*പ്രഭാത വാർത്തകൾ*2023 | മെയ് 23 | ചൊവ്വാഴ്ച 1198 | എടവം 9 | തിരുവാതിര

◾റോഡ് ക്യാമറ പിഴയില്‍നിന്ന് വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. നിയമം ലംഘിച്ചാല്‍ വിഐപികളാണെങ്കിലും പിഴ ഒടുക്കേണ്ടിവരുമെന്ന് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

◾സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങളുടെയും വാഹനങ്ങളുടേയും ഫിറ്റ്നസ് അടക്കമുള്ള സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം. പി.ടി.എയുടെ നേതൃത്വത്തില്‍ ജനകീയ സന്നദ്ധ പ്രവര്‍ത്തനം നടത്തി സ്‌കൂള്‍ ശുചീകരിക്കണം. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, അദ്ധ്യപക- വിദ്യാര്‍ത്ഥി- ബഹുജന സംഘടനകള്‍ മുതലായവയെ സഹകരിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

◾രാജ്യതാല്പര്യങ്ങള്‍ വരുമ്പോള്‍ രാഷ്ട്രീയത്തിന്റെ കണ്ണട മാറ്റിവയ്ക്കണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കേരളത്തിന്റെ വിദ്യാഭ്യാസ- സാമൂഹ്യ രംഗങ്ങളിലെ മികവു പ്രശംസനീയമാണെന്ന് ജഗദീപ് ധന്‍കര്‍ പറഞ്ഞു. നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.

◾ഗുരുനാഥയെ കാണാന്‍ ഉപരാഷ്ട്രപതി എത്തി. സൈനിക് സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപിക രത്നനായരെയാണ് തലശേരി പന്ന്യന്നൂരിലെ വസതിയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സന്ദര്‍ശിച്ചത്. ഗുരുനാഥയെ കാല്‍തൊട്ടു വന്ദിച്ചുകൊണ്ടാണ് അദ്ദേഹം ആദരിച്ചത്. സ്പീക്കര്‍ എ.എന്‍. ഷംസീറും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.

◾ശനിയാഴ്ച വിരമിക്കുന്ന എംജി വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്നു സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കത്തു നല്‍കി.

◾കടലില്‍നിന്ന് ഇരുപത്തയ്യായിരം കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ പ്രതിയായ പാക് പൗരനെ എവിടെനിന്നാണു അറസ്റ്റു ചെയ്തതെന്ന് കോടതി. കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടാണു ചോദ്യം. വ്യക്തമായ മറുപടി പറയാന്‍ കഴിയാത്തതിനാല്‍ എന്‍സിബിയുടെ കസ്റ്റഡി അപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് ഇന്നത്തേക്കു മാറ്റി.

◾പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി.

◾എല്ലാം ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. മലയോര മേഖലയിലാണ് മഴയ്ക്കു കൂടുതല്‍ സാധ്യത. 26 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത.

◾കുത്തേറ്റു മരിച്ച ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി നോട്ടീസയച്ചു. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാലാണു ഹര്‍ജി നല്‍കിയത്.

◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യുയുസി ആള്‍മാറാട്ട സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ എ വിശാഖിനെ കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. പുതിയ പ്രിന്‍സിപ്പല്‍ ഡോ. എന്‍ കെ നിഷാദാണ് നടപടിയെടുത്തത്. പ്രിന്‍സിപ്പലായിരുന്ന ജി.ജെ ഷൈജുവിനെ യൂണിവേഴ്സിറ്റിയുടെ നിര്‍ദേശാനുസരണം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

