*പ്രഭാത വാർത്തകൾ*2023 | മെയ് 15 | തിങ്കൾ 1198 | എടവം 1 |

◾കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ആരെന്നു എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭാ കക്ഷിയോഗം എഐസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. എഐസിസി നിയോഗിച്ച നിരീക്ഷകരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബറിയ എന്നിവര്‍ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തു. നിരീക്ഷകര്‍ ഹൈക്കാന്‍ഡിന് ഇന്നു റിപ്പോര്‍ട്ടു നല്‍കും. നാളെ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ചയായിരിക്കും സത്യപ്രതിജ്ഞ.

◾പാക് കപ്പലില്‍നിന്നു കൊച്ചി തീരത്തു പിടികൂടിയ ലഹരി വസ്തുക്കള്‍ പന്ത്രണ്ടായിരം കോടി രൂപയുടേതല്ല, ഇരുപത്തയ്യായിരം കോടി രൂപയുടേതാണെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. പിടികൂടിയത് 2525 കിലോ മെത്താംഫിറ്റമിനാണ്. രാസലഹരി പാക്കിസ്ഥാനിലെ ഹാജി സലിം ലഹരി മാഫിയാ സംഘത്തിന്റേതാണെന്നാണു റിപ്പോര്‍ട്ട്. സംഘം കടലില്‍ മുക്കിയ ലഹരിശേഖരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താനും കടന്നു കളഞ്ഞ മാഫിയാ സംഘാംഗങ്ങളെ പിടികൂടാനും നാവികസേനയുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. പിടിയിലായ പാക് സ്വദേശിയെ ചോദ്യം ചെയ്തുവരികയാണ്.

◾റേഷന്‍ കടകളില്‍ പതിനായിരം രൂപ വരെയുള്ള പണമിടപാടുകളും നടത്താവുന്ന കെ സ്റ്റോര്‍ പദ്ധതിക്കു തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരി, മില്‍മ ഉത്പന്നങ്ങളും എല്‍പിജി സിലിണ്ടര്‍ അടക്കമുള്ള സേവനങ്ങളും കെ സ്റ്റോറില്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ 108 കെ സ്റ്റോറുകളാണ് സജ്ജമാക്കുന്നത്. ഘട്ടംഘട്ടമായി എല്ലാ റേഷന്‍ കടകളെയും കെ-സ്റ്റോറുകളാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

◾ഐസിഎസ്ഇ, ഐഎസ് സി പത്താം ക്ലാസ്, പ്ലസ് ടൂ ഫലം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസിനു കേരളത്തിലെ വിജയശതമാനം 99.97 ശതമാനമാണ്. ദേശീയതലത്തില്‍ 98.94 ശതമാനം. പ്ലസ് ടുവില്‍ ദേശീയ വിജയശതമാനം 96.94 ശതമാനവും കേരളത്തിലത് 99.88 ശതമാനവുമാണ്.

◾വീണ്ടും ചൂട് കൂടുന്നു. 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. എന്നാല്‍ നാല്‍പതിലേറെ ഡിഗ്രി താപനിലയുണ്ടെന്നു തോന്നുന്നത്രയും ചൂട് അനുഭവപ്പെടും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയെന്ന് ആശുപത്രി ആര്‍എംഒ ഡോ. അനില്‍കുമാര്‍ റിപ്പോര്‍ട്ടു നല്‍കി. സംരക്ഷിക്കാന്‍ ചുമതലയുള്ള പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഓടിരക്ഷപ്പെടുകയാണു ചെയ്തത്. ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

◾കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ഹുങ്കിനുളള മറുപടിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസും സാഹചര്യം മനസിലാക്കണം. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ല. ബിജെപിക്ക് ഇനിയും ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ രാജ്യത്ത് സര്‍വ്വനാശം ഉണ്ടാകുമെന്ന് ജനങ്ങള്‍ മനസിലാക്കണം. പിണറായി പറഞ്ഞു.

