെന്ന ആരോപണം തിരുത്തി മൂന്നു പേരെ എന്നാക്കി. ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിലാണു തിരുത്തല്‍ വരുത്തിയത്.
◾ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിലും ഹര്‍ജി. അടിയന്തര സ്റ്റേ എന്ന ആവശ്യം കോടതി തള്ളി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് വിശദീകരണം തേടിയ ഡിവിഷന്‍ ബെഞ്ച്, ഹര്‍ജി പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്കു മാറ്റി.
◾മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെ റെയില്‍ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ എഐ കാമറ പദ്ധതിയെയും തോല്പിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കാമറാ പദ്ധതി സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകളാണ് പുറത്തുവന്നതെന്നും സുധാകരന്‍.
◾എ ഐ കാമറാ ഇടപാടുകളില്‍ തട്ടിപ്പുകളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഊരാളുങ്കല്‍ അടക്കമുള്ള കമ്പനികള്‍ ഉപ കരാര്‍ കൊടുക്കുന്നത് പ്രിസാഡിയോ എന്ന കമ്പനിക്കാണ്. സര്‍ക്കാരില്‍നിന്ന് കിട്ടുന്ന പര്‍ച്ചേസ് ഓര്‍ഡറും കമ്മീഷനും എല്ലാം കിട്ടുന്നത് ഇതേ കമ്പനിക്കുതന്നെയാണ്. മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
◾കേരളം തീവ്രവാദത്തിന്റേ മുഖ്യ കേന്ദ്രമായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല. മാറാട് ദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ സമിതി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
◾ദക്ഷിണ വ്യോമസേനാ മേധാവിയായി കോട്ടയം സ്വദേശിയും എയര്‍ മാര്‍ഷലുമായ ബാലകൃഷ്ണന്‍ മണികണ്ഠന്‍ ചുമതലയേറ്റു.
◾തടഞ്ഞുവച്ച മീഡിയവണ്‍ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കി. 10 വര്‍ഷത്തേക്കാണു ലൈസന്‍സ് പുതുക്കിയത്. സുപ്രിംകോടതി വിധിയെത്തുടര്‍ന്നാണ് കേന്ദ്രം ലൈസന്‍സ് പുതുക്കി നല്‍കിയത്.
◾അരുവിക്കര കാച്ചാണി സ്വദേശിയായ അനുപ്രിയ (29) ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റില്‍. അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്‍മഥന്‍ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ ഭര്‍ത്താവ് മനു ഗള്‍ഫിലാണ്. അനുപ്രിയയുടെ മുറിയില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു.
◾കോഴിക്കോട് വാണിമേലില്‍ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. ഭൂമിവാതുക്കല്‍ സ്വദേശി കക്കൂട്ടത്തില്‍ റഷീദാണ് (47) മരിച്ചത്. 2018 ല്‍ ഭൂമിവാതുക്കല്‍ സ്വദേശി താഴെകണ്ടി സിറാജിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം തട്ടുകട നടത്തുകയായിരുന്നു.
◾മലപ്പുറം എടവണ്ണയില്‍ യുവാവിനെ വെടിവച്ചു കൊന്ന കേസില്‍ മുഖ്യപ്രതിക്കു തോക്കു നല്‍കിയ ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. മുഖ്യ പ്രതി മുഹമ്മദ് ഷാന് തോക്ക് നല്‍കിയ ഖുര്‍ഷിദ് ആലമാണ് യുപിയിലെ ഹാപ്പൂരില്‍ പിടിയിലായത്. രണ്ട് വര്‍ഷം മുമ്പ് സൗദിയില്‍ ജയിലില്‍ കിടക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. ഒരു ലക്ഷത്തി പതിനായിരം രൂപക്കാണ് ഖുര്‍ഷിദില്‍നിന്നു മുഹമ്മദ് ഷാന്‍ പിസ്റ്റല്‍ വാങ്ങിയത്.
