*പ്രഭാത വാർത്തകൾ*2023 | മെയ് 24 | ബുധനാഴ്ച | 1198 | എടവം 10 |

◾പ്രതികളെ ആശുപത്രികളില്‍ കൊണ്ടുപോകുന്നതിനു പ്രോട്ടോകോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കണമെന്ന് ഹൈക്കോടതി. പ്രതികളെ എങ്ങനെയാണു ഹാജരാക്കേണ്ടതെന്ന വ്യവസ്ഥകളടങ്ങിയ മാനദണ്ഡം ഉടനേ തയാറാക്കി നടപ്പാക്കണം. രണ്ടാഴ്ച സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനകം എന്തെങ്കിലും സംഭവിച്ചാല്‍ ആര്‍ക്കാണ് ഉത്തരവാദിത്തമെന്ന് കോടതി ചോദിച്ചു.

◾ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് യാത്രാ നിരക്കിന്റെ പുതിയാക്കി വര്‍ദ്ധിപ്പിക്കുക, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കുക, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കുക, പെര്‍മിറ്റ് നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പന്ത്രണ്ട് ബസുടമ സംഘടനകളുടെ ഏകോപന സമിതിയാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത്. ഇന്നു സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കും.

◾സിവില്‍ സര്‍വീസ് പരീക്ഷയില്‍ പാലാക്കാരി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ വി.എം. ആര്യ 36-ാം റാങ്കു കരസ്ഥമാക്കി. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. 933 പേരുടെ റാങ്ക് പട്ടികയില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. സിവില്‍ സര്‍വീസ് പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ്സി പ്രഖ്യാപിച്ചത്.

◾വീല്‍ ചെയറിലിരുന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 913 ാം റാങ്കു നേടി വയനാട്ടുകാരി ഷെറിന്‍ ഷഹാന. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റേയും ആമിനയുടേയും മകളാണ് ഈ ഇരുപത്തഞ്ചുകാരി. രണ്ടു വര്‍ഷംമുമ്പ് വീടിന്റെ ടെറസില്‍നിന്നു വീണു പരിക്കേറ്റതിനാലാണു വീല്‍ ചെയറിലാകേണ്ടി വന്നത്.

◾ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു പുറമേ, അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവ നിയമത്തിന്റെ പരിധിയില്‍ വരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ഏഴു വര്‍ഷംവരെ തടവുശിക്ഷയാണ് പുതിയ നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

◾കോഴ വാങ്ങി കോടീശ്വരനായ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറാണ് 12 കോടി രൂപയുടെ അനധികൃത സമ്പാദ്യവുമായി അറസ്റ്റിലായത്. വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 2,500 രൂപ കൈക്കൂലി വാങ്ങിയ ഇയാളുടെ വീട്ടില്‍നിന്ന് 35 ലക്ഷം രൂപയുടെ പണം, 40 ലക്ഷം രൂപയുടെ ബാങ്ക് ബോണ്ടുകള്‍, 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് നിക്ഷേപം, 11 കോടി രൂപയോളം വില വരുന്ന 17 കിലോ സ്വര്‍ണനാണയങ്ങള്‍ എന്നിവയാണു പിടിച്ചെടുത്തത്.

◾ഇടുക്കി പൂപ്പാറ ചൂണ്ടലില്‍ റോഡിലെ വളവില്‍ നിന്ന കാട്ടാനയെ കാറിടിച്ചു. ഇടിയേറ്റ് കാറിന്റെ ബോണറ്റില്‍ ആന ഇരുന്നതോടെ തകര്‍ന്ന കാറിലെ നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം. ആനയുടെ പരിക്ക് എത്രത്തോളം ഗുരുതരമെന്ന് വ്യക്തമല്ല. ചൂണ്ടല്‍ സ്വദേശി തങ്കരാജിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിടിച്ചത് ചക്കക്കൊമ്പനെയാണെന്നു സംശയമുണ്ട്.

