◾പെണ്‍കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും. ഉപയോഗിച്ച നാപ്കിന്‍ സംസ്‌കരിക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
◾കര്‍ണാടകത്തില്‍ സിദ്ധരാമയ്യ ആദ്യ രണ്ടു വര്‍ഷവും ഡി.കെ. ശിവകുമാര്‍ തുടര്‍ന്നുള്ള മൂന്നു വര്‍ഷവും മുഖ്യമന്ത്രിയാകും. ഇന്നു ബെഗളൂരുവില്‍ പ്രഖ്യാപനമുണ്ടാകും. ചര്‍ച്ച തുടരുകയാണ്. ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നിര്‍ദേശിക്കുന്ന മൂന്നു പേര്‍ക്കു മന്ത്രിസ്ഥാനവും നല്‍കും. എന്നാല്‍ ആദ്യ രണ്ടു വര്‍ഷം തനിക്കു മുഖ്യമന്ത്രിയാകണമെന്നാണു ശിവകുമാറിന്റെ വാദം.
◾കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിനേ എത്തൂവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം ശനിയാഴ്ച വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.
◾സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായി കെ.വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജീയം ശുപാര്‍ശ. ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയെയും സുപ്രീം കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 2013 ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനം ചെയ്ത വിശ്വനാഥന്‍ പാലക്കാട് സ്വദേശിയാണ്.
◾ഈ സാമ്പത്തിക വര്‍ഷം 32,440 കോടി രൂപ വായ്പയെടുക്കാമെന്ന് കേന്ദ്രം കേരളത്തെ അറിച്ചെങ്കിലും അനുമതി തന്നിട്ടില്ലെന്ന് ധനമന്ത്രാലയം. കഴിഞ്ഞ തവണ 32400 കോടി രൂപയാണ് അനുമതി നല്‍കിയതെങ്കിലും 5,800 കോടി രൂപ വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക ക്ളേശംമൂലം പെന്‍ഷനുകളും ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടുകയാണ്.
◾പാഠപുസ്തകങ്ങളിലെ ചരിത്രം ആര്‍എസ്എസ് തിരുത്തുകയാണെന്നും കേരളത്തില്‍ അതു നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വഭേദഗതി നിയമം ഒരു കാലത്തും ഇവിടെ നടപ്പാക്കില്ല. സാംസ്‌കാരിക വകുപ്പും തുഞ്ചന്‍ സ്മാരക ട്രസ്റ്റും തുഞ്ചന്‍ പറമ്പില്‍ എംടി ക്ക് ആദരമേകുന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
◾കുട്ടികളെ അഗ്നിതെയ്യം കെട്ടിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഒറ്റക്കോല്‍ തെയ്യം എന്ന പേരില്‍ അറിയപ്പെടുന്ന തീ ചാമുണ്ടി തെയ്യത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിശ എന്ന എന്‍ജിഒയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
◾മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ അകമ്പടി വാഹനം ഓടിച്ചുകയറ്റിയ ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറം തവന്നൂരിലാണു സംഭവം. വാഹനത്തിലിരുന്ന് ലാത്തികൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്. ചാലിലേക്കു വീണ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു.
◾ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടെതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎമ്മിന്റെ സഹായത്തോടെയാണ് മാര്‍ട്ടിന്‍ ഈ പണം ഇവിടെനിന്ന് കടത്തിയത്. കേരളത്തില്‍നിന്ന് 80,000 കോടി രൂപ മാര്‍ട്ടിന്‍ കൊണ്ടുപോയെന്നാണു വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നതെന്നും സുധാകരന്‍.
◾കൂടത്തായി കേസില്‍ ജോളിക്കെതിരെ മകന്റെ മൊഴി. റോയ് തോമസിന്റേത് ഉള്‍പ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയതെന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴിനല്‍കി. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്മ തന്നോട് കുറ്റസമ്മതം നടത്തിയെന്നും റെമോ റോയ് പ്രത്യേക കോടതിയില്‍ മൊഴി നല്‍കി.