◾കഞ്ചാവ് കേസില്‍ മകനെ രക്ഷിക്കാന്‍ ശ്രമിച്ച എസ്ഐക്ക് സസ്പെന്‍ഷന്‍. എറണാകുളം തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സാജനെയാണ് സസ്പെന്‍ഡു ചെയ്തത്. 28 കിലോ കഞ്ചാവ് കടത്തിയ മകന്‍ നവീനെ സംരക്ഷിക്കുകയും വിദേശത്തേക്ക് രക്ഷപെടാന്‍ സഹായിക്കുകയും ചെയ്തെന്നാണു കേസ്.
◾ബല്‍ഹോത്ര എന്ന സ്ഥലത്തെ തുണി ഇറക്കുമതി ബിസിനസില്‍ പങ്കാളിയാക്കി ലാഭം നല്‍കാമെന്ന് പറഞ്ഞ് രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയായ യുവതി അറസ്റ്റില്‍. ചങ്ങനാശ്ശേരി പെരുന്ന കിഴക്കേ കുടില്‍ വീട്ടില്‍ നിന്നും തൃക്കൊടിത്താനം പൊട്ടശ്ശേരിയില്‍ താമസിക്കുന്ന മാവേലി മറ്റം തൈപ്പറമ്പില്‍ വീട്ടില്‍ അനസിന്റെ ഭാര്യയായ സജന സലിം (41) ആണ് അറസ്റ്റിലായത്. കായംകുളം കീരിക്കാട് സ്വദേശിയില്‍നിന്നാണു രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തത്.
◾നെടുമ്പാശേരിയില്‍ 53 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നേകാല്‍ കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. കാസര്‍കോഡ് സ്വദേശി മുഹമ്മദ് ഷുഹൈബാണ് പിടിയിലായത്.
◾വിമാന ടിക്കറ്റെടുക്കാന്‍ പണം നല്‍കി തട്ടിപ്പിനിരയായവര്‍ കട്ടപ്പനയിലെ ട്രാവല്‍ ഏജന്‍സിയില്‍ പെട്രോള്‍ കുപ്പികളുമായി എത്തി. പഴയ ബസ് സ്റ്റാന്‍ഡിലെ സ്‌കൈലിങ്ക് ട്രാവല്‍സിലാണ് യുവാക്കള്‍ പെട്രോള്‍ നിറച്ച കുപ്പികളുമായെത്തിയത്. കട്ടപ്പന പൊലീസെത്തി പണം തിരിച്ചു നല്‍കാമെന്നു ധാരണയുണ്ടാക്കിയശേഷമാണ് സമരക്കാര്‍ പിരിഞ്ഞു പോയത്.
◾മകനെ കൊല്ലുമെന്നു ഭീഷണിപെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വെള്ളയില്‍ സ്വദേശി അറസ്റ്റില്‍. നാലുകുടിപറമ്പ് അജ്മല്‍ കെ പി (30) യെ ആണ് അറസ്റ്റു ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയായ അജ്മലിനൊപ്പം ജോലി ചെയ്യുന്ന യുവാവിനെ കള്ളകേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപെടുത്തിയാണ് വീട്ടമ്മയെ പഡിപ്പിച്ചതെന്നാണു പരാതി.
◾മാഹിയില്‍ നിന്നു സ്‌കൂട്ടറില്‍ കടത്തിയ 68 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ പനയതട്ട് വാപ്പാഞ്ചേരി നിഖിലിനെയാണ് (30) അറസ്റ്റു ചെയ്തത്.