◾ഏഴു വര്‍ഷം പ്രചാരത്തിലുള്ള കറന്‍സി പിന്‍വലിച്ചതിലൂടെ ഇന്ത്യന്‍ കറന്‍സി ശക്തമല്ലെന്ന സന്ദേശമാണു നല്‍കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള സമ്പദ് ഘടനയുടെ അവിഭാജ്യ ഘടകമാണ് വ്യാപാര സമൂഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

◾അഗ്‌നിശമന മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അഗ്‌നിശമന സേനാ വിഭാഗത്തിന്റെ എന്‍ഒസി ഇല്ലാത്തതുമായ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രം കത്തി നശിച്ചിരിക്കേ, കോര്‍പറേഷന്റെ എല്ലാ മരുന്നു സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുക. ആശുപത്രികളില്‍ അഗ്‌നിശമന സേനയുടെ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

◾അരിക്കൊമ്പന് അരി വാങ്ങാനെന്ന പേരില്‍ പണപ്പിരിവു നടത്തുന്ന വാട്ട്സാപ്പ് കൂട്ടായ്മകളെക്കുറിച്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ക്കും അരി വാങ്ങി നല്‍കാനെന്നും പറഞ്ഞാണ് പണപ്പിരിവ്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഡിജിപിയ്ക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം.

◾അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 26 നും 27 നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട്.

◾ഡോ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിനെ മാനസിക നില പരിശോധിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപിന് സുരക്ഷ നല്‍കണമെന്ന് കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാലേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താനാവൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

◾വന്ദേ ഭാരത് എക്സ്പ്രസിനുനേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യംവച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

◾വന്ദേഭാരത് അടക്കം ഏഴ് ട്രെയിനുകളുടെ സമയത്തില്‍ 28 മുതല്‍ മാറ്റം. ചില ട്രെയിനുകള്‍ 10 മിനിറ്റു നേരത്തെ പുറപ്പെടുകയും ചിലതു 10 മിനിറ്റു നേരത്തെ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ട്രെയിന്‍ നമ്പര്‍ 20634 - തിരുവനന്തപുരം സെന്‍ട്രല്‍ - കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസര്‍കോട് എത്തും. (നിലവിലുള്ള സമയം: കാസര്‍കോട്:1. 25). ട്രെയിന്‍ നമ്പര്‍ 16355 - കൊച്ചുവേളി - മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: : 09.20.) ട്രെയിന്‍ നമ്പര്‍ 16629 -തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ ഡെയ്‌ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെന്‍ട്രലില്‍ എത്തും. (നിലവിലുള്ള സമയം: 10.30.) ട്രെയിന്‍ നമ്പര്‍ 16606 - നാഗര്‍കോവില്‍ ജംഗ്ഷന്‍ - മംഗളൂരു സെന്‍ട്രല്‍ ഏറനാട് ഡെയ്‌ലി എക്‌സ്പ്രസ്: വൈകുന്നേരം 5.50 ന് -ന് മംഗലാപുരത്ത് എത്തും. (നിലവിലുള്ള സമയം: ആറു മണി). ട്രെയിന്‍ നമ്പര്‍ 16347- തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ ഡെയ്‌ലി എക്‌സ്പ്രസ്: 11.20 -ന് മംഗളൂരു സെന്‍ട്രലില്‍ എത്തും. (നിലവിലുള്ള സമയം: 11.30.) ട്രെയിന്‍ നമ്പര്‍ 22668 - കോയമ്പത്തൂര്‍ ജംഗ്ഷന്‍ - നാഗര്‍കോവില്‍ ജംഗ്ഷന്‍ പ്രതിദിന സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂര്‍ സ്റ്റേഷനില്‍ 03.43 ന് എത്തി 03.45 ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.01/04.02) നാഗര്‍കോവില്‍ ജംഗ്ഷനില്‍ 04.50 ന് എത്തും (നിലവിലുള്ള സമയം: 05.05.) ട്രെയിന്‍ നമ്പര്‍ 12633- ചെന്നൈ എഗ്മോര്‍ - കന്യാകുമാരി ഡെയ്‌ലി സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ പുലര്‍ച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂര്‍ 04.03 ന് എത്തി 04.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയില്‍ എത്തും. (നിലവിലുള്ള സമയം: 05.45).