◾മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ചു രാജീവ് നാഥ് സംവിധാനം ചെയ്ത 'ഹെഡ്മാസ്റ്റര്‍', കെ.എസ്എഫ്ഡിസി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32-44 വരെ' എന്നീ ചിത്രങ്ങള്‍ക്ക്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രൂതി ശരണ്യം എന്നിവര്‍ പങ്കിട്ടു. 'അറിയിപ്പി'ലൂടെ മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ സിനിമകളിലെ അഭിനയത്തിലൂടെ ദര്‍ശന രാജേന്ദ്രന്‍ മികച്ച നടിയായി. സമഗ്രസംഭാവനക്കുള്ള ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ.പി.കുമാരന് സമ്മാനിക്കും. തെന്നിന്ത്യന്‍ സിനിമയില്‍ 50 വര്‍ഷത്തിലധികമായി നിറഞ്ഞു നില്‍ക്കുന്ന കമല്‍ഹാസന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

◾കൊടും ചൂടുള്ളപ്പോള്‍ കോട്ടും ഗൗണും അടക്കമുളള വസ്ത്രധാരണത്തില്‍ മാറ്റം ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കു കത്ത് നല്‍കി. നിലവിലെ വസ്ത്രധാരണ രീതി ആരോഗ്യത്തെ ബാധിക്കുമെന്നും പരിഹാരം വേണമെന്നുമാണ് ആവശ്യം.

◾ബലികൊടുത്ത് രക്തസാക്ഷികളെ സൃഷ്ടിച്ച് ആഘോഷിക്കുന്ന സിപിഎം, തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് ആക്രോശിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. യാഥാര്‍ത്ഥ്യമാണ് പാംപ്ലാനി പറഞ്ഞത്. കണ്ണൂരില്‍ സി പി എം രക്തസാക്ഷികളെ കൊണ്ടാടുകായണെന്നും കെ സുധാകരന്‍ പറഞ്ഞു.

◾കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വസതി സന്ദര്‍ശിച്ചു. മാതാപിതാക്കളായ കെ.ജി മോഹന്‍ദാസ്, വസന്തകുമാരി എന്നിവരോട് ഒരു മണിക്കൂറോളം അവര്‍ സംസാരിച്ചു.

◾ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ ഐടി ജീവനക്കാരടക്കം എട്ടു പേര്‍ പിടിയിലായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ 212 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

◾ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താനായി ബഡ്സ് നിയമ പ്രകാരം ഉത്തരവിറക്കി. സ്വത്തുക്കള്‍ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണു നിര്‍ദേശം. 200 കോടിലധികം രൂപയുടെ തട്ടിപ്പാണ് ബിഎസ്എന്‍എല്‍ സഹകരണ സംഘത്തില്‍ നടന്നത്.

◾അമേത്തിയില്‍ ഒരു വികസനവും നടത്താതിരുന്നതുകൊണ്ടാണ് രാഹുല്‍ ഗാന്ധി അവിടെ തോറ്റതെന്നും വയനാട്ടില്‍ തുടര്‍ന്നാല്‍ ഒരു വികസനവും ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരുവനന്തപുരത്ത് ബി എസ് എസ് സ്ത്രീ തൊഴിലാളി കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് രാഹുലിനെ അമേത്തിയില്‍ തോല്‍പിച്ച സ്മൃതി ഇങ്ങനെ വിമര്‍ശിച്ചത്.

◾ജനം മാര്‍ക്കിട്ടാല്‍ പിണറായി സര്‍ക്കാരിന് ആനമുട്ടയായാണു കിട്ടുകയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സ്വയം പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കി സ്വയം മാര്‍ക്കിട്ട് അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷക്കാരായ തൊഴിലാളി യൂണിയനുകളേയും നേതാക്കളേയും ഇടനിലക്കാരാക്കിയാണ് അഴിമതി നടത്തുന്നതെന്ന് ബിഎംഎസ് സംസ്ഥാന വനിതാ തൊഴിലാളി സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

◾സഹോദരനില്‍നിന്നും ഗര്‍ഭിണിയായ പതിനഞ്ചുകാരിക്കു ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

◾കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ജാര്‍ഖണ്ഡ് കൃഷി മന്ത്രി ബാദല്‍ പത്രലേഖ്. കനകക്കുന്നില്‍ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

◾തിരുവനന്തപുരം വാമനപുരത്തെ കാരേറ്റില്‍ ബസില്‍ മൃതദേഹം. വര്‍ക്ക് ഷോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിലാണ് ആക്രി പെറുക്കി ഉപജീവനം നടത്തുന്ന കമുകന്‍കുഴി സ്വദേശി ബാബു മരിച്ചത്. ഇയാള്‍ സ്ഥിരമായി ഈ ബസിനുള്ളിലാണ് രാത്രി കിടന്നിരുന്നത്.