◾പൊന്നമ്പലമേട്ടില്‍ പൂജ നടത്താന്‍ നാരായണനും സംഘത്തിനും വനത്തിലേക്കു പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത രണ്ടു വനം വകുപ്പു ജീവനക്കാര്‍ അറസ്റ്റില്‍. കെഎഫ്ഡിസി ഗവി സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍, കെഎഫ്ഡിസി തോട്ടം തൊഴിലാളി സാബു എന്നിവരാണു പിടിയിലായത്.
◾പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയതല്ലെന്നും മലയരയരുടെ ഉത്സവത്തിന് പൂജ ചെയ്യാന്‍ അവര്‍ ക്ഷണിച്ചതനുസരിച്ചാണു പോയതെന്നും പൂജ നടത്തിയ തൃശൂര്‍ സ്വദേശി നാരായണന്‍. പോകുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്യാറുണ്ട്. പൂജയുടെ പേരില്‍ കേസെടുക്കേണ്ട ആവശ്യമില്ല. മലയരയരുടെ ഉത്സവത്തന് പൊന്നമ്പലമേട്ടിലേക്കുള്ള വഴി തുറന്നിരുന്നു. മൂന്നു വനം വകുപ്പ് വാച്ചര്‍മാരും അവിടെയുണ്ടായിരുന്നു. നാരായണന്‍ പറഞ്ഞു.
◾പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ഇനി പൊന്നമ്പലമേടാണെങ്കില്‍ വനംവകുപ്പിന്റെ അനുമതിയോടെയാണോ അകത്തു കടന്നതെന്ന് അന്വേഷിക്കണം. അദ്ദേഹം പറഞ്ഞു.
◾തെറ്റായ മദ്യനയം സംസ്ഥാനത്ത് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാകുന്നതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഹൈക്കോടതി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎം. സുധീരന്‍.
◾കുന്നംകുളം മരത്തംകോട് വെള്ളത്തിരുത്തിയില്‍ പടക്കം സൂക്ഷിക്കുന്ന ഗോഡൗണിനു തീ പിടിച്ചു. വടക്കാഞ്ചേരി അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.
◾തിരുവനന്തപുരം പുത്തന്‍തോപ്പില്‍ യുവതി ശുചിമുറിയില്‍ പൊള്ളലേറ്റു മരിച്ചു. ഒന്‍പതു മാസം പ്രായമുള്ള മകനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തന്‍തോപ്പ് റോജാ ഡെയ്ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജു (23) ആണ് മരിച്ചത്.
◾ആലുവയില്‍ തോട്ടുംമുഖത്ത് ഗതാഗത തടസമുണ്ടായപ്പോള്‍ നാട്ടുകാര്‍ക്കെതിരെ തോക്കു ചൂണ്ടിയ കാര്‍ യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കീഴ്മാട്‌സ്വദേശി റോബിനാണ് പിടിയിലായത്. ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന ഇയാള്‍ അവധിക്കു വന്നതാണ്.
◾കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്കു നഗ്‌നത പ്രദര്‍ശിപ്പിച്ച സഹയാത്രികന്‍ കോഴിക്കോട് സ്വദേശി സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തു. തൃശൂരില്‍നിന്നും എറണാകുളത്തേക്കു ഷൂട്ടിംഗിനായി പോകുകയായിരുന്ന സിനിമാപ്രവര്‍ത്തകയോടാണ് അങ്കമാലിയില്‍നിന്നു ബസില്‍ കയറിയ ഇയാള്‍ മോശമായി പെരുമാറിയത്. യുവതി ഒച്ച വച്ചപ്പോള്‍ ഇയാള്‍ ബസില്‍നിന്നു ചാടിയിറങ്ങി. കണ്ടക്ടറും ചില യാത്രക്കാരും പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ എല്‍പിക്കുകയായിരുന്നു.