◾കൊച്ചിയില്‍ വാഹനാപകടമുണ്ടായിട്ടും നിര്‍ത്താതെ ഓടിച്ചുപോയ സംഭവത്തില്‍ കടവന്ത്ര എസ്എച്ച്ഒ മനുരാജിനെ കാസര്‍ഗോഡ് ചന്തേര സ്റ്റേഷനിലേക്കു സ്ഥലംമാറ്റി. മനുരാജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അപകടമുണ്ടാക്കിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവ് സരുണ്‍ സജിക്കെതിരെ കാട്ടിറച്ചി കടത്തിയെന്നു കള്ളക്കേസെടുത്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന ആറ് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.എസ്. അരുണ്‍ ആണ് ഉത്തരവിട്ടത്. പൊലീസെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പാണ് തിരിച്ചെടുത്തത്.

◾എറണാകുളത്ത് മട്ടുമ്മലില്‍ പാരമ്പര്യ വൈദ്യന്‍ ചമഞ്ഞ് പൈല്‍സിന് ചികിത്സ നടത്തിയ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ദിഗംബര്‍ ശസ്ത്രക്രിയ വരെ നടത്തിയിരുന്നു. പ്രൗഡഗംഭീരമായ ക്ലിനിക്കില്‍ അലോപ്പതി മരുന്നുകളും വിതരണം ചെയ്തിരുന്നു.

◾തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെ അറസ്റ്റുചെയ്തു. കുണ്ടമന്‍കടവില്‍ വാടകയ്ക്കു താമസിക്കുന്ന അക്ഷയ് ആണ് അറസ്റ്റിലായത്.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങിമരിച്ചു. കുടപ്പനക്കുന്ന് വിശ്വഭാരതി തെക്കേവീട്ടില്‍ കണ്ണന്‍ (35)ആണു മരിച്ചത്. ഇയാള്‍ രോഗിയോ കൂട്ടിരിപ്പുകാരനോ അല്ലെന്നു പോലീസ്.

◾ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയില്‍ സതി അനുഷ്ടിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് എന്‍ജിനീയര്‍ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ ബില്‍വാര സ്വദേശിനി സംഗീത ലഖ്ര എന്ന 28 കാരിയാണ് മരിച്ചത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിലാണ് സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചെന്ന വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പത്തിനാണു ഭര്‍ത്താവ് മരിച്ചത്. ഭര്‍തൃമാതാവിനും മറ്റു നാല് പേര്‍ക്കുമെതിരെ യുവതിയുടെ പിതാവ് രമേഷ് ലഖ്ര പൊലീസില്‍ പരാതി നല്‍കി.

◾പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് എംപിമാര്‍ക്ക് ക്ഷണക്കത്ത് അയച്ചു. ഞായറാഴ്ച 12 മണിക്ക് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ചടങ്ങ് ബഹിഷ്‌ക്കരിക്കാനാണ് ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

◾കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദിയെ സിദ്ധരാമയ്യ സര്‍ക്കാര്‍ പുറത്താക്കി. ഷാഫി സാദി അടക്കം വഖഫ് ബോര്‍ഡിലെ നാലു പേരെയാണു നീക്കിയത്. കാന്തപുരം വിഭാഗക്കാരനായ ഷാഫിയെ കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് നിയമിച്ചത്. കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ മുസ്ലിം വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഇയാള്‍ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു.

