*പ്രഭാത വാർത്തകൾ*2023 | മെയ് 27 | ശനിയാഴ്ച | 1198 | എടവം 13 | മകം

◾കേരളത്തിനുള്ള വായ്പാ പരിധി 7,610 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കേരളത്തിനു കടമെടുപ്പ് പരിധി 32,440 കോടി രൂപയെന്നു നിശ്ചയിച്ചെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് വായ്പാ പരിധി വെട്ടിക്കുറച്ചത്. ഇതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
◾ചെങ്കോല്‍ അധികാര കൈമാറ്റത്തിന്റെ അടയാളമല്ലെന്നും ജവഹര്‍ലാല്‍ നെഹ്റുവിനു സമ്മാനമായി ലഭിച്ച ഊന്നുവടി മാത്രമാണെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. ബ്രിട്ടീഷ് ഭരണകൂടം അധികാര കൈമാറ്റത്തിനു ജവഹര്‍ലാല്‍ നെഹ്റുവിനു ചെങ്കോല്‍ കൈമാറിയതിന് ആധികാരിക തെളിവില്ല. രാഷ്ട്രീയ മുതലെടുപ്പിനായി ബിജെപി വാട്സ്ആപ് യൂണിവേഴ്സിറ്റികളിലൂടെ പ്രചരിപ്പിക്കുന്ന നിര്‍മിത ചരിത്രമാണ് ചെങ്കോല്‍ കഥയെന്നും ജയറാം രമേശ്.

◾സംരംഭകരുടെ പരാതിക്കു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍നിന്ന് പതിനായിരം രൂപവരെ പിഴ ഈടാക്കുമെന്ന് മന്ത്രി പി രാജീവ്. പരിഹാരം നിര്‍ദേശിച്ച് 15 ദിവസത്തിനകം നടപടിയുണ്ടാകണം. ഇല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ഒരു ദിവസത്തിന് 250 രൂപ എന്ന നിരക്കില്‍ പിഴ ഈടാക്കും. പരമാവധി 10,000 രൂപവരെ ഇത്തരത്തില്‍ പിഴ ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു.

*
◾കേരളത്തില്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണിലാണ് കാലവര്‍ഷം. ഈ മാസം 30 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത.

◾ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ ഒമ്പതു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 13 നാണു ട്രയല്‍ അലോട്ട്‌മെന്റ്. 19 ന് ആദ്യ അലോട്ട്മെന്റ്. അവസാന അലോട്ട്‌മെന്റ് തീയതി ജൂലൈ ഒന്നിനാണ്. അഞ്ചാം തീയതി ക്ലാസ് തുടങ്ങും.  

◾എസ്.വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവില്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്.

◾എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു യോഗ്യരായ മൂന്നു പേരുടെ പാനല്‍ വേണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്നു കാലാവധി തീരുന്ന വൈസ് ചാന്‍സലര്‍ സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചിട്ടില്ല.

◾ഹോട്ടലുകളിലും ഭക്ഷ്യവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇടങ്ങളിലുമുള്ള ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് പരിശോധന കര്‍ശനമാക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 606 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നൂറിലേറെ സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കിയെന്നും മന്ത്രി.

◾ഇലക്ട്രിക് വാഹനങ്ങളുടെ ഷോ റൂമുകളില്‍ ഗതാഗത കമ്മീഷണര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. 250 വാട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 1000 വാട്ടിനടുത്ത് ബാറ്ററിയുടെ പവര്‍ കൂട്ടി സ്‌കൂട്ടര്‍ വില്‍ക്കുന്നതായാണു കണ്ടെത്തിയത്. സ്‌കൂട്ടറുകളും ബാറ്ററിയും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

◾ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിക്ക് കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 10 കോടി രൂപയുടെ സഹായ ധനം കൈമാറി. വിദേശ കാര്യ മന്ത്രാലയം വഴിയാണ് തുക കൈമാറുന്നത്. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റില്‍ തുര്‍ക്കിക്ക് സഹായം പ്രഖ്യാപിച്ചത്.

