*പ്രഭാത വാർത്തകൾ*2023 | മെയ് 21 | ഞായർ 1198 | എടവം 7 | രോഹിണി

◾എഐ കാമറ ആരോപണം അന്വേഷിച്ച് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടു സമര്‍പ്പിച്ച മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിനു കീഴില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി പ്ലാന്റേഷന്‍ ചുമതല കൂടി ഹനീഷിനാണ്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നേരത്തെ റവന്യൂ വകുപ്പിലേക്കും പിറകേ ആരോഗ്യവകുപ്പിലേക്കും മാറ്റിയിരുന്നു.

◾തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി.രാജമാണിക്യത്തിന് നഗരവികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. വി. വിഗ്നേശ്വരിയെ കോട്ടയം കളക്ടറായി നിയമിച്ചു. സ്നേഹില്‍ കുമാറിനെ കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടറായും ശിഖ സുരേന്ദ്രനെ കെടിഡിസി മാനേജിംഗ് ഡയറക്ടറായും നിയമിച്ചു.

◾എ ഐ ക്യാമറാ വിവാദത്തില്‍ സര്‍ക്കാരിനെ വെള്ളപൂശി റിപ്പോര്‍ട്ടു സമര്‍പ്പിച്ച മുഹമ്മദ് ഹനീഷിനു നല്‍കിയ പ്രത്യുപകാരമാണ് വ്യവസായ വകുപ്പിലെ പുനര്‍നിയമനമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പറഞ്ഞതുപോലെ റിപ്പോര്‍ട്ടെഴുതാന്‍ തയ്യാറാകാതിരുന്ന വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ അടിക്കടി സ്ഥലം മാറ്റി. ഒരാഴ്ചക്കിടെ റവന്യൂവകുപ്പിലേക്കും ആരോഗ്യവകുപ്പിലേക്കുമാണു സ്ഥലം മാറ്റിയത്. അഴിമതിയെ വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് പുനര്‍നിയമനം നല്‍കിയത്. ചെന്നിത്തല പറഞ്ഞു.

◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐയുടെ യുയുസി ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രഫ. ജി.ജെ. ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു നീക്കാന്‍ കേരള സര്‍വ്വകലാശാല നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പലിനും ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകന്‍ വിശാഖിനുമെതിരേ പോലീസില്‍ പരാതി നല്‍കും. തെരഞ്ഞെടുപ്പ് ചെലവുകള്‍ പ്രൊ. ഷൈജുവില്‍നിന്ന് ഈടാക്കും. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. കെ. മോഹന്‍ പറഞ്ഞു.

◾കേരളത്തില്‍ യുഡിഎഫിന്റെ ഭരണം ദുരന്തമായിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് ഭരണകാലത്ത് എല്ലാ മേഖലയിലും കേരളം പിറകോട്ടു പോയി. എല്‍ഡിഎഫ് സര്‍ക്കാര്‍ നയിക്കുന്ന വികസന മുന്നേറ്റം കണ്ട് യുഡിഎഫും ബിജെപിയും നുണ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം തിരുവന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

◾പിണറായി വിജയനും 20 മന്ത്രിമാരും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ എല്ലാ കൊള്ളയ്ക്കു പിന്നിലും മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്. ലൈഫ്മിഷന്‍ തട്ടിപ്പ്, എഐ ക്യാമറ തട്ടിപ്പ് തുടങ്ങി എല്ലാ അഴിമതിയിലും മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

◾ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്നു തിരുവനന്തപുരത്ത്. വൈകുന്നേരം നാലരയ്ക്ക് എത്തുന്ന അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. നാളെ രാവിലെ പത്തരയ്ക്കു നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു തലശേരിയിലേക്കു പോകും.

◾കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന്റെ ഡയറക്ടറായി ജിജോയ് പി ആറിനെ നിയമിച്ചു. പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രവിഭാഗം ഡീനായി പ്രവര്‍ത്തിക്കുകയായിരുന്നു ജിജോയ്.

◾പാലാ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം ഇതര സംസ്ഥാന തൊഴിലാളി വാഹനമിടിച്ചു മരിച്ചത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസിടിച്ചാണെന്ന് പാലാ പൊലീസ്. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താന്‍ അമ്പതിലേറെ വാഹനങ്ങളില്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അപകട വിവരം ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

◾പാലക്കാട് ശിരുവാണിയില്‍ തടിപിടിക്കാനെത്തിയ നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. അരീക്കോട് നിന്നെത്തിച്ച മഹാദേവന്‍ എന്ന ആനയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മണ്ണാര്‍ക്കാട് ആര്‍ആര്‍ടി എത്തിയാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. ആനയുടെ കാലിലും വയറിലും കാട്ടനകളുടെ കുത്തേറ്റിട്ടുണ്ട്.