◾കാസര്‍കോട് കാഞ്ഞങ്ങാട്ട് ലോഡ്ജില്‍ വേറെ വിവാഹ ബന്ധമുള്ള കാമുകിയെ കാമുകന്‍ വെട്ടിക്കൊന്നു. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 കാരി ദേവികയാണു കൊല്ലപ്പെട്ടത്. വിവാഹ മോചനം നടത്തി തന്നെ വിവാഹം കഴിക്കണമെന്ന് ദേവിക നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിനു കാരണമെന്നാണ് അറസ്റ്റിലായ പ്രതി സതീശിന്റെ മൊഴി. ദേവികയുടെ ഭര്‍ത്താവ് പ്രവാസിയാണ്. രണ്ടു മക്കളുമുണ്ട്. പ്രതിയായ സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. കാഞ്ഞങ്ങാട്ട് സെക്യൂരിറ്റി സര്‍വീസ് സ്ഥാപനം നടത്തുകയാണ് 34 കാരനായ സതീശ്.
◾അകന്നു കഴിയുന്ന ഭാര്യയെയും മക്കളെയും അവര്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിലായി. പൂങ്കുളം ആനകുഴി ചരുവിള വീട്ടില്‍ രതീഷ് (38) ആണ് കോവളം പൊലീസിന്റെ അറസ്റ്റിലായത്. കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കുന്നതിനിടയിലാണ് ഭാര്യ ഗ്രീഷ്മയും മക്കളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച കയറി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തത്.
◾ഭാര്യയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. എരുമപ്പെട്ടി പോലീസാണ് 33 വയസുള്ള പ്രതിയെ അറസ്റ്റു ചെയ്തത്.
◾കഫ് സിറപ്പുകള്‍ കയറ്റുമതിക്കു മുമ്പ് സര്‍ക്കാര്‍ ലബോറട്ടറികളില്‍ പരിശോധിക്കണം. ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററാണു നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ നിര്‍മ്മിത സിറപ്പുകള്‍ കഴിച്ച് കഴിഞ്ഞ വര്‍ഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും നിരവധി പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.
◾ചാരപ്രവര്‍ത്തനം നടത്തിയതിനു ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്‍ വിവേക് രഘുവന്‍ഷിക്കെതിരെ കേസ്. ഡിആര്‍ഡിഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി വിദേശ ഏജന്‍സിക്ക് നല്‍കിയെന്നാണ് ആരോപണം. പന്ത്രണ്ട് ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തി.
◾പഞ്ചാബിലെ പട്യാലയില്‍ ഗുരുദ്വാര പരിസരത്ത് മദ്യം കഴിച്ചതിന് 35 കാരിയെ വെടിവച്ചു കൊന്നു. പര്‍വീന്ദര്‍ കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ നിര്‍മല്‍ജിത് സിംഗ് സൈനിയെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന്റെ ദേഷ്യത്തിലാണ് വെടിവച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
◾രാഹുല്‍ഗാന്ധി അമേരിക്കയിലേക്ക്. മേയ് 31 മുതല്‍ പത്തു ദിവസത്തേക്കാണു സന്ദര്‍ശനം. ജൂണ്‍ നാലിന് അയ്യായിരം വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന റാലി രാഹുല്‍ഗാന്ധി നയിക്കും. വിവിധ സര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തുകയും ചെയ്യും.
◾പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 22 ന് അമേരിക്കയിലെത്തും. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ചയ്ക്കു പുറമേ, ജോ ബൈഡന്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും.
◾മൂന്നു വര്‍ഷത്തിനകം 11,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോണ്‍. പുതിയ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതെന്ന് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി.
◾പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ 5 റണ്‍സിന് മലര്‍ത്തിയടിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന മുംബൈ ടീമിന് 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത പേസര്‍ മൊഹ്സീന്‍ ഖാനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് അഞ്ച് റണ്ണിന്റെ അവിശ്വസനീയ ജയം സമ്മാനിച്ചത്. 89 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനസിന്റെ മികവില്‍ ലഖ്‌നൗ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ടീമിന് കൂറ്റനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസിലുണ്ടായിട്ടും അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 11 റണ്‍സ് നേടാനായില്ല. ഈ ജയത്തോടെ മുംബൈയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ലഖ്നൗ മൂന്നാം സ്ഥാനത്തെത്തി.
