◾ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി ഒഴിവാക്കണമെന്നതടക്കമുള്ള മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടേയും ഹൗസ് സര്‍ജന്മാരുടേയും ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇതിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കും. പിജി വിദ്യാര്‍ത്ഥികളുടേയും ഹൗസ് സര്‍ജന്മാരുടേയും സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണ. ഡോ വന്ദന ദാസിന്റെ കൊലപാതകത്തിനു പിറകേ, ഹൗസ് സര്‍ജന്മാരും പിജി വിദ്യാര്‍ത്ഥികളം നടത്തിയിരുന്ന സമരം പിന്‍വലിച്ചു. ഇന്നലെ രാത്രി മുതല്‍ അവര്‍ ജോലിക്കു കയറി.
◾തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കര്‍ശനമായി നടപ്പാക്കത്തില്‍ അതൃപ്തിയുമായി സുപ്രീം കോടതി. നിയമം പ്രാബല്യത്തിലായി പത്തു വര്‍ഷമായിട്ടും നടപ്പാക്കുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ അടക്കം ആഭ്യന്തര പരാതി സമിതി രൂപീകരിക്കണം.
◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. 224 നിയമസഭാ മണ്ഡലങ്ങളിലേക്ക് 2,163 സ്ഥാനാര്‍ത്ഥികളാണു മല്‍സരിച്ചത്. കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുമെന്നും ജെഡിഎസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ.
◾എഐ ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപിക്കുന്നത് ടെന്‍ഡര്‍ കിട്ടാത്ത കമ്പനികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഏതെങ്കിലും പ്രത്യേക കമ്പനിയെ ഏല്‍പ്പിച്ചതല്ല. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആണു കരാറുകാര്‍. കൊച്ചിയില്‍ ഡിവൈഎഫ്ഐയുടെ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റ് വേദിയില്‍ പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്ക് ഉപ കരാര്‍ ലഭിച്ച കമ്പനികളില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബിനാമിയുണ്ടെന്നുവരെ ആരോപണമുണ്ട്.
◾കൊട്ടാരക്കര സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനകളും കൂടിയാലോചനകളും തുടരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷനെ നിയമിച്ച് വിജ്ഞാപനമിറക്കി. മൂന്നംഗ കമ്മീഷനാണ് അന്വേഷിക്കുക. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ റിട്ടയേഡ് ചീഫ് എന്‍ജിനീയര്‍ നീലകണ്ഠന്‍ ഉണ്ണി, കേരള വാട്ടര്‍ വെയ്സ് ചിഫ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. കമ്മീഷന്‍ സംബന്ധിച്ച ടേം ഓഫ് റഫറന്‍സ് പിന്നീട് പ്രസിദ്ധീകരിക്കും.
◾എന്തിനാണ് ഈ പൊലീസ് സംവിധാനമെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഹൗസ് സര്‍ജന്‍ ഡോ വന്ദന ദാസിന്റെ അച്ഛന്‍ കെകെ മോഹന്‍ദാസ്. മകളുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഭരിക്കുന്ന പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാന്ത്വനവുമായി എത്തിയ മുന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെക ശൈലജയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന് ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
◾കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോലീസുകാര്‍ കൊണ്ടുവന്ന രോഗി അക്രമാസക്തനായപ്പോള്‍ പോലീസുകാര്‍ ഓടി രക്ഷപ്പെട്ടെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍. ഡ്രസിംഗ് റൂമില്‍നിന്ന് കത്രിക കൈക്കലാക്കിയ പ്രതി എക്സ് റെ എടുക്കാന്‍ പോകുന്നതിനിടെയാണ് ആക്രമിച്ചത്. പുറത്തെ ആക്രമണങ്ങള്‍ അറിയാതെ എത്തിയ വന്ദനയെയും ആക്രമിച്ചു. ഡോ. വന്ദന ദാസിനു ശ്വാസകോശത്തില്‍ കുത്തേറ്റെന്ന കാര്യം വൈകിയാണ് അറിഞ്ഞത്. ശ്വാസകോശത്തില്‍ കുത്തേറ്റാല്‍ നല്‍കേണ്ട അടിയന്തിര ചികില്‍സ കിംസില്‍ എത്തിയശേഷമാണു നല്‍കിയത്. ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
◾കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡുവിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു. രണ്ടാം ഗഡു രണ്ടു ദിവസത്തിനകം വിതരണംചെയ്യും.