◾മണിപ്പൂര്‍ ശാന്തമാകുന്നു. മെയ്‌തെയ് വിഭാഗം ന്യൂനപക്ഷമായ മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു. ന്യൂ ചെക്കോണ്‍ മേഖലയില്‍ കടകള്‍ അടപ്പിച്ച് ഹര്‍ത്താലിനു ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണം. മറുവിഭാഗം ആളൊഴിഞ്ഞ വീടുകളും പള്ളിയും തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു.

◾ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയില്‍ എട്ടു ലക്ഷം രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകള്‍. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിനു മുന്നിലെ കാണിക്ക വഞ്ചിയിലാണ് രണ്ടായിരത്തിന്റെ 400 നോട്ടുകള്‍ ആരോ നിക്ഷേപിച്ചത്.

◾നമീബിയയില്‍നിന്നു കൊണ്ടുവന്ന ചീറ്റ പ്രസവിച്ച നാലു കുഞ്ഞുങ്ങളില്‍ ഒരെണ്ണം ചത്തു. ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. നിര്‍ജലീകരണംമൂലമാണു ചത്തതെന്നാണു പ്രാഥമിക വിലയിരുത്തല്‍.

◾അപാര്‍ട്ടുമെന്റില്‍ ഐപിഎസ് ഓഫീസറുടെ കാറില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്തതിന് ടോളിവുഡ് താരം ഡിംപിള്‍ ഹയാതിക്കും പ്രതിശ്രുത വരന്‍ വിക്ടര്‍ ഡേവിഡിനുമെതിരെ ക്രിമിനല്‍ കേസ്. ജൂബിലി ഹില്‍സ് പൊലീസാണ് കേസെടുത്തത്. പാര്‍ക്കിംഗ് സ്ഥലത്ത് ഐപിഎസ് ഓഫീസര്‍ രാഹുലിന്റെ കാറില്‍ നടിയുടെ പ്രതിശ്രുതവരന്റെ വാഹനം അബദ്ധത്തില്‍ ഇടിച്ചു. ഐപിഎസ് ഓഫീസറുടെ ഡ്രൈവര്‍ ചേതന്‍ കുമാറുമായി തര്‍ക്കമായി. പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി. ഡ്രൈവറുടെ പരാതിയിലാണു കേസ്.

◾'അമുല്‍' തമിഴ്‌നാട്ടില്‍ പാല്‍ സംഭരിക്കുന്നു. ധര്‍മ്മപുരി, വെല്ലൂര്‍, കൃഷ്ണഗിരി, തിരുവണ്ണാമലൈ, റാണിപേട്ട്, കാഞ്ചീപുരം ജില്ലകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലാണു പാല്‍ സംഭരണം. തമിഴ്‌നാട് ക്ഷീര സഹകരണ സംഘമായ 'ആവിന്‍' വാഗ്ദാനം ചെയ്തതിനേക്കാള്‍ ലിറ്ററിന് ഒന്നോ രണ്ടോ രൂപ അധികം നല്‍കുമെന്ന് അമുല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

◾ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലാണ് മോദി ഇങ്ങനെ പറഞ്ഞത്. മോദിയെ 'ദി ബോസ്' എന്ന് വിശേഷിപ്പിച്ചാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് സംസാരിച്ചത്.

◾ഐപിഎല്‍ പതിനാറാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍ പ്രവേശിച്ചത്. 60 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്വാദിന്റെ മികവില്‍ ചെന്നൈ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റന്‍സിന് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരുടേയും വിക്കറ്റുകള്‍ നഷ്ടമായി. വാലറ്റത്ത് റാഷിദ് ഖാന്‍ തകര്‍ത്തടിച്ചെങ്കിലും അവസാന രണ്ട് ഓവറിലെ 34 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സിന് നേടാനായില്ല. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടു നല്‍കി 2 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനം ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 26ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ നിലവിലെ ചാമ്പ്യന്‍മാരായ ഹാര്‍ദിക് പാണ്ഡ്യയുടേയും സംഘത്തിന്റേയും വിധിയെഴുതും.

