*പ്രഭാത വാർത്തകൾ*2023 | മെയ് 16 | ചൊവ്വ

◾കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു സിദ്ധരാമയ്യക്ക് 85 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്. 45 നിയമസഭാംഗങ്ങളാണ് കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെ പിന്തുണച്ചത്. ആറ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നു നിലപാടെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി ആരെന്ന് ഇന്നു പ്രഖ്യാപിച്ചേക്കും.

◾എസ്എസ്എല്‍സി പരീക്ഷ ഫലം ശനിയാഴ്ചയും ഹയര്‍സെക്കന്‍ഡറി ഫലം ഈ മാസം 25 നും പ്രസിദ്ധീകരിക്കും. 4,19,362 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഫോക്കസ് ഏരിയ ഇല്ലാതെ എല്ലാ പാഠഭാഗങ്ങളില്‍നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു.

◾എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണയത്തില്‍ രേഖകള്‍ നല്‍കാതെ 3006 അധ്യാപകര്‍ വിട്ടുനിന്നു. ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.


◾ശബരിമലയിലെ അരവണയുടെ സാമ്പിളില്‍ ഗുണനിലവാര പരിശോധന നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഏലയ്ക്കായിലെ കീടനാശിനിയുടെ അളവു കൂടുതലാണെന്നു കണ്ട് വിതരണം തടഞ്ഞ അരവണ വീണ്ടും പരിശോധിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.

◾എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ ഭിന്നശേഷി തസ്തിക സംവരണ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പിലീല്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനും എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്കും നോട്ടീസ് അയച്ചു. ഭിന്നശേഷി തസ്തിക പാലിക്കാതെ നിയമനം നടത്തിയ അധ്യാപകരെ പിരിച്ചുവിടരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി.

◾ദുരന്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തങ്ങള്‍ വരുമ്പോള്‍ സംസ്ഥാനത്തെ സഹായിക്കേണ്ടവരാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിനു ലഭിച്ച സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടയുകയും ചെയ്തു. കേരളത്തിനു സഹായം തേടിയുള്ള വിദേശയാത്രകള്‍ക്ക് അനുമതി നിഷേധിച്ചെന്നും മുഖ്യമന്ത്രി പാലക്കാട് എല്‍ഡിഎഫ് സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

◾ആലുവ- അങ്കമാലി മേഖലയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ 20, 21, 22 തീയതികളില്‍ പരശുറാം എക്സ്പ്രസ് അടക്കം എട്ടു ട്രെയിനുകള്‍ റദ്ദാക്കി. 20 ലെ മംഗലൂരു സെന്‍ട്രല്‍ - നാഗര്‍കോവില്‍ പരശുറാം, 21 ലെ നാഗര്‍കോവില്‍- മംഗളൂരൂ സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്, കൊച്ചുവേളി - നിലമ്പൂര്‍ റോഡ് രാജാ റാണി എക്സ്പ്രസ്, തിരു: സെന്‍ട്രല്‍ - മഥുരൈ അമൃത എക്സ്പ്രസ്, കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ് രഥ്, 22 ലെ നിലമ്പൂര്‍ റോഡ് - കൊച്ചുവേളി രാജാ റാണി എക്സ്പ്രസ്, മഥുരൈ - തിരു: സെന്‍ട്രല്‍ അമൃത എക്സ്പ്രസ്, ലോകമാന്യ തിലക് - കൊച്ചുവേളി ഗരീബ് രഥ് എന്നിവയാണ് റദ്ദാക്കിയത്. ചില ട്രെയിനുകള്‍ക്കു ഭാഗിക നിയന്ത്രണം. 21 ന് തിരുവനന്തപുരം സെന്‍ട്രല്‍ - ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസും ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്സ്പ്രസും എറണാകുളം വരെ മാത്രം. തിരിച്ചുള്ള യാത്രയ്ക്ക് ഇരു ട്രെയിനുകളും എറണാകുളത്തുനിന്നാണു പുറപ്പെടുക. പാലക്കാട് - എറണാകുളം മെമു ചാലക്കുടി വരെ മാത്രമേ സര്‍വീസ് നടത്തൂ. തിരിച്ചുള്ള യാത്രയ്ക്കു ചാലക്കുടിയില്‍നിന്നാണു പുറപ്പെടുക. 22 ന് ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും. 22 ന് കണ്ണൂര്‍ - എറണാകുളം എക്സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ.