◾കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഫേസ്ബുക്കിലൂടെയാണു ധനമന്ത്രിയുടെ പ്രതികരണം.

◾കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. എമ്പ്രാന്‍ അല്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. അഴിമതിക്കു കുട പിടിക്കുന്ന മുഖ്യന്‍ ഭരിക്കുന്നിടത്തോളം ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാവുമെന്നും ചെന്നിത്തല വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

◾അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നത് ദുരൂഹമാണെന്നും ഇതുസംബന്ധിച്ച് ഒരു സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി

◾കേരള സര്‍വകലാശാല ആസ്ഥാനത്ത് ബിജെപി അനുകൂല എംപ്ലായീസ് സംഘ് ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇല്ലാത്ത ഓഫീസ് ഉദ്ഘാടനം ചെയ്യാനാകാതെ മടങ്ങി. വൈസ് ചാന്‍സലറെ കണ്ടു സംസാരിച്ചശേഷമാണ് മന്ത്രി മടങ്ങിയത്. എംപ്ളോയീസ് സംഘിന് ഓഫീസ് അനുവദിച്ചിട്ടില്ലെന്നാണു സര്‍വകലാശാല പറയുന്നത്. സിപിഎം വിലക്കേര്‍പ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് പാളയത്ത് കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നു.

◾ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിയിലൂടെ ജനക്ഷേമം ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിനെ തടയാനാണ് എഐ ക്യാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചതെന്ന് സി പി എം. സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു സ്ഥാപിച്ച എഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുന്നത് അപഹാസ്യമാണെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്.

◾കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള കാരണം 2016 ലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള വിയോജിപ്പാണെന്ന് വി എം സുധീരന്‍. അന്ന് രണ്ട് ഗ്രൂപ്പ് എങ്കില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പാണ്. അതില്‍ മാറ്റം വരണമെന്നും വി എം സുധീരന്‍ പറഞ്ഞു.

◾പോക്സോ കേസിലെ പ്രതിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് പോലീസ് സിഐയെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി. അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ഇയാള്‍ക്കെതിരേ വേറേയും ആരോപണങ്ങളുണ്ട്.

◾കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കോരങ്ങത്ത് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ അട്ടപ്പാടിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചാണു പോസ്റ്റുമോര്‍ട്ടം നടത്തിയത്.

◾പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ ഒരാളെകൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മഞ്ചുമല സ്വദേശി സൂരജ് പി സുരേഷിനെയാണ് പിടികൂടിയത്. നാരായണനെയും സംഘത്തെയും ഗവിയില്‍ എത്തിച്ചത് ഇയാളാണ്. കേസില്‍ ഇതുവരെ നാലു പേരാണ് അറസ്റ്റിലായത്.

◾എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്കു ശ്രീനാരായണ സഹോദര ധര്‍മവേദി പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ച് ജില്ലാ കളക്ടര്‍ നിരോധിച്ചു. നേതൃപദവികളില്‍നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. മാര്‍ച്ച് തടയുമെന്ന് എസ്എന്‍ഡിപി നിലപാടെടുത്തിരുന്നു.

◾വൈദികന്‍ ചമഞ്ഞ് ഹോട്ടല്‍ വ്യവസായിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ തൊടുപുഴ ആരക്കുഴ ലക്ഷ്മി ഭവനില്‍ അനില്‍ വി. കൈമള്‍ (38) പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ ഹോട്ടല്‍ വ്യവസായി ബോസില്‍നിന്ന് 34 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചിത്തിരപുരം സ്വദേശി ഫാ. പോള്‍ (പോളച്ചന്‍) എന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്.