◾ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതി ഏപ്രിലില്‍ 12.7 ശതമാനം കുറഞ്ഞ് 3,466 കോടി ഡോളറായി (ഏകദേശം 2.84 ലക്ഷം കോടി രൂപ). 2022 ഏപ്രിലില്‍ കയറ്റുമതി വരുമാനം 3,970 കോടി ഡോളറായിരുന്നുവെന്ന് (3.25 ലക്ഷം കോടി രൂപ) കേന്ദ്ര വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഇറക്കുമതി 5,806 കോടി ഡോളറില്‍ നിന്ന് 14 ശതമാനം ഇടിഞ്ഞ് 4,990 കോടി ഡോളറും ആയതോടെ, ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 1,840 കോടി ഡോളറില്‍ നിന്ന് 1,520 കോടി ഡോളറിലേക്കും കുറഞ്ഞു. കഴിഞ്ഞ 20 മാസത്തിനിടയിലെ ഏറ്റവും താഴ്ചയിലാണ് വ്യാപാരക്കമ്മി. സേവന കയറ്റുമതി കൂടി കണക്കാക്കുമ്പോള്‍ കഴിഞ്ഞമാസം ഇന്ത്യയുടെ മൊത്തം കയറ്റുമതി വളര്‍ച്ച രണ്ട് ശതമാനമാണ്. സേവന കയറ്റുമതി 2,405 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 3,036 കോടി ഡോളറായി. സേവന ഇറക്കുമതി 1,406 കോടി ഡോളറില്‍ നിന്ന് 1,650 കോടി ഡോളറിലുമെത്തി. വാണിജ്യ, സേവന സംയുക്ത കയറ്റുമതി വരുമാനം കഴിഞ്ഞമാസം 6,502 കോടി ഡോളറാണ്; 2022 ഏപ്രിലിലെ 6,375 കോടി ഡോളറിനേക്കാള്‍ രണ്ട് ശതമാനമാണ് വളര്‍ച്ച. മൊത്തം ഇറക്കുമതി 7,211 കോടി ഡോളറില്‍ നിന്ന് കുറഞ്ഞ് 6,640 കോടി ഡോളറായി. ഇതോടെ മൊത്തം വ്യാപാരക്കമ്മി 837 കോടി ഡോളറില്‍ നിന്ന് 138 കോടി ഡോളറിലേക്കും കുറഞ്ഞു. ജെം ആന്‍ഡ് ജുവലറി കയറ്റുമതി കഴിഞ്ഞമാസം 24.66 ശതമാനം ഇടിഞ്ഞു. 26,406.47 കോടി രൂപയില്‍ നിന്ന് 19,893.22 രൂപയായാണ് ഇടിവ്. സ്വര്‍ണം ഇറക്കുമതിയിലും 36.98 ശതമാനം ഇടിവുണ്ട്. 13,132.10 കോടി രൂപയില്‍ നിന്ന് 8,275.22 കോടി രൂപയായാണ് ഇറക്കുമതി കുറഞ്ഞത്. സ്വര്‍ണം ഇറക്കുമതി താഴ്ന്നത് വ്യാപാരക്കമ്മി കുറയാന്‍ സഹായകമായി.
◾നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന 'ഗരുഡന്‍' എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ സുരേഷ് ഗോപി ജോയിന്‍ ചെയ്തു.സിദ്ധിഖ്, ജഗദീഷ് എന്നിവര്‍ക്കൊപ്പമുള്ള സീനുകളാണ് ചിത്രീകരിക്കുന്നത്. ഹരീഷ് മാധവ് എന്ന പൊലീസ് ഓഫീസര്‍ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയോടൊപ്പം ബിജു മേനോനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തന്‍, നിഷാന്ത് സാഗര്‍, തലൈ വാസല്‍ വിജയ്, ചൈതന്യ എന്നിവരാണ് മറ്റ് താരങ്ങള്‍. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിനുശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ്.