◾ഹനുമാന്റെ നാട്ടില്‍ ആദരമേകാന്‍ താന്‍ എത്തിയപ്പോള്‍ 'ജയ് ബജ്റംഗ്ബലി' എന്നു വിളിക്കുന്നവരെ തടയുമെന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പരാമര്‍ശത്തിനെതിരേയാണ് മോദിയുടെ വിമര്‍ശനം. ശ്രീരാമനെ നേരത്തെത്തന്നെ എതിര്‍ത്തവരാണ് ഇപ്പോള്‍ 'ജയ് ബജ്റംഗ്ബലി' എന്നു വിളിക്കുന്നവരെ എതിര്‍ക്കുന്നതെന്നും മോദി പറഞ്ഞു.
◾വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയായ ബജ്രംഗ്ദളിനെ ഹനുമാനോട് ഉപമിച്ച് ലക്ഷക്കണക്കിനു ഹനുമാന്‍ ഭക്തരെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചു തെരഞ്ഞെടുപ്പിനെ നേരിടാന്‍ മോദി തയാറാകണമെന്ന് എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. അപകീര്‍ത്തി കേസില്‍ ശിക്ഷിച്ചുകൊണ്ടുള്ള വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വേനലവധിക്കു ശേഷമേ വിധി പറയൂ.
◾ആന്‍ഡമാന്‍ ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ മാപ്പപേക്ഷ നല്‍കിയ സവര്‍ക്കര്‍ ഭീരുവാണെന്ന രാഹുലിന്റെ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ലക്നൗ കോടതി. ഭാരത് ജോഡോ യാത്രക്കിടെ മുംബൈയില്‍ നടത്തിയ പ്രസംഗത്തിലാണ് അന്വേഷണം നടത്താന്‍ പോലീസിനു നിര്‍ദേശം നല്‍കിയത്.
◾കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്ടറില്‍ പക്ഷിയിടിച്ച് അപകടം. മുളബാഗിലുവിലേക്കുള്ള യാത്രക്കിടെ പക്ഷി ഇടിച്ചതുമൂലം എച്ചഎഎല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ലാന്‍ഡുചെയ്തു. ശിവകുമാറിനൊപ്പം യാത്ര ചെയ്ത ഒരാള്‍ക്ക് നിസാര പരിക്കേറ്റു.
◾ബില്‍ക്കിസ് ബാനു കേസില്‍ വേനലവധിക്കുശേഷം ജൂലൈയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് കെഎം ജോസഫ് വിരമിക്കും മുമ്പ് തീര്‍പ്പുണ്ടാകില്ല. പ്രതികള്‍ക്കെല്ലാം നോട്ടീസ് കിട്ടിയിട്ടില്ല എന്ന സാങ്കേതിക വിഷയം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു.
◾ആന്‍ഡ്രോയിഡ് കേസില്‍ ടെക് ഭീമനായ ഗൂഗിള്‍ 1337.76 കോടി രൂപ പിഴയടച്ചു. മല്‍സരം ഒഴിവാക്കി ആധിപത്യം ഉറപ്പിക്കാന്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ഒക്ടോബറിലാണു ഗൂഗിളിന് പിഴ ചുമത്തിയത്.
◾ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ നല്‍കിയിരുന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബുധന്‍, വ്യാഴം എന്നീ രണ്ടു ദിവസത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
◾ആഭ്യന്തര കലാപമുള്ള സുഡാനിലെ ഇന്ത്യന്‍ എംബസി മാറ്റി. ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി പോര്‍ട്ട് സുഡാനിലേക്കാണ് താല്‍കാലികമായി മാറ്റിയത്. സുഡാനില്‍നിന്ന് ഒഴിപ്പിച്ച 231 പേരെ കൂടി അഹമ്മദാബാദില്‍ വിമാനമാര്‍ഗം എത്തിച്ചു. ഇതുവരെ മൂവായിരത്തോളം പേരെ സുഡാനില്‍നിന്ന് ഒഴിപ്പിച്ചു.