◾ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. 19 വരെയുള്ള അഞ്ചു ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനം നടത്താം. 19 ന് രാത്രി പത്തിന് ഹരിവരാസനം പാടി നടയടയ്ക്കും. പ്രതിഷ്ഠാദിന പൂജകള്‍ക്കായി മെയ് 29 ന് വൈകുന്നേരം വീണ്ടും നട തുറക്കും. 30 നാണ് പ്രതിഷ്ഠാദിനം.

◾പട്ടാമ്പി വള്ളൂര്‍ മേലെകുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. കൊടലൂര്‍ മാങ്കോട്ടില്‍ സുബീഷിന്റെ മകന്‍ അശ്വിന്‍ (12) വളാഞ്ചേരി പന്നിക്കോട്ടില്‍ സുനില്‍ കുമാര്‍ മകന്‍ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്.

◾എറണാകുളം മറൈന്‍ഡ്രൈവില്‍ അമിതമായി യാത്രക്കാരെ കയറ്റിയ രണ്ടു ബോട്ടുകള്‍ പിടിയില്‍. നിഖില്‍, ഗണേഷ് എന്നീ ബോട്ട് ജീവനക്കാരെ അറസ്റ്റുചെയ്തു. സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് പിടികൂടിയത്. 13 പേര്‍ക്ക് അനുമതിയുള്ള ബോട്ടില്‍ നാല്‍പതിലേറെ പേരെയാണ് കയറ്റിയത്.

◾മുഖ്യമന്ത്രിയെ കണ്ടു ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട്ടില്‍ സന്ദര്‍ശനത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വന്ദനയുടെ കുടുംബാംഗങ്ങള്‍ ചില കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി.

◾ഇന്ത്യയെ ഫാസിസത്തിലേക്ക് ആദ്യം നയിക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അടിയന്തരാവസ്ഥ ഇതിന്റെ ഭാഗമായിരുന്നു. ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ മാത്രമെന്ന അഹന്ത പിന്തുടര്‍ന്നാല്‍ അടുത്ത ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

◾താനൂരില്‍ മുഖ്യമന്ത്രിക്കു വരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്നു പറഞ്ഞ കെഎം ഷാജിയുടെ വീട്ടില്‍ കടന്നുകയറുമെന്നു പ്രകോപനപരമായ ഭീഷണിയുമായി മന്ത്രി അബ്ദുറഹ്‌മാന്‍. 'മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാര്‍ട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

◾തന്റെ വീട്ടിലേക്ക് ആര്‍ക്കും വരാമെന്ന് മന്ത്രി അബ്ദുറഹമാന് കെ.എം. ഷാജിയുടെ മറുപടി. വരുന്നതിനു മുമ്പ് 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തിന്റെ ചോരക്കറ കളയണമെന്നു കെ.എം. ഷാജി ആവശ്യപ്പെട്ടു.

◾ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് നയിക്കണമെന്ന് സിപിഎം നേതാവും മന്ത്രിയുമായ സജി ചെറിയാന്‍. ഇന്ത്യയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനങ്ങള്‍ മാറി ചിന്തിക്കുമ്പോള്‍ സ്വാഭാവികമായി പ്രതിപക്ഷ ഐക്യം വരുമെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.

◾തിരുവനന്തപുരത്ത് 65 വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര അവണാകുഴി സ്വദേശി ലീലയാണ് മരിച്ചത്. പോക്സോ കേസ് പ്രതിയായ മകന്‍ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണവും തട്ടിയ നാല്‍പത്തഞ്ചുകാരന്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ സ്വദേശി കിഴക്കേ വീട്ടില്‍ സുരേഷ് (45) ആണ് തിരുവനന്തപുരത്ത് പിടിയിലായത്.

◾കര്‍ണാടക പൊലീസ് മേധാവി പ്രവീണ്‍ സൂദിനെ സിബിഐ മേധാവിയായി നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണു നിയമനം. ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീണ്‍ സൂദിനെതിരേ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു.

