*പ്രഭാത വാർത്തകൾ*2023 | 25 | വ്യാഴാഴ്ച | 1198 | എടവം 11 | പൂയം | 1198 | എടവം 11 | പൂയം

◾സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചു. പത്തു ജില്ലകളിലായി 65,000 സീറ്റുകളാണു വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധിപ്പിക്കും. കഴിഞ്ഞ വര്‍ഷം അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരുന്നതിനൊപ്പമാണു മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധന. മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്.

◾ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു മൂന്നിനു പ്രസിദ്ധീകരിക്കും. വൈകുന്നേരം നാലു മുതല്‍ ഫലമറിയാം. 4.32 ലക്ഷം വിദ്യാര്‍ത്ഥികളാണു പരീക്ഷ എഴുതിയത്.

◾സംസ്ഥാന റവന്യൂ വകുപ്പില്‍ കൈക്കൂലി ഇടപാടുകളുണ്ടോയെന്ന് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. അഴിമതി അറിയിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും ടോള്‍ ഫ്രീ നമ്പറുമുണ്ട്. മൂന്നു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പാലക്കയത്ത് വില്ലേജ് അസിസ്റ്റന്റിനെ കോഴക്കേസില്‍ അറസ്റ്റു ചെയ്തതിനു പിറകേയാണ് മന്ത്രിയുടെ ഇടപെടൽ
◾ഉപഭോക്താവില്‍നിന്ന് ഒമ്പതിനായിരം രൂപ വീതം വസൂലാക്കി സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാനുള്ള ടെണ്ടര്‍ കെഎസ്ഇബി മരവിപ്പിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെയാണു പദ്ധതി മരവിപ്പിച്ചത്. ഉപഭോക്താക്കളില്‍നിന്ന് ഇത്രയും ഭീമമായ തുക ഈടാക്കുന്നതിനെതിരേ സിഐടിയു അടക്കം തൊഴിലാളി സംഘടനകള്‍ നിലപാടെടുത്തിരുന്നു.

◾എഐ ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ സമിതിയെ നിയമിച്ചു. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പ്രവര്‍ത്തനം വിലയിരുത്തുക. അടുത്ത മാസം അഞ്ചിനു മുമ്പ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.

◾മെഡിക്കല്‍ സര്‍സീസസ് കോര്‍പ്പറേഷന്റ തിരുവനന്തപുരത്തെ ഗോഡൗണില്‍ സുരക്ഷാവീഴ്ച. ജനറല്‍ ആശുപത്രി ജംഗ്ഷനിലെ ഗോഡൗണിലാണ് പരിശോധന നടത്തിയത്.

◾പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട ഗവി സ്വദേശി ഈശ്വരനാണ് പിടിയിലായത്. പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കയറ്റിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു.

◾പി പത്മരാജന്‍ പുരസ്‌കാരം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക്. മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ലിജോയ്ക്കു ലഭിച്ചത്. മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

◾78 ാം പിറന്നാള്‍ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മലയാളത്തിലായിരുന്നു സ്റ്റാലിന്‍ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത്.  

◾കനത്ത കാറ്റിനും മഴയക്കും സാധ്യതയുള്ളതിനാല്‍ കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്. ഞായറാഴ്ച വരെയാണ് വിലക്ക്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണു മുന്നറിയിപ്പ്.

◾അനധികൃത സ്വത്തു സമ്പാദിച്ചെന്ന് ആരോപിച്ചുള്ള മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്നു മാസത്തേക്കു സ്റ്റേ ചെയ്തു. എഫ്ഐആര്‍ നിയമവിരുദ്ധമായി തയാറാക്കിയതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്‍കിയ ഹര്‍ജിയിലാണു സ്റ്റേ.

◾ഡല്‍ഹിയിലെ കേരളാ സര്‍ക്കാരിന്റെ പ്രതിനിധി പ്രൊഫ. കെ.വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയവും രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി.