◾ഐപിഎല്ലില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 5 റണ്‍സിന് തോല്‍പിച്ച് അവസാന സ്ഥാനക്കാരായ ഡല്‍ഹി കാപ്പിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപ്പിറ്റല്‍സിനെ 8 വിക്കറ്റിന് 130 എന്ന ചെറിയ സ്‌കോറില്‍ പുറത്താക്കിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 59 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ക്രീസിലുണ്ടായിരുന്നിട്ടും അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിന് വെറും 6 റണ്‍സ് മാത്രം വിട്ടു നല്‍കിയ ഇഷാന്ത് ശര്‍മയാണ് ഡല്‍ഹിക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. അതേസമയം നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടുനല്‍കി ഡല്‍ഹിയുടെ നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കളിയിലെ താരം.
◾ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന എഫ്.പി.ഐ വാങ്ങല്‍ നടന്നത് ഏപ്രിലില്‍. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഏപ്രിലില്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയത് 11,631 കോടി രൂപയുടെ വാങ്ങല്‍. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുപ്രകാരം ഒരുമാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന എഫ്.പി.ഐ ഇന്‍ഫ്ളോ ആണിത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് എഫ്.പി.ഐകള്‍ അറ്റവാങ്ങലുകാരായി മാറുന്നത്. എന്‍.എസ്.ഡി.എല്‍ ഡാറ്റ പ്രകാരം, ഏപ്രിലില്‍ ഡെറ്റ്, ഡെറ്റ്-വിആര്‍ആര്‍ ഇന്‍സ്ട്രുമെന്റുകളില്‍ യഥാക്രമം 806 കോടി രൂപയുടെയും 1,235 കോടി രൂപയുടെയും അറ്റനിക്ഷേപം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നടത്തി. എന്നാല്‍ ഹൈബ്രിഡ് വിപണിയില്‍ 126 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് കഴിഞ്ഞ മാസം എഫ്.പി.ഐകള്‍ നടത്തിയിട്ടുള്ളത്. ഇക്വിറ്റി മാര്‍ക്കറ്റിലെ ശക്തമായ വാങ്ങല്‍ കാരണം, ഇന്ത്യന്‍ വിപണിയിലെ എഫ്.പി.ഐകളുടെ മൊത്തം നിക്ഷേപം ഏകദേശം 13,545 കോടി രൂപയിലേക്കെത്തി. ഈ വര്‍ഷം ഇതുവരെ 14,579 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എഫ്.പി.ഐകള്‍ നടത്തിയിട്ടുള്ളത്. ജനുവരിയില്‍ 28,852 കോടി രൂപയും ഫെബ്രുവരിയില്‍ 5,294 കോടി രൂപയും എഫ്.പി.ഐകള്‍ പുറത്തേക്കൊഴുക്കി.
◾വിവാദത്തിനു പിന്നാലെ കേരള സ്റ്റോറി സിനിമയുടെ യൂട്യൂബ് ടീസര്‍ വിവരണത്തില്‍ തിരുത്ത്. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാണ് മാറ്റിയത്. കേരളത്തില്‍നിന്ന് 32,000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നു എന്ന് അര്‍ഥം വരുന്ന വിധത്തിലുള്ള പരാമര്‍ശം വന്‍ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബില്‍ തിരുത്തല്‍ വരുത്തിയത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നേരത്തേ സിനിമയുടെ സംവിധായകന്‍ സുദീപ്തോ സെന്‍ പറഞ്ഞിരുന്നു. 'ദി കേരളാ സ്റ്റോറി'യുടെ ഹിന്ദി ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മലയാളത്തിലുള്ള ട്രെയിലര്‍ പുറത്തിറക്കി. പുതിയതായി അപ്ലോഡ് ചെയ്തിരിക്കുന്ന ട്രെയിലര്‍ കാണുന്നതിന് യൂട്യൂബ് പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്. നിരവധി കട്ടുകള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഭിമുഖ ഭാഗം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശങ്ങളില്‍ ഒന്ന്. 'ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍' എന്ന സംഭാഷണത്തില്‍ നിന്നും 'ഇന്ത്യന്‍' എന്ന വാക്ക് നീക്കി. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു. മെയ് അഞ്ചിന് കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.