◾കൊല്ലത്തെ ബ്യൂട്ടീഷന്‍ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്രയെ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച് 2020 മാര്‍ച്ച് 20 നു കൊലപ്പെടുത്തിയെന്നാണ് കേസ്.

◾ജനതാദള്‍ എസുമായി ലയിക്കേണ്ടെന്ന് ലോക് താന്ത്രിക് ജനതാദള്‍. ഇരു പാര്‍ട്ടികളും എല്‍ഡിഎഫിലെ ഘടകക്ഷികളാണ്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജെഡിഎസ് ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാടെടുക്കാത്തതുമൂലമാണ് ലയനം വേണ്ടെന്ന് എം.വി. ശ്രേയംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ജെഡിയിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം. ഇതേസമയം, ആര്‍ജെഡിയുമായി ലയന ചര്‍ച്ചകള്‍ തുടരാന്‍ കോഴിക്കോട്ട് ചേര്‍ന്ന എല്‍ജെഡി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

◾കൊച്ചി കടലില്‍ പാക് ബോട്ടില്‍നിന്ന് 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായ പ്രതി പാക്ക് പൗരന്‍ സുബൈര്‍ ദെറക്ഷാന്‍ഡേയെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. മയക്കുമരുന്നുമായി എത്തിയ ഇതര ബോട്ടുകളേയും ഇടപാടുകാരേയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തെരയുന്നുണ്ട്. മയക്കുമരുന്ന് എത്തിച്ച കപ്പല്‍ മുക്കിക്കളഞ്ഞെന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നത്.

◾പട്ടാമ്പിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശി. പട്ടാമ്പി പോലീസ് സ്റ്റേഷനു സമീപമാണു സംഭവം. പ്രവര്‍ത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റു ചെയ്തു നീക്കി.

◾ബിജെപിയുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നു മുഖ്യമന്ത്രിയും സി പി എം നേതാക്കളും ആഹ്വാനം ചെയ്യുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കര്‍ണാടകത്തില്‍ സിപിഎം ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരേ നാലിടത്തു മല്‍സരിച്ചു. രണ്ടിടത്ത് ബിജെപി ജയിച്ചു. ഇങ്ങനെ ബിജെപിയെ ജയിപ്പിക്കാന്‍ സഹായിച്ചവരാണു സിപിഎമ്മെന്നും സുധാകരന്‍.

◾അനധികൃത ഖനനം നടത്തിയതിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ തിരുവനന്തപുരത്തെ കോവാനന്റ് സ്റ്റോണ്‍ ക്വാറിക്കു വിധിച്ച 41.46 കോടി രൂപയുടെ പിഴശിക്ഷയ്ക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ട്രൈബ്യൂണല്‍ ഉത്തരവ് കോടതി സ്റ്റേ ചെയ്തില്ല.

◾ഭാര്യയെ മര്‍ദിച്ച് മുറിയില്‍ പൂട്ടിയിട്ടെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസുകാരനെ മര്‍ദിച്ച് ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിബിന്‍ ലോബോക്കാണ് പരിക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമിനെ പോലീസ് തെരയുന്നു.

◾ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്‍ഡിയാഗോ മാര്‍ട്ടിന്റെ 457 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോയമ്പത്തൂരിലെ വീട്ടിലും ഓഫീസിലും റെയ്ഡു നടത്തിയശേഷമാണ് നടപടി.

