പ്രഭാത വാർത്തകൾ*2023 | മെയ് 20 | ശനി |

◾രണ്ടായിരം രൂപ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. സെപ്റ്റംബര്‍ 30 വരെ രണ്ടായിരത്തിന്റെ കറന്‍സികള്‍ ഉപയോഗിക്കാം. 2000 രൂപാ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടായിരത്തിന്റെ കറന്‍സികള്‍ ദിവസം ഇരുപതിനായിരം രൂപവരെ ബാങ്കുകളില്‍നിന്നു മാറ്റിയെടുക്കാവുന്നതാണ്. 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ റദ്ദാക്കി പകരം രണ്ടായിരത്തിന്റെയും പുതിയ അഞ്ഞൂറിന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്.

◾എസ്എസ്എല്‍സിക്ക് ഇത്തവണ 68,604 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്. കഴിഞ്ഞ തവണ 44,363 പേര്‍ക്കായിരുന്നു ഫുള്‍ എ പ്ലസ്. 24,241 പേര്‍ കൂടുതലായി ഫുള്‍ എ പ്ലസ് നേടി. പരീക്ഷ എഴുതിയ 4,19,363 വിദ്യാര്‍ത്ഥികളില്‍ 4,17,864 പേരാണു പാസായത്. 99.70 ശതമാനം വിജയം. വിജയശതമാനത്തില്‍ 0.44 ശതമാനം വര്‍ധന.  

◾പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. ജൂണ്‍ ഏഴു മുതല്‍ 14 വരെ സേ പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

◾റോഡ് ക്യാമറാ കരാറിനെ ന്യായീകരിച്ചും കെല്‍ട്രോണിന്റൈ നടപടികളെ ശരിവച്ചും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട്. അഴിമതിയില്ലെന്നും കരാറുകളെല്ലാം സുതാര്യമാണെന്നും ഡാറ്റാ സുരക്ഷ ഒഴികെ എല്ലാത്തിലും ഉപകരാര്‍ നല്‍കാന്‍ കെല്‍ട്രോണിന് അധികാരമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. കെല്‍ട്രോണിനെ സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്ആര്‍ഐടി ഉപകരാര്‍ നല്‍കിയ കമ്പനികളെ കുറിച്ച് കെല്‍ട്രോണ്‍ അറിയേണ്ട കാര്യമില്ലെന്നും ഭാവിയില്‍ ഇത്തരം പദ്ധതികള്‍ക്ക് ഉന്നതാധികാര സമിതിയുണ്ടാകുമെന്നും വ്യവസായ മന്ത്രി പി. രാജീവ്.

◾എരുമേലി കണമലയില്‍ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു പേര്‍ക്കും സര്‍ക്കാര്‍ പത്തു ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

◾കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കര്‍ഷക സംഘടനയായ ഇന്‍ഫാം. മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകരമായ വിധത്തില്‍ കാട്ടുമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്നതു തടയാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ലെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കുറ്റപ്പെടുത്തി.

◾വന്യജീവി ആക്രമണങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിഡി സതീശന്‍ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്.

◾ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസികാരോഗ്യനില പരിശോധിക്കാന്‍ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍. മെഡിക്കല്‍ ബോര്‍ഡാണ് ഈ നിര്‍ദ്ദേശം വച്ചത്. ഒരു ദിവസത്തെ പരിശോധനകൊണ്ട് പ്രതിയുടെ മാനസിക നില പൂര്‍ണമായും തിരിച്ചറിയാന്‍ കഴിയില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു.

◾രാജ്യത്ത് ഏറ്റവുമധികം സംഘടിത അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിനെതിരേ സമര പരമ്പരകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾പോലീസ് തലപ്പത്തെ ചേരിപ്പോരാണ് ഐജി വിജയന്റെ സസ്പെന്‍ഷനിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ട്രെയിന്‍ തീവയ്പു കേസിലെ പ്രതിയെ കൊണ്ടുവരുന്നതിലെ സുരക്ഷാവീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരേയല്ല നടപടി. സുരക്ഷാ വീഴ്ചയുണ്ടായെന്നു പുറത്തറിഞ്ഞതിനാണു നടപടിയെന്നതു പരിഹാസ്യമെന്നും സതീശന്‍.

