◾ആശുപത്രികളില്‍ അതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. പോലീസ് ഔട്ട്പോസ്റ്റുകള്‍ സ്ഥാപിച്ച് സുരക്ഷയും ശക്തമാക്കും. ഓര്‍ഡിനന്‍സ് അടക്കമുള്ള വിഷയങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും. ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും ഓര്‍ഡിനന്‍സില്‍ ഉള്‍പെടുത്തും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
◾സംസ്ഥാനത്തു ഡോക്ടര്‍മാര്‍ രണ്ടു ദിവസമായി നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍ വിഐപി ഡ്യൂട്ടി ചെയ്യില്ല. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും നടത്തുന്ന സമരം ഇന്നും തുടരും. ആരോഗ്യമന്ത്രിയുമായി ഇന്നു ചര്‍ച്ച നടത്തുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചതിനാലാണ് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം അവസാനിപ്പിച്ചത്.
◾പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്ത സൈനിക നടപടി പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. ഇമ്രാന്‍ ഖാനെ ഉടനേ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതിയില്‍നിന്ന് ആരേയും അറസ്റ്റു ചെയ്യാന്‍ അനുവദിക്കില്ലെന്നും താക്കീതു നല്‍കി. അക്രമങ്ങളില്‍നിന്നു പിന്തിരിയാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ഇമ്രാനോടു കോടതി ആവശ്യപ്പെട്ടു.
◾ബംഗാള്‍ ഉള്‍ക്കടലിലെ മോക്ക ചുഴലിക്കാറ്റുമൂലം കേരളത്തില്‍ നാലു ദിവസം മഴയ്ക്കു സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല.
◾കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. ടിക്കറ്റ് എടുത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനം പോയ ശേഷമാണ് അനുമതി ലഭിച്ചത്. ഇതോടെ മന്ത്രി യാത്ര റദ്ദാക്കി. ഇന്നു രാവിലെ അജ്മാനിലും വൈകുന്നേരം ബഹറിനിലും നടക്കുന്ന മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കാനാണു മന്ത്രി പോകാനിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ദുബായ്, അബുദാബി യാത്രയ്ക്കും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
◾ഇതര സംസ്ഥാന ലോട്ടറികള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുന്ന ലോട്ടറി നിയമത്തിലെ വകുപ്പിനെതിരേ മേഘാലയയും സിക്കിമും നല്‍കിയ അന്യായം നിലനില്‍ക്കുമെന്ന് സുപ്രീം കോടതി. കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സുപ്രീം കോടതി നിലപാടെടുത്തത്.
◾സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷയ്ക്കായി സായുധ സേനയെ നിയോഗിക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍. മരണഭയം കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനാകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിലുള്ളവരെ പരിശോധിക്കാന്‍ ജയിലില്‍ സംവിധാനം ഏര്‍പ്പെടുത്തണം. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമാക്കി ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിനു ഡോ. വന്ദനദാസിന്റെ പേരിടും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പു ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
◾സര്‍ക്കാര്‍ ആശുപത്രികളില്‍ വീണ്ടും ലഹരി രോഗികളുടെ ആക്രമണം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് ആക്രമണമുണ്ടായത്. നെടുങ്കണ്ടത്ത് മദ്യപിച്ചു അടിപിടിയില്‍ പരിക്കേറ്റ് ചികിത്സക്ക് എത്തിച്ച തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് അക്രമാസക്തനായത്. പോലീസ് ആശുപത്രിയില്‍ എത്തിച്ച ഇയാള്‍ ഇറങ്ങിയോടി. പോലീസ് വീണ്ടും പിടികൂടി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. കൈകാലുകള്‍ കെട്ടിയിട്ടാണ് ഇയാളെ ചികില്‍സിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വധശ്രമക്കേസ് പ്രതി പൊവ്വല്‍ സ്വദേശി ഫറൂഖ് (30) ആണ് അക്രമിച്ചത്. ഇയാള്‍ കുത്തിയയാളെ വീണ്ടും ആക്രമിക്കാന്‍ എത്തിയതായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിനു തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നാലു പോലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും പ്രതി സന്ദീപിനെ ശ്രദ്ധിക്കാതെ മാറി നില്‍ക്കുകയായിരുന്നു. കാല്‍ മുടന്തി ബന്ധുവിനൊപ്പം പ്രതി സന്ദീപ് നടന്നു പോകുന്നതായി ദൃശ്യങ്ങളിലുണ്ട്. പൊലീസുകാര്‍ നിരുത്തരവാദപരമായി നില്‍ക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.
◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനയുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
◾താനൂരില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ച സംഭവത്തില്‍ ഒരു ബോട്ട് ജീവനക്കാരന്‍ കൂടി പിടിയിലായി. താനൂര്‍ സ്വദേശി വടക്കയില്‍ സവാദ് ആണ് പിടിയിലായത്. അന്വേഷണ സംഘം ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ പരിശോധന നടത്തി. അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റഡിയിലെടുത്തു.
◾തിരുവനന്തപുരം ബാലരാമപുരത്ത് മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച മരുമകള്‍ പിടിയില്‍. ബാലരാമപുരം സ്വദേശി വാസന്തി (63) യുടെ കാല്‍ തല്ലിയൊടിച്ച കേസിലാണ് രണ്ടാമത്തെ മകന്‍ രതീഷ് കുമാറിന്റെ ഭാര്യ സുകന്യ (36) യെ അറസ്റ്റു ചെയ്തത്. അമ്മ വാസന്തിയുടെ നിര്‍ദേശമനുസരിച്ചാണ് മദ്യപാനിയായ രതീഷ് കുമാര്‍ തന്നെ മര്‍ദിച്ചിരുന്നതെന്നു കരുതിയാണ് മരുമകള്‍ അമ്മായി അമ്മയുടെ കാല്‍ തല്ലിയൊടിച്ചത്.
◾തോക്കു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പത്തനാപുരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിനു (27) പരിക്ക്. കാല്‍മുട്ടിലാണു വെടിയുണ്ട തുളച്ചുകയറിയത്.
◾കോഴിക്കോട് കോരപ്പുഴ പാലത്തിനു സമീപം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കൃഷ്ണവേണി മരിച്ചു. കൃഷ്ണവേണിയുടെ മകനും കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന്‍ അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്.
◾കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ചു. അഭിനവ് സുനില്‍(16) വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കേയാണു പാമ്പു കടിയേറ്റത്.
◾സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങി അനധികൃത മദ്യവില്‍പന നടത്തിയയാള്‍ പിടിയില്‍. നടുവട്ടം മാഹി സ്വദേശി രാജേഷ് (ബാവൂട്ട 50) ആണ് ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.
◾വിദേശത്തുനിന്ന് മലയാള സിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നതിനെതിരെ എന്‍ഫോഴ്സ്മെന്റ് നടപടിയെടുത്തെന്നും താന്‍ 25 കോടി രൂപ പിഴ അടച്ചെന്നുമുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരേ നിയമ നടപടിയെടുക്കുമെന്ന് പൃഥ്വിരാജ്. താന്‍ ഒരു പിഴയും അടച്ചിട്ടില്ലെന്ന് ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി.
◾ഡല്‍ഹിയില്‍ ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രീം കോടതി വിധിക്കു പിറകേ, സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സേവന വകുപ്പു സെക്രട്ടറി ആശിഷ് മോറെയെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സ്ഥലംമാറ്റി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി സംസ്ഥാന ഭരണത്തെ തടസപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു കേജരിവാള്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഡല്‍ഹി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചിരുന്നത്.
◾സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പഠിക്കാന്‍ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിക്ക് രൂപം നല്‍കും.
◾കര്‍ണാടകത്തില്‍ 73.19 ശതമാനം പോളിംഗ്. 1952-നു ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് ശതമാനമാണിത്. നാളെയാണു വോട്ടെണ്ണല്‍. പിന്തുണ തേടി കോണ്‍ഗ്രസും ബിജെപിയും സമീപിച്ചെന്നു ജെഡിഎസ് വക്താവ് തന്‍വീര്‍ അഹമ്മദ്. ആരെ പിന്തുണയ്ക്കണമെന്നു തീരുമാനിച്ചിട്ടുണ്ട്. സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾ബഹറിനിലെ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ വിനോദ് കെ ജേക്കബിനെ നിയമിച്ചു. അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂര്‍ത്തിയായതിനാലാണ് നിയമനം. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 2000 ബാച്ച് ഉദ്യോഗസ്ഥനായ വിനോദ് കെ ജേക്കബ് കൊളംബോയിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ ഡെപ്യൂട്ടി ഹൈകമീഷണറാണ്.
◾പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തിലേക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച ശേഷമാണ് നവീന്‍ പട്നായിക് ഇക്കാര്യം വ്യക്തമാക്കിയത്.