◾അദാനിക്കെതിരായ ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടു സംബന്ധിച്ച അന്വേഷണത്തിന് ആറു മാസം വേണമെന്ന സെബിയുടെ അപേക്ഷയില്‍ ഉത്തരവ് ഇന്ന്. 2016 മുതല്‍ അന്വഷണം നേരിടുന്ന സ്ഥാപനങ്ങളില്‍ അദാനിയുടെ കമ്പനി ഇല്ലെന്ന് സെബി വ്യക്തമാക്കിയിരുന്നു. അദാനി വിഷയത്തില്‍ അന്വേഷണത്തിനു മൂന്നു മാസത്തെ സമയം മതിയെന്നായിരുന്നു കോടതിയുടെ അഭിപ്രായം.

◾സര്‍ക്കാര്‍ ജോലിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്ന റോസ്ഗര്‍ മേള പദ്ധതിയുടെ ഭാഗമായി 71,000 നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വിതരണം ചെയ്യും. ഇവരെ പ്രധാനമന്ത്രി വെര്‍ച്വലായി അഭിസംബോധന ചെയ്യും. രാജ്യത്തെ 45 സ്ഥലങ്ങളിലായാണു മേള നടത്തുന്നത്.

◾തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയായിരുന്ന ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തലാഖ് ചോദ്യം ചെയ്തുള്ള മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. കേസില്‍ മുഹമ്മദ് ഷമിയെ കക്ഷിയാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

◾ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 കോടി രൂപ തട്ടിയെടുക്കാനാണ് മകന്‍ ആര്യന്‍ ഖാനെ ലഹരി കള്ളക്കേസില്‍ കുടുക്കിയതെന്ന് സിബിഐയുടെ എഫ്ഐആര്‍. മഹാരാഷ്ട്ര എന്‍സിബി മുന്‍ സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡേക്കെതിരേയാണ് എഫ്ഐആര്‍. പിന്നീട് 18 കോടി രൂപ കൈമാറാമെന്ന് ഉറപ്പിക്കുകയും 50 ലക്ഷം മുന്‍കൂറായി വാങ്ങുകയും ചെയ്തെന്ന് എഫ്ഐആറില്‍ ആരോപിക്കുന്നു. കിരണ്‍ ഗോസാവി എന്നയാളുമായി ചേര്‍ന്നാണ് ഗൂഢാലോചന നടത്തി പദ്ധതി ആസൂത്രണം ചെയ്തതെന്നും എഫ്ഐആറില്‍ പറയുന്നു.

◾താനൊരു ഒറ്റയാനാണെന്ന് കര്‍ണാടകത്തില്‍ മുഖ്യമന്ത്രിക്കസേരയ്ക്കു സാധ്യത കുറവെന്നു ബോധ്യപ്പെട്ട കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും ഡല്‍ഹിക്കു പോകുമെന്നും അദ്ദേഹം വെളിപെടുത്തി. ബെംഗളുരുവില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രതികരണം. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം. അദ്ദേഹം പറഞ്ഞു.

◾കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഇന്നും ചര്‍ച്ച തുടരുമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച തുടരുകയാണെന്നും ഒരു ദിവസം കൂടി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

◾രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അടി മൂക്കുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അന്ത്യശാസനവുമായി സച്ചിന്‍ പൈലറ്റ്. ബിജെപിയുടെ മുന്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളില്‍ 15 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം തുടങ്ങുമെന്നു സച്ചിന്‍ മുന്നറിയിപ്പ് നല്‍കി. അഞ്ചു ദിവസമായി രാജസ്ഥാനില്‍ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് സച്ചിന്റെ മുന്നറിയിപ്പ്.

◾ദുബായ് - അമൃത്സര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി ഉപദ്രവിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലായിരുന്ന രജീന്ദര്‍ സിംഗ് എന്ന ജലന്തര്‍ സ്വദേശിയാണു പിടിയിലായത്.

◾ആംബുലന്‍സ് വാടകയായ എണ്ണായിരം രൂപ നല്‍കാനില്ലാതെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു പിതാവ് പോയത് ബസിലിരുന്ന്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്ന് കാളീഗഞ്ചിലെ വീട്ടിലേക്ക് അഷിം ദേവശര്‍മ എന്നയാളാണ് അഞ്ചുമാസം പ്രായമുള്ള മകന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ കൊണ്ടുപോയത്.