◾ആറ്റിങ്ങലില്‍ എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടിയ രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ 28 കാരന്‍ അര്‍ജുനന് പിടികൂടാതെ പോലീസ്. ഇയാള്‍ ഡിവൈഎഫ്ഐ നേതാവാണെന്ന പ്രചാരണം തെറ്റാണെന്ന് ഡിവൈഎഫ്ഐ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വിഷ്ണു ചന്ദ്രന്‍ അറിയിച്ചു.

◾ഗവേഷക വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. പന്തളം എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ നന്ത്യത്ത് ഗോപാലകൃഷ്ണനെയാണു സസ്പെന്‍ഡു ചെയ്തത്.

◾വയനാട് പനമരം വരദൂരില്‍ വാഹനപകടത്തില്‍ യുവാവ് മരിച്ചു. താഴെ വരദൂര്‍ ചൗണ്ടേരി റോഡിലുണ്ടായ അപകടത്തില്‍ താഴെ വരദൂര്‍ പ്രദീപിന്റെ മകന്‍ അഖില്‍ (25) ആണ് മരിച്ചത്.

◾എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരനു മരണംവരെ കഠിന തടവും ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കൊല്ലം പരവൂര്‍ സ്വദേശി അനില്‍കുമാറിനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.

◾മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ ന്യൂ ചെക്കോണ്‍ ചന്തയിലാണ് സംഘര്‍ഷമുണ്ടായത്. സൈന്യം സ്ഥലത്തെത്തി. ഇംഫാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇംഫാലില്‍ ന്യൂ ലംബുലാനെയില്‍ പലായനം ചെയ്തവരുടെ വീടുകള്‍ക്കു തീയിട്ടതാണ് സംഘര്‍ഷത്തിനു കാരണം. ഭൂരിപക്ഷ സമുദായമായ മെയ്തെയ് വിഭാഗത്തിനു പട്ടികവര്‍ഗ പദവി നല്‍കിയതിനെതിരായ പ്രതിഷേധങ്ങളാണു കലാപത്തില്‍ കലാശിച്ചത്.

◾തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത് ബാബു ഹൈദരാബാദില്‍ അന്തരിച്ചു. 71 വയസായിരുന്നു. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ഏറെ നാളായി ചികിത്സയിലായിരുന്നു. 220 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

◾ബോളിവുഡ് നടനും മോഡലും കാസ്റ്റിംഗ് കോഡിനേറ്ററുമായ ആദിത്യ സിംഗ് രജ്പുത് മരിച്ച നിലയില്‍. 32 വയസായിരുന്നു. മുംബൈ അന്ധേരിയിലുള്ള അപ്പാര്‍ട്ട്മെന്റിലെ കുളിമുറിയില്‍ വീണു കിടക്കുന്ന നിലയില്‍ ഒരു സുഹൃത്താണ് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ യുപി ഗൊരഖ്പൂര്‍ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നോ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടി മീഡിയ കണ്‍വീനര്‍ ലല്ലന്‍ കുമാറിന്റെ ഫോണില്‍ വിളിച്ചായിരുന്നു വധ ഭീഷണി മുഴക്കിയത്.