◾ബ്രഹ്‌മപുരത്തേക്കു മാലിന്യം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന തൃക്കാക്കര നഗരസഭയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇളവ് ആവശ്യപ്പെട്ട് എത്തിയ നഗരസഭ ചെയര്‍പേഴ്സന്റെ നിലപാടു ശരിയല്ലെന്നു മന്ത്രി പറഞ്ഞു.

◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യും. 20 ലക്ഷത്തോളം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്നാണു വാഗ്ദാനം.

◾പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി കോട്ടയം മണര്‍കാട് സ്വദേശിനി ജൂബി ജേക്കബിനെ (26) വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊന്ന ഭര്‍ത്താവ് ഷിനോ മാത്യു വിഷം കഴിച്ചു ഗുരതരാവസ്ഥയില്‍. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വൈഫ് സ്വാപ്പിംഗ് കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജയിലില്‍നിന്നു ജാമ്യത്തിലറങ്ങിയത്.

◾സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തും നിക്ഷേപം സമാഹരിച്ചും ലക്ഷങ്ങളുമായി മുങ്ങിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറടയിലെ ട്രാവന്‍കൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ - ഓപ്പറേറ്റീവ് സോസൈറ്റി പ്രസിഡന്റ് കീഴാറൂര്‍ കുറ്റിയാണിക്കാട് ശാന്താ ഭവനില്‍ ബാലകൃഷ്ണന്റെ മകന്‍ അഭിലാഷ് ബാലകൃഷ്ണന്‍ (32) ആണ് പിടിയിലായത്.

◾വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ ആലപ്പുഴയിലെ സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി. ടെമ്പോ -ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എ റെജീബ് അലിയെയാണ് പുറത്താക്കിയത്.

◾തൃശൂര്‍ ആനന്ദപുരത്ത് ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചാലക്കുടി തുരുത്തി പറമ്പ് സ്വദേശി വെളിയത്ത് ഉണ്ണികൃഷ്ണന്റെ മകന്‍ ആദര്‍ശ് എന്ന 21 കാരനാണ് മരിച്ചത്.

◾മലയാളി സൗദിയില്‍ കാറിടിച്ചു മരിച്ചു. 'മൗലാന മദീന സിയാറ' ഏജന്‍സി ഉടമ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖാദര്‍ മുസ്ലിയാര്‍ (50) ആണ് പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫില്‍ കാറിടിച്ച് മരിച്ചത്.

◾റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിന് 87,416 കോടി രൂപ ഡിവിഡന്‍ഡായി നല്‍കും. ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ യോഗത്തിലാണ് തീരുമാനം.

◾ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും നിയമനവും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ അതോറിറ്റി രൂപീകരിച്ച് ഓര്‍ഡിനന്‍സിറക്കി. സ്ഥലംമാറ്റം, നിയമന അധികാരം ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനാണെന്ന സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനാണ് ഓര്‍ഡിനന്‍സ്. പുതിയ അതോറിറ്റിയില്‍ മുഖ്യമന്ത്രിയും അംഗമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് മറ്റു രണ്ടംഗങ്ങള്‍. അന്തിമ തീരുമാനത്തിനുള്ള അധികാരം ഗവര്‍ണര്‍ക്കാണെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഓര്‍ഡിനന്‍സെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.

◾കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. 25 മന്ത്രിമാരും ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്കു കേരളത്തില്‍നിന്ന് മൂന്നു പേര്‍ക്കു മാത്രമാണു ക്ഷണം. എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി, മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങള്‍, ആര്‍എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവര്‍ക്കാണു ക്ഷണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ രാജ എന്നിവരടക്കം 20 പേര്‍ക്കാണ് ക്ഷണം.

◾ചിപ്പു ക്ഷാമംകൊണ്ടാണോ രണ്ടായിരത്തിന്റെ കറന്‍സി പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. 2016 ലെ നോട്ട് നിരോധനമെന്ന അസംബന്ധത്തിന്റെ ബാക്കിപത്രമാണ് രണ്ടായിരം രൂപയുടെ കറന്‍സി പിന്‍വലിക്കല്‍. ആറു വര്‍ഷമായി രണ്ടായിരം രൂപയുടെ കറന്‍സി അച്ചടിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. നമ്മുടെ സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ സ്ഥിരം പരിപാടി തന്നെ. ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ട്വീറ്റിലൂടെ പരിഹസിച്ചു.

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 4 വിക്കറ്റിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ മികവില്‍ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. ഇതോടെ 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ 14 പോയന്റുമായി അഞ്ചാം സ്ഥാനത്തെത്തി.

◾തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് മെയ് 20ന് പ്രാബല്യത്തില്‍ വരുന്നവിധം വര്‍ദ്ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) ആണ് 0.10 ശതമാനം വരെ ഉയരുകയെന്ന് ബാങ്ക് വ്യക്തമാക്കി. ഏപ്രിലിലും ബാങ്ക് എം.സി.എല്‍.ആര്‍ 0.10 ശതമാനം കൂട്ടിയിരുന്നു. പുതുക്കിയ നിരക്കുപ്രകാരം ഓവര്‍നൈറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.8 ശതമാനത്തില്‍ നിന്ന് 8.9 ശതമാനമാകും. ഒരുമാസക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.85ല്‍ നിന്ന് 8.95 ശതമാനത്തിലേക്കും മൂന്നുമാസ കാലാവധിയുള്ളവയുടേത് 8.95ല്‍ നിന്ന് 9.05 ശതമാനത്തിലേക്കും ഉയര്‍ത്തി. 9.20 ശതമാനമാണ് ആറുമാസ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍. നേരത്തേ 9.10 ശതമാനമായിരുന്നു. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.45ല്‍ നിന്ന് 9.50 ശതമാനത്തിലേക്കുമാണ് വര്‍ദ്ധിപ്പിച്ചത്. സ്വര്‍ണപ്പണയം, ബിസിനസ് വായ്പകള്‍, വ്യാപാരികളുടെ ഓവര്‍ ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ തുടങ്ങിയവയുടെ പലിശനിരക്കാണ് ഇതുപ്രകാരം ഉയരുക. വായ്പകളുടെ അടിസ്ഥാന പലിശനിരക്കാണ് എം.സി.എല്‍.ആര്‍. ഈ നിരക്കിനേക്കാള്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല. റിപ്പോനിരക്ക് മാറുന്നതിന് അനുസരിച്ച് എം.സി.എല്‍.ആറും മാറും. എന്നാല്‍, ഇതിന് പുറമേ വായ്പാത്തുക, തിരിച്ചടവ് കാലാവധി, വായ്പയിന്മേല്‍ ബാങ്കിനുണ്ടാകുന്ന പ്രവര്‍ത്തനച്ചെലവ് തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്കുകള്‍ എം.സി.എല്‍.ആര്‍ നിശ്ചയിക്കുന്നത്.

◾ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ 3ഡി ടീസര്‍ പുറത്തെത്തി. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. ചിത്രം പകര്‍ന്നു തരുന്ന ചോതിക്കാവിലെ മായകാഴ്ചകളുടെ രൂപമാണ് ടീസറിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്. പ്രഖ്യാപന വേളയില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ ബിഗ് ബജറ്റ് ചിത്രത്തില്‍ ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പീരിയോഡിക്കല്‍ എന്റര്‍ടെയ്നറായ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണമായും 3ഡിയില്‍ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകള്‍ ഉണ്ട്. ടൊവിനോയെ കൂടാതെ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

◾യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തില്‍ ജയറാം നായകന്‍. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'അബ്രഹാം ഓസ്ലര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. തൃശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തെത്തിയ പോസ്റ്ററില്‍ ജയറാം. 2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്ലര്‍ ത്രില്ലര്‍ ആണ്. ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് രചന.

◾കോംപസിന്റെ പെട്രോള്‍ മോഡല്‍ പിന്‍വലിച്ച് ജീപ്പ് ഇന്ത്യ. 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ മോഡലിന്റെ നിര്‍മാണമാണ് കമ്പനി അവസാനിപ്പിച്ചത്. ബിഎസ് 6 ഫെയ്സ് 2 മലിനീകരണ മാനദണ്ഡത്തിലേക്ക് ഉയര്‍ത്താത്തതാണ് പെട്രോള്‍ എന്‍ജിന്‍ പിന്‍വലിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം അവസാനം പെട്രോള്‍ മാനുവല്‍ വകഭേദത്തിന്റെ ഉത്പാദനം ജീപ്പ് നിര്‍ത്തിയിരുന്നു. ഡിസിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സുമായി എത്തുന്ന കോംപസിന്റെ നിര്‍മാണമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്. ഇന്ത്യയില്‍ ജീപ്പ് കോംപസിന്റെ വില്‍പനയുടെ 50 ശതമാനവും പെട്രോള്‍ മോഡലായിരുന്നു. രാജ്യാന്തര വിപണിയില്‍ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നേരത്തെ തന്നെ നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യന്‍ വിപണിക്ക് വേണ്ടി മാത്രം 1.4 ലിറ്റര്‍ എന്‍ജിന്‍ ബിഎസ് 6 ഫെയ്സ് 2 മലിനീകരണ മാനദണ്ഡത്തിലേക്ക് ഉയര്‍ത്തുന്നത് ലാഭകരമായിരിക്കില്ല എന്ന ചിന്തയാണ് പെട്രോള്‍ എന്‍ജിന്‍ മോഡല്‍ നിര്‍ത്താന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്. 2026ല്‍ എത്തുന്ന ജീപ്പ് കോംപസിന്റെ അടുത്ത തലമുറ മോഡലില്‍ പെട്രോള്‍ എന്‍ജിന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ 2 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 4ഃ4 ഗീയര്‍ബോക്സുമായി എത്തിയ ട്രെയില്‍ഹോക്ക് മോഡലിന്റെ ഉത്പാദനവും അവസാനിപ്പിച്ചു. കമ്പനി വെബ് സൈറ്റില്‍ നിന്ന് വാഹനം നീക്കം ചെയ്തിട്ടുണ്ട്.

◾ഓര്‍മ്മകള്‍ എപ്പോഴും ഹൃദയത്തോട് ചേര്‍ത്തു വെക്കാനുള്ളതാണ് അവയ്ക്ക് തിളക്കം കൂടുന്നത് അത് അക്ഷരങ്ങള്‍ ആകുമ്പോള്‍ ആണ്. ഇന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരുപാട് നഷ്ടബോധത്തോടെ ഓര്‍മ്മയില്‍ തെളിയുന്ന ഒരു കാലം എല്ലാവര്‍ക്കും ഉണ്ട്. 'പിള്ളയുടെ തള്ളുകള്‍' അങ്ങനെ ഓര്‍ത്തെടുത്ത 27 അനുഭവങ്ങള്‍, 27 നര്‍മ്മങ്ങളായി. സുകേഷ് രാമകൃഷ്ണ പിള്ളയുടെ 27 കഥകളിലൂടെ ചിന്തിക്കാം, അതിലും ഉപരി മനസ്സ് തുറന്ന് ചിരിക്കാം. ഒലീവ് പബ്ളിക്കേഷന്‍സ്. വില 270 രൂപ.

◾പ്രമേഹമുള്ളവരുടെ ശരീരം മുറിഞ്ഞാല്‍ രക്തം കട്ടപിടിക്കാന്‍ വളരെ പ്രയാസമാണ്. ഇത്തരക്കാര്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. മോണ്‍ട്രില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെതാണ് പുതിയ കണ്ടുപിടിത്തം. ജേണല്‍ സെല്‍ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാറ്റിക് ബീറ്റാ കോശങ്ങളില്‍ വിറ്റാമിന്‍ കെ യുടെ വലിയ തോതിലുള്ള അളവു കണ്ടെത്തി. രക്തത്തില്‍ ബീറ്റ സെല്ലുകളുടെ എണ്ണത്തിലെ കുറവോ അല്ലെങ്കില്‍ അവയ്ക്ക് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. കൂടാതെ ഇആര്‍ജിപി എന്ന പുതിയ ഗാമാ-കാര്‍ബോക്‌സിലേറ്റഡ് പ്രോട്ടീന്‍ തിരിച്ചറിയാന്‍ സാധിച്ചതായും സംഘം വ്യക്തമാക്കി. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നത് തടസപ്പെടുത്താതിരിക്കാന്‍ ബീറ്റാ കോശങ്ങളിലെ കാല്‍ഷ്യത്തിന്റെ ഫിസിയോളജിക്കല്‍ ലെവല്‍ നിലനിര്‍ത്തുന്നതില്‍ ഈ പ്രോട്ടീന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഗാമാ-കാര്‍ബോക്‌സിലേഷനിലൂടെ വിറ്റാമിന്‍ കെ ഇആര്‍ജിപിയുടെ പ്രവര്‍ത്തനത്തിന് വളരെ പ്രധാനമാണെന്ന് കണ്ടെത്തി.15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു പുതിയ വിറ്റാമിന്‍ കെ-ആശ്രിത പ്രോട്ടീന്‍ കണ്ടെത്തുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഇത് ചാന്‍ ഹോങ്ങ്യാന്‍. നാലാം വയസ്സില്‍ ഉണ്ടായ ഒരു വാഹനാപകടം അവളുടെ ഇരുകാലുകളും തട്ടിയെടുത്തു. കൃത്രിമക്കാല്‍ വെച്ചുപിടിപ്പിക്കാനോ വീല്‍ചെയര്‍ വാങ്ങാനോ ചാനിന്റെ മാതാപിതാക്കളുടെ സാമ്പത്തിക ശേഷി അനുവദിച്ചില്ല. കൈകള്‍ നിലത്തുകുത്തി ഇഴഞ്ഞുനീങ്ങുമ്പോള്‍ കുഞ്ഞുചാനിന്റെ ശരീരം ഉരഞ്ഞുകീറാന്‍ തുടങ്ങി. മുത്തച്ഛനാണ് അതിനു പരിഹാരം ഉണ്ടാക്കിയത്. ഒരു പഴയ ബാസ്‌കറ്റ്‌ബോള്‍ മുറിച്ച് അദ്ദേഹം ചാനിനെ അതിനകത്ത് ഇരുത്തി. നിലത്തുകുത്തി സഞ്ചരിക്കാന്‍ പാകത്തില്‍ രണ്ടുകൈകള്‍ കൂടി നിര്‍മ്മിച്ചു നല്‍കി. ബാസ്‌കറ്റ്‌ബോളിന്റെ അകത്തിരുന്ന് തെരുവിലൂടെ സഞ്ചരിക്കുന്ന ചാനിന്റെ ചിത്രവും വാര്‍ത്തയും 'ബാസ്‌കറ്റ് ബോള്‍ ഗേള്‍' എന്ന തലക്കെട്ടില്‍ ഒരു പത്രത്തില്‍ വന്നു. വാര്‍ത്ത ചര്‍ച്ചയായതോടെ ചൈനയിലെ പൊതുജന സുരക്ഷാ മന്ത്രാലയത്തിന്റെ പൊതുജന സുരക്ഷാ മന്ത്രാലയത്തിന്റെ സഹായത്തോടെ ബെയ്ജിങ്ങില്‍ പ്രവര്‍ത്തിക്കുന്ന റീഹാബിലിറ്റേഷന്‍ സെന്റര്‍ അവള്‍ക്കു കൃത്രിമക്കാലുകള്‍ നല്‍കി. കുട്ടിക്കാലം മുതല്‍ ചാനിന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു നീന്തല്‍. ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്കു വേണ്ടിയുള്ള ഒരു സ്വിമ്മിങ്ങ് ക്ലബ്ബില്‍ അവള്‍ അംഗമായി. അവിടത്തെ പരിശീലനം അവളെ ലോകമറിയുന്ന നീന്തല്‍താരമാക്കി മാറ്റി. നമുക്ക് വേണമെങ്കില്‍ നമ്മുടെ വിധിയെ പഴിച്ച് സ്വന്തം ജീവിതത്തില്‍ ഇരുട്ട് നിറയ്ക്കാം. അല്ലെങ്കില്‍ സ്വന്തം വിധി സമ്മാനിച്ച ഇരുട്ടിനെ പിന്നലാക്കി അവിടെ വെളിച്ചം വിതറാം. നമ്മുടെ ജീവിതം പാല്‍വെളിച്ചം നിറഞ്ഞതാകട്ടെ