◾സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (എസ്ഐഎസ്എഫ്) സുരക്ഷ ഏര്‍പ്പെടുത്തുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എസ്ഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എസ്ഐഎസ്എഫിനെ സുരക്ഷാ ചുമതല ഏല്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നെന്നും കോടതിയെ അറിയിച്ചു. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
◾പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം. റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 3,76,135 വിദ്യാര്‍ത്ഥികളില്‍ 3,12,005 പേര് വിജയിച്ചു. 33,915 പേര് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇത്തവണ വിജയശതമാനം 0.92 ശതമാനം കുറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളില്‍ 79.19 ശതമാനമാണു വിജയം. എയ്ഡഡ് സ്കൂളുകളില്‍ 86.31 ശതമാനവും അണ് എയ്ഡഡ് സ്കൂളുകളില്‍ 82.70 ശതമാനവും വിജയം നേടി. ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 75.30 ശതമാനം വിജയം. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും.
◾പ്ലസ് വണ്‍ പ്രവേശനത്തിനു ജൂണ്‍ രണ്ടു മുതല്‍ ഒമ്പതുവരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 13 നും ആദ്യ അലോട്ട്മെന്റ് ജൂണ്‍ 19 നുമാണ്. അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനു പൂര്‍ത്തിയാക്കി ജുലൈ അഞ്ചിനു ക്ലാസ് ആരംഭിക്കും.
◾സംസ്ഥാനത്ത് ഫയല്‍ നീക്കത്തിനു വേഗം പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ സമ്പൂര്‍ണ ഇ ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണതയിലേക്ക് എത്തിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
◾തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്.
◾എഐ കാമറകള്‍ക്കു മുന്നില്‍ ജൂണ്‍ അഞ്ച് വൈകുന്നേരം അഞ്ചിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സത്യഗ്രഹ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികളുടെ അഴിമതിയാണ് കാമറ ഇടപാടില്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ അനേകായിരങ്ങള്‍ പങ്കെടുത്തു.
◾തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയെ കൊന്നു കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളി. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ സിദ്ധിക്കാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു. ഹോട്ടലിലെ തൊഴിലാളി ഷിബിലി (22), ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന (19) എന്നിവരെ ചെന്നൈയില്‍ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു.
◾കോട്ടയം കുമാരനല്ലൂരില്‍ ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്വിന്, ഫാറൂക്ക് എന്നിവരാണ് മരിച്ചത്.
◾ചെയ്യാത്ത ജോലിക്ക് കരാറുകാരനു പണം നല്കിയ പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡു ചെയ്തു. മല്ലശേരി - പ്രമാടം റോഡിന്റെ പണിയിലാണ് കൃത്രിമം കണ്ടെത്തിയത്. പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അഞ്ജു സലിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ബിനു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
◾എസ്എഫ്ഐ ആള്‍മാറാട്ടക്കേസില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ പൊലീസ് പരിശോധന. കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
◾വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. വാഴച്ചാല്‍ ചെക്കുപോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം.
◾സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്നലെ 12 ജില്ലകളിലാണു പരിശോധന നടത്തിയത്. പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന് കൈക്കൂലി കേസില്‍ അറസ്റ്റിലായിരിക്കേയാണ് പരിശോധന.
◾പാലക്കയം കൈക്കൂലിക്കേസില്‍ വില്ലേജ് ഓഫീസര്‍ അടക്കം ഓഫീസിലെ മറ്റുള്ളവരിലേക്കും അന്വേഷണം. അറസ്റ്റിലായ സുരേഷ് കുമാര്‍ പലരില്‍നിന്നും കൈക്കൂലി വാങ്ങിയത് വില്ലേജ് ഓഫീസര്‍ക്കും നല്‍കണമെന്നു വിശ്വസിപ്പിച്ചാണ്. എന്നാല്‍ തനിക്കു പങ്കില്ലെന്ന് വില്ലേജ് ഓഫീസര്‍ മൊഴി നല്കി. ഓഫീസിലുള്ളവര്‍ അറിയാതേയും പങ്കുപറ്റാതേയും കൈക്കൂലി വാങ്ങിയതാകാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
◾മതനിരപേക്ഷതയെ ഇല്ലാതാക്കുന്ന ഭരണമാണു നടക്കുന്നതെന്ന് അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന് പിള്ള. കേരള എന്‍.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപരും കിഴക്കേകോട്ട നായനാര്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ ചരിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾പന്തീരായിരം രൂപ തരാത്തയാളുടെ പതിനാറുകാരിയായ മകളെ കുത്തിക്കൊന്ന യുവാവ് കുറ്റക്കാരനെന്നു മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന് (29) ആണ് പ്രതി. കൊല്ലപ്പെട്ട സമീന ഖാത്തൂന്(16)യുടെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി.
