*പ്രഭാത വാർത്തകൾ*2023 | മെയ് 28 | ഞായറാഴ്ച | 1198 | എടവം 14 | പൂരം

◾പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ഇന്ന്. ജനം വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പാര്‍ലമെന്റ് വേദിയാവട്ടെയെന്നും മോദി ട്വീറ്റില്‍ കുറിച്ചു. എന്റെ പാര്‍ലമെന്റ്, എന്റെ അഭിമാനം എന്ന ഹാഷ് ടാഗോടെയാണ് മോദി ട്വിറ്ററില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ വീഡിയോ സഹിതം ട്വിറ്റു ചെയ്തത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയെങ്കിലും അവരുടെ സന്ദേശം വായിക്കും. തമിഴ്നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘം ഇന്നലെ പ്രധാനമന്ത്രിക്കു ചെങ്കോല്‍ കൈമാറി. . 

◾സംസ്ഥാനത്തെ 33 സ്ഥലങ്ങളിലെ സ്വര്‍ണാഭരണ ശാലകളില്‍ നടത്തിയ റെയ്ഡില്‍ ആയിരം കോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് കേരള ജി. എ സ്. ടി. വകുപ്പ്. തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ സ്വര്‍ണാഭരണ ശാലകളില്‍ ആണ് പരിശോധന്ന നടത്തിയത്.

◾കസ്റ്റഡിയിലുളള പ്രതിയെ മെഡിക്കല്‍ പരിശോധനക്കു ഹാജരാക്കുമ്പോള്‍ ഡോക്ടറുടെ സമീപത്തുനിന്നു പോലീസ് മാറരുതെന്നു എഡിജിപിയുടെ സര്‍ക്കുലര്‍. ഡോക്ടര്‍ പൊലിസിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ കസ്റ്റഡിയിലുള്ള ആളെ കാണുന്ന ദൂരത്തില്‍ നില്‍ക്കണം. പരിശോധന സമയത്ത് മൂര്‍ച്ചയേറിയ വസ്തുക്കളുണ്ടെങ്കില്‍ മാറ്റിവയ്ക്കണം. പ്രതി അക്രമ സ്വഭാവമുള്ളയാളാണെങ്കില്‍ ഡോക്ടറോട് പറയണം. സ്വകാര്യത ഹനിക്കാത്ത രീതിയില്‍ വീഡിയോ ചിത്രീകരിക്കുകയും വേണമെന്നാണ് നിര്‍ദ്ദേശം.


◾നിയമസഭാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎ മാര്‍ക്കും ഓവര്‍ടൈം അലവന്‍സായി ധനമന്ത്രാലയം 50 ലക്ഷം രൂപ അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് പ്രത്യേക ആനുകൂല്യം നല്‍കുന്നത്.

◾ആറു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്താന്‍ ഏഴു ലക്ഷം രൂപവരെ ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ യുടെ പോസ്റ്റര്‍. വല്ലപ്പുഴ പഞ്ചായത്തിലാണ് പോസ്റ്റര്‍ പതിച്ചത്. കൂറ്റനാട് സ്വദേശി ശാഹുല്‍ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി കെ. അബ്ദുല്‍ റഷീദ്, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മന്‍സൂര്‍, നെല്ലായ സ്വദേശി കെപി. മുഹമ്മദലി, പറവൂര്‍ സ്വദേശി വിഎ. അബ്ദുല്‍ വഹാബ്, പേരില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവര്‍ക്കാണ് എന്‍ഐഎ ഇനാം പ്രഖ്യാപിച്ചത്.

◾തമിഴ്നാട് അതിര്‍ത്തിയിലുള്ള അരിക്കൊമ്പനെ ഇന്നു മയക്കുവെടിവച്ച് പിടികൂടി ഉള്‍വനത്തിലേക്കു മാറ്റും. ഡ്രോണ്‍ പറത്തി അരിക്കൊമ്പനെ പരിഭ്രാന്തനാക്കിയ ചിന്നമന്നൂര്‍ സ്വദേശിയായ യുട്യൂബറെ കമ്പത്തു പോലീസ് അറസ്റ്റു ചെയ്തു. ഡ്രോണ്‍ പറത്തിയതോടെ അരിക്കൊമ്പന്‍ വിരണ്ടോടിയിരുന്നു. കമ്പം പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ഫ്യൂ ലംഘിച്ച 20 പേര്‍ക്കെതിരേ കേസെടുത്തു. കമ്പത്തെ തെങ്ങിന്‍ തോപ്പില്‍ നിലയുറപ്പിച്ച അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവയ്ക്കാനുള്ള നീക്കത്തിലാണ്.