◾ബാഗില്‍ വെടിയുണ്ട മാത്രമാണെങ്കില്‍ കുറ്റകൃത്യമാവില്ലെന്ന് കേരള ഹൈക്കോടതി. തോക്കില്ലാതെ വെടിയുണ്ട മാത്രം പിടികൂടുന്നത് കുറ്റകൃത്യമാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ യാത്രക്കാരന്റെ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയ കേസിലാണ് ഈ നിലപാടെടുത്തത്.

◾ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ച വാഹനത്തില്‍ വന്ന് സ്വര്‍ണക്കടത്തു സംഘത്തില്‍നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ടു പേര്‍ കരിപ്പൂരില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശിയും അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളിയുമായ മജീഫ്, എറണാകുളം സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു. അഞ്ചു പേര്‍ വാഹനപടകടത്തില്‍ മരിക്കാന്‍ ഇടയായ രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയാണ് മജീഫ്.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ രോഗിയെ അറസ്റ്റു ചെയ്തു. ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീറിനെ (45)യാണ് പൊലീസ് അറസ്റ്റു ചെയ്തത്. നടുവേദനയ്ക്കു ചികില്‍സയ്ക്ക് എത്തിയ ഇയാള്‍ ഡോക്ടറോടു തട്ടിക്കയറി ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു.

◾കരുവാരക്കുണ്ടില്‍ മലയില്‍ കുടുങ്ങിയ രണ്ടു പേരെ കണ്ടെത്തി തിരിച്ചിറക്കി. ഇവര്‍ക്കൊപ്പം മല കയറി തിരിച്ചിറങ്ങിയ മൂന്നാമന്റെ സഹായത്തോടെയാണ് പൊലീസും അഗ്നിരക്ഷാ സേനയും ഇവരെ കണ്ടെത്തിയത്. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്താണ് രണ്ടു പേരും കുടുങ്ങിയത്. മഴപെയ്തു ചോലയില്‍ വെള്ളം കയറിയതോടെ പാറക്കെട്ടില്‍ വഴുതി വീണ ഇവരെ കാണാനില്ലെന്നു മലയിറങ്ങിവന്ന മൂന്നാമന്‍ അറിയിച്ചതോടെയാണ് തെരച്ചില്‍ നടത്തിയത്. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരാണ് മലയില്‍ കുടുങ്ങിയത്.

◾കെട്ടിട നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊല്ലാകൊല നടത്തുകയാണെന്ന് കെ.മുരളീധരന്‍ എം.പി. തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടിയാണ് വര്‍ദ്ധനയെന്ന വാചകക്കസര്‍ത്ത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾ബസ് സര്‍വീസ് നിര്‍ത്തി സമരത്തിനില്ലെന്നും ജൂണ്‍ അഞ്ചു മുതല്‍ തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍. ബഹുഭൂരിപക്ഷം ബസുടമകളുടെ സംഘടനകളും ഏഴു മുതല്‍ ബസ് സമരം പ്രഖ്യാപിച്ചിരിക്കേയാണ് ഫെഡറേഷന്‍ ബസ് സമരത്തിനില്ലെന്ന് അറിയിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് നിരാഹാരം അനുഷ്ഠിക്കുമെന്ന് തൃശൂരില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

◾തിരുവനന്തപുരം പേയാട് പള്ളിമുക്കില്‍ ബൈക്കിലെത്തി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. തിരുമല പ്ലാവിള തച്ചന്‍വിളാകത്ത് വീട്ടില്‍ ഉണ്ണി എന്ന മഹാദേവനെയാണ് തിരുമല ഭാഗത്തു നിന്ന് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

◾പാലക്കാട് പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സര്‍വ്വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.  

◾കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ സ്ഥലങ്ങളിലെ അവകാശ തര്‍ക്കം തുടരുന്നതിനിടെ ഡേപ്സാംഗ്, ഡേംചോക്ക് മേഖലകളിലെ പട്രോളിംഗ് പുനരാരംഭിക്കുമെന്ന് കരസേന. ഡെപ്‌സാങ്ങിലെ പട്രോളിംഗിനുള്ള ഇന്ത്യയുടെ അവകാശങ്ങള്‍ ചൈന പുനഃസ്ഥാപിക്കണമെന്നും കരസേന ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് 20 കിലോമീറ്റര്‍ വരെ ചൈനീസ് സേന കടന്നുകയറിയെന്ന മാധ്യമ വാര്‍ത്തകള്‍ ഇന്ത്യന്‍ കരസേന തള്ളി.