◾2027ഓടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറായി (82,000 കോടി രൂപ) ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ ആഗോള ഇ-കൊമേഴ്‌സ് ക്മ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നിന്ന് കളിപ്പാട്ടങ്ങളും ഷൂസുകളും സൈക്കിളുകളും വാങ്ങുന്നു. കളിപ്പാട്ടങ്ങള്‍, ഷൂകള്‍, സൈക്കിളുകള്‍ എന്നിവ വാങ്ങുന്നതിന് പുറമെ ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സ്യൂമബിള്‍സ്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, അപ്പാരല്‍, വസ്ത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പുതിയ വിതരണക്കാരെ സജ്ജമാക്കാനും വാള്‍മാര്‍ട്ട് പദ്ധതിയിടുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കളിപ്പാട്ടങ്ങളുടെ കാര്യത്തില്‍ ഇറക്കുമതി മാത്രമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കയറ്റുമതിയിലേക്ക് ഇന്ത്യ കടന്നു. ഐ.കെ.ഇ.എ പോലുള്ള ആഗോള കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങുന്നുണ്ട്. വാള്‍മാര്‍ട്ടും ഈ തീരുമാനത്തിലെത്തിയത് കളിപ്പാട്ട വ്യവസായത്തില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന വളര്‍ച്ചയെ എടുത്തുകാണിക്കുന്നു. 2022-23 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 1,017 കോടി രൂപയാണ്. 2021-22ല്‍ ഇത് 2,601 കോടി രൂപയായിരുന്നു. മൊത്തത്തിലുള്ള കളിപ്പാട്ട ഇറക്കുമതി 2021-22ല്‍ 70 ശതമാനം കുറഞ്ഞ് 870 കോടി രൂപയായി. ഇറക്കുമതി നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2020 ഫെബ്രുവരിയില്‍ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തി. ഇപ്പോള്‍ ഇത് 70 ശതമാനമാണ്.

◾കെജിഎഫിന്റെ വമ്പന്‍ വിജയത്തിനു ശേഷം സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന 'സലാര്‍' ആണ് പ്രഭാസിന്റേതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറാണിത്. ചിത്രത്തിന്റെ ക്ലൈമാക്സിന്റെ കുറിച്ചുള്ള അപ്ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ക്ലൈമാക്സില്‍ നാന്നൂറോളം പേര്‍ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ട്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സലാറിനും പണം മുടക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. സലാറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്നഡ നടന്‍ ദേവരാജ് പറഞ്ഞത്, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് തന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം ഉള്ളതെന്നാണ്. ഇതോടെ ബാഹുബലി, കെജിഎഫ്, പൊന്നിയിന്‍ സെല്‍വന്‍ എന്നീ സിനിമകള്‍ പോലെ സലാറും രണ്ടു ഭാഗമായിട്ടാകും തിയേറ്ററിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സിനിമയില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും നെഗറ്റീവ് കഥാപാത്രമാണ് ഒന്ന് എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

◾മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്റെ' രണ്ടാം ഭാഗം വന്‍ വിജയമായി മാറിയിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു ചിത്രം. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. ഇപ്പോഴിതാ മണിരത്നം ചിത്രത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. 'വീര രാജ വീര' എന്ന ഗാനമാണ് റീലീസായിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍, കെ എസ് ചിത്രം, ഹരിണി എന്നിവര്‍ ആലപിച്ചിരിക്കുന്നു. ജയം രവിയും ശോഭിത ധൂലിപാലയുണ് ഗാനരംഗത്ത് ഉള്ളത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ബാലാജി ശക്തിവേല്‍, റിയാസ് ഖാന്‍, അര്‍ജുന്‍ ചിദംബരം, സാറാ അര്‍ജുന്‍, കിഷോര്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് 'പൊന്നിയിന്‍ സെല്‍വനി'ലൂടെ മണിരത്നത്തിന്റെ ഫ്രെയ്മില്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