◾വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ 150 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് 'ദ കേരള സ്റ്റോറി'. മെയ് 5ന് റിലീസ് ചെയ്ത ചിത്രം 11 ദിവസങ്ങള്‍ കൊണ്ട് 147 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഇതോടെ ഏറ്റവും വലിയ വിജയം നേടുന്ന നടിയായി മാറിയിരിക്കുകയാണ് അദാ ശര്‍മ്മ. ആലിയ ഭട്ടിനെ പിന്തള്ളിയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് നടിയായി അദാ ശര്‍മ്മ മാറിയിരിക്കുന്നത്. ആലിയ ചിത്രം 'ഗംഗുഭായ് കത്യവാടി' 129.10 കോടി കളക്ഷനാണ് നേടിയിരുന്നത്. കേരള സ്റ്റോറി 150 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണിപ്പോള്‍. ഇത്രയും മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയതില്‍ സന്തോഷമുണ്ടെന്നാണ് അദ പറയുന്നത്. ''കേരള സ്റ്റോറി എങ്ങനെയാണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഇത് പോലൊരു സിനിമയ്ക്കായി ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. അതുപോലെ മറ്റൊന്ന് സംഭവിക്കുമെങ്കില്‍ അത് സംഭവിക്കും. ഇതുപോലൊരു വേഷം ചെയ്യാന്‍ ഇതിന് മുമ്പ് എനിക്ക് അവസരം ലഭിച്ചിട്ടില്ല'' എന്നാണ് അദ പ്രതികരിച്ചത്.
◾എംജി മോട്ടോര്‍ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ ടോക്കണ്‍ തുകയ്ക്കാണ് കോമറ്റിനായി കമ്പനി ബുക്കിംഗ് ആരംഭിച്ചത്. 7.78 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വിലയുള്ള ഈ ഇലക്ട്രിക് കുഞ്ഞന്‍ കാറിന്റെ പൂര്‍ണ്ണ വില പട്ടിക ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. വാഹനത്തിന്റെ ഡെലിവറി ഈ മാസം ഘട്ടം ഘട്ടമായി ആരംഭിക്കും. ഇതുകൂടാതെ, ഡെലിവറി പ്രക്രിയ പൂര്‍ണ്ണമായും സുതാര്യമാണെന്ന് ഉറപ്പാക്കാന്‍, എംജി ഒരു ആപ്പും അവതരിപ്പിച്ചു. 'MyMG' ആപ്പില്‍ 'ട്രാക്ക് ആന്‍ഡ് ട്രേസ്' എന്ന ഫീച്ചര്‍ ബുക്കിംഗ് മുതല്‍ ഡെലിവറി വരെ പൂര്‍ണ്ണമായും സുതാര്യമായ അനുഭവം വാഗ്ദാനം ചെയ്യും എന്നും കമ്പനി പറയുന്നു. എംജി കോമറ്റിന് മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ വാറന്റിയുണ്ട്. മൂന്ന് വേരിയന്റുകളിലായാണ് ഈ ചെറിയ ഇവി വാഗ്ദാനം ചെയ്യുന്നത്. എന്‍ട്രി ലെവല്‍ പേസ് വേരിയന്റിന് 7.78 ലക്ഷം രൂപയാണ് വില, മിഡ്-സ്പെക്ക് പ്ലേ, ഫുള്‍-ലോഡഡ് പ്ലഷ് വേരിയന്റുകള്‍ക്ക് യഥാക്രമം 9.28 ലക്ഷം രൂപയും 9.98 ലക്ഷം രൂപയുമാണ് വില. ഇവ പ്രാരംഭ വിലകളാണ്. ഈ വില ഇവയുടെ ആദ്യ 5,000 ഉപഭോക്താക്കള്‍ക്ക് മാത്രം ലഭിക്കും.