◾യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്തു വരുമാനമുണ്ടാക്കാമെന്ന വാട്സ്ആപ് സന്ദേശത്തില്‍ കുടുങ്ങിയ സോഫ്റ്റ് വെയര്‍ എന്‍ജിനിയറുടേയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ പോലീസ് തെരയുന്നു. ദമ്പതികളുടെ പരാതിയില്‍ ഗുഡ്ഗാവ് പോലീസ് കേസെടുത്തു. തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കുകളില്‍ ക്ലിക്കു ചെയ്ത ദമ്പതിമാരെ ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്താണ് തട്ടിപ്പു നടത്തിയത്. 62 ലക്ഷം രൂപ തിരിച്ചുകിട്ടുമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു സംഘം 42 ലക്ഷം രൂപ കൈക്കലാക്കിയത്.

◾പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹരികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ഖാന്‍ മുന്‍കൂര്‍ ജാമ്യം തേടി ലാഹോര്‍ ഹൈക്കോടതിയില്‍. റിയല്‍ എസ്റ്റേറ്റ് അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇമ്രാന്റെ ഭാര്യ ബുഷ്റ ബീബിയും കോടതിയില്‍ ഹാജരായി. ഇവര്‍ക്കു ജാമ്യം അനുവദിച്ചു.

◾ജനന നിരക്കു നിയന്ത്രിക്കാന്‍ കര്‍ശന നടപടികളെടുത്തിരുന്ന ചൈനയില്‍ ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ ആകര്‍ഷകമായ പദ്ധതികളുമായി സര്‍ക്കാര്‍. പുതുയുഗം എന്നു പേരിട്ട പദ്ധതിയനുസരിച്ച് വിവാഹവും പ്രസവവും പ്രോല്‍സാഹിപ്പിക്കാന്‍ നികുതി ഇളവുകളും ഭവന സബ്സിഡികളും അടക്കം നിരവധി വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. 20 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും.

◾ജര്‍മ്മനിയിലെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ പ്ലാന്റില്‍ നടന്ന വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 53 വയസുള്ള ഒരാള്‍ പ്ലാന്റില്‍ പ്രവേശിച്ച് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി. പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്

◾ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 ലെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് തകര്‍ത്താണ് ഗുജറാത്ത് പ്ലേ ഓഫില്‍ കടന്നത്. ഈ തോല്‍വിയോടെ സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. 58 പന്തില്‍ 101 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ ഗുജറാത്ത് പടുത്തുയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

◾രാജ്യത്ത് വിലക്കയറ്റം ശമിക്കുന്നുവെന്ന് വ്യക്തമാക്കി റീട്ടെയ്ല്‍ പണപ്പെരുപ്പത്തിന് പിന്നാലെ മൊത്തവില (ഹോള്‍ലെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പവും ഏപ്രിലില്‍ കുത്തനെ കുറഞ്ഞു. ഏപ്രിലില്‍ പണച്ചുരുക്കത്തിലേക്ക് വിലക്കയറ്റത്തോത് എത്തിയെന്നതും ശ്രദ്ധേയം. 2020 ഓഗസ്റ്റിലെ നെഗറ്റീവ് 0.58 ശതമാനത്തിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന നിരക്കുമാണിത്. മാര്‍ച്ചിലെ 1.34 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 0.92 ശതമാനമായാണ് കഴിഞ്ഞമാസം മൊത്തവില പണപ്പെരുപ്പം താഴ്ന്നത്. ഭക്ഷ്യവിലപ്പെരുപ്പം 2.32 ശതമാനത്തില്‍ നിന്ന് 0.17 ശതമാനത്തിലേക്ക് കുത്തനെ കുറഞ്ഞതാണ് നേട്ടം. ഭക്ഷ്യ എണ്ണകളുടെ വിലപ്പെരുപ്പം നെഗറ്റീവ് 25.91 ശതമാനമാണ്. പ്രാഥമിക ഉത്പന്നങ്ങളുടേത് 1.60 ശതമാനം. ഇന്ധന വിലപ്പെരുപ്പം 0.93 ശതമാനത്തിലേക്കും മാനുഫാക്‌ചേഡ് ഉത്പന്നങ്ങളുടേത് നെഗറ്റീവ് 2.42 ശതമാനത്തിലേക്കും കുറഞ്ഞതും ഗുണം ചെയ്തു. കഴിഞ്ഞ 11 മാസമായി മൊത്തവില പണപ്പെരുപ്പം തുടര്‍ച്ചയായി കുറയുകയാണ്. കഴിഞ്ഞവര്‍ഷം മേയില്‍ ഇത് 20 വര്‍ഷത്തെ ഉയരമായ 16.63 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയ്ല്‍ പണപ്പെരുപ്പം കഴിഞ്ഞമാസം 18 മാസത്തെ താഴ്ചയായ 4.7 ശതമാനത്തില്‍ എത്തിയിരുന്നു. ഇതോടെ, ജൂണിലെ ധനനയ നിര്‍ണയ യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കൂട്ടാനുള്ള സാദ്ധ്യത മങ്ങി. പലിശനിരക്ക് നിലനിര്‍ത്താനാണ് സാദ്ധ്യത കൂടുതല്‍. കുറയ്ക്കാനുള്ള സാദ്ധ്യത വിരളമാണ്.

