*പ്രഭാത വാർത്തകൾ*2023 | മെയ് 14 | ഞായർ

◾കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 136 സീറ്റുകള്‍. ബിജെപി 65 സീറ്റിലായി ഒതുങ്ങി. ജനതാദള്‍ എസിനു 19 സീറ്റു മാത്രം. മറ്റുള്ളവരുടെ ഗണത്തില്‍ നാലു പേര്‍ ജയിച്ചു. കോണ്‍ഗ്രസ് ജയിച്ച ഒരു സീറ്റില്‍ വീണ്ടും വോട്ടെണ്ണല്‍. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും. വിജയശില്‍പിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും.

◾പാകിസ്ഥാനില്‍ നിന്നെത്തിച്ച പന്ത്രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്നു കൊച്ചിയില്‍ പിടികൂടി. ബോട്ടില്‍ കടത്തുകയായിരുന്ന 2500 കിലോ മെത്താഫെറ്റാമിന്‍ മയക്കുമരുന്നുമായി പാകിസ്ഥാന്‍ സ്വദേശിയെ അറസ്റ്റു ചെയ്തു. നേവിയും എന്‍സിബിയും ചേര്‍ന്നാണ് മയക്കുമരുന്നു വേട്ട നടത്തിയത്. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലേക്കു കൊണ്ടുവന്ന മയക്കുമരുന്നാണു പിടികൂടിയത്.

◾ദേശീയ രാഷ്ട്രീയത്തില്‍ സുപ്രധാന സൂചനകളുമായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് വിജയം. പ്രതിപക്ഷ ഐക്യത്തിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു കൂടുതല്‍ കരുത്തു പകരുന്ന വിജയമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തിനു മങ്ങലേറ്റു. രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ വര്‍ധിക്കുകയും ചെയ്തു. മോദിയും അമിത് ഷായും പലതവണ റോഡ്ഷോകളും പ്രസംഗങ്ങളുമെല്ലാം പയറ്റിയിരുന്നു. ഈ വര്‍ഷം മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടക്കും.

◾കര്‍ണാടകത്തിലെ വിജയം രാഹുല്‍ഗാന്ധി ഒരുക്കിയ വിജയമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി നടന്ന 51 നിയോജക മണ്ഡലങ്ങളില്‍ 38 മണ്ഡലങ്ങളിലും ജയിച്ചു. പ്രചാരണ റാലികള്‍ നടത്തിയ 22 മണ്ഡലങ്ങളിലെ 16ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. കര്‍ണാടകയില്‍ രാഹുല്‍ സ്നേഹത്തിന്റെ കട തുറന്നെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ ഏറ്റവും യോഗ്യന്‍ രാഹുല്‍ തന്നെയാണെന്നും ഷാഫി കുറിച്ചു.

◾ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയരുന്ന ജനവിധിയാണ് കര്‍ണാടകത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മോദി അര ഡസന്‍ റോഡ് ഷോ നടത്തി. ജയിച്ച കോണ്‍ഗ്രസും ചില പാഠങ്ങള്‍ പഠിക്കണം. പ്ലാവില കണ്ടാല്‍ പിറകെ പോകുന്ന ആട്ടിന്‍പറ്റങ്ങളെ പോലെ നേരത്തെ കോണ്‍ഗ്രസുകാരെ കണ്ടിട്ടുണ്ട്. രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തില്‍ വരരുതെന്ന വികാരം ശക്തമാണെന്നും പിണറായി പറഞ്ഞു.

◾എറണാകുളം വടക്കന്‍ പറവൂര്‍ ചെറിയപല്ലന്‍തുരുത്തില്‍ മൂന്ന് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു പല്ലംതുരുത്ത് സ്വദേശിയായ ശ്രീവേദ (10), വടക്കന്‍ പറവൂര്‍ മന്നം സ്വദേശി അഭിനവ് (12), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) എന്നിവരാണു മരിച്ചത്.

◾കേരളത്തില്‍ ഇന്നു മുതല്‍ 17 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റിനും സാധ്യത.