◾തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് വ്യാജമദ്യം കുടിച്ച് മൂന്നു മരണം. മദ്യപിച്ചശേഷം കുഴഞ്ഞുവീണ നിരവധി പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16 പേരാണ് ചികിത്സയിലുള്ളത്. എട്ടു പേരുടെ നില ഗുരുതരമാണ്.

◾കര്‍ണാടകത്തിലേതു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയമല്ലെന്ന് രാജിവച്ച മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മെ. മോദി ദേശീയ നേതാവാണ്. കോണ്‍ഗ്രസിനെ രാജ്യമൊന്നാകെ തിരസ്‌കരിച്ചതാണ്. തോല്‍വിയുടെ പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കട്ടീര്‍ രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ബെംഗളുരുവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം നടന്ന ഹോട്ടലിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരവം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിദ്ധരാമയ്യക്കും ഡികെയ്ക്കുമായി അനുകൂലമായി ഇരുചേരിയായി തിരിഞ്ഞു മുദ്രാവാക്യം വിളിച്ചു. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയാകും.

◾ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ അവകാശികളെ കണ്ടെത്താന്‍ പദ്ധതിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഇത്തരം നിക്ഷേപങ്ങള്‍ കണ്ടെത്തി തീര്‍പ്പാക്കുന്നതിന് ജൂണ്‍ ഒന്നു മുതല്‍ 100 ദിവസത്തെ പ്രത്യേക കാംപയിന്‍ ആരംഭിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

◾ഡല്‍ഹി ജന്ദര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണ തേടി ബി ജെ പിയിലെ സ്മൃതി ഇറാനി അടക്കമുള്ള വനിതാ എംപിമാര്‍ക്ക് കത്തയക്കുമെന്നു ഗുസ്തി താരങ്ങള്‍. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം ഉയര്‍ത്തുന്ന ബി ജെ പിയുടെ ഒരു വനിത നേതാവ് പോലും ഞങ്ങളെ വിളിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.  

◾ട്വിറ്ററിന്റെ പുതിയ സിഇഒയായി ലിന്‍ഡ യാക്കാരിനോ ചുമതലയേല്‍ക്കുമെന്ന് ട്വിറ്റര്‍ സിഇഒ എലോണ്‍ മസ്‌ക്. ആറു ആഴ്ചയ്ക്കുള്ളില്‍ എന്‍ബിസി യൂണിവേഴ്‌സലില്‍ നിന്ന് ലിന്‍ഡ വിരമിക്കും.

◾ഐപിഎല്ലില്‍ രാജസ്ഥാന് നാണംകെട്ട തോല്‍വി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാനെ വെറും 59 റണ്‍സിന് പുറത്താക്കിയ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ 112 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 10.3 ഓവറിലാണ് 59 റണ്‍സിന് ഓള്‍ ഔട്ടായത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഒരു ടീമിന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറില്‍ പുറത്തായ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇതോടെ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. അതേസമയം ഈ ജയത്തോടെ രാജസ്ഥാനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തിയ ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുയാണ്.

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 6 വിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറുപടി ബാാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 9 പന്തുകള്‍ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഈ തോല്‍വിയോടെ പ്ലേ ഓഫിലെത്താന്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇനിയും കാത്തിരിക്കണം.