◾2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര. എന്നാല്‍ പരിമിതമായ സമയത്തിനുള്ളില്‍ നോട്ട് നിരോധനം നടപ്പാക്കേണ്ടതിനാല്‍് മനസില്ലാ മനസോടെയാണു മോദി 2000 രൂപയുടെ നോട്ടുകള്‍ ഇറക്കാന്‍ സമ്മതിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

◾41 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനപരാതി നല്‍കിയ മധുര മെഡിക്കല്‍ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവി സെയ്ദ് താഹില്‍ ഹുസൈനെ സസ്പെന്‍ഡു ചെയ്തു. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കോളജ് നിയമിച്ച അന്വേഷണ കമ്മീഷനു മുന്നിലാണ് 41 പരാതികള്‍ എത്തിയത്.

◾ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. ഉപയോക്താക്കളുടെ വിവരം അമേരിക്കയ്ക്കു കൈമാറിയതിനാണ് മെറ്റക്കെതിരെ പിഴ ചുമത്തിയത്.

◾സൗദി അറേബ്യയുടെ ബഹികാര സഞ്ചാരികളായ റയാന അല്‍ ബര്‍നാവിയും അലി അല്‍ ഖര്‍നിയും ബഹിരകാശത്തേക്ക് പുറപ്പെട്ടു. നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സൗദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണു സൗദിയുടെ ബഹിരാകാശ യാത്ര. ബഹിരാകാശത്തേക്കു പോകുന്ന അറബ് മുസ്ലിം ലോകത്തെ ആദ്യത്തെ വനിതയാണ് റയാന അല്‍ ബര്‍നാവി.

◾ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര പുരുഷന്മാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമന്‍. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ലോക ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. 2021 ടോക്യോ ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ഇന്ത്യക്ക് ആദ്യ ഒളിംപിക്‌സ് സ്വര്‍ണം സമ്മാനിച്ച നീരജ് ചോപ്ര ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.

◾യു.എസ് നിക്ഷേപ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിക്കുന്ന അദാനി ഗ്രൂപ്പ് ഓഹരിവിലയിലെ കൃത്രിമത്വത്തിന് നിര്‍ണായകമായ തെളിവുകളൊന്നും കണ്ടെത്താനായില്ല എന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ തിങ്കളാഴ്ച കുതിച്ചുയര്‍ന്നു. ട്രേഡിംഗ് സെഷനില്‍ 10 അദാനി ഓഹരികളുടെ വിപണി മൂല്യത്തിലേക്ക് ഏകദേശം 81,727കോടി രൂപ ചേര്‍ത്തു. ജനുവരിയിലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസ് 20 ശതമാനം ഉയര്‍ന്ന് 2,325.55 രൂപയിലെത്തി. അദാനി ഗ്രീന്‍ എനര്‍ജി 5 ശതമാനം ഉയര്‍ന്ന് 942.40 രൂപയിലെത്തി. അദാനി പോര്‍ട്ട്‌സ് 6.41 ശതമാനം ഉയര്‍ന്ന് 729.65 രൂപയിലെത്തി. അദാനി പവര്‍ 5 ശതമാനം ഉയര്‍ന്ന് 248.00 രൂപയിലെത്തി. അദാനി ടോട്ടല്‍ ഗ്യാസ് 5 ശതമാനം ഉയര്‍ന്ന് 721.35 രൂപയിലെത്തി. അദാനി ട്രാന്‍സ്മിഷന്‍ 5 ശതമാനം ഉയര്‍ന്ന് 825.35 രൂപയിലെത്തി. അദാനി വില്‍മര്‍ 10 ശതമാനം ഉയര്‍ന്ന് 444.40 രൂപയിലെത്തി. എ.സി.സി 4.74 ശതമാനം ഉയര്‍ന്ന് 1,811 രൂപയിലെത്തി. അംബുജ സിമന്റ് 5.69 ശതമാനം ഉയര്‍ന്ന് 423.60 രൂപയിലെത്തി. എന്‍.ഡി.ടി.വി 5 ശതമാനം ഉയര്‍ന്ന് 186.45 രൂപയിലെത്തി. ലിസ്റ്റുചെയ്ത 10 സ്ഥാപനങ്ങളും മികച്ച ട്രേഡിംഗ് സെഷനാണ് സാക്ഷ്യം വഹിച്ചത്.