◾വനിതാ ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി സുഹറ മമ്പാടിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി പി കുല്‍സുവിനേയും ട്രഷററായി നസീമ ടീച്ചറെയും തെരഞ്ഞെടുത്തു.


◾കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും സംഘടനകളും പ്രവര്‍ത്തനാനുമതി രേഖ ഹാജരാക്കണമെന്ന് വൈസ് ചാന്‍സലര്‍. കാമ്പസില്‍ 23 ഓഫീസുകള്‍ ഉണ്ടെന്നാണു രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. സ്ഥാപനങ്ങള്‍ കൈവശം വയ്ക്കുന്ന സ്ഥല വിസ്തൃതി അടക്കം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി.

◾കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനു കേന്ദ്ര സര്‍ക്കാര്‍ കാരണം പറയുന്നില്ലെന്ന് സിപിഎം. വായ്പാ പരിധി നിയന്ത്രണം സാമ്പത്തിക വിലക്കിന് സമാനമാണ്. കേന്ദ്ര നടപടിക്കെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും സിപിഎം സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

◾സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുക്കുന്നത് കെ.വി തോമസിന് ഓണറേറിയം നല്‍കാനാണോയെന്നു പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. മന്ത്രിമാര്‍ക്ക് ധൂര്‍ത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ വായ്പയെടുക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

◾കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ധിക്കിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പു നടന്നത്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ എടിഎം കാര്‍ഡും മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും കണ്ടെടുത്തു. നഗ്നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത സിദ്ദിഖിനെ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിലും അടിച്ചു വീഴ്ത്തുകയായിരുന്നു.

◾കൊല്ലം - തേനി ദേശീയപാതയില്‍ ചാരുംമൂട് പത്തിശ്ശേരിയില്‍ ക്ഷേത്രത്തിനു മുന്‍വശം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയില്‍ ചോണേത്ത് അജ്മല്‍ ഖാന്‍ (തമ്പി-57) യാത്രക്കാരി ചുനക്കര തെക്ക് രാമനിലയത്തില്‍ തങ്കമ്മ (75) എന്നിവരാണ് മരിച്ചത്.

◾കൊല്ലം ചിതറയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കള്‍ മരിച്ചു. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സല്‍ (18), സുബിന്‍ എന്നിവരാണ് മരിച്ചത്.

◾അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി നിര്‍ദ്ദേശം തെറ്റെന്ന് തെളിഞ്ഞെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരാജയമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇതു വരുത്തി വച്ച ദുരന്തമാണ്. കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുകയും നിയമ ഭേദഗതി വരുത്തുകയും വേണം. വന്യമൃഗ സ്നേഹം മനുഷ്യന്റെ ചോര വീഴ്ത്തിക്കൊണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

◾ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് പനത്തുറയില്‍ നിര്‍മ്മിക്കുന്ന പാലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. സ്ഥലം പനത്തുറ ക്ഷേത്രത്തിന്റേതാണെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടതോടെയാണ് സ്ഥലം അളന്നത്. ജലപാത നിര്‍മ്മിക്കുമ്പോള്‍ നാട്ടുകാര്‍ക്കു സഞ്ചരിക്കാനുള്ള പാലമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ജലപാതയിലൂടെ ബോട്ട് പോകുമ്പോള്‍ ഉയരുകയും ശേഷം താഴുകയും ചെയ്യുന്ന ലിഫ്റ്റിംഗ് പാലമാണ് സ്ഥാപിക്കുന്നത്. നാട്ടുകാരുടെ വാഹനങ്ങള്‍ക്കു കടന്നുപോകാനുളള പ്രത്യേക റാമ്പും പാലത്തില്‍ ഉണ്ടാകും.

◾മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരംതാഴ്‌ന്നെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സത്യത്തിന്റെയും നീതിയുടെയും സുതാര്യതയുടെയും പക്ഷത്താണ് സിപിഎമ്മെങ്കില്‍ കോണ്‍ഗ്രസിനോടൊപ്പം സമരത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾സ്ത്രീകളും കുട്ടികളുമായി കടലില്‍ ഉല്ലാസ യാത്ര നടത്തിയ മത്സ്യബന്ധന വള്ളത്തിന്റെ ഉടമയ്ക്ക് ഫിഷറീസ് അധികൃതര്‍ 25,000 രൂപ പിഴയിട്ടു. വിഴിഞ്ഞം നോമാന്‍സ് ലാന്‍ഡില്‍നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വള്ളത്തിന്റെ ഉടമ വിഴിഞ്ഞം സ്വദേശി യൂജിനാണ് പിഴയിട്ടത്.