◾തമിഴ്‌നാട് നെലാകോട്ട കുന്നലാടിയില്‍ മദ്യശാലയില്‍ മോഷണം നടത്തുകയായിരുന്ന മലയാളിയെ പൊലീസ് വെടിവച്ചു വീഴ്ത്തി പിടികൂടി. പാട്ടവയലില്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി മണി എന്ന സാമ്പാര്‍ മണിയെയാണ് (47) തമിഴ്നാട് പോലീസ് പിടികൂടിയത്. മണിയും സംഘവും ആക്രമിച്ചതോടെയാണ് വെടിവച്ചതെന്ന് പൊലീസ് അറിയിച്ചു. മണിയുടെ സുഹൃത്ത് നിലമ്പൂര്‍ സ്വദേശി ചെമ്പകശേരി വീട്ടില്‍ ജിമ്മി ജോസഫിനെ (40) പോലീസ് തെരയുകയാണ്.

◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. കരിപ്പൂരില്‍ അറ്റകുറ്റപണി മൂലം പകല്‍ റണ്‍വേ അടച്ചതിനാലാണ് ജിദ്ദയില്‍നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ ഇറക്കിയത്.

◾നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കിലോഗ്രാമിലേറെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതികള്‍ പിടിയിലായി. ഇവരില്‍ നിന്ന് 60 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ ഇരുനൂറ് ഗ്രാം സ്വര്‍ണം കണ്ടെടുത്തു. മുഹമ്മദ് സുബൈര്‍, മുഹമ്മദ് ജനുഫര്‍ എന്നിവരാണ് പിടിയിലായത്.

◾അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കു നീങ്ങുകയാണെന്നു സൂചന. കുമളി ടൗണ്‍ മേഖലയില്‍നിന്നു 10 കിലോമീറ്റര്‍ മാത്രം അകലെയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. നേരത്തെ കൊട്ടാരക്കര ദിന്ധുക്കല്‍ ദേശീയ പാത അരിക്കൊമ്പന്‍ മുറിച്ചു കടന്നിരുന്നു.

◾പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയിട്ട് പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കിയ റസാഖ് പയമ്പ്രോട്ടിന്റെ സ്വത്ത് ഇ.എം.എസ് അക്കാദമിക്കും ഭൗതിക ശരീരം മെഡിക്കല്‍ കോളജിനും വേണ്ടി എഴുതിവച്ചിരുന്നു. റസാക്കിനു മക്കളില്ല. സിപിഎം പ്രവര്‍ത്തകനായ റസാഖ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിലാണ് തൂങ്ങിമരിച്ചത്. ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ പഞ്ചായത്തിലേക്ക് യു ഡി എഫ് പ്രതിഷേധ മാര്‍ച്ച് നടത്തും.

◾പാലക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍ഡ് സുരേഷ് കുമാര്‍ ലക്ഷങ്ങള്‍ വാരിക്കൂട്ടിയത് റീ ബില്‍ഡ് കേരളയുടെ മറവില്‍. ആവശ്യമായ രേഖകള്‍ നല്‍കുന്നതിന് പലരില്‍ നിന്നായി 5000 രൂപ മുതല്‍ 40,000 രൂപ വരെയാണ് സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങിയത്. വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

◾പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന 28 ന് ജന്തര്‍ മന്ദറില്‍ സമരം തുടരുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ മാര്‍ച്ചു ചെയ്യും. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ തിക്രി, ഗാസിപ്പൂര്‍, സിംഘു എന്നിവിടങ്ങളില്‍ കര്‍ഷകര്‍ എത്തും. പതിനൊന്നരയ്ക്ക് ജന്തര്‍മന്തറില്‍നിന്ന് പുതിയ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.

◾പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വേളയിലെ പ്രതിപക്ഷ നിലപാടിനെതിരെ 270 പ്രമുഖര്‍ സര്‍ക്കാരിന് ഐക്യദാര്‍ഡ്യവുമായി തുറന്ന കത്ത് പുറത്തുവിട്ടു. പ്രതിപക്ഷം ഉന്നയിക്കുന്ന കാരണങ്ങള്‍ ബാലിശമെന്ന് കത്തില്‍ പറയുന്നു.

◾കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന്. 24 പേര്‍കൂടി മന്ത്രിമാരാകും. ഇതോടെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആകും.