◾സ്‌ക്രിപ്റ്റ് ടു സ്‌ക്രീന്‍ കാറ്റഗറിയില്‍ വെറും 16 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിച്ച ' എന്ന് സാക്ഷാല്‍ ദൈവം' എന്ന സിനിമ ലോക റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹമായിരിക്കുന്നു. പ്രീപ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഒടിടി പ്ളാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തതിലൂടെയാണ് സിനിമ ലോകനെറുകയിലെത്തിയത്. യു ആര്‍ എഫ് (യൂണിവേഴ്സല്‍ റെക്കോര്‍ഡ്‌സ് ഫോറം) വേള്‍ഡ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്. ഡബ്ല്യു എഫ് സി എന്‍, സി ഓ ഡി, മൂവിവുഡ് എന്നീ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. സ്ത്രീധനപീഡനം കാരണം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലെ ദുരൂഹത തേടി മരണവീട്ടില്‍ എത്തുന്ന യുട്യൂബ് വ്ളോഗറും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിരുവനന്തപുരത്തായിരുന്നു മുഴുവന്‍ ചിത്രീകരണവും നടന്നത്. അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ സി സുജിത്ത്, സുദര്‍ശനന്‍ റസല്‍പുരം, ശരന്‍ ഇന്‍ഡോകേര, അഭിഷേക് ശ്രീകുമാര്‍, ജലതാ ഭാസ്‌കര്‍, റ്റി സുനില്‍ പുന്നക്കാട്, സജിലാല്‍, അഭിജിത്, സുരേഷ്‌കുമാര്‍, ജയചന്ദ്രന്‍ തലയല്‍, വിപിന്‍ ഹരി എന്നിവര്‍ അഭിനയിക്കുന്നു.
◾ടൊയോട്ടയുടെ ജനപ്രിയ എം.പി.വിയായ ഇന്നോവയുടെ എറ്റവും പുതിയ പതിപ്പാണ് ഇന്നോവ ഹൈക്രോസ്. ടൊയോട്ട- മാരുതി സുസുക്കി സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി മാരുതിയുടെ എം.പി.വി വരുകയാണ്. ഇത് ജൂലൈയോട ലോഞ്ച് ചെയ്യുമെന്ന് മാരുതി സുസുക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സെവന്‍ സീറ്റര്‍ വാഹനം മാരുതി ഉത്പന്നങ്ങളില്‍ ഏറ്റവും മുകളില്‍ സ്ഥാനം പിടിക്കും. ടൊയോട്ട ടിഎന്‍ജിഎ-സി ആര്‍ക്കിടെക്ചറില്‍ ആയിരിക്കും നിര്‍മ്മിക്കുക. ഇന്നോവ ഹൈക്രോസില്‍ കാണാവുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, കരുത്തുറ്റ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുകള്‍ വാഹനത്തിന് കരുത്ത് പകരും. പ്രീമിയം ഓഫറായി, പ്രതിവര്‍ഷം 10,000 യൂണിറ്റില്‍ താഴെ വില്ക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. സംയുക്ത സംരംഭത്തിന്റെ ഭാഗമായി മാരുതി സുസുക്കിയും ജപ്പാനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ടയും തമ്മില്‍ കരാറുകള്‍ ഉണ്ട്. ഇന്നോവ ഹൈക്രോസിന്റെ മാരുതിയുടെ പതിപ്പിന് വേറിട്ട ചില സ്റ്റൈലിംഗ് ഘടകങ്ങള്‍ ഉണ്ടായേക്കും.
◾ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്? 'കറുത്തച്ചന്‍'. എസ്.കെ. ഹരിനാഥ്. ഗ്രീന്‍ ബുക്സ്. വില 264 രൂപ.