◾മൂന്നു ലോറികളിലായി മാലിന്യം കളമശേരിയില്‍ തള്ളാന്‍ ശ്രമിച്ചവര്‍ പിടിയില്‍. വണ്ടിപ്പെരിയാറില്‍ നിന്ന് വന്ന ലോറികളില്‍ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങളാണ് നിറച്ചിരുന്നത്.

◾കേരളത്തില്‍നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി വിമാനത്താവളത്തില്‍നിന്ന് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. വിയറ്റ്‌നാമിലെ ഹോ-ചി-മിന്‍ സിറ്റിയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക.

◾കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനരികില്‍നിന്ന് തട്ടിക്കൊണ്ടുപോയ നിഷാദിനെ പോലീസ് മോചിപ്പിച്ചു. വയനാട് ഭാഗത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണം.

◾കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണവുമായി യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നാണ് 2497 ഗ്രാം സ്വര്‍ണം പിടികൂടിയത്.

◾എരുമപ്പെട്ടി വരവൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു. തളി വിരുട്ടാണം സ്വദേശി രാജീവാണ് (61) ആണ് മരിച്ചത്. വീട്ടുപറമ്പില്‍ നാളികേരം പെറുക്കി കൂട്ടുന്നതിനിടയില്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

◾വിരമിക്കലിനു മുന്നോടിയായി സഹപ്രവര്‍ത്തകര്‍ ഒരുക്കിയ സല്‍ക്കാര വിരുന്നില്‍ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. പിരപ്പന്‍കോട് ഗവ. വിഎച്ച്എസ് സി സ്‌കൂള്‍ അധ്യാപിക വി ഐ മിനി ആണ് മരിച്ചത്. 31 ന് വിരമിക്കാനിരിക്കെയാണ് മരണം.

◾കൊച്ചി ബൈപ്പാസില്‍ നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് നെട്ടൂര്‍ സ്വദേശി മീന (60) മരിച്ചു.

◾കാറിനെ മറികടക്കാന്‍ ശ്രമിക്കവേ ബൈക്കില്‍നിന്ന് തെറിച്ചുവീണ യുവാവ് ബസിടയില്‍പ്പെട്ട് മരിച്ചു. വേങ്ങര തറയിട്ടാല്‍ നല്ലാട്ടുതൊടി ഷംസുദ്ദീന്റെ മകന്‍ സലീം സഹദ് (24) ആണ് മരിച്ചത്.

◾വയനാട് മേപ്പാടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറില്‍നിന്ന് പുറത്തേക്കെറിഞ്ഞ ബിയര്‍ കുപ്പി തലയില്‍ കൊണ്ട് കാല്‍നട യാത്രക്കാരിയായ യുവതിക്ക് പരിക്ക്. തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്.

◾കാറില്‍ കടത്തുകയായിരുന്ന 302 ലിറ്റര്‍ വിദേശ മദ്യം കാസര്‍കോട് എക്സൈസ് സംഘം പിടികൂടി. മദ്യം കടത്തിയ ഉമ്മര്‍ ഫാറൂഖിനെ അറസ്റ്റ് ചെയ്തു.

◾കര്‍ണാടകത്തില്‍ ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്. ജലസേചനം, ബംഗളുരു നഗര വികസനം തുടങ്ങിയ വകുപ്പുകള്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്. ആഭ്യന്തരം ജി പരമേശ്വരയ്ക്ക് നല്‍കിയപ്പോള്‍ വ്യവസായം എം ബി പാട്ടീലിനാണ് നല്‍കിയത്. കൃഷ്ണ ബൈര ഗൗഡ- റവന്യൂ, എസ് എസ് മല്ലികാര്‍ജുന്‍- മൈനിങ് & ജിയോളജി, ഏക വനിതാമന്ത്രിയായ ലക്ഷ്മി ഹെബ്ബാള്‍ക്കര്‍- വനിതാ ശിശുക്ഷേം, മധു ബംഗാരപ്പ- വിദ്യാഭ്യാസം എന്നിങ്ങനെയാണു വകുപ്പു വിഭജനം.