◾കൊല്ലം ജില്ലാ ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ആയത്തില്‍ സ്വദേശി വിഷ്ണുവാണ് അക്രമാസക്തനായത്. പരിശോധന ടേബിള്‍ ചവിട്ടി മറിച്ചു. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറും ഹൗസ് സര്‍ജന്മാരും ഓടി മാറിയതിനാലാണ് ആക്രമത്തില്‍നിന്ന് രക്ഷപ്പെട്ടത്.

◾മലപ്പുറത്ത് ആള്‍ക്കൂട്ട കൊലപാതകം. കൊണ്ടോട്ടി കിഴിശ്ശേരിയില്‍ മോഷണശ്രമം ആരോപിച്ച് ബീഹാര്‍ സ്വദേശി രാജേഷ് മന്‍ജി (36) യെ കെട്ടിയിട്ടു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിന് ഒമ്പതു പേരെ അറസ്റ്റു ചെയ്തു.  

◾കണ്ണൂര്‍ ഇരിട്ടി അയ്യന്‍കുന്നില്‍ മാവോയിസ്റ്റുകള്‍ എത്തി. കളിതട്ടുംപാറയിലാണ് സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സായുധ സംഘം എത്തിയത്. മണ്ണുരാം പറമ്പില്‍ ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷ്യ സാമഗ്രികള്‍ വാങ്ങി കാട്ടിലേക്കു മടങ്ങി.

◾കൊച്ചി ജിയോ ഇന്‍ഫോപാര്‍ക്കില്‍ തീപിടുത്തം. പൊലീസ് സ്റ്റേഷനു സമീപത്തെ ജിയോ ഇന്‍ഫോ എന്ന ഐടി സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു.

◾കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. പരിപാടിക്കിടെ ഡിസിസി പ്രസിഡന്റിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം.

◾കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ഫാസിസ്റ്റ് തേര്‍വാഴ്ചക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കേന്ദ്ര ഭരണത്തിന്റെ സര്‍വ സംവിധാനങ്ങളും ദുരുപയോഗം ചെയ്താണ് ബിജെപി കര്‍ണാടകയില്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

◾കര്‍ണാടകയില്‍ സാധാരണക്കാരുടെ ശക്തി വിജയിച്ചെന്നും വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറന്നെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കും. സാധാരണക്കാരനൊപ്പം പാര്‍ട്ടിയുണ്ടാകുമെന്ന് രാഹുല്‍ വ്യക്തമാക്കി.

◾കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആശംസ. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകള്‍. പിന്തുണച്ചവര്‍ക്ക് നന്ദി. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. മോദി കുറിച്ചു.

◾കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ വിജയശില്‍പി കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലുവും. പ്രശാന്ത് കിഷോറിന്റെ വലംകൈയായിരുന്നു സുനില്‍ കനുഗൊലു. ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരേയാണ് കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തിയത്. ഭാരത് ജോഡോ യാത്രയോടെ ആരംഭിച്ച പ്രചാരണത്തിന്റെ പിന്നണിയിലും സുനില്‍ കനുഗൊലുവായിരുന്നു.

◾സിബിഐയും എന്‍ഫോഴ്സ്മെന്റും വേട്ടയാടി ജയിലില്‍ അടച്ചപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ തന്നെ കാണാനെത്തിയ സോണിയാഗാന്ധിക്കു നല്‍കിയത് ഒറ്റ വാക്കായിരുന്നു. എന്തു ത്യാഗം സഹിച്ചും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുമെന്നായിരുന്നു ആ വാക്ക്. തെരഞ്ഞെടുപ്പിലെ ചാണക്യനായ ശിവകുമാര്‍ കനകപുര മണ്ഡലത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയാണു ജയിച്ചത്. ഒരുലക്ഷത്തി ഇരുപത്തിരണ്ടായിരത്തിലേറെ വോട്ടാണു ഭൂരിപക്ഷം.

◾കര്‍ണാടകത്തില്‍ ജയനഗര മണ്ഡലത്തില്‍ വീണ്ടും വോട്ടെണ്ണണമെന്ന വരണാധികാരിയുടെ തീരുമാനത്തിനെതിരേ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഢി ജയിച്ചത് 150 വോട്ടുകള്‍ക്കാണ്. റീ കൗണ്ടിങ് വേണമെന്ന ബിജെപിയുടെ ആവശ്യം വരണാധികാരി അംഗീകരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഇതോടെയാണു ശിവകുമാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

◾കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജിവച്ചു. പരാജയകാരണങ്ങള്‍ പരിശോധിക്കുമെന്നു ബൊമ്മൈ പറഞ്ഞു.