◾വെയറബിള്‍സ് കയറ്റുമതിയില്‍ വമ്പന്‍ വാര്‍ഷിക വളര്‍ച്ചയുമായി ഇന്ത്യ. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വെയറബിള്‍സ് കയറ്റുമതി 80.9 ശതമാനമായാണ് ഉയര്‍ന്നത്. ഇതോടെ, 2.51 വെയറബിള്‍ യൂണിറ്റുകളാണ് ഇന്ത്യ കയറ്റുമതി ചെയ്തിരിക്കുന്നത്. ഇത്തവണ പ്രധാനമായും സ്മാര്‍ട്ട് വാച്ചുകള്‍ക്കാണ് ആവശ്യക്കാര്‍ വര്‍ദ്ധിച്ചിട്ടുള്ളത്. വെയറബിള്‍സ് കയറ്റുമതിയില്‍ ആഭ്യന്തര നിര്‍മ്മാതാക്കളായ ബോട്ട് ആണ് ഉയര്‍ന്ന വിപണി വിഹിതവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 25.6 ശതമാനം വിപണി വിഹിതമാണ് ബോട്ടിന് ഉള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 102.4 ശതമാനം വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. തൊട്ടുപിന്നിനായി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഫയര്‍- ബോള്‍ട്ട് ആണ്. 12.4 ശതമാനം വിപണി വിഹിതമാണ് ഫയര്‍ ബോള്‍ട്ടിന് ഉള്ളത്. 11.9 ശതമാനം വിപണി വിഹിതവുമായി നോയ്സ് ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 97.3 ശതമാനം വളര്‍ച്ച നേടാന്‍ നോയിസിന് സാധിച്ചിട്ടുണ്ട്. നാലാം സ്ഥാനം നേടിയത് ബോള്‍ട്ട് ഓഡിയോ ആണ്. അതേസമയം, കയറ്റുമതി ചെയ്ത ആദ്യ അഞ്ച് വെയറബിള്‍ ബ്രാന്‍ഡ് കമ്പനികളില്‍ നാലും ഇന്ത്യന്‍ കമ്പനികളാണ്.

◾രാജേഷ് കെ രാമന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'നീരജ'. ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജേഷ് കെ രാമന്റേതാണ് തിരക്കഥയും. ജയസൂര്യ, രാജ് ബി ഷെട്ടി, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഫേസ്ബുക്ക് പേജിലൂടെ 'നീരജ'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. മെയ് പത്തൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ 'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. പ്രശസ്ത കന്നഡ സിനിമ നിര്‍മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ പ്രൊജക്റ്റാണ് ഇത്.

◾ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് സംവിധാന രംഗത്തേക്ക് വീണ്ടുമെത്തുന്നു. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡെപ്പ് സംവിധായകന്റെ കുപ്പായമണിയുന്നത്. 'മോഡി' ബയോപിക്ക് ഒരുക്കുന്ന കാര്യം ഡെപ്പ് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ ചിത്രകാരന്‍ അമെഡിയോ മോഡിഗ്ലിയാനിയുടെ കഥയാണ് 'മോഡി' എന്ന ബയോപിക്കിലൂടെ ഡെപ്പ് ചിത്രീകരിക്കുന്നത്. ഡെന്നീസ് മക്ക്ലിന്റയറിന്റെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം. റിക്കാര്‍ഡോ സ്‌കാമാര്‍സിയോയാണ് 'മോഡി'യായി എത്തുന്നത്. 1916 പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജേര്‍സി, മേരി ക്രോമോലോവ്സ്‌കി എന്നിവരാണ്. മോഡിയുടെ ജീവിതത്തിലെ നിര്‍ണായകമായ രണ്ട് ദിവസമാണ് സിനിമ പറയുന്നത്. 1997ല്‍ 'ദി ബ്രേവ്' എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്യുന്നത്. തിരക്കഥയിലും അദ്ദേഹം പങ്കാളിയായിരുന്നു. ജോണി ഡെപ്പും മര്‍ലോണ്‍ ബ്രാന്‍ഡോയുമാണ് 'ദി ബ്രേവി'ല്‍ പ്രധാന വേഷങ്ങളിലെത്തിയത്. മുന്‍ പങ്കാളി ആംബര്‍ ഹെര്‍ഡുമായുള്ള നിയമ പ്രശ്നങ്ങള്‍ക്ക് ശേഷം ഡെപ്പ് സിനിമയില്‍ സജീവമാകുന്നത് ഈ ചിത്രത്തിലൂടെയാണ്.