◾ദേഹാസ്വാസ്ഥ്യംമൂലം ദി കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്തോ സെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണവും അണുബാധയും മൂലമാണ് മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◾രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് ബന്ധമുള്ള മൂന്നു പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. മധ്യ പ്രദേശിലെ സയ്യിദ് മമ്മൂര്‍ അലി, മുഹമ്മദ് ആദില്‍ ഖാന്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. പതിമൂന്ന് ഇടങ്ങളില്‍ റെയ്ഡ് നടത്തി.

◾സമരത്തിന് എത്തുന്നവരെ പൊലീസ് തടഞ്ഞെന്ന് ഗുസ്തി താരങ്ങള്‍. അംബാലയില്‍ വനിതകളെ തടഞ്ഞുവച്ചു. ഇതേസമയം ബ്രിജ് ഭൂഷണനെതിരായ പരാതി ഗുരുതരമെന്ന് ഡല്‍ഹി പൊലീസ് മുദ്രവച്ച കവറില്‍ റോസ് അവന്യൂ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. എല്ലാ പരാതിക്കാരുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി.  

◾അതിശക്ത മഴമൂലം രാജസ്ഥാനില്‍ കനത്ത നാശം. 13 പേര്‍ മരിച്ചു. രാജസ്ഥാനിലെ ഫത്തേപുര്‍ നഗരത്തിലും ശെഖാവതി മേഖലയിലുമാണ് മഴ ദുരന്തം വിതച്ചത്. പലയിടങ്ങളും വെള്ളത്തിനടിയിലായി. കൊടുങ്കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടായി.

◾ഡേറ്റിംഗ് ആപ്പ് വഴി സ്വവര്‍ഗ്ഗാനുരാഗികളെ കുടുക്കി പണം തട്ടിയെടുത്ത സംഭവത്തില്‍ ദില്ലിയില്‍ നാല് യുവാക്കള്‍ പിടിയില്‍. സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള ഡേറ്റിംഗ് ആപ്പ് 'ഗ്രിന്‍ഡര്‍' വഴിയാണ് പ്രതികള്‍ ഇരകളെ വലയിലാക്കിയത്.

◾ചത്ത പാമ്പുണ്ടായിരുന്ന ഉച്ചക്കഞ്ഞി കഴിച്ച് ബിഹാറിലെ നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. അരാരിയയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സന്നദ്ധ സംഘടന നല്‍കിയ ഉച്ചക്കഞ്ഞിയില്‍ പാമ്പിനെ കണ്ടത്.

◾അമേരിക്കയിലെ ജോര്‍ജ് ടൗണില്‍ 14 വയസുകാരി തീയിട്ട സ്‌കൂള്‍ ഡോര്‍മിറ്ററിയിലെ കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു. അധ്യാപികയും ഡോര്‍മിറ്ററി മദറും ചേര്‍ന്ന് ഫോണ്‍ പിടിച്ചെടുത്തതിനു പ്രതികാരമായാണ് ഡോര്‍മിറ്ററി കത്തിച്ചത്. സെന്‍ട്രല്‍ ഗയാന മൈനിംഗ് ടൗണിലെ മഹദിയ സെക്കന്‍ഡറി സ്‌കൂളിലെ ഡോര്‍മിറ്ററിയാണ് കത്തിച്ചത്.

◾ഉത്തരകൊറിയയില്‍ ബൈബിളുമായി പിടിക്കപ്പെട്ടെ ദമ്പതികള്‍ക്കു വധശിക്ഷയും രണ്ടു വയസുള്ള മകന് ജീവപര്യന്തം തടവു ശിക്ഷയും. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2022 ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഉത്തരകൊറിയയില്‍ ക്രിസ്ത്യാനികളടക്കം 70,000 മതവിശ്വാസികള്‍ തടവിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ഐപിഎല്‍ പതിനാറാം സീസണിന്റെ കിരീടവകാശിയെ ഇന്നറിയാം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കിരീടത്തിനായി ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടുക. വൈകീട്ട് 7.30 നാണ് മത്സരം. അതേസമയം കലാശപ്പോര് മഴ കുളമാക്കുമോ എന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ഭയം. അഹമ്മദാബാദില്‍ ഇന്ന് വൈകിട്ട് മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം.