◾മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം എന്ന വിശേഷണത്തിന് ഇനി പുതിയ അവകാശി. കഴിഞ്ഞ ആറര വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകന്‍' കൈയാളിയിരുന്ന റെക്കോര്‍ഡ് ആണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം '2018' മറികടന്നിരിക്കുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം 137 കോടിക്ക് മുകളിലാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്. വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് പുലിമുരുകന്റെ ലൈഫ് ടൈം കളക്ഷന്‍ 2018 മറികടന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഇത് സാധ്യമാക്കിയത്. 64 കോടി രൂപയോളമാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 65.25 കോടിയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 8.4 കോടിയും. എന്നാല്‍ കേരള ബോക്സ് ഓഫീസ് മാത്രം എടുത്ത് നോക്കിയാല്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് പുലിമുരുകന്‍ തന്നെയാണ്. 78.50 കോടിയാണ് പുലിമുരുകന്റെ നേട്ടം. കേരളത്തിലെ കളക്ഷനില്‍ കഴിഞ്ഞ ദിവസം ലൂസിഫറിനെ മറികടന്നിരുന്ന 2018 നിലവില്‍ നാലാം സ്ഥാനത്താണ്. പുലിമുരുകനൊപ്പം ബാഹുബലി 2 (73 കോടി), കെജിഎഫ് ചാപ്റ്റര്‍ 2 (68.50 കോടി) എന്നിവയാണ് മുന്നിലുള്ള മൂന്ന് ചിത്രങ്ങള്‍.

◾'കാണെക്കാണെ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബോബി- സഞ്ജയ്യും മനു അശോകനും വീണ്ടും ഒന്നിക്കുന്നു. ബോബി- സഞ്ജയുടെ തിരക്കഥയില്‍ മനു സംവിധാനം ചെയ്യുന്ന പ്രൊജക്റ്റിന് 'ഹാ യൗവനമേ' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. പുതുമുഖങ്ങളായിരിക്കും മനു അശോകന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുക. രാജേഷ് പിള്ളയുടെ സംവിധാന സഹായിയായി സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച മനു അശോകന്‍ ആദ്യം ഒരുക്കിയത് 'ഉയരെ'യായിരുന്നു. ബോബി- സഞ്ജയ് തന്നെയായിരുന്നു തിരക്കഥ. പാര്‍വതി നായികയായ ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. ആസിഫ് അലി, ടൊവിനൊ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മനു അശോകന്റെ സംവിധാനത്തിലുള്ള രണ്ടാമത്തെ ചിത്രമായ 'കാണെക്കാണെ'യില്‍ സുരാജും ടൊവിനൊ തോമസുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമെന്ന രീതിയിലാണ് 'കാണെക്കാണെ' പ്രദര്‍ശനത്തിന് എത്തിയത്.

◾ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോ പുതിയ വെസ്പ ഡ്യുവല്‍ എസ്എക്സ്എല്‍, വിഎക്സ്എല്‍ സീരീസ് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 125 സിസി, 150 സിസി വേരിയന്റുകളില്‍ ലഭ്യമാകുന്ന ഇവയുടെ എക്‌സ് ഷോറൂം വില 1.32 ലക്ഷം രൂപ മുതലാണ്. ഏറ്റവും പുതിയ ബിഎസ് 6 ഫേസ് 2 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പിയാജിയോ വെഹിക്കിള്‍സ് വെസ്പ പ്രീമിയം ശ്രേണിയിലുള്ള സ്‌കൂട്ടറുകള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 125, 150 സിസി വേരിയന്റുകളില്‍ വില്‍ക്കുന്ന വെസ്പ എസ്എക്സ്എല്‍, വിഎക്സ്എല്‍ സീരീസുകള്‍ക്കായി പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ വേരിയന്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വെസ്പ എസ്എക്സ്എല്‍, വിഎക്സ്എല്‍ 125 എന്നിവയ്ക്ക് കരുത്തേകുന്നത് 9.8 ബിഎച്പി കരുത്തും 9.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124.45 സിസ, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ്. അവരുടെ 150 സിസി വേരിയന്റുകള്‍ക്ക് 149.5 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍ 10.3 ബിഎച്ച്പിയും 10.6 എന്‍എം പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. ഇന്ത്യയിലെ 250 ല്‍ അധികമുള്ള എല്ലാ എക്‌സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പുകളിലും പുതിയ വെസ്പ ഡ്യുവല്‍ ലഭ്യമാകും.