◾ഇന്ത്യന്‍ റെയില്‍വേത്തൊഴിലാളികളുടെ ധീരനായകനായ ശ്രീനാഥിന്റെ ആത്മകഥ ഒരു വ്യക്തിയുടെ ആത്മകഥ മാത്രമല്ല, അവകാശങ്ങള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് റെയില്‍വേത്തൊഴിലാളികള്‍ നടത്തിയ ധീരോദാത്തവും ദുരിതപൂര്‍ണ്ണവുമായ സമരമുന്നേറ്റങ്ങളുടെയും, കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധവും മനുഷ്യത്വഹീനവുമായ അടിച്ചമര്‍ത്തലുകളുടെയും ചരിത്രംകൂടിയാണ്. റെയില്‍വേ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആരംഭവും വളര്‍ച്ചയും പ്രതിപാദിക്കുന്ന അനുഭവങ്ങളുടെ പുസ്തകം. 'പാളങ്ങള്‍ ചുവന്ന കാലം'. ഒ.എസ് ശ്രീനാഥ്. മാതൃഭൂമി. വില 331 രൂപ.
◾സ്മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം കുട്ടികളില്‍ പല രോഗങ്ങള്‍ക്കും കാരണമായേക്കാം. ചില കുട്ടികള്‍ വിഷാദരോഗത്തിന് ഇരയാകുന്നു, ചിലര്‍ ഫോണ്‍ നല്‍കിയില്ലെങ്കില്‍ കഴിക്കാനോ കുടിക്കാനോ വിസമ്മതിക്കുന്നു. ഇത് അവരുടെ മാനസിക വളര്‍ച്ചയെയും ശാരീരിക വളര്‍ച്ചയെയും ബാധിക്കുന്നു. ഇതുമൂലം കുട്ടികളില്‍ ഉറക്കക്കുറവ്, ക്ഷോഭം, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. തല വേദന, കാഴ്ചക്കുറവ്, കണ്ണിന് വേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. ഇതുകൂടാതെ ചില കുട്ടികള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, പൊണ്ണത്തടി, വിഷാദരോഗം തുടങ്ങിയ രോഗങ്ങളും ഉണ്ടാകാനിടയുണ്ട്. ഫോണ്‍ അഡിക്ഷനില്‍ നിന്ന് കുട്ടികളെ അകറ്റാന്‍ മാതാപിതാക്കള്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇതിനായി മാതാപിതാക്കള്‍ സ്വയം ഫോണില്‍ നിന്ന് അകന്ന് നില്‍ക്കണം. രക്ഷിതാക്കള്‍ തന്നെ കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് കുട്ടികളിലും നേരിട്ട് സ്വാധീനം ചെലുത്തും. കൂടാതെ കുട്ടികളോട് സംസാരിക്കുകയും അവര്‍ക്കൊപ്പം കളിക്കുകയുമൊക്കെ വേണം. കുട്ടികളെ പുറത്ത് കൊണ്ടുപോയി ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കാനും ശ്രദ്ധിക്കണം. കുട്ടി ഫോണിനായി വീണ്ടും വീണ്ടും നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങള്‍ പറഞ്ഞ് കുട്ടികളുടെ മനസ് തിരിച്ചുവിടുകയും വേണം. ഫോണിനായി വാശിപിടിക്കുന്ന കുട്ടികളെ മിക്ക രക്ഷിതാക്കളും ശകാരിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ വഴക്ക് പറയുന്നതിലൂടെ കുട്ടികളില്‍ അക്രമവാസനയുണ്ടാകാം. അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളോട് വളരെ സ്‌നേഹത്തോടെ സംസാരിക്കണം. കുട്ടി ഫോണിനായി നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ ദോഷങ്ങള്‍ പറയുന്നതിനൊപ്പം അത് സ്‌നേഹത്തോടെ വിശദീകരിക്കുകയും വേണം. കാരണം കുട്ടി ഫോണിന് അടിമയായെങ്കില്‍ ഫോണ്‍ നല്‍കിയില്ലെങ്കില്‍ കുട്ടിയ്ക്ക് വിഷാദരോഗമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, കുട്ടിയോട് കഴിയുന്നത്ര സ്‌നേഹത്തില്‍ സംസാരിക്കാന്‍ ശ്രമിക്കണം. അതുപോലെ, ആവശ്യമെങ്കില്‍, കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസിനും അസൈന്‍മെന്റുകള്‍ ചെയ്യാനും ഫോണ്‍ നല്‍കാവുന്നതാണ്. എന്നാല്‍ കുട്ടിയുടെ ഫോണിന്റെ സ്‌ക്രീന്‍ സമയം ശ്രദ്ധിക്കണം.