◾പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോല്‍ സ്ഥാപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. ജവഹര്‍ലാല്‍ നെഹ്റു സ്വാതന്ത്ര്യരാത്രിയില്‍ സ്വീകരിച്ച ചെങ്കോലാണ് ലോക്സഭയില്‍ സ്ഥാപിക്കുക. പ്രതിപക്ഷം ബഹിഷ്‌കരണ സമരത്തിലാണ്.

വിദ്വേഷ പ്രസംഗക്കേസില്‍ അസംഖാന്‍ കുറ്റക്കാരനല്ലെന്ന് യുപിയിലെ രാംപൂര്‍ കോടതി. കേസില്‍ അസംഖാനെ വിചാരണക്കോടതി മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനാല്‍ എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു. വിചാരണക്കോടതിയുടെ വിധി മേല്‍ക്കോടതി റദ്ദാക്കി. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ യോഗിക്ക് എതിരായ പ്രസംഗമാണ് കേസിനാധാരം. അസംഖാനെതിരെ നിലവില്‍ 87 കേസുകളാണുള്ളത്.

◾രാഹുല്‍ഗാന്ധി പുതിയ സാദാ പാസ്പോര്‍ട്ടിന് അപേക്ഷിച്ചു. ലോക്സഭാംഗത്വം നഷ്ടമായതോടെ രാഹുല്‍ ഗാന്ധിയുടെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് റദ്ദായിരുന്നു.

◾കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ ഷാഫി സാദിയെ തിരിച്ചെടുത്തു. പുറത്താക്കിയ ഉത്തരവ് വന്നതിനു പിറകേ, ഷാഫി സാദി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ചിരുന്നു. അതിനു പിറകേയാണ് ഷാഫി സാദി അടക്കം നാലു പേരുടെ നിയമനം റദ്ദാക്കിയ ഉത്തരവ് പിന്‍വലിച്ചത്.

◾വിദ്യാര്‍ത്ഥി വിസയിലുള്ളവര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് യുകെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. യു.കെ ഹോം ഓഫീസ് പുറത്തിറക്കിയ ഇമിഗ്രേഷന്‍ നിയമത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്. ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെയും യുകെയിലേക്കു കൊണ്ടുപോകാനാകൂ.

◾ലോകത്തെ ഏറ്റവും ദുരിത രാജ്യം ആഫ്രിക്കയിലെ സിംബാബ്വെ. സാമ്പത്തിക സ്ഥിതി ആധാരമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കെയുടെ വാര്‍ഷിക ദുരിത സൂചികയിലാണ് ഈ വിവരം. സിംബാബേയിലെ പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം 243.8 ശതമാനമാണ്. പട്ടികയില്‍ 103-ാം സ്ഥാനത്തുള്ള ഇന്ത്യയിലെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 134-ാം സ്ഥാനത്തുള്ള അമേരിക്കയിലും തൊഴിലില്ലായ്മയാണ് മുഖ്യ പ്രശ്നം. ഏറ്റവും സന്തുഷ്ടരായ രാജ്യം സ്വിറ്റ്സര്‍ലന്‍ഡാണ്. മൊത്തം 157 രാജ്യങ്ങളെയാണു റാങ്കു ചെയ്തത്.

◾അമേരിക്കന്‍ പ്രസിഡന്ററിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ പാര്‍ക്കിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. 19 വയസുള്ള സായ് വര്‍ഷിതാണ് പിടിയിലായത്. നാസി കൊടിയുമായി എത്തിയ യുവാവിനെതിരെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

◾ഷിക്കാഗോയിലെ ഒഹെയര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ആളുകള്‍ തമ്മിലുള്ള കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. സ്ത്രീകളും പുരുഷന്മാരും അടക്കം പന്ത്രണ്ടു പേരോളം കൂട്ടത്തല്ലില്‍ പങ്കെടുത്തെന്നാണു റിപ്പോര്‍ട്ട്. വിമാനമിറങ്ങിയ രണ്ടു പേര്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.