◾ബോട്ടുകളില്‍ അമിതമായി യാത്രക്കാരെ കയറ്റാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്തതിനും പരാമര്‍ശങ്ങള്‍ക്കുമെതിരേ സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നത് ചിലര്‍ക്കുള്ള അസ്വസ്ഥത മൂലമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഇനിയുമൊരു ബോട്ട് ദുരന്തം ഉണ്ടാകരുത്. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധമെന്നു വ്യാഖ്യാനിക്കരുതെന്നും കോടതി.
◾സംസ്ഥാനത്ത് ബിനാമിയായി നടത്തിയിരുന്ന 60 കള്ളുഷാപ്പുകളുടെ ലൈസന്‍സ് എക്സൈസ് കമ്മീഷണര്‍ റദ്ദാക്കി. ഒരാള്‍ക്ക് രണ്ട് ഗ്രൂപ്പുകളാണ് പരമാവധി നടത്താവുന്നത്. എന്നാല്‍ തൃശൂര്‍ സ്വദേശി ശ്രീധരന്‍ ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലായി ബിമാനപ്പേരില്‍ 12 ഗ്രൂപ്പുകളാണ് നടത്തിയത്.
◾തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനയാത്രക്കാരുടെ സഞ്ചാരത്തിന് കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകളും. എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ഏജന്‍സിയുമായി കെഎസ്ആര്‍ടിസി കരാറില്‍ ഒപ്പുവച്ചു. ഇതാദ്യമായാണ് വിമാനത്താവളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ്.
◾വീട്ടിലുണ്ടായിരുന്ന ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റിലിരുന്നയാള്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനു പിഴയടയ്ക്കാന്‍ ട്രാഫിക് പോലീസ് നല്‍കിയ നോട്ടീസിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ട്രാഫിക് ഡപ്യൂട്ടി കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി നിര്‍ദ്ദേശം നല്‍കിയത്. നേമം മൊട്ടമൂട് അനി ഭവനില്‍ ആര്‍ എസ് അനിക്കു ട്രാഫിക് പൊലീസില്‍നിന്നു ലഭിച്ച പിഴ നോട്ടീസാണ് അന്വേഷണിക്കണമെന്ന് ഉത്തരവിട്ടത്.
◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ചു. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തില്‍ തന്നെ ഡോക്ടര്‍മാര്‍ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾പിണറായി വിജയന്‍ പണ്ട് അഴിമതിക്കാരനായിരുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയായ ശേഷമാണ് അദ്ദേഹത്തിന് ആര്‍ത്തി മൂത്തതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.
◾2024 ല്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആര്‍എസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ബിജെപിയെ മാറ്റി നിര്‍ത്തിയേ തീരൂവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്ക് പ്രതികളുടെ മര്‍ദ്ദനം. വാഹന മോഷണക്കേസില്‍ പിടിയിലായ നാലു പ്രതികളാണ് പൊലീസുകാരെ ആക്രമിച്ചത്. എസ് ഐ റിന്‍സ്, സിപിഒമാരായ നിസാര്‍ സുധീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊടുങ്ങല്ലൂര്‍ സ്വദേശി തണ്ടില്‍, കൊണ്ടോട്ടി സ്വദേശി അജിത്ത്, കോഴിക്കോട് സ്വദേശി ക്രിസ്റ്റഫര്‍ അങ്കമാലി സ്വദേശി റിയാദ് എന്നിവരാണ് പ്രതികള്‍.
◾വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍നിന്നു പണവും പാസ്പോര്‍ട്ടുകളും തട്ടിയെടുത്ത കേസില്‍ ട്രാവല്‍സ് ഉടമ പിടിയില്‍. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടത്തെ അനിതാ ട്രാവല്‍സ് ഉടമ കണ്ണമംഗലം വില്ലേജില്‍ ഉഷസ്സ് വീട്ടില്‍ കൃഷ്ണകുമാര്‍ (50) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്.