◾ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കുന്ന യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്റ്റില്‍ തെക്കേപുരയ്ക്കല്‍ വീട്ടില്‍ ശരണ്യ(20), സുഹൃത്ത് മലപ്പുറം വാഴക്കാട് ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപറമ്പില്‍ വീട്ടില്‍ അര്ജുന് (22) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായ അടിമാലി സ്വദേശിയുടെ പരാതിയിലാണു നടപടി.
◾പാലക്കാട് ജില്ലയിലെ ധോണിയില്‍ കാട്ടാനയിറങ്ങി. പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ കടുവയിറങ്ങി. ധോണി മായാപുരത്തെ ക്വാറിക്കു സമീപമാണ് കാട്ടാനയിറങ്ങിയത്. വടശ്ശേരിക്കരയില്‍ ചമ്പോണില്‍ റബ്ബര്‍തോട്ടത്തില്‍ നിന്ന് ഇറങ്ങി വന്ന കടുവയെ ബൈക്ക് യാത്രക്കാരാണ് കണ്ടത്.
◾തമിഴ്നാട്ടിലെ ക്ഷീര കര്‍ഷകരില്‍നിന്ന് അമൂല്‍ പാല് സംഭരിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനമായ ആവിന് പാല് സംഭരിക്കുന്ന മേഖലകളിലേക്കുള്ള അമുലിന്റെ കടന്നുകയറ്റം ക്ഷീരമേഖലയ്ക്കു ഗുണകരമല്ലെന്ന് സ്റ്റാലിന് പറഞ്ഞു.
◾ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയ്ക്കു കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റി രൂപീകരിച്ച ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടു. കൂടിക്കാഴ്ച്ചയില്‍ പ്രതിപക്ഷ ഐക്യവും ചര്‍ച്ചയായി.
◾പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം ശരിയല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. കേന്ദ്രസര്‍ക്കാരാണ് പാര്‍ലമെന്റ് നിര്‍മ്മിച്ചത്. ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്കുമൂലം തനിക്കു പങ്കെടുക്കാനാവില്ലെന്നും മായാവതി പറഞ്ഞു.
◾ആദിമ ശാസ്ത്ര തത്വങ്ങള്‍ വേദങ്ങളിലായിരുന്നെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്.സോമനാഥ്. വേദങ്ങളില്‍നിന്നു ലഭിച്ച ശാസ്ത്രതത്വങ്ങള്‍ പിന്നീട് അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പില്‍ എത്തി. പിന്നീട് ഇവ ശാസ്ത്ര നേട്ടങ്ങളായി പാശ്ചത്യ ശാസ്ത്രജ്ഞര്‍ സ്വന്തമാക്കിയെന്നും എസ്. സോമനാഥ് പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാഋഷി പാണിനി സംസ്കൃത വേദ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു എസ്.സോമനാഥ്.
◾സാമുദായിക സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നു ദിവസം അവിടെ തങ്ങും. സമാധാന ശ്രമങ്ങള്‍ക്കായി കൂടിക്കാഴ്ചകള്‍ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും നരേന്ദ്രമോദിതന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നൂറിലധികം സീറ്റുകള്‍ ബിജെപിക്കു ലഭിക്കും. കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്രയും സീറ്റു ലഭിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
◾പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ മന്ദിരം ഉദ്ഘാടനം ചെയ്യാനല്ല, രാജ്യത്തിന്റെ സമ്പത്തായ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താന്‍ പോകുന്നതെന്ന് ദേവഗൗഡ പറഞ്ഞു.
◾നമീബിയയില്‍നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച ഒരു കുഞ്ഞ് കൂടി ചത്തു. നാലു കുഞ്ഞുങ്ങളില്‍ അവശേഷിച്ച മൂന്നെണ്ണത്തിലൊന്നാണ് ചത്തത്. നേരത്തെ ഒരു കുഞ്ഞ് ചത്തിരുന്നു.
◾വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ മിഗ് 29 കെ യുദ്ധവിമാനം രാത്രിയില്‍ കന്നി ലാന്‍ഡിംഗ് നടത്തി. ഇന്ത്യന്‍ നേവിയുടെ സുപ്രധാന നാഴികക്കല്ലാണു പിന്നിട്ടത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്.
◾ടിപ്പു സുല്‍ത്താന്റെ വാള് ലണ്ടനില്‍ ലേലത്തില്‍ വിറ്റത് 140 കോടി രൂപയ്ക്ക്. 140 ലക്ഷം പൗണ്ടിനാണ് വാള് വിറ്റുപോയതെന്ന് ലേലം സംഘടിപ്പിച്ച് ബോന്‍ഹാംസ് വെളിപ്പെടുത്തി.
◾കോവിഡിനേക്കാള്‍ മാരകമായ മഹാമാരി 'ഡിസീസ് എക്സ്' ലോകത്തെ കീഴടക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് ഡിസീസ് എക്സ് എന്നു പേരിട്ടിരിക്കുന്നത്.
◾ഐപിഎല്ലില്‍ ഇന്ന് രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ 28 ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും.