◾ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് മുംബൈ ഇന്ത്യന്‍സ് ഏറ്റുമുട്ടും. ഇന്നലെ നടന്ന എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 81 റണ്‍സിന് തോല്‍പിച്ചാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ 16.3 ഓവറില്‍ 101 റണ്‍സിനാണ് ഓള്‍ഔട്ടായത്. 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്വാളിന്റെ മാന്ത്രിക പ്രകടനമാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിലെ വിജയിയാണ് 28 ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടുക.

◾ഇന്ത്യന്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ മേയ് മാസം ഇതുവരെ 30,945 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ അറ്റ നിക്ഷേപം 2023ല്‍ ഇതുവരെ 16,365 കോടി രൂപയില്‍ എത്തിയതായി ഡെപ്പോസിറ്ററികളില്‍ നിന്ന് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡെപ്പോസിറ്ററികളില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, മേയ് 2 മുതല്‍ 19 വരെ എഫ്.പി.ഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ 30,945 കോടി രൂപ നിക്ഷേപിച്ചു. ഏപ്രിലില്‍ ഇക്വിറ്റികളില്‍ 11,630 കോടി രൂപയും മാര്‍ച്ചില്‍ 7,936 കോടി രൂപയും എഫ്.പി.ഐകള്‍ അറ്റനിക്ഷേപം നടത്തിയിരുന്നു. 2023ല്‍ ആദ്യ രണ്ട് മാസങ്ങളില്‍ മൊത്തം 34,000 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്.പി.ഐകള്‍ നടത്തിയത്. മേയ് മാസത്തില്‍ ഇതുവരെ 1,057 കോടി രൂപയാണ് ഡെറ്റ് മാര്‍ക്കറ്റില്‍ എഫ്.പി.ഐകള്‍ നിക്ഷേപിച്ചത്. ഓട്ടോ, ഓട്ടോ കംപൊണന്റ്സ്, മൂലധന വസ്തുക്കള്‍, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, ടെലികോം, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ നിരവധി മേഖലകളില്‍ എഫ്.പി.ഐകള്‍ സ്ഥിരമായി വാങ്ങുന്നവരാണ്. മേയില്‍ ധനകാര്യമേഖലയിലും കാര്യമായ വാങ്ങല്‍ എഫ്.പി.ഐകള്‍ നടത്തി. 8,382 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയില്‍ ഉണ്ടായി.

◾കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, ഇപ്പോഴിതാ ടൈഗര്‍ നാഗേശ്വര റാവുവും. തുടരെത്തുടരെ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് രവി തേജയെ നായകനാക്കി നിര്‍മ്മിക്കുന്ന 'ടൈഗര്‍ നാഗേശ്വര റാവു'വിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. രാജമുന്‍ധ്രിയിലെ ഗോദാവരി നദിയ്ക്കുകുറുകെയുള്ള ഹാവലോക്ക് പാലത്തിനുമുകളില്‍ വെച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉത്തേജിപ്പിക്കുന്ന കണ്‍സെപ്റ്റ് വീഡിയോയും റിലീസ് ചെയ്തിരിക്കുകയാണ്. ഫസ്റ്റ് ലുക്ക് റിലീസിനായി ഒരു ട്രെയിനും അവര്‍ വാടകയ്ക്കെടുത്തു. ശൗര്യമേറിയ ഒരു കടുവയെപ്പോലെ ഗര്‍ജ്ജിക്കുന്ന, ഇടതൂര്‍ന്ന താടിയുള്ള പരുക്കനായ രവി തേജയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. ഒരു പോസ്റ്റര്‍ ആണെങ്കില്‍പ്പോലും ആ കണ്ണുകളിലേക്ക് നോക്കുകയെന്നതുപോലും ഭയമുളവയ്ക്കുന്ന കാര്യമാണ്. തടങ്കലില്‍ അടയ്ക്കപ്പെട്ട നിലയിലാണ് രവി തേജയെ പോസ്റ്ററില്‍ കാണാന്‍ കഴിയുക. അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ചു സൂപ്പര്‍സ്റ്റാര്‍സിന്റെ വോയ്സ് ഓവറോടുകൂടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍നിന്ന് ദുല്‍ഖര്‍ സല്‍മാനും, തെലുഗില്‍നിന്ന് വെങ്കടേഷും, ഹിന്ദിയില്‍നിന്ന് ജോണ്‍ എബ്രഹാമും, കന്നഡയില്‍നിന്ന് ശിവ രാജ്കുമാറും, തമിഴില്‍ നിന്ന് കാര്‍ത്തിയുമാണ് വോയ്സ് ഓവറുകള്‍ നല്‍കിയിരിക്കുന്നത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