◾രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞു. ഏപ്രില്‍ മാസത്തില്‍ 4.7 ശതമാനമാണു പണപ്പെരുപ്പം. മാര്‍ച്ച് മാസത്തില്‍ 5.66 ശതമാനമായിരുന്നു. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്.
◾കര്‍ണാടകയിലെ വോട്ടെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൗത്താഫ്രിക്കയില്‍നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വോട്ടിംഗ് മെഷീനുകള്‍ പരിശോധിക്കാതെയാണ് ഉപയോഗിച്ചതെന്ന പരാതിയും തള്ളി. ഇറക്കുമതി ചെയ്ത ഇവിഎം ഉപയോഗിക്കുന്നില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി.
◾കര്‍ണാടകത്തില്‍ വോട്ടെടുപ്പു കഴിഞ്ഞതിനു പിറകേ ബിജെപി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധന.
◾രാജ്യത്തെ മറ്റിടങ്ങളില്‍ കേരളസ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാമെങ്കില്‍ പശ്ചിമബംഗാളില്‍ നിരോധനം എന്തിനെന്ന് സുപ്രീം കോടതി. നിരോധനത്തിനെതിരായ ഹര്‍ജി പരിഗണിക്കാവെയാണ് കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് പശ്ചിമബംഗാള്‍ വ്യത്യസ്തമല്ലെന്നും കോടതി പറഞ്ഞു.
◾അദാനി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഹര്‍ജിയില്‍ അന്വേഷണത്തിന് സമയം നീട്ടി വേണമെന്ന സെബിയുടെ ഹര്‍ജിയില്‍ തിങ്കളാഴ്ച ഉത്തരവിറക്കാമെന്ന് സുപ്രീം കോടതി. സെബിക്കും സുപ്രീം കോടതി നിയോഗിച്ച സമിതിക്കും മൂന്നു മാസം കൂടി നല്‍കാമെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ ആറു മാസം സമയം വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി.
◾നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരേ വ്യാജ മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്ത എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്ക്ഡെയ്ക്കെതിരെ സിബിഐ കേസെടുത്തു. കേസില്‍ നിന്ന് ഒഴിവാക്കാന്‍ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കേസ്.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 27 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. 49 പന്തില്‍ 103 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ കന്നി സെഞ്ച്വറിയുടെ മികവില്‍ മുംബൈ 219 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഏഴാമനായിറങ്ങി 32 പന്തില്‍ 79 റണ്‍സ് നേടിയ റാഷിദ്ഖാന്റെ പോരാട്ടം ഗുജറാത്തിന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും വിജയം മുംബൈക്കൊപ്പം നിന്നു. ഈ ജയത്തോടെ 12 കളികളില്‍ നിന്ന് 14 പോയിന്റുമായി മുംബൈ പോയന്റ് പട്ടികയില്‍ രാജസ്ഥാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. പരാജയപ്പെട്ടെങ്കിലും 12 കളികളില്‍ നിന്ന് 16 പോയന്റുള്ള ഗുജറാത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
◾2022- 23 സാമ്പത്തിക വര്‍ഷത്തിലെ വരുമാന റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ പേടിഎമ്മിന്റെ വരുമാനം 7,991 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോണ്‍ പേയുടെ യുടെ വരുമാനമായ 1,912 കോടി രൂപയേക്കാള്‍ മുന്നിലാണ് പേടിഎമ്മിന്റെ വരുമാനം. 