◾കര്‍ണാടകത്തില്‍ സിപിഎം മല്‍സരിച്ച നാലിടത്തും തോറ്റു. തകര്‍ന്നടിഞ്ഞ ജനതാദള്‍ എസിന്റെ പിന്തുണയോടെയാണ് സിപിഎം മല്‍സരിച്ചത്. സിപിഎം മല്‍സരിച്ച മൂന്നിടത്തും ആയിരത്തോളം വോട്ടു മാത്രമാണ് ലഭിച്ചത്. വന്‍ വിജയപ്രതീക്ഷ ഉണ്ടായിരുന്ന ബാഗേപള്ളിയില്‍ സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബാഗേപള്ളിയില്‍ പ്രസംഗിച്ചിരുന്നു.

◾ജലന്ധര്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കാല്‍ നൂറ്റാണ്ടിന്റെ ആധിപത്യം ആം ആദ്മി പാര്‍ട്ടി തകര്‍ത്തു. അരലക്ഷത്തിലേറെ വോട്ടിനാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുശീല്‍ കുമാര്‍ റിങ്കു വിജയിച്ചത്. ഉത്തര്‍പ്രേദശില്‍ രണ്ട് നിയമസഭ മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പിച്ച് അപ്നാ ദള്‍ ജയിച്ചു.

◾കനറാ ബാങ്കിന് റിസര്‍വ് ബാങ്ക് 2.92 കോടി രൂപ പിഴ ചുമത്തി. പലിശ നിരക്കുകള്‍ ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ചെന്നും യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുറന്നതും ഉള്‍പ്പെടെയുള്ള ചട്ടലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.

◾യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ സെലന്‍സ്‌കി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാന്‍ മധ്യസ്ഥനാകണമെന്ന് മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചു. ഇറ്റാലിയന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

◾ഐപിഎല്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് ലഖ്നൗ സൂപ്പര്‍ ജയിന്റ്സ്. ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ലഖ്നൗ 64 റണ്‍സ് നേടിയ പ്രേരക് മാങ്കാദിന്റേയും 13 പന്തില്‍ 44 റണ്‍സ് നേടിയ നിക്കോളാസ് പൂരന്റേയും മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഈ ജയത്തോടെ രാജസ്ഥാനെ അഞ്ചാം സ്ഥാനത്തേക്ക് തള്ളി പതിമൂന്ന് പോയിന്റോടെ ലഖ്നൗ നാലാം സ്ഥാനത്തെത്തി.

◾ഐപിഎല്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് പഞ്ചാബ് കിംഗ്‌സ്. 65 പന്തില്‍ 103 റണ്‍സ് നേടിയ പ്രഭ് സിമ്രാന്‍ സിംഗിന്റെ മികവില്‍ പഞ്ചാബ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ജയത്തോടെ പഞ്ചാബ് 12 പോയിന്റുമായി ആറാമതെത്തിയപ്പോള്‍ അവസാന സ്ഥാനത്ത് തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.