◾നാലുകെട്ടുകള്‍ക്ക് സുഖവാസയിടങ്ങളില്‍ അഗ്രിമസ്ഥാനമാണ്. നിര്‍ജീവങ്ങളായ കല്ലും മണ്ണും മരവും ചേര്‍ന്ന സജീവങ്ങളായ ഈ മനുഷ്യാലയങ്ങള്‍ അവയുടെ നിര്‍മാണപ്രത്യേകതകളാല്‍ ആരേയും അതിശയിപ്പിക്കും. നടുമുറ്റത്തിനുചുറ്റും വിന്യസിക്കപ്പെട്ട കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ ചതുര്‍ശാലകളാണ് നാലുകെട്ടിന്റെ രൂപപരമായ സവിശേഷത. കാറ്റിനും വെളിച്ചത്തിനും സ്വതന്ത്രപ്രവേശനമുള്ള ഈ വാസഗൃഹവ്യവസ്ഥയുടെ അടിസ്ഥാനം പാരമ്പര്യവാസ്തുശാസ്ത്രാനുശാസനകളാണ്. എന്നാല്‍ നിര്‍മിതിപ്പിഴവുകള്‍ ഇതേ പാര്‍പ്പിടങ്ങളെ ദുര്‍ഭവനങ്ങളാക്കിമാറ്റും. ഈ കൈപ്പുസ്തകം, കൃത്യമായ രൂപകല്പനയോടെ, വാസ്തുപുരുഷമണ്ഡലം ആധാരമാക്കി, വേധങ്ങള്‍ ഒഴിവാക്കി, നിങ്ങളുടെ ഭവനത്തെ ഐശ്വര്യത്തിന്റെ ഇടമായ ഒരു പൂര്‍ണനിര്‍മിതിയാക്കുവാന്‍ സഹായിക്കും. 'നാലുകെട്ടുകള്‍ വിശിഷ്ടമായ 25 പ്ലാനുകള്‍'. ഡോ. പി.വി. ഔസേഫ്. എച്ച് & സി ബുക്സ്. വില 180 രൂപ.