◾ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ബിജെപി വനിതാ നേതാവ് അറസ്റ്റില്‍. ആസാമിലെ കര്‍ബി ആംഗ്ലോംഗ് ജില്ലയിലെ ബിജെപി നേതാവായ മൂണ്‍ ഇംഗ്ടിപി ആണ് പിടിയിലായത്. ബിജെപിയുടെ കിസാന്‍ മോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു ഇവര്‍.

◾ഡാമില്‍ വീണ ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ ഡാമിലെ 21 ലക്ഷം ലിറ്റര്‍ വെള്ളം സര്‍ക്കാര്‍ ചെലവില്‍ 30 എച്ച്പി മോട്ടോര്‍ വച്ചു പമ്പു ചെയ്ത് ഒഴുക്കിക്കളഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഉദ്യോഗസ്ഥന്റെ ശമ്പളം തടയുകയും ചെയ്തു. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലെ കൊയിലിബെഡയിലെ ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഫോണ്‍ കിട്ടിയെങ്കിലും ഉപയോഗിക്കാനാകാത്ത വിധത്തില്‍ കേടായിരുന്നു.

◾യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും ലാന്‍ഡ്മാര്‍ക് ഗ്രൂപ്പിന്റെ ഉടമയുമായ മിക്കി ജഗത്യാനി ദുബായില്‍ അന്തരിച്ചു. 73 വയസായിരുന്നു.

◾വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി എക്സിറ്റ് തുറന്ന യാത്രക്കാരനെ സോളിലെ പോലീസ്പിടികൂടി. ഏഷ്യാന എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും ശ്വാസ തടസംമൂലം നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 200 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

◾ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ 62 റണ്‍സിനു തോല്‍പിച്ച ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും. 60 പന്തില്‍ 129 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ കരുത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 234 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.2 ഓവറില്‍ 171 ന് എല്ലാവരും പുറത്തായി. 2.2 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത മോഹിത് ശര്‍മയാണ് മുംബൈയുടെ ഫൈനല്‍ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നാളെ 7.30 നാണ് ഫൈനല്‍.

◾പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 182.59 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തിലെ 245.63 കോടി രൂപയില്‍ നിന്ന് 25.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. വരുമാനം ഇക്കാലയളവില്‍ 19.1 ശതമാനം വര്‍ധിച്ച് 3,276.35 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 2,749.77 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 12,011 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തെ 10,253 കോടിയേക്കാള്‍ 17 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ലാഭം തൊട്ടു മുന്‍വര്‍ഷത്തെ 601 കോടി രൂപയില്‍ നിന്ന് 475 കോടി രൂപയായി കുറഞ്ഞു. 21 ശതമാനമാണ് കുറവ്. നിലവില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 32 ആശുപത്രികളും 127 ക്ലിനിക്കുകളും 521 ഫാര്‍മസികളുമാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിനുള്ളത്. അതേസമയം ഗള്‍ഫ് ബിസിനസിസ് വില്‍ക്കാനൊരുങ്ങുന്നതായി നാലാം പാദ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ സൂചന നല്‍കി. ഗള്‍ഫ് ബിസിനസ് പൂര്‍ണമായും വിറ്റഴിക്കുമോ അതോ ഓഹരി വില്‍പ്പന മാത്രമാണോ എന്നത് വ്യക്തമല്ല. 2022 സാമ്പത്തിക വര്‍ഷത്തില്‍ 8,950 കോടി രൂപയാണ് ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള ആസ്റ്ററിന്റെ വരുമാനം. മൊത്തം വരുമാനത്തിന്റെ 75 ശതമാനം വരുമിത്. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭത്തിന്റെ 71 ശതമാനവും ഗള്‍ഫ് ബിസിനസില്‍ നിന്നാണ്.