◾സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മൂന്നാം പ്രതി ശബരിക്ക് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിന് ജാമ്യം ലഭിച്ചിരുന്നു.

◾വന്ദേ ഭാരത് എക്സ്പ്രസിനുനേരെ ചോറ്റാനിക്കര കുരീക്കാട് കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിയിന് നേരെയാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ചില്ലിന് കേടുപാടു സംഭവിച്ചു.

◾വീട്ടുനമ്പര്‍ അനുവദിക്കാന്‍ മൂവായിരം രൂപ കൈക്കൂലി വാങ്ങിയ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രണ്ടു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി കെ ബാലകൃഷ്ണനെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. സൗബര്‍ സാദിഖിന്റെ പരാതിയിലാണു വിജിലന്‍സ് കേസെടുത്തത്.

◾മാവേലിക്കര വെട്ടിയാര്‍ ക്ഷേത്രത്തിനു സമീപം അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളില്‍ രണ്ടു പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. തഴക്കര തറാല്‍ തെക്കതില്‍ ഉദയന്‍- ബീനാ ദമ്പതികളുടെ മകന്‍ അഭിമന്യു (14) തറാല്‍ വടക്കേതില്‍ സുനില്‍- ദീപ്തി ദമ്പതികളുടെ മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. അഭിമന്യു എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയിരുന്നു. ആദര്‍ശ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

◾പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ആര്‍.എസ്. രാഖിശ്രീ (ദേവു-15) യാണ് മരിച്ചത്. ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു

◾സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ വെടിയേറ്റു മരിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മതൃദേഹം ജന്മനാട്ടില്‍ സംസ്‌കരിച്ചു. നെല്ലിപ്പാറ ഹോളിഫാമിലി പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഏപ്രില്‍ 14 നാണ് ആല്‍ബര്‍ട്ട് കൊല്ലപ്പെട്ടത്.

◾ഡല്‍ഹി സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാന്‍ പുതിയ ഓര്‍ഡിനന്‍സിറക്കിയ കേന്ദ്ര നടപടി സുപ്രീം കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കേന്ദ്ര നടപടി കോടതിയലക്ഷ്യമാണ്. ഓര്‍ഡിനന്‍സിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കേജരിവാള്‍ വ്യക്തമാക്കി.

◾കര്‍ണാടകത്തില്‍ അധികാരമേറ്റ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്കു മൂന്നു മണിക്കൂറിനകം ജനക്ഷേമ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്കു രണ്ടായിരം രൂപവീതം പെന്‍ഷന്‍ നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതി, ഒരു മാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ഗൃഹജ്യോതി പദ്ധതി എന്നിവയടക്കം അഞ്ചു പദ്ധതികള്‍ക്കാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.  

◾കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവേദിയായി. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി എത്തിയില്ലെങ്കിലും ചടങ്ങിലേക്ക് പ്രത്യേക പ്രതിനിധിയെ അയച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വേദിയില്‍ ആദ്യാവസാനം നിറഞ്ഞുനിന്നു. സിപിഎം, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിമാരും ചടങ്ങിനെത്തി.

◾കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ഫലപ്രദമായ ഒരു ഭരണകാലയളവ് ഉണ്ടാകട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആശംസയില്‍ മുഴച്ചുനിന്നത് കാലയളവ് പ്രയോഗമാണ്.

◾പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന്‍ ഡ്രോണുകള്‍ ബിഎസ്എഫ് വെടിവച്ചിട്ടു.

◾യുക്രെയിന്‍- റഷ്യ യുദ്ധം മനുഷ്യത്വത്തിന്റെ പ്രശ്നമാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയും താനും കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ ഹിരോഷിമയില്‍ ജി 7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കുന്ന മോദി യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തവേയാണ് ഇങ്ങനെ പ്രതികരിച്ചത്.

◾ജപ്പാനിലെ ഹിരോഷിമയില്‍ ജി 7 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരെ ആലിംഗനം ചെയ്യുകയും സൗഹൃദസംഭാഷണം നടത്തുകയും ചെയ്തു.

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 77 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോണ്‍ കോണ്‍വെയുടെയും 141 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ട് കെട്ടിന്റെ മികവില്‍ ചെന്നൈ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 52 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും 50 പന്തില്‍ നിന്ന് 79 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദുമാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്.