 ◾അമിതമായാല്‍ വെള്ളവും ശരീരത്തിന് അപകടമാണെന്ന് ആരോഗ്യ വിദഗ്ധര്‍. അമിതമായ ജലാംശം രക്തത്തിലെ സോഡിയത്തിന്റെ തോത് കുറയ്ക്കുന്നത് ഹൈപോനാട്രീമിയക്ക് കാരണമാകുന്നു. ഇത് തലവേദന, ഛര്‍ദ്ദി, ഓക്കാനം, ചുഴലി രോഗം എന്നു വേണ്ട ഒരാളെ കോമയിലേക്കും മരണത്തിലേക്കും വരെ എത്തിക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. മാലിന്യങ്ങള്‍ ശരീരത്തില്‍ നിന്ന് മൂത്രത്തിലൂടെ പുറന്തള്ളുന്നതിലും വിവിധ അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിലും ശരീര താപനില നിയന്ത്രിക്കുന്നതിലുമൊക്കെ വെള്ളത്തിന്റെ പങ്ക് നിര്‍ണായകമാണ്. എന്നാല്‍ വൃക്കകള്‍ക്ക് മൂത്രത്തിലൂടെ പുറന്തള്ളാവുന്ന വെള്ളത്തിന് ഒരു പരിധിയുണ്ട്. ഇതിനും മുകളില്‍ ജലം ഉളളിലെത്തുന്നതാണ് പ്രശ്‌നമാകുന്നത്. ഒരു മണിക്കൂറില്‍ വൃക്കകള്‍ക്ക് അരിച്ചു കളയാവുന്നത് 0.8 മുതല്‍ ഒരു ലിറ്റര്‍ വരെ വെള്ളമാണെന്ന് കണക്കാക്കുന്നു. ഇതിന് മുകളിലുള്ള അളവില്‍ വെള്ളം കുടിച്ചാല്‍ വൃക്കകള്‍ക്ക് അവയെ നീക്കം ചെയ്യാന്‍ കഴിയാതെ വരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ മൂന്നോ നാലോ ലിറ്റര്‍ വെള്ളം കുടിക്കുന്നവരില്‍ ഹൈപോനാട്രീമിയ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. ഭക്ഷണത്തിലൂടെയും സ്‌പോര്‍ട്‌സ് ഹൈഡ്രേഷന്‍ പാനീയങ്ങളിലൂടെയും സോഡിയം പോലുള്ള അവശ്യ ഇലക്ട്രോളൈറ്റുകള്‍ ഉള്ളിലെത്തിക്കാതെ വെറുതേ വെള്ളം മാത്രം തുടര്‍ച്ചയായി കുടിച്ചു കൊണ്ടിരിക്കുന്നതും ഹൈപോനാട്രീമിയക്ക് കാരണമാകാം. ഒരാളുടെ ശരീരഭാരം, കാലാവസ്ഥ, ശാരീരിക അധ്വാനത്തിന്റെ തോത്, മുലയൂട്ടല്‍ പോലുള്ള പല ഘടകങ്ങളും ശരീരത്തിന് ആവശ്യമായ വെള്ളത്തിന്റെ ശരിയായ അളവ് നിശ്ചയിക്കുന്നു. പുരുഷന്മാര്‍ പ്രതിദിനം 3.7 ലിറ്ററും സ്ത്രീകള്‍ പ്രതിദിനം 2.7 ലിറ്ററും വെള്ളം കുടിക്കണമെന്ന് യുഎസ് നാഷണല്‍ അക്കാദമീസ് ഓഫ് സയന്‍സസ്, എന്‍ജിനീയറിങ് ആന്‍ഡ് മെഡിസിന്‍ നിര്‍ദ്ദേശിക്കുന്നു. മറ്റ് ഭക്ഷണ, പാനീയങ്ങളില്‍ നിന്നും ശരീരത്തിന് ജലം ലഭിക്കുന്നുണ്ടെന്നതും പരിഗണിക്കേണ്ടതാണ്. മുലയൂട്ടുന്നവര്‍ സാധാരണയിലും കൂടുതല്‍ വെള്ളം കുടിക്കേണ്ടതാണെന്നും ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ പുല്‍മേട്ടില്‍ ഒരിടത്ത് പശുവും മറ്റൊരിടത്ത് കാട്ടുപോത്തും