◾പുതിയ 2024 ഹ്യുണ്ടായ് ഐ20 ഫെയ്സ്ലിഫ്റ്റ് ഒടുവില്‍ ഔദ്യോഗിക ചിത്രങ്ങളിലൂടെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. ഹാച്ച്ബാക്കിന്റെ പരിഷ്‌കരിച്ച മോഡല്‍ പുതുക്കിയ, സ്റ്റൈലിഷ് ഡിസൈന്‍ കൊണ്ടുവരുന്നതാണെന്നും മികച്ച ഇന്‍-ക്ലാസ് കണക്റ്റിവിറ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുമെന്നും കാര്‍ നിര്‍മ്മാതാവ് പറയുന്നു. നിലവില്‍, അതിന്റെ ഇന്ത്യന്‍ ലോഞ്ച് ടൈംലൈന്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നിരുന്നാലും, പുതിയ ഐ20 ആദ്യം യൂറോപ്യന്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ഹ്യുണ്ടായ് ഐ20 ഫെയ്സ്ലിഫ്റ്റ് പുകാര്‍ നിര്‍മ്മാതാവ് അവതരിപ്പിച്ചു. ആഗോളതലത്തില്‍, ഫാന്റം ബ്ലാക്ക് പേള്‍, അറ്റ്ലസ് വൈറ്റ്, ഡ്രാഗണ്‍ റെഡ് പേള്‍, അറോറ ഗ്രേ പേള്‍, മാംഗ്രോവ് ഗ്രീന്‍ പേള്‍ എന്നീ നിറങ്ങളിലും ഹാച്ച്ബാക്ക് ലഭ്യമാണ്. ഓപ്ഷണല്‍ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ റൂഫ് ഓപ്ഷനും ഉണ്ട്.

◾ഇമൈയം, ബാമ, ഗൗതം ചന്നാ, കോവേതാ സ്വാമിനാഥന്‍, പ്രതിഭാ ജയചന്ദ്രന്‍, അഭിമാനി, വിഴി പാ ഇദയവേന്ദന്‍, വി. വെങ്കടാചലം, പി. ശിവകാമി, പാബ്‌ളോ അറിവുക്കുയില്‍, അഴകിയ പെരിയവന്‍, അന്‍പാതവന്‍, ശ്രീധര ഗണേശന്‍, ചോ ധര്‍മ്മന്‍, ശിവകുമാര്‍, തേന്‍മൊഴി... ജാതീയവേര്‍തിരിവുകള്‍ വേരുറപ്പിച്ചിരുന്ന
തമിഴ് വരേണ്യ സാഹിത്യമേഖല അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തിയ കാലത്തുനിന്നു പൊരുതിയും പോരാടിയും തമിഴ്സാഹിത്യത്തിന്റെ അവിഭാജ്യഘടകമായി മാറിയ ദളിത് സാഹിത്യത്തിന്റെ മുഖങ്ങളായ പതിനാറ് എഴുത്തുകാര്‍ രചിച്ച കഥകളുടെ തമിഴില്‍നിന്നു നേരിട്ടുള്ള വിവര്‍ത്തനം. സമ്പാദക- പി. ശിവകാമി. 'തമിഴ് ദളിത് കഥകള്‍'. പരിഭാഷ - ഇടമണ്‍ രാജന്‍. മാതൃഭൂമി. വില 255 രൂപ.

◾ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സമ്പന്നമായ സ്രോതസാണ് കടല. വിളര്‍ച്ച തടയാനും ഊര്‍ജ നില വര്‍ധിപ്പിക്കാനും കടല നല്ലതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വളരുന്ന കുട്ടികള്‍ക്കും ഇത് വളരെ ഗുണകരമാണ്. സസ്യാഹാരികള്‍ക്ക് കടലയിലൂടെ പ്രോട്ടീന്‍ ലഭിക്കും. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുളളതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബര്‍ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഉയര്‍ന്ന ഫൈബര്‍, ആന്റിഓക്സിഡന്റ്, ഫൈബര്‍, വൈറ്റമിന്‍ സി എന്നിവ കടലയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നു. മുഖം വൃത്തിയാക്കാനും കടല ഉപയോഗിക്കാം. കടല പേസ്റ്റ് മഞ്ഞളില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. 15 മിനിറ്റ് മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെളളത്തില്‍ മുഖം കഴുകുക. വാര്‍ധക്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാടുകള്‍ കുറയ്ക്കാനും മുഖം തിളങ്ങാനും സഹായിക്കുന്നു. കടലയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ പതുക്കെ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുകയും അതുവഴി ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുടികൊഴിച്ചില്‍ തടയാനും കടല നല്ലതാണ്.