◾ഉറക്കത്തിന്റെ കാര്യത്തിലും സ്ത്രീയും പുരുഷനും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട് എന്ന് തന്നെയാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പുരുഷന്മാരാണെങ്കില്‍ രാത്രിയില്‍ 6-7-8 മണിക്കൂറുകളുടെ ഉറക്കം കിട്ടിയാലും അവരുടെ ആരോഗ്യം സുരക്ഷിതമായിരിക്കുമത്രേ. എന്നാല്‍ സ്ത്രീകളാകുമ്പോള്‍ അവര്‍ക്ക് കുറഞ്ഞത് 8 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് തക്കതായൊരു കാരണവുമുണ്ട്. സ്ത്രീകള്‍ രാത്രിയില്‍ ആവശ്യമുള്ളത്രയും ഉറക്കം നേടിയില്ലെങ്കില്‍ അത് അവരില്‍ പലവിധത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമത്രേ. ഇതോടെ വിവിധ ആരോഗ്യപ്രശ്നങ്ങളും ഇവരെ പിടികൂടാം. ആഴത്തിലുള്ള ഉറക്കത്തില്‍ സ്ത്രീകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകളാണ് ഉണര്‍ച്ചയില്‍ ഇവരെ സജീവമാക്കുന്നതും ഉന്മേഷവതികളാക്കുന്നതുമത്രേ. എന്നാല്‍ രാത്രിയിലെ ഉറക്കം പതിവായി പ്രശ്നത്തിലാവുകയാണെങ്കില്‍ അത് ആര്‍ത്തവ ക്രമക്കേട് മുതല്‍ വന്ധ്യതയിലേക്ക് വരെ നയിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ശാരീരികാരോഗ്യപ്രശ്നങ്ങള്‍ മാത്രമല്ല, വിഷാദം- ഓര്‍മ്മക്കുറവ്, മുന്‍കോപം പോലുള്ള പ്രശ്നങ്ങളിലേക്കും ഉറക്കമില്ലായ്മ നയിക്കും. ഇതിന് പുറമെയാണ് പ്രമേഹം, ബിപി, ഹൃദ്രോഗങ്ങള്‍ പോലെ പൊതുവില്‍ ഉറക്കമില്ലായ്മ സ്ത്രീകളിലും പുരുഷന്മാരിലുമുണ്ടാക്കുന്ന പ്രശ്നങ്ങള്‍. ഉറക്കമില്ലായ്മ, ആഴത്തില്‍ ഉറങ്ങാന്‍ സാധിക്കാതിരിക്കുക, ഉറക്കം മുറിഞ്ഞുപോവുക, ഉറക്കത്തില്‍ ഞെട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ നേരിടുന്നത് സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ സ്ത്രീകള്‍ രാത്രിയിലെ തുടര്‍ച്ചയായ, അലോസരങ്ങളില്ലാത്ത ഉറക്കം ഉറപ്പിച്ചേ മതിയാകൂ. പതിവായി സമയത്തിന് കിടക്കുക, കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ സ്‌ക്രീന്‍ നോക്കുന്നത് നിര്‍ത്തുക, ശബ്ദമോ അധികം വെളിച്ചമോ ഇല്ലാതെ ശാന്തമായ സാഹചര്യത്തില്‍ കിടക്കുക, രാത്രിയില്‍ കാപ്പി- മദ്യം- പുകവലി