◾രാജ്യത്ത് ഭക്ഷ്യധാന്യ ഉല്‍പ്പാദനം കുത്തനെ ഉയര്‍ന്നു. കേന്ദ്ര കൃഷി, കാര്‍ഷികക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022-23 കാര്‍ഷിക വര്‍ഷത്തില്‍ മൊത്തം ഭക്ഷ്യധാന്യ ഉല്‍പ്പാദനം 330.5 ദശലക്ഷം ടണ്ണായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 15 ദശലക്ഷം ടണ്ണിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ നേരിയ തോതില്‍ പ്രതികൂലമായെങ്കിലും, അവ ഉല്‍പ്പാദനത്തെ ബാധിച്ചിരുന്നില്ല. ഭക്ഷ്യധാന്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിളവ് ലഭിച്ചത് അരിയില്‍ നിന്നാണ്. 2022-23 കാലയളവില്‍ അരിയുടെ ആകെ ഉല്‍പ്പാദനം 135.5 ദശലക്ഷം ടണ്ണാണ്. കൂടാതെ, 112.7 ദശലക്ഷം ടണ്‍ ഗോതമ്പും, 35.9 ദശലക്ഷം ടണ്‍ ചോളവും ഇക്കാലയളവില്‍ ഉല്‍പ്പാദിപ്പിച്ചു. ഗോതമ്പ് ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് മില്യണ്‍ ടണ്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2021-22 വിള വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പയറുവര്‍ഗങ്ങളുടെയും, ധാന്യങ്ങളുടെയും ഉല്‍പ്പാദനം ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യധാന്യേതര വിഭാഗങ്ങളില്‍ എണ്ണക്കുരുക്കള്‍ 41 മില്യണ്‍ ടണ്ണാണ് ഉല്‍പ്പാദിപ്പിച്ചത്. 2021-22 ലെ ഉല്‍പ്പാദനത്തെക്കാള്‍ 3 മെട്രിക് ടണ്‍ കൂടുതലാണ്. കൂടാതെ, സോയാബീന്‍ ഉല്‍പ്പാദനം 10.2 മെട്രിക് ടണ്ണായും, കടുക് ഉല്‍പ്പാദനം 12.4 മെട്രിക് ടണ്ണായും ഉയര്‍ന്നു.

◾'മാമന്നന്‍' എന്ന ചിത്രത്തിലെ രണ്ടാമത്തെ സിംഗിള്‍ 'ജിഗു ജിഗു റെയില്‍' റിലീസ് ചെയ്തു. മാരി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മാമന്നന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ്, ഫഹദ് ഫാസില്‍, വടിവേലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുട്ടികള്‍ക്കൊപ്പം ജിഗു ജിഗു റെയില്‍ എന്ന ഗാനം പാടുന്ന എആര്‍ റഹ്‌മാനെയാണ് ഈ ഗാനത്തില്‍ കാണുന്നത്. വടിവേലു, ഉദയനിധി, സംവിധായകന്‍ മാരി സെല്‍വരാജ് എന്നിവരും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യുഗഭാരതിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയത്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഒരു മുഴുനീള രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായും ഇറങ്ങും മുന്‍പ് അഭിനേതാവെന്ന നിലയില്‍ ഉദയനിധിയുടെ അവസാന ചിത്രമായിരിക്കും മാമന്നന്‍. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നന്‍.