2,334 കോടി രൂപയാണ് പേടിഎമ്മിന്റെ ആദ്യ പാദ വരുമാനം. ഫോണ്‍പേയും ഗൂഗിള്‍ പേയും യുപിഐ പി2പിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ബിസിനസ്സിന്റെ വൈവിധ്യവല്‍ക്കരണത്തിലാണ് പേടിഎം ശ്രദ്ധിച്ചത്. നാലാം പാദത്തില്‍, വാര്‍ഷികാടിസ്ഥാനത്തില്‍ 101 ശതമാനം വര്‍ധിച്ച് 182 കോടി രൂപയുടെ യുപിഐ ഇന്‍സെന്റീവും പേടിഎമ്മിനുണ്ടായിരുന്നു. വാലറ്റ്, യുപിഐ, പോസ്റ്റ്‌പെയ്ഡ്, ഫുഡ് വാലറ്റ്, ഫാസ്ടാഗ് തുടങ്ങിയ പേയ്‌മെന്റ് സംവിധാനങ്ങളും പേയ്‌മെന്റ് ബാങ്കിലൂടെ വാഗ്ദാനം ചെയ്ത സേവനങ്ങളുമുപയോഗിച്ച് പേടിഎം വിപണിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. കൂടാതെ, കമ്പനി വായ്പകള്‍ നല്‍കാനും ആരംഭിച്ചിരുന്നു. പേടിഎം പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്യുന്ന വായ്പകളുടെ മൂല്യത്തില്‍ 364 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, സാമ്പത്തിക സേവനങ്ങള്‍ക്കും മറ്റുമുള്ള വരുമാനം 183 ശതമാനം വര്‍ധിച്ച് 475 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷത്തില്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്നുള്ള വരുമാനം 252 ശതമാനം ഉയര്‍ന്ന് 1,540 കോടി രൂപയായി.
◾നടന്‍ ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി മേനോക്കില്‍സ് ഫിലിംസിന്റെ ബാനറില്‍ അനില്‍ ടി.വി. നിര്‍മ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന 'കുണ്ഡലപുരാണം' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നീലേശ്വരം, കാസര്‍കോട് പരിസരങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് സുധീഷ് കുമാറാണ്. ഇന്ദ്രന്‍സിനെ കൂടാതെ രമ്യ സുരേഷ്, ദിനേശ് പ്രഭാകര്‍, ഉണ്ണിരാജ, ബാബു അന്നൂര്‍, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഏപ്രില്‍ മാസത്തില്‍ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം എന്ന ചിത്രത്തിലൂടെ പറയുന്നത്.
◾റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി ക്ലബ്ബില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018'. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 55.6 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 25 കോടി രൂപയാണ് ചിത്രം നേടിയത്. 28.15 കോടിയാണ് വിദേശത്തുനിന്ന് സ്വന്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 2.3 കോടിയും വാരി. ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും റിലീസായി. ഇതോടെ കളക്ഷനില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. മികച്ച റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയതോടെ രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയായി കളക്ഷന്‍ ഉയര്‍ന്നു. ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.
◾ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ ഇലക്ട്രിക് സെഡാന്‍ ഐ7 ഹോട്ടല്‍ അര്‍ക്കാഡിയ ഡയറക്ടര്‍ കെടി തോമസ്. കേരളത്തിലെ ആദ്യ ബിഎംഡബ്ല്യു ഐ 7 ആണിത്. കൊച്ചി വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റാണ് കേരളത്തിലെ ആദ്യ ഐ 7 നല്‍കിയത്. സെവന്‍ സീരിന് സമാനമായ ഇലക്ട്രിക് എസ്യുവി ഐ 7ല്‍ നിരവധി ആഡംബര ഫീച്ചറുകളുണ്ട്. 14.9 ഇഞ്ച് ഇന്‍ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി റൂഫില്‍ 31.3 ഇഞ്ച് 8സ ഫോള്‍ഡബിള്‍ ഡിസ്പ്ലെയുമുണ്ട്. ഒറ്റ ചാര്‍ജില്‍ 625 കിലോമീറ്റര്‍ വരെ സഞ്ചാര ദൂരം നല്‍കുന്ന 101.7 കിലോവാട്ട്അവര്‍ ബാറ്ററിയാണ് വാഹനത്തില്‍. 544 എച്ച്പി കരുത്തും 745 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറില്‍ ഉപയോഗിക്കുന്നത്.