◾അമ്യൂസ്മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ലാ ഹോളിഡേയ്സ് 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 35.05 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 8.51 കോടി രൂപയായിരുന്നു. അതേ സമയം കോവിഡ് പ്രതിസന്ധിയില്ലായിരുന്ന 2020 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലിത് 1.56 കോടിയായിരുന്നു. കമ്പനിയുടെ വാര്‍ഷിക മൊത്ത വരുമാനം 452.4 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 133.3 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 2023 സാമ്പത്തിക വര്‍ഷത്തില്‍ 148.9 കോടി രൂപയാണ്. അതേസമയം, 2022 സാമ്പത്തിക വര്‍ഷത്തില്‍ 9.4 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാര്‍ക്കുകള്‍ അടച്ചിട്ടതാണ് നഷ്ടത്തിനിടയാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 33.1 ലക്ഷം പേരാണ് കമ്പനിയുടെ മൂന്ന് പാര്‍ക്കുകളിലുമായി സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ പാദത്തില്‍ മാത്രം കൊച്ചി പാര്‍ക്ക് സമ്പര്‍ശിച്ചവരുടെ എണ്ണം 3.03 ലക്ഷമാണ്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തെ അപേക്ഷിച്ച് 128 ശതമാനത്തിന്റെ വര്‍ധനയുണ്ട്.
◾ബോളിവുഡ് അരങ്ങേറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും തന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ റോഷന് ഒരുക്കുക. ഷാഹിദ് കപൂര്‍ ആണ് ചിത്രത്തില്‍ നായകനായെത്തുക. സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ വന്ന വിവരം അനുസരിച്ച് ബോബി-സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയില്‍ സംഭാഷണമെഴുതുന്നത് ഹുസൈന് ദലാല്‍ ആയിരിക്കുമെന്നാണ്. എന്നാല്‍ ഇത് സംബന്ധിച്ച് റോഷന്റെ പോസ്റ്റില്‍ സ്ഥിരീകരണം ഇല്ല. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എന്നാണ് വിവരം. ചിത്രീകരണം ഉടന്‍ ആരംഭിക്കും.
◾വിവാദങ്ങള്‍ക്കിടെ റിലീസ് ചെയ്ത ചിത്രം 'ദി കേരള സ്റ്റോറി' ആദ്യ ദിവസം മുതല്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഇതുവരെ കേരള സ്റ്റോറി നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് ഇരുപത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 200 കോടി ക്ലബ്ബില്‍ കേരള സ്റ്റോറി ഇടം പിടിച്ചിരിക്കുകയാണ്. മൂന്നാം വാരത്തില്‍ വെള്ളി 6.60 കോടി, ശനി 9.15 കോടി, ഞായര്‍ 11.50 കോടി, തിങ്കള്‍ 4.50 കോടി, ചൊവ്വ 3.50 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം 206 കോടിയാണ് ചിത്രം നേടിയത്. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. മെയ് 14ന് നൂറ് കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.
◾ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നുള്ള പുതിയ മൈക്രോ എസ്യുവിയായ ഹ്യുണ്ടായ് എക്സ്റ്റര്‍ 2023 ജൂലായ് 10-ന് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തും. 11,000 രൂപയ്ക്ക് വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. എക്സ്റ്റര്‍, എസ്, എസ്എക്സ്, എസ്എക്സ് (ഒ), എസ്എക്സ് (ഒ) കണക്ട് എന്നിങ്ങനെ അഞ്ച് ട്രിമ്മുകളിലായി 15 വേരിയന്റുകളില്‍ എക്സ്റ്റര്‍ വരുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് എഞ്ചിന്-ഗിയര്‍ബോക്സ് കോമ്പിനേഷനുകളും ഒമ്പത് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളുമായാണ് മിനി എസ്യുവി വാഗ്ദാനം ചെയ്യുന്നത്. 83 ബിഎച്ച്പിക്കും 113.8 എന്‍എമ്മിനും പര്യാപ്തമായ 1.2 എല്‍ പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് പുതിയ എക്സ്റ്ററിനുള്ള പവര്‍ വരുന്നത്. 1.2 എല്‍ പെട്രോള്‍ മോട്ടോറിന് 69 ബിഎച്ച്പി കരുത്തും 95.2 എന്‍എം ടോര്‍ക്കും നല്കുന്ന ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റും ലഭിക്കുന്നു. 1.2ഘ പെട്രോള്‍ യൂണിറ്റിന് അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സ് ലഭിക്കുമെങ്കിലും സിഎന്‍ജി മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ലഭ്യമാകൂ.
◾ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മരിച്ചു വീണ ആദിവാസികളുടെ കലാപ ലിപികള്‍ ചരിത്രത്തില്‍ നിന്ന് മായ്ച്ച് കളയപ്പെട്ടിരിക്കുന്നു. വാസുദേവ് ബലവന്ത് ഫഡ്കേ നയിച്ച ആദിവാസി കലാപം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ പോലും ഓര്‍മിക്കാതെ പോയി. 'മാ തുഝേ സലാം'. ഡോ എം എസ്. നൗഫല്‍. സൈന്ധവ ബുക്സ്. വില 150 രൂപ.