◾കേരളാ സ്റ്റോറിക്ക് ശേഷം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'അജ്മീര്‍ 1992'. അജ്മീര്‍ ദര്‍ഗ്ഗയിലെ നടത്തിപ്പുകാരാല്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട 250 പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുങ്ങുന്നത്. ജൂലൈ 14-ന് ചിത്രം റിലീസ് ചെയ്യും. കരണ്‍ വര്‍മ്മ, സുമിത് സിംഗ്, സയാജി ഷിന്‍ഡെ, മനോജ് ജോഷി, ശാലിനി കപൂര്‍ സാഗര്‍, ബ്രിജേന്ദ്ര കല്‍റ, സറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്. 1992-ല്‍ രാജസ്ഥാനിലെ അജ്മീറില്‍ 250-ലധികം പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഒരു പ്രാദേശിക പത്രമായ 'നവജ്യോതി' ചില നഗ്നചിത്രങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രാദേശിക ഗുണ്ടാസംഘങ്ങള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന ഒരു വാര്‍ത്തയും പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അഴിമതിയുടെ വാര്‍ത്ത പുറത്തുവന്നത്. പ്രധാന പ്രതികള്‍ അജ്മീര്‍ ദര്‍ഗ്ഗയിലെ ഖാദിമുകളുമായി ബന്ധപ്പെട്ടവരും അധികാര-രാഷ്ട്രീയ ബന്ധങ്ങളുള്ളവരുമായതിനാല്‍, വിഷയം പോലീസ് ആദ്യം ഒതുക്കി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ എട്ടു പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. പീഡനത്തിന് ഇരയായ നിരവധി കുട്ടികള്‍ പിന്നീട് ആത്മഹത്യ ചെയ്തു. പുഷ്പേന്ദ്ര സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിമ്പിള്‍ എനര്‍ജി ഒടുവില്‍ സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വില 1.45 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) ആരംഭിക്കുന്നത്. 18 മാസത്തിനുള്ളില്‍ സ്‌കൂട്ടറിന് ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചു. മൊത്തം ബാറ്ററി കപ്പാസിറ്റി 5കിലോവാട്ട്അവര്‍ ആണ്, അതേസമയം പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നത് 5 മണിക്കൂര്‍ 54 മിനിറ്റിനുള്ളില്‍ മുഴുവന്‍ ബാറ്ററി പാക്കും നിറയും. ഐഡിസി സാക്ഷ്യപ്പെടുത്തിയ 212 കിലോമീറ്റര്‍ പരിധിയിലാണ് ഈ സ്‌കൂട്ടര്‍ എത്തുന്നത്. ഇത് 8.5കിലോവാട്ട് (11.5ബിഎച്പി)യും 72എന്‍എം ടോര്‍ക്കും നല്‍കുന്ന 4.5കിലോവാട്ട് (6.1ബിഎച്പി) ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്നു. ബെല്‍റ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ട്രെയിനിന് 2.77 സെക്കന്‍ഡിനുള്ളില്‍ സ്‌കൂട്ടറിനെ 0ല്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഉയര്‍ന്ന വേഗത 105 കിലോമീറ്റര്‍. ഇക്കോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളുണ്ട്. 1.45 ലക്ഷം രൂപയാണ് സിമ്പിള്‍ വണ്ണിന്റെ എക്‌സ് ഷോറൂം വില. 13,000 രൂപ ചേര്‍ക്കുക, സ്‌കൂട്ടര്‍ 750വാട്ട് ഫാസ്റ്റ് ചാര്‍ജറിനൊപ്പം വരും.

◾കനമുള്ള ബീഡിയുടെ തീത്തുമ്പില്‍നിന്നുയരുന്ന പുകയുടെ കെട്ട ഗന്ധമാണ് ഈ നോവല്‍ ജീവിതങ്ങള്‍ക്ക്. ചെങ്കന്‍പൊഹ വലിച്ചു കേറ്റി ചത്തോരേയും ചത്തതിനൊത്തോരേയും ഊതനിറത്തില്‍ വരച്ച ഛായാപടങ്ങളായി ഈ ചിത്രമേടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതു കാണുമ്പോള്‍, നെഞ്ചുകലക്കുന്ന ഒരു ചുമ വന്ന് നിങ്ങളുടെ തൊണ്ടയില്‍ മുട്ടും; ചോരപ്പറ്റുള്ള ഒരു കഫക്കട്ടയാല്‍ നിങ്ങളുടെ വാ കയ്ക്കും. 'ചെങ്കന്‍പൊഹ'. രാജീവ് ജി. ഇടവ. എച്ച് & സി ബുക്സ്. വില 290 രൂപ.