◾രാജ്യത്ത് വ്യവസായരംഗത്ത് മാന്ദ്യക്കാറ്റ് ശക്തമാണെന്ന സൂചനയുമായി മാര്‍ച്ചില്‍ വ്യാവസായിക ഉത്പാദന സൂചികയുടെ വളര്‍ച്ച അഞ്ച് മാസത്തെ താഴ്ചയായ 1.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഫെബ്രുവരിയിലെ വളര്‍ച്ച 5.8 ശതമാനമായിരുന്നു. സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ മാനുഫാക്ചറിംഗ്, ഊര്‍ജ മേഖലകളുടെ തളര്‍ച്ചയാണ് മാര്‍ച്ചില്‍ തിരച്ചടിയായതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ഒക്ടോബറിലെ 4.1 ശതമാനത്തിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് ഇക്കുറി മാര്‍ച്ചിലേത്. 2.2 ശതമാനമായിരുന്നു 2022 മാര്‍ച്ചിലെ വളര്‍ച്ച. മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച 2022 മാര്‍ച്ചിലെ 1.4ല്‍ നിന്ന് 0.5 ശതമാനമായി ഇടിഞ്ഞു. 6.1 ശതമാനത്തില്‍ നിന്ന് 1.6 ശതമാനത്തിലേക്കാണ് ഊര്‍ജോത്പാദന വളര്‍ച്ച കുറഞ്ഞത്. ഖനനമേഖല 3.9ല്‍ നിന്ന് 6.8 ശതമാനത്തിലേക്കും കാപ്പിറ്റല്‍ ഗുഡ്‌സ് 2.4ല്‍ നിന്ന് 8.1 ശതമാനത്തിലേക്കും വളര്‍ന്നെങ്കിലും സൂചികയുടെ മൊത്തം വളര്‍ച്ചായിടിവിന് തടയിടാനായില്ല. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വളര്‍ച്ച നെഗറ്റീവ് 3.1ല്‍ നിന്ന് നെഗറ്റീവ് 8.4 ശതമാനത്തിലേക്ക് താഴ്ന്നു. അടിസ്ഥാനസൗകര്യ/നിര്‍മ്മാണോത്പന്നങ്ങളുടെ വളര്‍ച്ച 6.7ല്‍ നിന്ന് 5.4 ശതമാനമായി കുറഞ്ഞതും തിരിച്ചടിയായി.

◾ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റര്‍റ്റൈനെര്‍ ചിത്രം ''കിംഗ് ഓഫ് കൊത്ത''യുടെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കി. റെക്കോര്‍ഡ് തുകക്കാണ് റൈറ്റ്സ് വിറ്റുപോയത്. ജേക്സ് ബിജോയും ഷാന്‍ റഹ്‌മാനുമാണ് ഈ മാസ്സ് ആക്ഷന്‍ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ദുല്‍ഖറിന്റെ ഇതുവരെ കാണാത്ത തീപ്പൊരി സ്റ്റൈലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്ക് എത്തുന്നത്. 95 ദിവസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിങ്ങിന് ഈ അടുത്താണ് കരൈക്കുടിയില്‍ അവസാനം കുറിച്ചത്. തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

◾തമിഴ് സിനിമയുടെ ദളപതി വിജയ്ക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി. പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍ ലഭിച്ച താരമായി മാറിയിരിക്കുകയാണ് വിജയ്. ഇ ടൈംസ് പുറത്തുവിട്ട കണക്കുകളനുസരിച്ച് 2022 മാര്‍ച്ച് മുതല്‍ 2023 ഏപ്രില്‍ വരെ മൂന്നര കോടിയിലധികം മെന്‍ഷനുകളാണ് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ നടന് ലഭിക്കുന്ന ആദ്യ റെക്കോര്‍ഡാണ് ഇത്. വിജയ്യുടെ ഇന്‍സ്റ്റഗ്രാം അരങ്ങേറ്റവും പിന്നാലെ നിറഞ്ഞ ഫോളോവേഴ്‌സിന്റെ കണക്കുകളും താരത്തിനോടുള്ള പ്രേക്ഷകരുടെ ആരാധനയെ സൂചിപ്പിക്കുന്നതാണ്. കെ-പോപ് ബാന്‍ഡായ ബിടിഎസ് താരം വിയ്ക്കും ആഞ്ജലീന ജോളിയ്ക്കും ശേഷം നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ലോകത്തിലെ മൂന്നാം താരമാണ് വിജയ്. നിലവില്‍ 7.3 മില്യണ്‍ ഫോളോവേഴ്‌സാണ് വിജയ്ക്കുള്ളത്.