*ശുഭദിനം*
കവിത കണ്ണന്‍
തന്റെ കൊട്ടാരത്തിന്റെ മുറ്റത്ത് ഒരു പ്രതിമ സ്ഥാപിക്കാന്‍ രാജാവ് തീരുമാനിച്ചു. പ്രതിമ ഉണ്ടാക്കാന്‍ ഒരു ശില്പി എത്തി. പ്രതിമ എവിടെയാണ് സ്ഥാപിക്കുന്നത്? എങ്ങോട്ട് തിരിച്ചാണ് വെയ്ക്കുന്നത് എന്നെല്ലാം അയാള്‍ രാജാവിനോട് ചോദിച്ച് മനസ്സിലാക്കി. അങ്ങനെ അയാള്‍ ഒരു പ്രതിമ കൊണ്ടുവന്നു. ഓടക്കുഴല്‍ വായിക്കുന്ന ഒരാളുടെ പ്രതിമ . ആ പ്രതിമയില്‍ ധാരാളം തുളകളും. പക്ഷേ, ആ പ്രതിമ കണ്ടപ്പോള്‍ രാജാവിന് ഒട്ടും ഇഷ്ടമായില്ല. തന്റെ അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചു. ആ പ്രതിമ പിന്നിലെ പൂന്തോട്ടത്തില്‍ കൊണ്ടുവെക്കാന്‍ രാജാവ് ഉത്തരവിട്ടു. പിന്നിലെ പൂന്തോട്ടത്തിലേക്കാണെങ്കില്‍ ഞാന്‍ വേറൊരു ശില്പം ഉണ്ടാക്കിത്തരാം എന്നായി ശില്പി. രാജാവിന് ദേഷ്യം വന്നു. പ്രതിമ എവിടെവെച്ചാലും എന്താണ്? എന്താണ് വ്യത്യാസം? രാജാവ് ചോദിച്ചു. ശില്പി പറഞ്ഞു: വ്യത്യാസമുണ്ട് പ്രഭോ.. അദ്ദേഹം രാജസേവകരുടെ സഹായത്തോടെ മുന്‍പ് ഉദ്ദേശിച്ചുന്ന സ്ഥലത്ത് പ്രതിമ സ്ഥാപിച്ചു. അപ്പോഴതാ അതില്‍ നിന്നും ഓടക്കുഴലിന്റെ നാദം. അയാള്‍ തുടര്‍ന്നു. കൊട്ടാരമുറ്റത്തെ കാറ്റിന്റെ ഗതി കണക്കാക്കിയാണ് ഞാന്‍ ഈ ശില്പം നിര്‍മ്മിച്ചത്. പൂന്താട്ടത്തില്‍ വെക്കാനാണെങ്കില്‍ തുളകള്‍ മറ്റൊരു തരത്തിലാണ് വേണ്ടത്.. രാജാവിന് തന്റെ തെറ്റ് മനസ്സിലായി. മുന്‍വിധികള്‍ ആണ് പലപ്പോഴും നമ്മെ തെറ്റായ തീരുമാനത്തിലേക്ക് നയിക്കുന്നത്. ഒരു കാര്യത്തെയും ഒറ്റനോട്ടത്തില്‍ വിലയിരുത്താതിരിക്കാന്‍ നമുക്കും ശ്രമിക്കാം. കാര്യകാരണങ്ങള്‍ അറിഞ്ഞ് ഒരു നിലപാടിലെത്തുന്ന രീതി നമുക്ക് അവലംബിക്കാം - ശുഭദിനം.