◾ചിത്രത്തിന്റെ അന്നൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകര്‍ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍ ദി കോര്‍'. മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെ പോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങള്‍ സെക്കന്‍ഡ് ലുക്കില്‍ അല്പം ഗൗരവത്തിലാണ്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റര്‍ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

◾ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഫെയിം 2 സ്‌കീമിന് കീഴിലുള്ള സബ്‌സിഡി ആനുകൂല്യമാണ് വെട്ടിക്കുറച്ചത്. ഈ നടപടി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് ഗണ്യമായ വിലവര്‍ദ്ധനവിന് കാരണമാകും. 2023 ജൂണ്‍ 1 മുതല്‍ ഈ സബ്സിഡി തുക കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 1,00,000 രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഒരു ഇലക്ട്രിക് ഇരുചക്രവാഹനത്തിന് ഇതുവരെ ഫെയിം 2 സ്‌കീമിന് കീഴില്‍ 40,000 രൂപ വരെ സബ്‌സിഡി ലഭിച്ചിരുന്നെങ്കില്‍ , ഇനിമുതല്‍ അതിന് 15,000 രൂപ വരെ മാത്രമേ സബ്‌സിഡി ഇനത്തില്‍ ലഭിക്കൂ. അതായത് ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നയാള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് 25,000 രൂപ അധികമായി നല്‍കേണ്ടി വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം, 7,79,000-ലധികം അതിവേഗ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഇന്ത്യയിലുടനീളം വിറ്റഴിച്ചു എന്നാണ് കണക്കുകള്‍. അവയ്ക്ക് ഫെയിം 2 സബ്‌സിഡി ആനുകൂല്യം ലഭിച്ചു. ഏഥര്‍ 450 എക്സ്, ഒല എസ്1 പ്രോ, ടിവിഎസ് ഐക്യൂബ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ വിലയെ ഈ നടപടി ബാധിക്കും.

◾ധ്യാനാത്മകവും പാരിസ്ഥിതികവുമായ ഉള്‍ക്കാഴ്ചകള്‍ നിതാന്തജാഗ്രതയോടെ പകര്‍ന്നുതരുന്ന പുസ്തകം. ആഷാമേനോന്റെ ആത്മീയാംശം പരാഗരേണുക്കള്‍പോലെ ഈ ഉപന്യാസങ്ങളെ തിളക്കമുറ്റതാക്കുന്നു. അന്നം, പ്രാണന്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി, സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ പ്രസിദ്ധകൃതിയായ 'ഷെര്‍ണോബില്‍ പ്ലയേഴ്‌സി'ന്റെ വിസ്തൃതമായ പഠനം ഉള്‍പ്പെടെ പന്ത്രണ്ട് ലേഖനങ്ങള്‍. കൃതിയുടെ ഉള്ളിലേക്ക് ആസ്വാദകന്‍ നടത്തുന്ന തീര്‍ത്ഥാടനങ്ങളായിരുന്നു ആഷാമേനോന്റെ വിമര്‍ശനങ്ങള്‍. സൗന്ദര്യപക്ഷത്ത് ഉറച്ചുനിന്നുള്ള ആ തീര്‍ത്ഥാടനങ്ങള്‍ വായനക്കാരെ ആകര്‍ഷിക്കുന്നു. അതില്‍ അവതരിപ്പിച്ച വിചാരലോകത്തിന്റെ മാന്ത്രികമായ വശ്യതകൊണ്ടായിരുന്നു അത്. അനുബന്ധം/ അഭിമുഖം : കെ എം വേണുഗോപാല്‍. 'സനാതന ധര്‍മ്മിയായ മരണം'. ഡിസി ബുക്സ്. വില 199 രൂപ