◾സൗത്ത് ഇന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ജ്യോതിക. വിവാഹ ശേഷം 36 വയതിനിലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയരംഗത്ത് തിരികെയെത്തിയത്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം താരം ബോളിവുഡിലേക്കും മടങ്ങിയെത്തുകയാണ്. അജയ് ദേവ്ഗണ്‍,ആര്‍ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറിലൂടെയാണ് താരത്തിന്റ തിരിച്ചുവരവ്. പനോരമ സ്റ്റുഡ്യോസ് ആണ് നിര്‍മ്മാണം. ജൂണില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. സംവിധായകന്‍ ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളിലാകും പ്രധാന ലൊക്കേഷന്‍. ഏറ്റവും അടുത്തതായി റിലീസിന് ഒരുങ്ങുന്ന. ജ്യോതികയുടെ ചിത്രം ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലാണ്. ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ''ഡോലി സജാ കെ രഹ് ന'' എന്ന ഹിന്ദി ചിത്രത്തിലൂടെ 1998 ലാണ് ജ്യോതികയുടെ സിനിമാ അരങ്ങേറ്റം.

◾ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യില്‍ ജോയിന്‍ ചെയ്ത് മമ്മൂട്ടി. കൊച്ചിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലി ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ക്കൊപ്പം തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. മലയാളത്തില്‍ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. സുമിത് നേവല്‍, സിദ്ധാര്‍ഥ് ഭരതന്‍, ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കൊച്ചിയിലും ബെംഗളൂരുവിലുമായാണ് ചിത്രീകരണം നടക്കുന്നത്.

◾ഇഎം1 ഇ എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇ-മൊബിലിറ്റി വിപണിയില്‍ പ്രവേശിക്കുന്നു. കമ്പനിയുടെ ആദ്യ ഉല്‍പ്പാദന ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ഓടെ 10 വ്യത്യസ്ത ഇലക്ട്രിക് ഇരുചക്ര വാഹന മോഡലുകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ മോഡല്‍ വരുന്നത്. അങ്ങനെ ഈ സ്‌കൂട്ടറിന്റെ അരങ്ങേറ്റത്തിലൂടെ ജനപ്രിയ ടൂവീലര്‍ കമ്പനി ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് പ്രവേശിച്ചു. ഒരു വര്‍ഷം മുമ്പാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മ്മാണം കമ്പനി ആദ്യമായി പ്രഖ്യാപിച്ചത്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി ഉപയോഗിക്കുന്ന ഹോണ്ട ഇഎം1 ഇ, 2025ഓടെ ഹോണ്ടയുടെ ആസൂത്രണം ചെയ്ത പത്തോ അതിലധികമോ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ ആദ്യത്തേതാണ്. പരമാവധി 90എന്‍എം ടോര്‍ക്കും 45കിമീ/അവര്‍ വേഗതയും നല്‍കുന്ന 1.7കി.വാട്ട് മോട്ടോറാണ് ഹോണ്ട ഇഎം1 ഇ -യിലുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 48 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു.