◾മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ എസ്യുവി മോഡലായ ഥാര്‍ ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. 2020 ഒക്ടോബറില്‍ ആണ് മഹീന്ദ്ര രണ്ടാം തലമുറ ഥാര്‍ പുറത്തിറക്കിയത്. എത്തി മൂന്നു വര്‍ഷം തികയുന്നതിനിടെയാണ് ഥാറിന്റ ഈ നേട്ടം. ഓഫ്-റോഡിംഗ് പ്രേമികള്‍ക്കും നഗര ഡ്രൈവിംഗിനും ഇത് കാര്‍ നിര്‍മ്മാതാക്കളുടെ ഒരു ജനപ്രിയ ഓഫറായി മാറി. മഹീന്ദ്ര ഥാര്‍ എസ്യുവി നിലവില്‍ 4ഡബ്ളിയുഡി, ആര്‍ഡബ്ളിയുഡി കോണ്‍ഫിഗറേഷനുകളില്‍ പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ എത്തുന്നു. പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ഉള്‍പ്പെടുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് യൂണിറ്റുകള്‍ ഉള്‍പ്പെടുന്നു. 10.55 രൂപ മുതല്‍ 16.78 ലക്ഷം രൂപ വരെയാണ് എസ്യുവിയുടെ എക്‌സ് ഷോറൂം വില. പെട്രോള്‍ യൂണിറ്റ് 150 ബിഎച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍k 130 ബിഎച്പി കരുത്തും 300 ചാ ടോര്‍ക്കും സൃഷ്ടിക്കുന്നു. ചെറിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 117 ബിഎച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഉയര്‍ന്ന ഡിമാന്‍ഡ് കാരണം, മഹീന്ദ്ര ഥാര്‍ 2ഡബ്ല്യുഡിക്ക് ഡീസല്‍ ട്രിമ്മുകള്‍ക്കായി 17 മാസം വരെ നീണ്ട കാത്തിരിപ്പ് സമയമുണ്ട്. അതേസമയം പെട്രോള്‍ പതിപ്പ് വളരെ വേഗത്തില്‍ ലഭ്യമാകും.

◾അനുഭവങ്ങളിലേയ്ക്കും ജീവിത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും നേരിട്ട് നടന്നു കയറുകയാണ് ശ്രീധരന്‍ പിള്ളയുടെ കഥകള്‍. പരീക്ഷണ വ്യഗ്രതയല്ല, യാഥാര്‍ത്ഥ്യബോധവും അതിന്റെ ലളിതമായ ആവിഷ്‌കാരവും ആണ് അവയുടെ വഴി. ആത്മാനുഭവങ്ങളെ, അവയിലെ വൈകാരിക ലോകത്തെ മറയില്ലാതെ ചിത്രീകരിച്ചുകൊണ്ട് ഞാന്‍ എന്റെ ഹൃദയത്തെ കഥയിലേക്ക് എഴുതുന്നു എന്നു പ്രഖ്യാപിക്കുന്ന എഴുത്തുകാരന്റെ സഞ്ചാര രേഖകളാണ് എന്റെ പ്രിയ കഥകളില്‍ നാം വായിക്കുന്നത്. 'എന്റെ പ്രിയകഥകള്‍'. അഡ്വ പി എസ് ശ്രീധരന്‍ പിള്ള. ഡിസി ബുക്സ്. വില 189 രൂപ.