◾ഐപിഎല്ലിലെ ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒരു റണ്ണിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. നിക്കോളാസ് പൂരന്റെ മികവില്‍ ലഖ്‌നൗ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 33 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത റിങ്കു സിംഗ് അവസാന പന്തുവരെ പൊരുതി നോക്കിയെങ്കിലും തോല്‍ക്കാനായിരുന്നു കൊല്‍ക്കത്തക്ക് വിധി. യാഷ് താക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണമായിരുന്ന കൊല്‍ക്കത്തയ്ക്കായി റിങ്കു സിംഗിന് 19 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ തോല്‍വിയോടെ 14 കളികളില്‍ നിന്ന് 12 പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി.

◾വിദേശത്ത് ഒരു സാമ്പത്തിക വര്‍ഷം രാജ്യാന്തര ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഏഴു ലക്ഷം രൂപ വരെയുള്ള ചെലവഴിക്കലിന് നികുതി ചുമത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. അതേസമയം ഒരു സാമ്പത്തികവര്‍ഷം വിദേശരാജ്യങ്ങളിലെ ഇടപാടുകള്‍ ഏഴുലക്ഷത്തിന് മുകളില്‍ എത്തിയാല്‍ ടിസിഎസ് ആയി 20 ശതമാനം നികുതി ചുമത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതായത് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന്റെ പരിധിയില്‍ വരുമെന്ന് അര്‍ത്ഥം. ജൂലൈ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. രാജ്യാന്തര ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവഴിക്കലാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. കഴിഞ്ഞ ബജറ്റിലാണ് ടിസിഎസ് ഉയര്‍ത്തിയത്. അഞ്ചുശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. എന്നാല്‍ വിദേശത്തുള്ള പഠനം, ചികിത്സ എന്നിവയ്ക്ക് വരുന്ന ചെലവഴിക്കലിന് നികുതി ചുമത്തുന്നത് നിലവിലെ രീതിയില്‍ തന്നെ തുടരും. അതായത് ഏഴുലക്ഷം രൂപയ്ക്ക് മുകളില്‍ ടിസിഎസ് അഞ്ചുശതമാനമായി തന്നെ തുടരും. ദിവസങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവഴിക്കുന്നതിന് ജൂലൈ ഒന്നുമുതല്‍ 20 ശതമാനം നികുതി ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴുലക്ഷം രൂപ വരെയുള്ള ചെലവഴിക്കലിന് നികുതി ഇല്ലായെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

◾'ആര്‍ആര്‍ആര്‍' ചിത്രത്തിലൂടെ ആഗോള തലത്തില്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. താരത്തിന്റെ 'ദേവര' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ സിനിമ ആയാണ് ഒരുക്കുന്നത്. ഫസ്റ്റ് ലുക്കില്‍ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എന്‍ടിആറിനെയാണ് കാണാനാവുക. എന്‍ടിആറിന്റെ ജന്മദിനത്തിന്റെ തലേ ദിവസമാണ് ഫസ്റ്റലുക്ക് പുറത്തുവിട്ടത്. ദൈവം എന്ന അര്‍ത്ഥം വരുന്ന ദേവര ഇന്ത്യന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുന്ന പാന്‍ ഇന്ത്യ ചിത്രമായിരിക്കും എന്നാണ് അണിയറക്കാര്‍ പറയുന്നത്. 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. 'ദേവര'യില്‍ പ്രധാന വേഷത്തില്‍ മലയാളി താരം ഷൈന്‍ ടോം ചാക്കോയും എത്തുന്നു. ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വി കപൂറിന്റെ തെലുഗു അരങ്ങേറ്റ ചിത്രം കൂടിയാണ് ദേവര. അനിരുദ്ധ് ആണ് സംഗീതം.

◾പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'മാമന്നന്‍'. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസന്‍ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നന്‍. ജൂണില്‍ സിനിമ തിയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ ചിത്രത്തിലെ ആദ്യഗാനം ഇറങ്ങി. നടന്‍ വടിവേലുനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എആര്‍ റഹ്‌മാനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 'രാസകണ്ണ്' എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. കീര്‍ത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു.