◾പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാഹിത്യത്തിലെ മഹാരഥന്‍മാര്‍ക്ക് പിന്നാലെ വന്ന ഇവാന്‍ ബൂനിന്റെ 'മിത്യയുടെ പ്രേമം' എന്ന രചന ടോള്‍സ്റ്റോയിയുടെയും
തൂര്‍ഗ്യനേവിന്റെയും ചെകോവിന്റെയും നോവലുകള്‍ക്കൊപ്പം വെക്കാവുന്ന ഒരു മാസ്റ്റര്‍പീസ് തന്നെയാണെന്ന് നിസ്സംശയം പറയാം. 'മോസ്‌കോയില്‍ മിത്യയുടെ സന്തോഷത്തിന്റെ അവസാനദിവസം മാര്‍ച്ച് ഒന്‍പതായിരുന്നു' എന്ന അശുഭച്ചുവയോടെ തുടങ്ങുന്ന ഈ കൃതി മിത്യ എന്ന വിദ്യാര്‍ത്ഥിയുടെയും കാത്യ എന്ന യുവനടിയുടെയും പ്രേമത്തിന്റെ കഥയാണ്. മോല്‍ചനോവ്കയിലുള്ള മിത്യയുടെ ഹോസ്റ്റല്‍ മുറിയില്‍ കാത്യ സന്ദര്‍ശിക്കാറുണ്ട്. മിത്യയുടെ ഭ്രാന്തുപിടിച്ച സംശയങ്ങളും അസൂയയും അവര്‍ക്കിടയിലെ മുള്ളായി. സാഹിത്യത്തിനു നൊബേല്‍ സമ്മാനം നേടിയ ആദ്യ റഷ്യന്‍ എഴുത്തുകാരന്റെ നോവല്‍. പരിഭാഷ - രശ്മി കിട്ടപ്പ. മാതൃഭൂമി. വില 144 രൂപ.

◾അനാരോഗ്യകരമായ ജീവിതശൈലിയാണ് രക്തസമ്മര്‍ദ്ദം കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ശരീരഭാരം കുടുതലാണെങ്കിലും അമിതമായി ഉപ്പ് കഴിക്കുന്നവരാണെങ്കിലും വ്യായാമം ചെയ്യാത്തവരാണെങ്കിലുമൊക്കെ രക്തസമ്മര്‍ദ്ദം കൂടും. ചിലര്‍ക്ക് പാരമ്പര്യമായും ഇതുണ്ടാകാറുണ്ട്. പ്രായം കൂടുന്തോറും അമിത രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കും. ഉപ്പിന്റെ അമിത ഉപയോഗം മാത്രമല്ല രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണം. പലഹാരങ്ങളും റെഡി-ടു-ഈറ്റ് ഭക്ഷണവും, സോഡ അടങ്ങിയ പാനീയങ്ങളുമെല്ലാം രക്തസമ്മര്‍ദ്ദം കൂട്ടും. സമീകൃത ആഹാരവും ആരോഗ്യകരവുമായ ജീവിതരീതിയും തന്നെയാണ് ഇതിന് പ്രതിവിധി. നന്നായി വെള്ളം കുടിക്കുന്നുണ്ടെന്നും നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പഴം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ആന്തോസയാനിന്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ നിറഞ്ഞ സ്‌ട്രോബെറി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. തണ്ണിമത്തനില്‍ സോഡിയത്തിന്റെ അളവ് കുറവും ജലാംശം കൂടുതലുമാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും രക്തസമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കുന്ന പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മാമ്പഴത്തില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന രക്തക്കുഴലുകളുടെ വലിപ്പം നിയന്ത്രിക്കുന്ന എസിഇ എന്ന എന്‍സൈം കുറയ്ക്കാന്‍ മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.