◾പിത്താശയത്തില്‍ പ്രധാനമായി കണ്ടുവരുന്ന ഒരു രോഗമാണ് പിത്താശയക്കല്ല്. പിത്തനീര്- കൊഴുപ്പ്, ബിലുറൂബിന്‍, കാത്സ്യം, എന്നിവയുടെ കൂടെ ചേര്‍ന്നാണ് സാധാരണയായി കല്ലുകള്‍ ഉണ്ടാകുന്നത്. ശരീരത്തില്‍ പല കാരണങ്ങളാല്‍ ദുഷിച്ച പിത്തം കല്ലായി പിത്താശയത്തില്‍ അടിഞ്ഞുകൂടുന്നു. എരിവ്, പുളി, ഉപ്പ്, മസാല തുടങ്ങിയവയുടെ അമിത ഉപയോഗം കൊണ്ട് പിത്താശയക്കല്ല് ഉണ്ടായേക്കാം. തെറ്റായ ആഹാരക്രമം പിത്താശയക്കല്ലിന് കാരണമാകാം. അതുപോലെ തന്നെ അമിത കൊഴുപ്പുള്ള ഭക്ഷണം, മത്സ്യമാംസാദികളുടെ അമിതോപയോഗം തുടങ്ങിയവയും പിത്താശയക്കല്ല് രൂപപ്പെടാന്‍ ഇടയാക്കും. അമിതവണ്ണം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഒരു പ്രായം കഴിയുമ്പോള്‍ പിത്താശയക്കല്ലുണ്ടാകാന്‍ കാരണമാകും. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ കൂടുന്നതും ഈ രോഗമുണ്ടാക്കും. പ്രമേഹവും അമിത കൊളസ്ട്രോളും പിത്താശയക്കല്ലിനുള്ള സാധ്യതഘടകങ്ങളാണ്. പിത്താശക്കല്ലിന് മാനസിക സമ്മര്‍ദങ്ങള്‍ ഒരു പ്രധാന കാരണമാണ്. പാരമ്പര്യവും ഒരു കാരണമാണ്. വലതു നെഞ്ചിന്റെ പുറകു വശത്തായി വേദന, വലതു തോളില്‍ വേദന അനുഭവപ്പെടുക, നടുവുവേദന, ഛര്‍ദി, അമിതവിയര്‍പ്പ്, പനി, ദഹനക്കേട്, ക്ഷീണം, ശരീരം മെലിയല്‍, വയറുവേദന, മലബന്ധം, വയറിളക്കം, നെഞ്ചെരിച്ചില്‍ ഇവയാണ് ലക്ഷണങ്ങള്‍. അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മൂലം രോഗം കണ്ടുപിടിക്കാം. മത്സ്യമാംസാദികള്‍ കഴിവതും ഒഴിവാക്കുക. പാല്‍, മോര്, നെയ്യ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രശ്നമില്ല. എരിവ്, പുളി ഉപ്പ്, മസാലകള്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. നാരുകളടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും വ്യായാമം ശീലമാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക. യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നതിലൂടെ പിത്താശയക്കല്ല് ഒരു പരിധി വരെ പരിഹരിക്കാനാകും. കുമ്പളങ്ങ നീര് അഥവാ വാഴപിണ്ടി നീര് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കല്ല് അലിയാന്‍ സഹായിക്കും. കറ്റാര്‍ വാഴയുടെ നീര് മാതളം പഴത്തിന്റെ ചാറ് എന്നിവയും കല്ലിനെ അലിയിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