മേഞ്ഞിരുന്നു. അപ്പോഴാണ് ശക്തമായ മഞ്ഞ് കാറ്റ് ദൂരെ നിന്നും വരുന്നത്. കാറ്റ് വരുന്ന ശബ്ദം ഇവര്‍ക്ക് രണ്ടുപേര്‍ക്കും നേരത്തെ തന്നെ തിരിച്ചറിയാന്‍ ഉള്ള കഴിവുണ്ട്. പശു ഈ ശബ്ദം കേട്ട് തിരിഞ്ഞോടാന്‍ തുടങ്ങി. എന്നാല്‍ കാട്ടുപോത്താകട്ടെ കാറ്റിന് നേരയാണ് ഓടിയത്. തന്റെ ശക്തമായ ശരീരം കാറ്റില്‍ ഉലയാതെ, വീണുപോകാതെ ബാലന്‍സ് ചെയ്ത് കാട്ടുപോത്ത് കാറ്റിനെ മറികടന്നു. ഫലമായി കാറ്റ് കൊണ്ടിട്ട ഭക്ഷണങ്ങള്‍ അത് ആസ്വദിച്ചു. എന്നാല്‍ പശുവാകട്ടെ തന്റെ നേരെ വരുന്ന കാറ്റിനെ പേടിച്ച് അതിനെ ഒഴിവാക്കാന്‍ അപ്പോഴും ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു. പക്ഷേ, കാറ്റ് പശുവിനടുത്തെത്തുകയും പശുവിനെ ചുഴറ്റിയെറിഞ്ഞ് കടന്നുപോവുകയും ചെയ്തു. ആ വീഴ്ചയെ അതിജീവിക്കാന്‍ പശുവിനും ആയില്ല. ഇതുപോലെയാണ് നമ്മുടെ ജീവിതത്തിലെ ടെന്‍ഷനും,സമ്മര്‍ദ്ദവും, വെല്ലുവിളികളുമെല്ലാം.. അവയില്‍ നിന്നെല്ലാം ഒരു പരിധിവരെയെ നമുക്ക് ഓടിയൊളിക്കാന്‍ സാധിക്കൂ. എത്ര കരുതലോടെ നിന്നാലും കൊടുങ്കാറ്റ് നമ്മെതേടി വരിക തന്നെ ചെയ്യും. ഈ കൊടുങ്കാറ്റ് വരുമ്പോള്‍ അവയെ കടന്നുപോകാന്‍ അനുവദിക്കാതെ ആ കാറ്റിനുമുമ്പില്‍ പലരും ഓടിക്കൊണ്ടേയിരിക്കും. ഫലമോ, സ്ഥിരമായ അപമാനം, ആകുലത, കുറ്റബോധം.. ജീവിതം മുഴുവനും കൊടുങ്കാറ്റ് കൊണ്ട് നിറയും. പകരം കാട്ടുപോത്തിനെപോലെ തിരിഞ്ഞു നിന്ന് ആ കൊടുങ്കാറ്റിനെ നേരിടാന്‍ തീരുമാനിച്ചാല്‍, ചിലപ്പോഴൊക്കെ അതുനമ്മുടെ ഉള്ളുലക്കുമായിരിക്കും.. ചിലപ്പോള്‍ നാം കാലിടറിവീഴുമെന്നോ, ചിലപ്പോള്‍ അത് നമ്മെ എവിടേക്കോ പറത്തിക്കൊണ്ടുപോകുമെന്നോ തോന്നിപ്പിക്കുമായിരിക്കും.. പക്ഷേ, അതിനെ നേരിട്ടുകഴിഞ്ഞാല്‍ നമുക്ക് മനസ്സിലാകും ഈ കാറ്റ് പൊള്ളയാണെന്ന്.. ഈ കാറ്റിലൂടെ അല്‍പം ചാഞ്ചല്യത്തോടെയും സമ്മര്‍ദ്ദത്തോടെയും ഭയത്തോടെയും കൂടി നടന്നാലും അതിനപ്പുറം കാറ്റ് കൊണ്ടുത്തരുന്ന സൗഭാഗ്യങ്ങള്‍ കാത്തിരിപ്പുണ്ട്. അവിടെ നമ്മെ കാത്തിരിക്കുന്നത് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുലരിയായിരിക്കും. അതെ, ഒളിച്ചോടാന്‍ കാടില്ലെന്ന് തിരിച്ചറിയുന്ന നിമിഷം നാം, നമ്മുടെ ഉള്ളിലെ ശക്തിയെ തിരിച്ചറിയും.. ശക്തരാകും.. ആ ശക്തി പിന്നീട് നമ്മെ മുന്നോട്ട് നയിക്കുക തന്നെ ചെയ്യും - ശുഭദിനം.