◾വാചകത്തെറ്റുകളും പ്രയോഗവൈകല്യങ്ങളും ഒഴിവാക്കി മലയാളം ഭംഗിയായി കൈകാര്യം ചെയ്യാന്‍ ഒരു ഭാഷാസഹായി. ശരിയെന്ന ബോധ്യത്തോടെ നാം നിരന്തരം ആവര്‍ത്തിച്ചുപോരുന്ന പിശകുകളും അവയുടെ ശരിരൂപങ്ങളും പ്രായോഗിക ഉദാഹരണങ്ങളോടെ ലളിതമായി വിവരിച്ചിരിക്കുന്നു. വിദ്യാര്‍ഥികളും അധ്യാപകരും മാത്രമല്ല മലയാളം തെറ്റില്ലാതെ പറയാനും എഴുതാനും ആഗ്രഹിക്കുന്നവരെല്ലാം വാങ്ങി സൂക്ഷിക്കേണ്ട പുസ്തകം. 'തെറ്റരുത് മലയാളം'. പ്രഫ. കുളത്തൂര്‍ കൃഷ്ണന്‍ നായര്‍. മനോരമ ബുക്സ്. വില: 340 രൂപ.
◾ആത്മഹത്യാ ചിന്തകള്‍ ഉണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള മാസം ഡിസംബര്‍ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ആത്മഹത്യാ ചിന്തകള്‍ രൂക്ഷമാകുന്ന മാസം ഡിസംബര്‍ ആണെന്നും പുലര്‍ച്ചെ 4 മുതല്‍ 6 വരെയുള്ള സമയമാണ് ഇത് ഏറ്റവും മൂര്‍ധന്യത്തിലെത്തുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി. യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ആളുകളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. ഇത്തരം ചിന്തകള്‍ കുറച്ച് മാസങ്ങള്‍ മുമ്പുമുതല്‍ തോന്നിത്തുടങ്ങും. വസന്തകാലത്തോ വേനല്‍ക്കാലത്തിന്റെ തുടക്കത്തിലോ ആണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത്. ആത്മഹത്യാ പ്രവണതകളില്‍ കാലാനുസൃതമായി വരുന്ന മാറ്റങ്ങള്‍ പരിശോധിച്ചാണ് ഒരു വര്‍ഷം ഈ ചിന്ത ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന സമയം ഏതാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയത്. ശൈത്യകാലത്താണ് ആത്മഹത്യാ പ്രവണത കൂടുതലെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍, വസന്തകാലത്തും വേനല്‍ക്കാലത്തിന്റെ തുടക്കത്തിലുമാണ് ഇത് കൂടുതലെന്ന കണ്ടെത്തല്‍ ഗവേഷകരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. ആറ് വര്‍ഷത്തോളം പതിനായിരത്തിലധികം ആളുകളില്‍ നിന്ന് ശേഖരിച്ച പ്രതികരണങ്ങള്‍ വിലയിരുത്തിയപ്പോള്‍ സ്വയം ഉപദ്രവിക്കാനുള്ള പ്രവണതയും മരിക്കാനുള്ള ചിന്തയും വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തി. ആത്മഹത്യാശ്രമങ്ങള്‍ നടത്തിയവര്‍, ആത്മഹത്യ ചെയ്യണമെന്ന് ചിന്തിച്ചവര്‍ അല്ലെങ്കില്‍ മരണം സംഭവിക്കാത്ത സ്വയം മുറിവുകള്‍ ഏല്‍പ്പിച്ചവര്‍, സ്വയം ഉപദ്രവിക്കണമെന്നോ ആത്മഹത്യ ചെയ്യണമെന്നോ ചിന്തിച്ചിട്ടേ ഇല്ലാത്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഉള്ളവരിലാണ് ഗവേഷണം നടത്തിയത്.