◾1.45 ദശലക്ഷം വില്‍പ്പന നാഴികക്കല്ല് മറികടന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ എന്‍ടോര്‍ക്ക് സ്‌കൂട്ടര്‍. 2022 ഏപ്രിലില്‍ സ്‌കൂട്ടര്‍ ഒരുദശലക്ഷം വില്‍പ്പന മാര്‍ക്ക് പിന്നിട്ടിരുന്നു. 2023 മാര്‍ച്ച് വരെ 12,89,171 യൂണിറ്റുകള്‍ വിറ്റു. 2019 സാമ്പത്തിക വര്‍ഷം മുതല്‍ കയറ്റുമതി ചെയ്ത 165,947 യൂണിറ്റുകളുടെ സഞ്ചിത വില്‍പ്പനയും ചേര്‍ത്താണ് 1.45 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നത്. ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റര്‍, സുസുക്കി ആക്‌സസ് എന്നിവയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ സ്‌കൂട്ടറാണ് എന്‍ടോര്‍ക്ക്. നിലവില്‍, എന്‍ടോര്‍ക്ക്, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍, റേസ് എക്‌സ്പി, റേസ് എക്‌സ്ടി എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ ഇത് വാങ്ങാന്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക് 9.4 ബിഎച്ച്പി പവറും 10.5 എന്‍എം ടോര്‍ക്കും നല്‍കുന്ന എഞ്ചിന്‍ ലഭിക്കുമ്പോള്‍, റേസ് എക്‌സ്പിക്കും റേസ് എക്‌സ്ടിക്കും അല്‍പ്പം കൂടുതല്‍ ശക്തമായ പവര്‍ട്രെയിന്‍ ലഭിക്കുന്നു. ഈ എഞ്ചിന്‍ 10.2 ബിഎച്ച്പി പവറും 10.8 എന്‍എം ടോര്‍ക്കും നല്‍കുന്നു. ടിവിഎസ് എന്‍ടോര്‍ക്ക് സ്‌കൂട്ടറിന്റെ എക്സ്-ഷോറൂം വില ശ്രേണി ഡ്രം ബ്രേക്ക് വേരിയന്റിന് 77,300 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. എക്സടി ട്രിമ്മിന് 103,000 രൂപയാണ് എക്സ്-ഷോറൂം വില.

◾മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും മഹാനദിയാണ് ഈ പുസ്തകം. ഡേവിഡിന്റെ ജീവിതത്തിന്റെ പ്രയാണം അവിചാരിതവും ആകസ്മികവുമായ വഴിയിലൂടെ അയാളറിയാത്ത മറ്റേതോ ശക്തിയാല്‍ നയിക്കപ്പെടുമ്പോള്‍ വായനക്കാരും അയാള്‍ക്കൊപ്പം യാത്രതുടരുന്നു. 'മോഹനദി'. സരിന്‍ കല്ലമ്പലം. കേരള ബുക് സ്റഅറോര്‍ പബ്ളിഷേഴ്സ്. വില 190 രൂപ.