എന്നിവ ഒഴിവാക്കുക- ഇവയെല്ലാം തന്നെ ഉറക്കം ഉറപ്പിക്കാന്‍ ചെയ്യാവുന്ന കാര്യങ്ങളാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ആ ഗ്രാമത്തില്‍ ഒരു അപ്പൂപ്പന്‍ വന്നു. അദ്ദേഹം വലിയ ദിവ്യനായിരുന്നു. അതുകൊണ്ട് തന്നെ ഗ്രാമത്തിലെ ധനികന് അപ്പൂപ്പനെ സല്‍ക്കരിക്കാന്‍ ഒരാഗ്രഹം. പക്ഷേ, അപ്പോഴാണ് ഒരു ശ്രുതി അയാള്‍ കേട്ടത്. ഗ്രാമത്തിലെ ആളുകള്‍ പലതരത്തിലുള്ള ഭക്ഷണവും അദ്ദേഹത്തിന് കൊടുക്കുന്നുണ്ട് . പക്ഷേ, അതില്‍ അധികവും അദ്ദേഹം എറിഞ്ഞുകളയുന്നു. നമ്മുടെ നാട്ടുകാരല്ലേ, നല്ല ഭക്ഷണമൊന്നും കൊടുക്കാത്തതുകൊണ്ടായിരിക്കും അദ്ദേഹം എറിഞ്ഞുകളയുന്നത്. ധനികന്‍ വിചാരിച്ചു. അങ്ങനെ ഒരു ദിവസം അയാള്‍ അപ്പൂപ്പനെ വീട്ടിലേക്ക് ക്ഷണിച്ചു. വിലപിടിച്ച പഴങ്ങള്‍ അദ്ദേഹത്തിന് കഴിക്കാനായി കൊടുത്തു. അപ്പൂപ്പന്‍ ചിലതെടുത്ത് പരിശോധിച്ച് പുറത്തേക്ക് എറിഞ്ഞു. ധനികന്‍ ഞെട്ടിപ്പോയി. എന്തെങ്കിലും കേട് അതിലുണ്ടാകുമായിരിക്കും. അതായിരിക്കും അപ്പൂപ്പന്‍ അതെറിഞ്ഞുകളഞ്ഞത്. അയാള്‍ കരുതി. കൂടുതല്‍ പഴങ്ങള്‍ കൊണ്ടുവരാന്‍ അയാള്‍ ആജ്ഞാപിച്ചു. അപ്പൂപ്പന്‍ അതില്‍ നിന്നും ചിലതെടുത്ത് പുറത്തേക്ക് എറിഞ്ഞു. ഇത് അയാളെ ദേഷ്യംപിടിപ്പിച്ചു. അയാള്‍ പറഞ്ഞു: ഇത് അഹങ്കാരമാണ്. എത്ര നല്ലതുകിട്ടിയാലും തൃപ്തി കാണിക്കാത്ത വൃത്തികെട്ട സ്വഭാവം. അയാളുടെ ഭാവം കണ്ടപ്പോള്‍ അപ്പൂപ്പന് കാര്യം മനസ്സിലായി. അദ്ദേഹം പറഞ്ഞു: ആഹാരം തന്നതിന് വളരെ നന്ദി. ഞാന്‍ എറിഞ്ഞത് കേടായ പഴങ്ങളല്ല. കൂട്ടത്തില്‍ ഏറ്റവും നല്ല പഴങ്ങളാണ്. അവര്‍ക്ക് തിന്നാന്‍! അപ്പൂപ്പന്‍ ജനലിന് പുറത്തേക്ക് ചൂണ്ടിക്കാട്ടി. അവിടെ അതാ കുറെ കിളികള്‍ സന്തോഷത്തോടെ പഴങ്ങള്‍ കൊത്തി തിന്നുന്നു. അപ്പൂപ്പന്‍ പറഞ്ഞു: ചുറ്റുമുളള ജീവികള്‍ക്കും ഒരു പങ്ക് കൊടുക്കാതെ ഞാന്‍ ഒന്നും കഴിക്കാറില്ല.. ധനികന്റെ തല കുനിഞ്ഞു. കാണുന്നതും കേള്‍ക്കുന്നതും പലപ്പോഴും സത്യമാകണമെന്നില്ല. സത്യത്തെ അന്വേഷിച്ച് കണ്ടെത്തുക തന്നെ വേണം. സത്യമറിയാതെ ആരെയും വിലയിരുത്താതിരിക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.