◾'റിട്ടേണ്‍ ഓഫ് ദ കിംഗ്' എന്ന ക്യാപ്ഷനോടെ 'അരിക്കൊമ്പന്‍' സിനിമയുടെ പുതിയ പോസ്റ്റര്‍. ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് സംവിധായകന്‍ സാജിദ് യഹിയ ചിത്രം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തമിഴ്‌നാട്ടില്‍ മേഘമലയില്‍ അടക്കം ചുറ്റിത്തിരിഞ്ഞ അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം കുമളി ഭാഗത്തേക്ക് എത്തിയിരുന്നു. ഇതോടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ ചരിഞ്ഞു കിടക്കുന്ന ഒരു അമ്മ ആനയും അതിന്റെ കുഞ്ഞുമാണ് ഉണ്ടായിരുന്നത്. രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പന്റെ സംഭവബഹുലമായ കഥയാണ് സിനിമയ്ക്ക് ആധാരം. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയിലെ സിഗിരിയ ആണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി കാണുന്ന സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും ഷൂട്ടിംഗ് നടക്കും. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഹൈല്‍ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്.

◾അന്താരാഷ്ട്ര നിലവാരത്തില്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന ത്രില്ലര്‍ 'വടക്കന്‍' സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സജീദ് എ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിഷോറും ശ്രുതി മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ദ്രാവിഡപുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതികനിറവാണ് ചിത്രം ഒരുങ്ങുന്നത്. ഓഫ്ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശര്‍മ്മ, നുസ്രത് ദുറാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്‌കോ നകഹാര ആണ് ഛായാഗ്രഹണം. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കുന്നു. ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച ഗ്രാഫിക്‌സ് ടീമുകളും ചിത്രത്തിന് പിന്നിലുണ്ട്. മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം, നിലവില്‍ കന്നടയിലും ഡബ് ചെയ്തിട്ടുണ്ട്. മറ്റ് പ്രാദേശിക ഭാഷകളിലും ചിത്രം പുറത്തിറക്കാന്‍ പദ്ധതിയുണ്ട്.

◾ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു തങ്ങളുടെ പുതിയ സൂപ്പര്‍കാര്‍ ബിഎംഡബ്ല്യു ഇസെഡ്4 എം40ഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. അത്യാധുനിക സവിശേഷതകളും ആകര്‍ഷകമായ ഡിസൈനുമായി വരുന്ന ഈ വാഹനം 7 കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. 2023 ജൂണ്‍ മുതല്‍ എല്ലാ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും കംപ്ലീറ്റ്ലി ബില്‍റ്റ്-അപ്പ് യൂണിറ്റ് മോഡലായി ഇത് എത്തും. എല്ലാ നൂതന സവിശേഷതകളും ഈ സ്‌പോര്‍ട്‌സ് കാറില്‍ നല്‍കിയിട്ടുണ്ട്. ശക്തമായ 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു ഇസെഡ്4 ന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 335 ബിഎച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് മാത്രമല്ല, ഉയര്‍ന്ന വേഗതയ്ക്കായി എഞ്ചിന്‍ 8-സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോര്‍ട്ട് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇരട്ട-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ലഭിക്കുന്നത്. 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ കൈവരിക്കും. എക്‌സ് ഷോറൂം വില 89.30 ലക്ഷം രൂപയാണ്. ഒരു കിലോമീറ്റര്‍ പരിധിയില്ലാതെ രണ്ട് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയോടെയാണ് വാഹനം എത്തുന്നത്.

◾ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ ജോലി സംബന്ധമായി നഗരത്തിലേയ്ക്ക് ജീവിതം മാറ്റി നടുന്നു. എന്നാല്‍ കാലമേറെ കഴിഞ്ഞിട്ടും നാഗരികതയുടെ ജീവിതശൈലി പിന്തുടാന്‍ ആകുന്നില്ല. ഇത്തരത്തില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത അനുഭവങ്ങളെക്കുറിച്ച് നര്‍മത്തില്‍ ചാലിച്ച് നമ്മോട് പറയുകയാണ് ജറാഡ് മൗറല്ലിയോസ്. ഈ കഥകളില്‍ സത്യമുണ്ട്, കണ്ണീരുണ്ട്, സ്നേഹമുണ്ട്, സന്തോഷമുണ്ട്. 'ഒരു ശരാശരി ക്രിസ്ത്യാനി പയ്യന്റെ വേവലാതികള്‍'. സൈന്ധവ ബുക്സ്. വില 210 രൂപ.