◾ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍ അതിന്റെ പ്രത്യേക പതിപ്പായ പോളോ ജിടിഐ 25 പുറത്തിറക്കി. 25 വര്‍ഷത്തെ ഹാച്ച്ബാക്കിന്റെ യാത്രയെ ഓര്‍മിപ്പിക്കുന്നതാണ് പ്രത്യേക മോഡല്‍. ജര്‍മ്മനിയില്‍ 35,205 യൂറോ (ഏകദേശം 31.42 ലക്ഷം രൂപ) പ്രാരംഭ വിലയുമായി ആഗോള വിപണിയില്‍ പോളോ ജിടിഐയുടെ സ്പെഷ്യല്‍ എഡിഷന്‍ 25 വേരിയന്റിനെ ഫോക്സ്വാഗണ്‍ അവതരിപ്പിച്ചത്. ഈ എക്‌സ്‌ക്ലൂസീവ് കാറിന്റെ ഓര്‍ഡര്‍ ബുക്കുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. കമ്പനിയുടെ വെബ്സൈറ്റ് അല്ലെങ്കില്‍ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കാറിന് ലഭിക്കുക. ഈ എഞ്ചിന്‍ 204 ബിഎച്പി കരുത്ത് ഉത്പാദിപ്പിക്കും. 18 ഇഞ്ച് അലോയ് വീലുകളാണ് കാറില്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ ഈ പുതിയ കാറിന്റെ 2500 യൂണിറ്റുകള്‍ മാത്രമേ കമ്പനി വില്‍ക്കൂ. വാഹനത്തില്‍ 25 വര്‍ഷം എഴുതിയിരിക്കും. ആനിവേഴ്സറി എഡിഷന്റെ ഒരു ബാച്ച് കാറിലുണ്ടാകും.

◾കുടുംബബന്ധങ്ങളുടെ ആഗ്രഹങ്ങള്‍, വികാരങ്ങള്‍, ആഴങ്ങള്‍, ഉന്മാദങ്ങള്‍ എന്നിവ അന്വേഷിക്കുന്ന സ്ത്രീത്വം നിറഞ്ഞ ഒരു നോവലാണ് കില്ലര്‍. ബ്രോഡ് മൂറിലെ ഹൈ സെക്യൂരിറ്റി സൈക്യാട്രിക് ഹോസ്പിറ്റലില്‍ ജീവപര്യന്തം അടച്ചിട്ടിരിക്കുന്ന 'ടവര്‍ ഹാംലെറ്റ്‌സ് കില്ലര്‍' റിച്ചാര്‍ഡ് ഹെംഫീല്‍ഡിന്റെ കൈയൊപ്പ് ഇപ്പോള്‍ നടന്ന രണ്ട് കുറ്റകൃത്യങ്ങളിലും ഉണ്ട്. പത്ത് വര്‍ഷം മുമ്പ്, ആറ് സ്ത്രീകളെയും എഴുത്തുകാരിയുടെ മുന്‍ കൂട്ടാളിയായ അലക്‌സിസ് കാസ്റ്റെല്‍സിനെയും കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം അടച്ചിട്ടിരിക്കുന്ന അവന്റെ കുറ്റകൃത്യങ്ങള്‍ വീണ്ടും ആരംഭിക്കുകയാണോ? ക്രൈം ഫിക്ഷനെ തികച്ചും പുതിയതും കൗതുകകരവുമായ ഒരു തലത്തിലേക്ക് കൊണ്ടുപോയ, അവിശ്വസനീയമാംവിധം കഴിവുള്ള ഒരു എഴുത്തുകാരിയുടെ രണ്ടാമത്തെ ക്രൈം ത്രില്ലര്‍. 'കില്ലര്‍'. ജൊഹാന ഗസ്താവ്സണ്‍. വിവര്‍ത്തനം- ഉത്തര തോമസ്. ഡിസി ബുക്സ്. വില 379 രൂപ.