◾വേനല്‍ക്കാലത്തെ കടുത്ത വെയിലും ഉഷ്ണക്കാറ്റും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. ചൊറിച്ചില്‍, ചുവപ്പുനിറം, കണ്ണില്‍ നിന്നും വെള്ളം വരുക, കണ്ണിനുള്ളില്‍ ചൂട് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിന്റെ ഭാഗമായി വരാം. അതിനാല്‍ തന്നെ വേനല്‍ക്കാലത്ത് കണ്ണുകളെ പരിപാലിക്കേണ്ടത് വളരെ അനിവാര്യമാണ്. വ്യക്തിഗത ശുചിത്വം പാലിക്കുക. കണ്ണുകളില്‍ തൊടരുത്, ആവര്‍ത്തിച്ച് തിരുമ്മരുത്. തൂവാലകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവ കഴിവതും ആരുമായും പങ്കിടരുത്. നീന്തുമ്പോള്‍ നീന്തല്‍ കണ്ണട ധരിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക. വെയിലത്ത് പോകുമ്പോള്‍ യുവി സംരക്ഷണം തരുന്ന സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുക. കണ്ണുകള്‍ക്ക് ദോഷം വരുത്തുന്ന സണ്‍സ്‌ക്രീന്‍, ലോഷനുകള്‍ എന്നിവ പുരട്ടുന്നത് ഒഴിവാക്കുക. വേനല്‍ക്കാലത്ത് എയര്‍കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വര്‍ദ്ധിക്കുന്നു. ഇത് കാരണം വായുവില്‍ ഈര്‍പ്പത്തിന്റെ അംശം കുറയും. ഇതോടെ കണ്ണുകള്‍ വരണ്ടതാകും. ഇത് ഒഴിവാക്കാന്‍ എസി ഓണാക്കി വയ്ക്കുമ്പോള്‍ ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക. കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കാന്‍ ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. വേനല്‍ക്കാലത്ത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാഴ്ചശക്തിയ്ക്ക് നല്ലതാണ്. വേനല്‍ക്കാലത്ത് ഉഷ്ണക്കാറ്റും പൊടിക്കാറ്റും മൂലം കണ്ണുകളില്‍ ചൊറിച്ചിലുണ്ടാകാനും കണ്ണുകള്‍ പലപ്പോഴും ചുവപ്പ് നിറത്തിലും മാറാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ 3-4 തവണ കഴുകുന്നത് വളരെ ഗുണം ചെയ്യും. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് തണുപ്പ് നല്‍കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
കാട്ടിലെ ആ ആനയ്ക്ക് വല്ലാത്ത ധാര്‍ഷ്ട്യമായിരുന്നു. എല്ലാ ജീവികളേയും അത് ഉപദ്രവിക്കും. ആനയോടുള്ള പേടി കാരണം ആരും പ്രതികരിച്ചില്ല. ഒരു ദിവസം വെള്ളം കുടിക്കുന്നതിനിടയില്‍ ആന ഒരു ഉറുമ്പിന്‍കൂട് കണ്ടു. തുമ്പിക്കൈയ്യില്‍ വെള്ളമെടുത്തൊഴിച്ച് ആ കൂടുമുഴുവന്‍ ആന നശിപ്പിച്ചു. ഇതു കണ്ട ഒരു ഉറുമ്പ് പ്രതികരിച്ചെങ്കിലും ആന ആ ഉറുമ്പിനെയും ഭീഷണിപ്പെടുത്തി ഓടിപ്പിച്ചു. അന്നു രാത്രി ആന ഉറങ്ങാന്‍ കിടന്നപ്പോള്‍ ആ ഉറുമ്പ് ആനയുടെ തുമ്പിക്കൈയ്യുടെ ഉള്ളില്‍ കയറി കടിക്കാന്‍ തുടങ്ങി. വേദനകൊണ്ട് നിലവിളിച്ച ആനയെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഉറുമ്പ് പറഞ്ഞു: നീ പേടിപ്പിച്ച ഉറുമ്പാണ് ഞാന്‍. മറ്റുള്ളവരെ ഉപദ്രവിക്കുമ്പോള്‍ അവരുടെ അവസ്ഥ എന്താണെന്ന് നീ മനസ്സിലാക്കണം. നിവൃത്തികെട്ട് ക്ഷമ പറഞ്ഞ ആനയെ ഉറുമ്പ് പിന്നീട് കടിച്ചില്ല. അതിന് ശേഷം ഉപദ്രവിക്കുന്ന ശീലം ആനയും നിര്‍ത്തി. അഹം ബോധം ഒരിക്കലും അഹങ്കാരത്തിന് വഴിമാറരുത്. മറ്റാര്‍ക്കുമില്ലാത്ത കഴിവുകള്‍ എല്ലാവരിലുമുണ്ടാകും. മറ്റുള്ളവരെ കീഴടക്കിയാണ് കരുത്ത് തെളിയിക്കേണ്ടത് എന്ന അബദ്ധചിന്തയാണ് അധികാരകേന്ദ്രങ്ങളെ വികൃതമാക്കുന്നത്. കായബലത്തിന് കാലാവധിയും അധികാരകേന്ദ്രത്തിന് അതിര്‍വരമ്പുകളുമുണ്ട്. അതിനപ്പുറത്തേക്ക് ആരും സമര്‍ത്ഥരല്ല. ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും തനിച്ചുള്ള ജീവിതം അസാധ്യമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് സാമാന്യമര്യാദയുടെ ബാലപാഠങ്ങള്‍ നാം പഠിക്കുന്നത്. നമുക്ക് അഹങ്കാരം ഒഴിവാക്കാം... ഓരോരുത്തരേയും അവരവരായിരിക്കുന്ന അവസ്ഥയില്‍ ബഹുമാനിക്കാന്‍ ശീലിക്കാം - ശുഭദിനം.