*ശുഭദിനം*
*കവിത കണ്ണന്‍*
1960 ല്‍ ജോണ്‍ ക്ലോഡ് വാന്‍ ഡാം ബ്രസ്സല്‍സിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. പത്താംവയസ്സില്‍ അവനെ അച്ഛന്‍ കരാട്ടെ ക്ലാസ്സില്‍ അവനെ ചേര്‍ത്തു. ഇതായിരുന്നു അവന്റെ ജീവിതത്തിലെ ആദ്യവഴിത്തിരിവ്. 18-ാം വയസ്സില്‍ വാന്‍ഡാം കരാട്ടെ ബ്ലാക്ക്‌ബെല്‍റ്റ് സ്വന്തമാക്കി. മെയ് വഴക്കവും സ്റ്റാമിനെയും കൂട്ടാന്‍ 5 വര്‍ഷം ബാലെ പഠനം. തായ്‌കൊണ്ടോ, മുന്‍തായ് തുടങ്ങിയ ആയോധനകലകളിലും ജോണ്‍ അഗ്രഗണ്യനായി. 1976 മുതല്‍ 1980 വരെ പങ്കെടുത്ത മത്സരങ്ങളില്‍ തുടര്‍ച്ചയായി 44 തവണ വിജയത്തെ വാന്‍ഡാം തൊട്ടു. പക്ഷേ, ചിലവുകള്‍ നടത്താന്‍ അവന്‍ റസ്റ്റോറന്റുകളില്‍ പൂവില്‍പനയും സ്വന്തമായി ജിമ്മും ആരംഭിച്ചു. ജീവിതം പക്ഷേ സാമ്പത്തികമായി പച്ചപിടിച്ചില്ല. അപ്പോഴാണ് ഹോളിവുഡ് വാനിന്റെ സ്വപ്നങ്ങളിലേക്ക് കടന്നുവന്നത്. കൂട്ടുകാരന്‍ മൈക്കിള്‍ ക്രിസ്റ്റിയുമൊത്ത് അമേരിക്കയിലേക്ക് എത്തിയ വാന്‍ഡാം ആദ്യം ചെയ്തത് സിനിമകളിലെ എക്‌സ്ട്രാ ജോലിയാണ്. കാര്‍പറ്റ് ലെയര്‍, ലിമോ ഡ്രൈവര്‍ , പിസാ ഡെലിവറി മാന്‍ തുടങ്ങിയ ജോലികളെല്ലാം അയാള്‍ മാറി മാറി ചെയ്തു. ചെറിയ ചെറിയ റോളുകള്‍ വാന്‍ഡാമിനെ തേടിയെത്തി. പ്രിഡേറ്റര്‍ എന്ന റക്ഷ്യന്‍ സിനിമയിലെ ടൈറ്റില്‍ ക്യാരക്ടര്‍ വാന്‍ഡാമിനെ തേടിയെത്തി. പക്ഷേ, മോണ്‍സ്റ്റര്‍ സ്യൂട്ടില്‍ ജോലിചെയ്യാനുളള ബുദ്ധിമുട്ട് കാരണം വാന്‍ഡാം ആ റോള്‍ ഉപേക്ഷിച്ചു. 1988 ല്‍ പുറത്തിറങ്ങിയ ബ്ലഡ് സ്‌പോട്ട് വാന്‍ഡാമിന്റെ ജീവിതത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. നിസ്സംഗംഭാവവും തിളങ്ങുന്ന കണ്ണുകളും ആരേയും മയക്കുന്ന പുഞ്ചിരിയും ആക്ഷനും വാന്‍ഡാമിന് ധാരാളം ആരാധകരെ സൃഷ്ടിച്ചു. പക്ഷേ, ധാരാളം കയറ്റിറക്കങ്ങള്‍ വാനിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. വാന്‍ഡമിന്റെ കഥ ഇവിടെ പ്രശ്‌സ്തമാകുന്നത് ചെറിയ മനസ്സിലെ വലിയ സ്വപ്നങ്ങളുടെ പേരിലാണ്. ഒരു സാധാരണകുടുംബ പശ്ചാത്തലത്തില്‍ നിന്നും സ്വന്തം ശാരീരിക മികവുകൊണ്ടും അധ്വാനം കൊണ്ടും ലോകത്തിന്റെ നെറുകയിലെത്തിയ ആ കഥ നമുക്കും പ്രചോദനാത്മകമാണ്. നാമൊരു കാര്യത്തില്‍ ഉറച്ചുവിശ്വസിച്ചാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും - ശുഭദിനം.