◾നല്ല ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കണം. സമീകൃതാഹാരം കഴിക്കുമ്പോള്‍ ചര്‍മ്മത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകും. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസം മുഴുവന്‍ ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം ഉറപ്പാക്കുന്നത് ചര്‍മ്മത്തെ നന്നായി കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കി ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഫലപ്രദമാണിത്. പഞ്ചസാര അമിതമായി കഴിക്കുന്നത് വീക്കത്തിന് കാരണമാകും. ഇതുമൂലം മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളും ഉണ്ടാകും. പ്രൊസസ്ഡ് ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പും സോഡിയം, പഞ്ചസാര എന്നിവയുടെ അളവും കൂടുതലായിരിക്കും. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് ആരോഗ്യകരമായ ചര്‍മ്മത്തിന് അനിവാര്യമാണ്. ഇത് വീക്കം കുറയ്ക്കുകയും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തി മൃദുലമായി കാത്തുസൂക്ഷിക്കുകയും ചെയ്യും. എണ്ണയില്‍ വറുത്ത പലഹാരങ്ങളെല്ലാം ഒഴിവാക്കാം. ഇതിനുപകരം ആവിയില്‍ പുഴുങ്ങിയോ ബേക്ക് ചെയ്‌തോ ഗ്രില്‍ ചെയ്‌തോ ഒക്കെ കഴിക്കുന്നതാണ് നല്ലത്. തൈരടക്കമുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ചര്‍മ്മത്തെ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. മദ്യം ചര്‍മ്മത്തിലെ ജലാംശം ഇല്ലാതാക്കുന്ന ഒന്നാണ്. ഇത് വീക്കത്തിന് കാരണമാകുകയും ചെയ്യും. ചുളിവുകളുണ്ടാകാനും പാടുകള്‍ പ്രത്യക്ഷപ്പെടാനുമെല്ലാം ഇത് കാരണമാകും. അതുകൊണ്ട് മദ്യപാനം നിയന്ത്രിക്കാനോ പൂര്‍ണ്ണമായും ഒഴിവാക്കാനോ ശ്രമിക്കണം. ഭക്ഷണത്തിനൊപ്പം തന്നെ ചര്‍മ്മത്തിന് പ്രധാനമാണ് ഉറക്കവും. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍ ചര്‍മ്മം മങ്ങിയും ക്ഷീണിച്ചതുമായി തോന്നും.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാളും മകനും പാടത്തുകൂടി നടക്കുകയായിരുന്നു. നടക്കുന്നതിനിടയില്‍ മകന്‍ ഒരു പാമ്പിന്റെ വാലില്‍ ചവിട്ടി. പാമ്പ് മകനെ തിരിഞ്ഞുകൊത്തി. ഉഗ്രവിഷമേറ്റ മകന്‍ തല്‍ക്ഷണം മരിച്ചു. ദേഷ്യം വന്ന അച്ഛന്‍ തന്റെ കയ്യിലിരുന്ന വാള്‍കൊണ്ട് പാമ്പിന്റെ വാല്‍ മുറിച്ചു. വേദനകൊണ്ട് പുളഞ്ഞ പാമ്പ് അവിടെനിന്ന് രക്ഷപ്പെട്ടെങ്കിലും പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. പാമ്പ് അയാളുടെ വളര്‍ത്തുമൃഗത്തെ കടിച്ചു. പല ദിവസങ്ങളിലും അത് ആവര്‍ത്തിച്ചു. അയാള്‍ പാമ്പിനെ കൊല്ലാന്‍ നോക്കിയെങ്കിലും പാമ്പ് മാളത്തിലൊളിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തന്റെ പ്രതികാരനടപടികളെല്ലാം അവസാനിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. അയാള്‍ പാമ്പിന്റെ മാളത്തിനു മുന്‍പില്‍ ഒരു പാത്രം പാല്‍ വച്ചിട്ട് പറഞ്ഞു: നമുക്ക് സുഹൃത്തുക്കളാകാം. പാമ്പ് പറഞ്ഞു: ഞാന്‍ മൂലം താങ്കള്‍ക്കും താങ്കള്‍ മൂലം എനിക്കും ഒരുപാട് നഷ്ടങ്ങള്‍ വന്നിട്ടുണ്ട്. ഇനി എത്ര ശ്രമിച്ചാലും ഒരു നല്ല സൗഹൃദം നമ്മള്‍ തമ്മില്‍ ഉണ്ടാകില്ല. .. പരിഹാരമില്ലാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിന് ശേഷം ഏതു ബന്ധമാണ് ഒത്തുതീര്‍പ്പ് ഉടമ്പടികളിലൂടെ പുനഃസ്ഥാപിക്കപ്പെടുക.. സ്വയം വീഴ്ചകൊണ്ടോ തെറ്റിദ്ധാരണകൊണ്ടോ ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാകാം. പക്ഷേ, എല്ലാ വിള്ളലുകളും അടയ്ക്കാനാകില്ല. ചില ബന്ധങ്ങള്‍ ഒട്ടിച്ചുചേര്‍ത്ത് കൊണ്ടുപോകണം, ചിലത് ഉപേക്ഷിക്കണം. ഏതു വിടവിനിടയിലും പരസ്പരബഹുമാനത്തിന്റെ മിശ്രിതമുണ്ടെങ്കില്‍ എല്ലാവര്‍ക്കും മനസ്സമാധാനത്തോടെ ജീവിക്കാനാകും... ജീവിതം മനസ്സമാധാനപൂര്‍ണ്ണമാകട്ടെ - ശുഭദിനം.