*ശുഭദിനം*
*കവിത കണ്ണന്‍*
വിഷേോദരാഗത്തിന് ചികിത്സ തേടിയാണ് അയാള്‍ കൗണ്‍സിലറുടെ അടുത്തെത്തിയത്. ജോലി, മക്കളുടെ വിദ്യാഭ്യാസം, വായ്പ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം അയാള്‍ ഡോക്ടറോട് പങ്ക് വെച്ചു. ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ കൗണ്‍സിലര്‍ പറഞ്ഞു: നിങ്ങളുടെ കൂടെ പത്താക്ലാസ്സില്‍ പഠിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഒരുമാസം കഴിഞ്ഞ് വീണ്ടും വരൂ.. അങ്ങനെ അയാള്‍ താന്‍ ശേഖരിച്ച വിവരങ്ങളുമായി വീണ്ടും കൗണ്‍സിലറെ കാണാന്‍ വന്നു. അയാള്‍ പറഞ്ഞു: ഞങ്ങളുടെ ബാച്ചിലെ ഇരുപതുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പങ്കാളികളില്ല. അഞ്ചുപേര്‍ ലഹരിക്കടിമകളാണ്. കുറച്ചുപേര്‍ ധനികരായി. പക്ഷേ, അവരില്‍ പലരും അസുഖബാധിതരാണ്. പിന്നെ മൂന്നുപേരുടെ മക്കള്‍ ജയിലിലാണ്. ഇതെല്ലാം കേട്ടപ്പോള്‍ കൗണ്‍സിലര്‍ ചോദിച്ചു. ഇപ്പോള്‍ നിങ്ങളുടെ വിഷാദരോഗം എങ്ങനെയുണ്ട്? തന്റെ അസുഖമിപ്പോള്‍ ഭേദമായതായി സ്വയം പ്രഖ്യാപിച്ച് അയാള്‍ അവിടെ നിന്നിറങ്ങി. എന്തിനാണ് അപരന്റെ പാത്രത്തില്‍ നോക്കി നാം ആഹാരം കഴിക്കുന്നത്? എല്ലാവരേയും ഒരേപോലെ വിരുന്നൂട്ടുന്ന ഒരു സദ്യയുമില്ല. ജീവിതം വ്യക്തിഗതമാണ്. ഒന്നും ഒരുപോലെയല്ല. ഒരേ ആത്മകഥ ആര്‍ക്കും എഴുതാനാകില്ല. നമ്മുടെ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളോട് നമുക്ക് താല്‍പര്യമില്ലെങ്കിലും നാമത് അംഗീകരിച്ചേ പറ്റൂ.. ദുഃഖിക്കാനൊരു കാരണവുമില്ലാതെ ഒരു ദിനവും ആര്‍ക്കുമുണ്ടാകില്ല. സന്തോഷിക്കാനൊരു കാരണവുമില്ലാത്ത ഒരു ദിനവും ഉണ്ടാകില്ല. എന്തിനാണ് വില കൊടുക്കുന്നത് എന്നതിലാണ് കാര്യം.. നമുക്കായി ഈശ്വരന്‍ ഒരുക്കിവെച്ച ഒരു സദ്യയുണ്ടാകും... അത് ആസ്വദിച്ച് കഴിക്കുക... അതില്‍ സന്തോഷം കണ്ടെത്തുക... അതില്‍ തൃപ്തരാകുക - ശുഭദിനം.