കള്ളന്മാര്‍ ആ ബാങ്ക്മാനേജറുടെ വീട് കൊള്ളയടിക്കാന്‍ തീരുമാനിച്ചു. ഒറ്റപ്പെട്ട സ്ഥലത്താണ് ആ വീട് എന്നതായിരുന്നു കാരണം. രാത്രിയില്‍ വീടിന്റെ പരിസരത്ത് എത്തിയപ്പോള്‍ ഗൃഹനാഥന്‍ പിറകുവശത്തെ മാവിന്‍ ചുവട്ടില്‍ എന്തോ കുഴിച്ചിടുന്നത് കണ്ടു. പിന്നീടുള്ള ദിവസങ്ങളിലും അവര്‍ അദ്ദേഹത്തെ നിരീക്ഷിച്ചു. അതേ കാഴ്ച തന്നെ. വിലപിടിപ്പുള്ള എന്തെങ്കിലും ആയിരിക്കും. അവര്‍ തീരുമാനിച്ചു. നാലാം ദിവസം രാത്രിയില്‍ അവര്‍ മതിലുചാടി മാവിന്‍ചുവട്ടിലെത്തി. എത്ര പരതിയിട്ടും കുഴില്‍ ഒന്നും തന്നെ കാണാന്‍ ഉണ്ടായിരുന്നില്ല. അവസാനം അവര്‍ മാനേജരോട് നേരിട്ടെത്തി പറഞ്ഞു: ഞങ്ങള്‍ കള്ളന്മാരാണ്. കുറച്ച് ദിവസമായി താങ്കള്‍ ആ മാവിന്‍ചുവട്ടില്‍ എന്തോ കുഴിച്ചിടുന്നത് കാണാം. പക്ഷേ, ഞങ്ങള്‍ക്കൊന്നും കിട്ടിയതുമില്ല. അദ്ദേഹം പറഞ്ഞു: ഞാന്‍ ഒന്നും കുഴിച്ചിടുന്നില്ല. വെറുതെ കുഴിക്കുന്നതുമാത്രമേയുള്ളൂ. ഓഫീസിലെ സമ്മര്‍ദ്ദം മുഴുവന്‍ വീടിനകത്തുകയറ്റി പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയ വഴിയാണിത്. കുഴികള്‍ കുഴിച്ച് അവ മൂടുമ്പോള്‍ എന്റെ സമ്മര്‍ദ്ദം കുറയുന്നു... നമുക്ക് നേടാനുള്ള ഇടങ്ങള്‍ ധാരാളമുണ്ട്.. പക്ഷേ, ഉപേക്ഷിക്കാനൊരിടം എവിടെയാണ്? പണസമ്പാദനകേന്ദ്രങ്ങളും അറിവുത്പാദന സ്ഥലങ്ങളും ഭാഗ്യനിര്‍മ്മാണസ്ഥാനങ്ങളും യഥേഷ്ടമുണ്ട്. എന്നാല്‍ നിരാശയോ, വിഷമമോ വന്നാല്‍ എവിടെ കൊണ്ടുപോയി കളയും? നമ്മുടെ പിരിമുറുക്കങ്ങളും സമ്മര്‍ദ്ദവും എങ്ങോട്ട് വലിച്ചെറിയും? സങ്കടങ്ങളും നിസ്സഹായതയും ആരുടെ മുമ്പിലാണ് നാം സമര്‍പ്പിക്കുക? പാഴ് വസ്തുക്കള്‍ വേര്‍തിരിക്കാന്‍ നമുക്ക് ഒട്ടേറെ സംവിധാനങ്ങളുണ്ട്. എന്നാല്‍ നിഷ്‌ക്രിയ ചിന്തകളേയും അനാരോഗ്യശീലങ്ങളേയും പുറന്തള്ളാന്‍ ഫലപ്രദമായ എത്ര വേദികളുണ്ട്? എതു വഴിയും വൃത്തിയായിരിക്കുന്നതിന് പിന്നില്‍ അരികിലൂടെയോ അടിയിലൂടെയോ നിര്‍മ്മിച്ചിരിക്കുന്ന ഓടകളാണ്.. സക്രിയമല്ലാത്ത വികാരങ്ങളേയും വിചാരങ്ങളേയും അധികസമ്മര്‍ദ്ദം നല്‍കുന്ന സാഹചര്യങ്ങളേയും നാം എവിടെയെങ്കിലും സംസ്‌കരിച്ചേ മതിയാകൂ.. നിര്‍ജ്ജീവമായതെല്ലാം സമയപരിധികഴിഞ്ഞാല്‍ ദുര്‍ഗന്ധം വമിപ്പിക്കും. ഉപേക്ഷിക്കേണ്ടവയെ യഥാസമയം പുറന്തള്ളാനും പുനഃക്രമീകരിക്കാനും പരിഷ്‌കരിക്കാനും കഴിഞ്ഞാല്‍ നമുക്ക് ജീവിത്തത്തിന്റെ തിളക്കവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാനാകും... അതെ, നമുക്ക് ഉപേക്ഷിക്കാനും ഒരിടം കണ്ടെത്താം - ശുഭദിനം.