◾ജാപ്പനീസ് ഭക്ഷണക്രമം നോണ്‍ - ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. സോയ ഭക്ഷണങ്ങള്‍, സീഫുഡ്, എന്നിവ കരളിന്റെ ഫൈബ്രോസിസിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ജാപ്പനീസ് ഭക്ഷണക്രമം പഞ്ചസാര, പൂരിത കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നോണ്‍ - ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഉള്ള 136 പേരുടെ ഭക്ഷണക്രമവും രോഗ പുരോഗതിയും ഗവേഷകര്‍ വിലയിരുത്തി. ജാപ്പനീസ് ഭക്ഷണക്രമത്തില്‍ കൂടുതല്‍ സോയ, സീഫുഡ് എന്നിവ ഉള്‍പ്പെടുത്തിയ ആളുകള്‍ക്ക് ഫൈബ്രോസിസ് സാധ്യത കുറയ്ക്കാന്‍ സാധിച്ചുവെന്നും പഠനത്തില്‍ പറയുന്നു. സോയ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്ന ആളുകള്‍ക്ക് ഫൈബ്രോസിസ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി. എംഡിപിഐ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും അവയവത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുള്ളതുമായ അത് നേരിട്ട് രോഗാവസ്ഥയാണ് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. ഇത് വന്‍കുടല്‍ കാന്‍സര്‍, ക്രോണിക് കിഡ്നി രോഗം, ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ്, ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഹൈപ്പോതൈറോയിഡിസം, പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കടല്‍വിഭവങ്ങള്‍ ഒമേഗ-3 ഫാറ്റി ആസിഡുകളാലും ഡി, ബി 2 പോലുള്ള വിറ്റാമിനുകളാലും സമ്പന്നമാണ്. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് മത്സ്യം. ഇരുമ്പ്, സിങ്ക്, അയഡിന്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് മത്സ്യം. അത് കൊണ്ട് തന്നെ ഫൈബ്രോസിസ് സാധ്യത കുറയ്ക്കാന്‍ കടല്‍ വിഭവങ്ങള്‍ മികച്ചതാണെന്ന് ഗവേഷകര്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
1907 ല്‍ ജര്‍മ്മനിയിലാണ്, കാലുകളും കൈകളും ഇല്ലാതെ അലോയ്‌സിയ വാഗ്നര്‍ എന്ന കുഞ്ഞ് ജനിച്ചത്. ജീനുകളില്‍ തകരാറുണ്ടാകുന്ന ടെട്രാ അമേലിയ സിന്‍ഡ്രം എന്ന രോഗമായിരുന്നു അവള്‍ക്ക്. ശരീരത്തിന്റെ കീഴ്ഭാഗം തറയിലമര്‍ത്തി ചാടിച്ചാടിയാണ് അവള്‍ സഞ്ചരിച്ചത്. കുറച്ച് വലുതായപ്പോള്‍ തന്നെ അവള്‍ ജര്‍മ്മന്‍ തെരുവുകളില്‍ സ്വയം പ്രദര്‍ശനവസ്തുവായി മാറി. കാണികള്‍ക്കായി പാട്ടുപാടുകയും അവരോടു മനോഹരമായി സംസാരിക്കുയും ചെയ്തു. റോസവയലെറ്റ് എന്നാണ് അവള്‍ സ്വയം പരിചയപ്പെടുത്തിയത്. പക്ഷേ നാട്ടുകാര്‍ അവലെ വയലെറ്റ എന്നാണ് വിളിച്ചത്. 17-ാം വയസ്സില്‍ അവള്‍ അമേരിക്കയിലേക്ക് കുടിയേറി. അമേരിക്കന്‍ തെരുവുകളിലും കാണികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ സഞ്ചരിച്ചു. അപ്പോഴേക്കും വായില്‍ പേന തിരുകി എഴുതാനും, സിഗരറ്റ് കത്തിക്കാനും, സ്വയം വസ്ത്രം ധരിക്കാനും, മുടിചീകാനും സൂചിയില്‍ നൂല് കോര്‍ക്കാനുമെല്ലാം അവള്‍ പഠിച്ചിരുന്നു. ഇവയോരോന്നും പഠിക്കുമ്പോള്‍ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവള്‍ക്ക്. സാധാരണ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായ മനുഷ്യരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്രീക് ഷോയില്‍ അവള്‍ അംഗമായി. പിന്നീട് ഫ്രീക് ഷോയുടെ പ്രധാന ആകര്‍ഷണം പോലും അവളായിരുന്നു. 1929 ആയപ്പോഴേക്കും അവളുടെ പ്രശസ്തി അമേരിക്കയുടെ പുറത്തേക്കും വ്യാപിച്ചു. നിരാശയുടെ കുഴിയിലേക്ക് സ്വയം പതിക്കേണ്ട ഒരു ജന്മമായിരുന്നു വയലറ്റയുടേത്. എന്നിട്ടും അവള്‍ ആ കുഴിയില്‍ നിന്നും പുറത്ത് കടന്ന് ഒരു പാട് പേരുടെ വെളിച്ചവും പ്രചോദനവുമായി മാറി. ജീവിതത്തില്‍ ഇരുട്ടുമൂടുന്നു എന്ന് തോന്നുമ്പോഴെല്ലാം സ്വയം പ്രകാശമാകാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം