പ്രഭാത വാർത്തകൾ*2023 | മെയ് 19 | വെള്ളി

◾സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. വാര്‍ഡുകളില്‍ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കാവൂ, അത്യാഹിത വിഭാഗത്തിലുള്ള രോഗിക്കൊപ്പം രണ്ടു പേരെ വരെ അനുവദിക്കാം എന്നീ നിര്‍ദേശങ്ങളുമുണ്ട്. സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സംവിധാനം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ടു ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

◾എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നു പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക.

◾തുടരന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ കൈയാങ്കളി കേസ് നീട്ടിക്കൊണ്ടുപോകാന്‍ നീക്കം. യുഡിഎഫ് എംഎല്‍എമാരുടെ ആക്രമണത്തില്‍ തങ്ങള്‍ക്കാണു പരിക്കേറ്റതെന്നും പരാതിപ്പെട്ടിട്ടും പോലീസ് കേസെടുത്തില്ലെന്നും ആരോപിച്ച് സിപിഐ നേതാക്കളായ ബിജി മോളും ഗീതാ ഗോപിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. അക്കാര്യങ്ങളില്‍കൂടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കും.

◾എസ്എന്‍ കോളജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ തുടരന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രം നിലനില്‍ക്കുന്നതിനിടെ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്.

◾തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഐജി പി വിജയനെ സസ്പെന്‍ഡു ചെയ്തു. ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മുംബൈയില്‍നിന്നു കേരളത്തിലേക്കു കൊണ്ടുവന്നതു വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണെന്ന വിവരം പുറത്തുവിട്ടെന്ന് ആരോപിച്ചാണ് സസ്പെന്‍ഷന്‍. പ്രതി ഷാറൂഖ് സെയ്ഫിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് വിവരം ചോര്‍ത്തിയെന്നാണ് ആരോപണം. എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. പൊലീസ് ആസ്ഥാനത്തെ എഡിജിപി പത്മകുമാര്‍ തുടരന്വേഷണം നടത്തും. ട്രെയിന്‍ ആക്രമണം നടന്ന ഉടന്‍ ഐജി പി വിജയന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. പിറകേയാണ് എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചത്. പൊലീസ് തലപ്പത്തെ തര്‍ക്കമാണ് നടപടിക്കു കാരണം. എസ്ഐ മനോജ്കുമാറിനേയും സസ്പെന്‍ഡു ചെയ്തു.  

◾കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് നവജാത ശിശു ഉള്‍പെടെ മൂന്നു പേര്‍ മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്താണ് അപകടമുണ്ടായത്. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി മഹേഷിന്റെ നാലു ദിവസം പ്രായമായ പെണ്‍കുഞ്ഞ്, മഹേഷിന്റെ ഭാര്യാമാതാവ് ശോഭ, ഓട്ടോ ഡ്രൈവര്‍ സുനില്‍ (34) എന്നിവരാണു മരിച്ചത്. പ്രസവശേഷം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജായി വീട്ടിലേക്കു പോകുമ്പാഴായിരുന്നു അമിതവേഗത്തിലെത്തിയ ബസ് ഓട്ടോയെ ഇടിച്ചു തകര്‍ത്തത്.  

◾സര്‍ക്കാരിന്റെ വാര്‍ഷിക ദിനമായ മെയ് 20 കേരളത്തിന് ദുരന്ത ദിനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനങ്ങളെ പരമാവധി കൊള്ളയടിക്കുകയും അഴിമതി വാഴ്ച നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നൂറുകോടിയോളം രൂപ മുടക്കി നടത്തുന്ന വാര്‍ഷികാഘോഷം ജനദ്രോഹമാണെന്ന് സുധാകരന്‍ പറഞ്ഞു.

◾എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യം പറഞ്ഞതിന് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അറസ്റ്റിലായി. ആലപ്പുഴ സ്വദേശി അനില്‍ കുമാറാണ് രാത്രി പതിനൊന്നരയോടെ പിടിയിലായത്.

◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യുയുസി ആള്‍മാറാട്ട സംഭവം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇങ്ങനെയാണോ ജനാധിപത്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യുയുസി സ്ഥാനത്തിനായി ആള്‍മാറാട്ടം നടത്തിയതിനു മന്ത്രി ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരേ കെ എസ് യു വിജിലന്‍സില്‍ പരാതി നല്‍കി. ജി. സ്റ്റീഫന്‍ എംഎല്‍എ, കോളേജ് പ്രിന്‍സിപ്പള്‍ ജി.ജെ ഷൈജു, എസ്എഫ്ഐക്കാരന്‍ വിശാഖ് എന്നിവര്‍ക്കെതിരേയാണ് പരാതി.

◾കാട്ടാക്കട കോളജില്‍ ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐക്കാരന്‍ വിശാഖിനെ സിപിഎം പ്ലാവൂര്‍ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശപ്രകാരമാണ് നടപടി.

◾ദേശീയപാത ഇന്ന് ഒരു മണിക്കൂര്‍ അടച്ചിടും. തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനും ആമ്പല്ലൂരിനും മദ്ധ്യേ രാവിലെ 10 മുതല്‍ 11 വരെയാണു ദേശീയപാത അടച്ചിടുന്നത്. ദേശീയ പാതയ്ക്ക് കുറുകെയുള്ള 66 കെ.വി വൈദ്യുതി ലൈന്‍ മാറ്റാനാണ് ഗതാഗതം തടയുന്നത്.

◾പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ പൊലീസ് കേസിലും പ്രതികളാക്കി. തമിഴ്നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പതു പേര്‍ക്കെതിരെയാണ് മൂഴിയാര്‍ പൊലീസ് കേസെടുത്തത്.

◾പോക്കറ്റിലിട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശിയും 76 വയസുകാരനുമായ ഏലിയാസിന്റെ പോക്കറ്റിലെ ആയിരം രൂപയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ചായ കടയില്‍ ചായ കുടിക്കുമ്പോഴാണ് ഐ ടെല്‍ കമ്പനിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചത്.

◾ഗുരുവായൂര്‍ കോട്ടപ്പടിയില്‍ മരംവെട്ടുകാരന്‍ ഷോക്കേറ്റ് മരിച്ചു. നാട്ടുകാര്‍ മൃതദേഹവുമായി കെ എസ്ഇബി ഓഫീസ് പ്രതിരോധിച്ചു. കോട്ടപ്പടി സ്വദേശി നാരായണന്‍ (47) ആണ് മരിച്ചത്. മൃതദേഹം ആംബുലന്‍സില്‍ കെ.എസ്.ഇ.ബി ഓഫിസില്‍ എത്തിച്ച് ഭാര്യയ്ക്കു ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

◾തൃശൂര്‍ മുരിങ്ങൂരില്‍ പെണ്‍കുട്ടിയെയും യുവാവിനെയും ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ചായ്പന്‍കുഴി കുറ്റിലാന്‍ ശശിയുടെ മകള്‍ ദീപ (16), പാണന്‍കുന്നേല്‍ സേവ്യറിന്റെ മകന്‍ ലിയോ (22) എന്നിവരാണ് മരിച്ചത്.

◾കോട്ടയം ഈരാറ്റുപേട്ടയില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശം. മരങ്ങള്‍ ഒടിഞ്ഞുവീണ് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഈരാറ്റുപേട്ട -പാലാ റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്കും മരം വീണു. ആളപായമില്ല.

◾ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ചൊവ്വാഴ്ച കേരളത്തില്‍. തിരുവനന്തപുരത്തെ പരിപാടികള്‍ക്കു പുറമേ, കണ്ണൂര്‍ പാനൂരിലെ തന്റെ അധ്യാപികയെ അദ്ദേഹം സന്ദര്‍ശിക്കും. സൈനിക് സ്‌കൂളില്‍നിന്നു വിരമിച്ചശേഷം സഹോദരന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന രത്ന നായരെ കാണാനാണ് എത്തുന്നത്. രാജസ്ഥാനിലെ ചിറ്റോഡ്ഗഡ് സൈനിക് സ്‌കൂളില്‍ അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധന്‍കറെ രത്ന നായര്‍ പഠിപ്പിച്ചത്. കണ്ണൂര്‍ ചെണ്ടയാട് നവോദയാ സ്‌കൂളിലെ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. പശ്ചിമ ബംഗാളില്‍ ഗവര്‍ണറായപ്പോഴും ഉപരാഷ്ട്രപതിയായി ചുമതലയേറ്റപ്പോഴും ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യംമൂലം പോകാന്‍ കഴിഞ്ഞിരുന്നില്ല.

◾അട്ടപ്പാടിയില്‍ വീണ്ടും ഗര്‍ഭസ്ഥ ശിശു മരിച്ചു. കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് നീതു - നിഷാദ് ദമ്പതികളുടെ കുഞ്ഞിനെ നഷ്ടമായത്. അട്ടപ്പാടിയിലെ കടുക്മണ്ണ ഊര് നിവാസികളാണ് നീതുവും നിഷാദും.

◾കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജുവിനെ നീക്കംചെയ്തതിനു പിറകേ കേന്ദ്ര നിയമ സഹമന്ത്രി എസ്.പി സിംഗ് ബാദേലിനും വകുപ്പു മാറ്റം. ഇദ്ദേഹത്തെ ആരോഗ്യ സഹമന്ത്രിയാക്കി. കിരണ്‍ റിജ്ജുവിനെ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നല്‍കി. സുപ്രീം കോടതിയുമായി നിരന്തരം ഏറ്റുമുട്ടി പ്രതിച്ഛായ മോശമാക്കിയതാണ് റിജ്ജുവിനെ മാറ്റാന്‍ കാരണമെന്നാണ് സൂചന.

◾ദ കേരള സ്റ്റോറി എന്ന സിനിമയ്ക്കു പശ്ചിമ ബംഗാള്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതി സ്റ്റേ. സിനിമ ഇഷ്ടമല്ലെങ്കില്‍ കാണരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സിനിമയുടെ പൊതു പ്രദര്‍ശനത്തെ മാത്രമാണ് നിരോധിച്ചതെന്നും ഒടിടിയില്‍ കാണുന്നതു തടഞ്ഞിട്ടില്ലെന്നും ബംഗാള്‍ സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

◾ബീഹാറില്‍ ജാതി സെന്‍സസിന് പാറ്റ്ന ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കം ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹര്‍ജിയില്‍ വാദം തുടരട്ടെയെന്ന് സുപ്രീം കോടതി നിലപാടെടുത്തു. ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സെന്‍സസ് അല്ല, സര്‍വ്വെ മാത്രമാണെന്നും ബിഹാര്‍ സര്‍ക്കാര്‍ വാദിച്ചു.

◾കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ക്ഷണമില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്നുണ്ട്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, കോണ്‍ഗ്രസിനോട് അകലം പാലിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു എന്നിവരെ ക്ഷണിച്ചു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, ജമ്മു കാഷ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള എന്നിവര്‍ക്കും ക്ഷണമുണ്ട്.

◾ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പേഴ്‌സണല്‍ അസിസ്റ്റന്റാണെന്നു വിശ്വസിപ്പിച്ച് മഹാരാഷ്ട്രയിലെ ബിജെപി എം എല്‍ എമാര്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിനു ശ്രമിച്ച ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ഗുജറാത്തിലെ മോര്‍ബി സ്വദേശിയായ നീരജ് സിംഗ് റാത്തോഡിനെയാണ് നാഗ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

◾ലോകത്തിലെ ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണ ഹീബ്രു ബൈബിള്‍ ലേലത്തില്‍ വിറ്റത് 381 ലക്ഷം ഡോളറിന്. അതായത് 314 കോടി രൂപയ്ക്ക്. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കയ്യെഴുത്തുപ്രതിയാണ് ഈ ബൈബിള്‍. മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ ആയ ആല്‍ഫ്രഡ് മോസസ് അമേരിക്കന്‍ പ്രസ്ഥാനത്തിനു വേണ്ടി വാങ്ങിയ ബൈബിള്‍ ഇസ്രായേലിലെ ടെല്‍ അവീവിലുള്ള എ എന്‍ യു മ്യൂസിയം ഓഫ് ജൂയിഷ് പീപ്പിളിനു സമ്മാനിക്കും.

◾ചൈനക്കാരായ 39 പേരുള്ള മത്സ്യബന്ധനക്കപ്പല്‍ കടലില്‍ കാണാതായി. കണ്ടെത്താന്‍ ഇന്ത്യയുടെ സഹായം തേടി ചൈന. ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ലൂ പെങ് യുവാന്‍ യു എന്ന കപ്പല്‍ കാണാതായത്. ചൈനയ്ക്കു പുറമേ, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യക്കാരായ തൊഴിലാളികളും കപ്പലിലുണ്ട്. ഇന്ത്യന്‍ നാവിക സേന കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കപ്പല്‍ കണ്ടെത്താനായില്ല.

◾51 പന്തില്‍ 104 റണ്‍സ് നേടിയ സണ്‍റൈസേഴ്സിന്റെ ഹെന്റിച്ച് ക്ലാസന് മറുപടിയുമായി 63 പന്തില്‍ 100 റണ്‍സ് നേടിയ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിരാട് കോലി. ഇന്നലെ ഐപിഎല്ലില്‍ നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിനെ തോല്‍പിച്ച് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഹെന്റിച്ച് ക്ലാസന്റെ മികവില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ മറികടന്നത്. 47 പന്തില്‍ 71 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസി കോലിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.

◾2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 83 ശതമാനം വര്‍ധിച്ച് 16,695 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 9,113 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എസ്.ബി.ഐയുടെ അറ്റാദായം 50,000 കോടി കടന്നു. മാര്‍ച്ച് പാദത്തിലെ അറ്റ പലിശ വരുമാനം29 ശതമാനം വര്‍ധിച്ച് 40,393 കോടി രൂപയായത് മികച്ച ലാഭവളര്‍ച്ച നേടാന്‍ ബാങ്കിന് സഹായകമായി. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 31,198 കോടി രൂപയായിരുന്നു. അറ്റ പലിശ മാര്‍ജിന്‍ 3.84 ശതമാനമായി ഉയര്‍ന്നതും നേട്ടമാണ്. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 25 ശതമാനം ഉയര്‍ന്ന് 24,621 കോടി രൂപയായി. ഓഹരിയൊന്നിന് 11.30 രൂപ വീതം ലാഭവിഹിതത്തിന് ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ. ബാങ്കിന്റെ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത 54 ശതമാനം കുറഞ്ഞ് 3,316 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മാര്‍ച്ച് പാദത്തില്‍ 2.78 ശതമാനമായി മെച്ചപ്പെട്ടു. ഡിസംബര്‍ പാദത്തില്‍ ഇത് 3.14 ശതമാനവും മുന്‍ വര്‍ഷം മാര്‍ച്ച് പാദത്തില്‍ ഇത് 3.97 ശതമാനവുമായിരുന്നു. വായ്പാ വളര്‍ച്ച 16 ശതമാനത്തോടെ 32.69 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങള്‍ 9 ശതമാനം ഉയര്‍ന്ന് 44.23 ലക്ഷം കോടി രൂപയിലെത്തി.

◾അജ്മല്‍ അമീര്‍, സത്യരാജ്, വൈ. ജി മഹേന്ദ്രന്‍, ശ്രീമന്‍, ദുഷ്യന്ത് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സുന്ദര്‍ എല്‍. പാണ്ടി, പി. ജി. മോഹന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ദീര്‍ഘദര്‍ഷി മേയ് 19ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. പൊലീസ് ടീം മേധാവി ആദിത്യ ഐ. പി. എസ് എന്ന കഥാപാത്രമായാണ് മലയാളി താരം അജ്മല്‍ അമീര്‍ എത്തുന്നത്. തമിഴ്‌നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സംഗീത സംവിധായകന്‍ അനിരുദ്ധിന്റെ സഹായിയായിരുന്ന ബാലസുബ്രഹ്‌മണ്യം ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്ന ചിത്രം കൂടിയാണ്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വിതരണം.

◾ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന 'ആദിപുരുഷ് ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. പ്രഭാസ് നായകനായ ചിത്രത്തിന്റെ റണ്ണിംഗ് ടൈം വിവരം പുറത്തുവന്നിട്ടുണ്ട്. 2 മണിക്കൂര്‍ 54 മിനുട്ടാണ് ആദിപുരുഷ് സിനിമ എന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. 'സലാര്‍' എന്ന ചിത്രത്തിലാണ് പ്രഭാസ് പുതുതായി നായകനാകുന്നത്. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ സംഗീതം രവി ബസ്രുറാണ് എന്ന പ്രത്യേകതയുമുണ്ട്.

◾പുതിയ യാരിസ് ക്രോസ് എസ്യുവിയെ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട പുറത്തിറക്കി. പ്രാഥമികമായി ഇന്തോനേഷ്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന എസ്യുവി നേരത്തെ പ്രദര്‍ശിപ്പിച്ച അര്‍ബന്‍ ക്രൂയിസര്‍ ഐക്കണിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ആസിയാന്‍ വിപണികള്‍ക്കായി അവതരിപ്പിച്ച ടൊയോട്ട യാരിസ് ക്രോസ് എസ്യുവി ക്രമേണ മറ്റ് ഏഷ്യന്‍ വിപണികളിലും അവതരിപ്പിക്കുമെന്ന് ടൊയോട്ട വെളിപ്പെടുത്തി. ടൊയോട്ട യാരിസ് ക്രോസ് എസ്യുവിക്ക് പെട്രോള്‍-ഒണ്‍ലി, പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു. 1.5 ലിറ്റര്‍ 2എന്‍ആര്‍-വിഇ, നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് ഇത് ഊര്‍ജ്ജം എടുക്കുന്നത്. ഈ എഞ്ചിന്‍ 104 എച്ച്പി പവറും 138 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പെട്രോള്‍-ഹൈബ്രിഡ് വേരിയന്റിന് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫോര്‍ സിലിണ്ടര്‍ എഞ്ചിനില്‍ നിന്ന് ഊര്‍ജ്ജം ലഭിക്കുന്നു, ഒപ്പം ഒരു ഇലക്ട്രിക് മോട്ടോറും. ഈ പെട്രോള്‍ പവര്‍ മില്ലിന് 90 എച്ച്പി പവറും 121 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയും, അതേസമയം ഇലക്ട്രിക് മോട്ടോറിന് മാത്രം 79 എച്ച്പി പവറും 141 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയും. എസ്യുവിയില്‍ ട്രാന്‍സ്മിഷന്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നത് ഒരു ഇ-സിവിടി ഗിയര്‍ബോക്‌സാണ്.

◾ഖസാക്കിന്റെ ഇതിഹാസത്തെ ഇതിഹാസങ്ങളുടെ ഖസാക്കാറ്റി മാറ്റുന്ന ഈടുറ്റ പഠനങ്ങളുടെ സമാഹരണം. മലയാളത്തിലെ ഏറ്റവും ബൃഹത്തായ ആദ്യത്തെ പഠന സമാഹരണം എന്ന അപൂര്‍വ ബഹുമതിക്ക് ഈ പുസ്തകം അര്‍ഹമാകുന്നു. 'ഇതിഹാസങ്ങളുടെ ഖസാക്ക്'. എന്‍ ജയകൃഷ്ണന്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 300 രൂപ.

◾ദിവസവും ഏതെങ്കിലും ഒരു പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. പഴങ്ങളില്‍ നിന്ന് പുറത്തുവരുന്ന നാരുകള്‍ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനൊപ്പം ആമാശയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇതുകൂടാതെ മലബന്ധം, പൈല്‍സ് തുടങ്ങിയ രോഗങ്ങളെ തടയുന്നു. മറ്റൊന്ന്, ദിവസവും ഏതെങ്കിലും ഒരു പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. യഥാര്‍ത്ഥത്തില്‍, പഴം കഴിക്കുന്നതില്‍ നിന്ന് പുറത്തുവിടുന്ന ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പും ട്രൈഗ്ലിസറൈഡുകളും അടിഞ്ഞുകൂടുന്നത് തടയുന്നു. ഇത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. പലതരം ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തചംക്രമണം മെച്ചപ്പെടുത്തുകയും കൊളാജന്‍ വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മ സംക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ, ഇവ രണ്ടും മുടിയുടെയും ചര്‍മ്മത്തിന്റെയും തിളക്കം വര്‍ദ്ധിപ്പിക്കാനും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകളുടെ നല്ല ഉറവിടം കൂടിയാണ് പഴങ്ങള്‍. പഴങ്ങളിലെ പൊട്ടാസ്യം യഥാര്‍ത്ഥത്തില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുന്നു. കൂടാതെ, ഫോളേറ്റ് അല്ലെങ്കില്‍ ഫോളിക് ആസിഡ് ശരീരത്തില്‍ ചുവന്ന രക്താണുക്കളെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ഫൈബര്‍ യഥാര്‍ത്ഥത്തില്‍ അമിതവണ്ണത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നു. വിറ്റാമിനുകളും ധാതുക്കളും കൂടാതെ പഴങ്ങള്‍ക്ക് ധാരാളം ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ കഴിവുകള്‍ ഉണ്ട്. ഇത് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ കാര്യത്തില്‍ വളരെ സഹായകരമാണ്. പല ബാക്ടീരിയ അണുബാധകളും തടയാന്‍ പഴങ്ങള്‍ സഹായിക്കുന്നു. പഴങ്ങളിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശക്തമായ കാര്‍സിനോജെനിക് നൈട്രോസാമൈനുകളുടെ വളര്‍ച്ചയെയും കാന്‍സര്‍ കോശങ്ങളുടെ വ്യാപനത്തെയും തടയാന്‍ അവയ്ക്ക് കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ വലിയ സത്യസന്ധനും തന്റെ ചെറിയജീവിതത്തില്‍ സംതൃപ്തനുമായിരുന്നു. തൊഴിലിലെ മികവുമൂലം അയാള്‍ക്ക് കൊട്ടാരത്തില്‍ ജോലിയും ലഭിച്ചു. ഒരു ദിവസം പണി കഴിഞ്ഞുവരുന്നതിനിടെ ഒരു അശരീരി അയാള്‍ കേട്ടു നിന്റെ വീട്ടില്‍ ഏഴു കുടം നിറയെ സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ട്. അയാള്‍ വീ്ട്ടിലെത്തിയപ്പോള്‍ വാതില്‍പ്പടിയില്‍ ഏഴു കുടങ്ങളുണ്ടായിരുന്നു. അയാളും ഭാര്യയും ചേര്‍ന്ന് കുടങ്ങള്‍ തുറന്ന് നോക്കിയപ്പോള്‍ ഏഴാമത്തെ കുടമൊഴികെ ബാക്കിയുള്ള കുടങ്ങില്‍ നിറയെ സ്വര്‍ണ്ണനാണയമുണ്ടായിരുന്നു. ഏഴാമത്തെ കുടത്തില്‍ മാത്രം പാതിയേ ഉണ്ടായിരുന്നുള്ളൂ.. അന്നുമുതല്‍ ആ കുടം കൂടി നിറയ്ക്കുക എന്നതായി മാറി ലക്ഷ്യം. വീട്ടുസാധങ്ങള്‍ വാങ്ങാന്‍ ഭാര്യക്ക് നല്‍കുന്ന പണം കുറച്ചു. കിട്ടുന്ന പണം മുഴുവന്‍ കുടത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. പിശുക്ക് മൂലം ഭാര്യയുമായി എന്നും വഴക്കായി. ഈ സ്വഭാവവ്യത്യാസം കണ്ട രാജാവ് കാരണമന്വേഷിച്ചു. എല്ലാം കേട്ട് രാജാവ് പറഞ്ഞു: ഏഴാമത്തെ കുടം നീ മററുള്ളവര്‍ക്ക് കൊടുക്കുക. ആദ്യം അല്പം മടിച്ചെങ്കിലും അയാള്‍ അങ്ങിനെ ചെയ്തു. അതിനുശേഷം അയാളുടെ ജീവിതം വീണ്ടും പഴയതുപോലെയായി. ഇതും പോരാ ഇനിയും വേണമെന്ന ചിന്ത സമ്പാദ്യത്തിന്റെതുമാത്രമല്ല, പിശുക്കിന്റേതുകൂടിയാണ്. ഏഴാമത്തെ കുടം നിറയ്ക്കാനുള്ള ശ്രമമാണ് ആറുകുടങ്ങളേയും ഉപയോഗരഹിതമാക്കുന്നത്. സമ്പാദ്യം മാത്രം ലക്ഷ്യമായാല്‍ പിന്നെ ജീവിതത്തില്‍ മുതല്‍മുടക്കുണ്ടാകില്ല. എല്ലാം എവിടെയെങ്കിലും കുന്നുകൂട്ടുന്നതില്‍ മാത്രമാകും ശ്രദ്ധ. ഒരാള്‍ എവിടെ സ്വത്ത് നിക്ഷേപിക്കുന്നു എന്നറിഞ്ഞാല്‍ അയാള്‍ എന്തിനൊക്കെ ജീവിതത്തല്‍ വിലകല്‍പിക്കുന്നു എന്നു മനസ്സിലാക്കാം. എല്ലാവരും അടുത്തതലമുറയ്‌ക്കേ് വേണ്ടി സമ്പാദിക്കുമ്പോള്‍ ഒരു തലമുറയും ജീവിതം ആസ്വദിക്കില്ല. യഥാര്‍ത്ഥത്തില്‍ സന്തോഷം നല്‍കുന്നത് സമ്പത്തല്ല, സമ്പത്തിന്റെ വിനിയോഗമാണ്. സമ്പത്ത് സന്തോഷവും സംതൃപ്തിയും നല്‍കുന്നിടത്ത് നിക്ഷേപിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.