◾മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാരിനു തുടരാമെങ്കിലും ഭരണം അട്ടിമറിക്കാന്‍ ഗവര്‍ണര്‍ നടത്തിയ നീക്കങ്ങള്‍ നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി. ഉദ്ധവ് താക്കറെ വിശ്വാസവോട്ടെടുപ്പ് നേരിടാതെ രാജിവച്ചതിനാല്‍ പുനസ്ഥാപിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ വിശ്വാസവോട്ടെടുപ്പു നടത്തിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്നു വിധിച്ചതോടെ ഭാവിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമവിധേയമായി മാത്രമേ പ്രവര്‍ത്തിക്കാവൂവെന്ന സന്ദേശമാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നല്‍കിയത്.
◾നിയമങ്ങള്‍ ലംഘിച്ചതിന് എച്ച്എസ്ബിസി ബാങ്കിന് 1.73 കോടി രൂപ റിസര്‍വ് ബാങ്ക് പിഴ ചുമത്തി. ക്രെഡിറ്റ് കാര്‍ഡുകളെക്കുറിച്ചു തെറ്റായ വിവരങ്ങള്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് നല്‍കിയെന്ന കുറ്റത്തിനാണു പിഴശിക്ഷ.
◾ഹൈക്കോടതിയില്‍നിന്നു തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും പൊലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ചെന്നും പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ സുപ്രീം കോടതിയില്‍. അഴിമതി കേസില്‍ നാടകീയമായി അറസ്റ്റ് ചെയ്ത ഇമ്രാന്‍ ഖാനെ ഒരു മണിക്കൂറിനകം ഹാജരാക്കണമെന്ന് ഉത്തരവിട്ടതനുസരിച്ച് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
◾തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം രാജകീയ ജയവുമായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ നേടിയ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ 12 കളികളില്‍ നിന്ന് 12 പോയന്റുമായി രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിന്റെയും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ഇന്നിങ്‌സുകളിലൂടെ വെറും 79 പന്തില്‍ രാജസ്ഥാന്‍ മറികടന്നു. 13 പന്തില്‍ നിന്ന് 50 തികച്ച ജയ്‌സ്വാള്‍ 47 പന്തില്‍ നിന്ന് 13 ഫോറും അഞ്ച് സിക്‌സുമടക്കം 98 റണ്‍സോടെ പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കെതിരായ ആദ്യ ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമടിച്ച ജയ്‌സ്വാള്‍ 26 റണ്‍സെടുത്തു.
◾ആഗോള ഡിമാന്‍ഡ് കുറഞ്ഞിട്ടും ഏപ്രിലിലെ കയറ്റുമതിയില്‍ നേട്ടവുമായി ചൈന. ഏപ്രിലില്‍ കയറ്റുമതി 8.5% ഉയര്‍ന്ന് 295.4 ബില്യണ്‍ ഡോളറിലേക്ക് എത്തിയെന്ന് കസ്റ്റംസ് ഡാറ്റകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 14.8% കയറ്റുമതി വളര്‍ച്ചയുടെ തുടര്‍ച്ചയാണ് ഏപ്രിലിലും പ്രകടമായത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ അപേക്ഷിച്ച് കഴിഞ്ഞമാസം ഇറക്കുമതിയില്‍ 7.9% ഇടിവുണ്ടായി. ഏപ്രിലില്‍ ഇറക്കുമതി 205.2 ബില്യണ്‍ ഡോളറായി. മാര്‍ച്ചില്‍ 1.4% ഇടിവാണ് ഇറക്കുമതിയില്‍ പ്രകടമായിരുന്നത്. വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളിലെ കയറ്റുമതി 2022ലെ സമാന കാലയളവിനെ അപേക്ഷിച്ച് 2.5% വര്‍ധിച്ച് 1.12 ട്രില്യണ്‍ ഡോളറിലെത്തി. മൊത്തം ഇറക്കുമതി ഇക്കാലയളവില്‍ 7.3 ശതമാനം കുറഞ്ഞ് 822 ബില്യണ്‍ ഡോളറിലെത്തി. യുഎസിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം സമാന കാലയളവിവെ അപേക്ഷിച്ച് 6.5% കുറഞ്ഞ് ഏപ്രിലില്‍ 43 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി ഏപ്രിലില്‍ 2.9% ഇടിഞ്ഞ് 13.3 ബില്യണ്‍ ഡോളറായി. യുഎസുമായുള്ള ചൈനയുടെ വ്യാപാര മിച്ചം 7% കുറഞ്ഞ് 29.7 ബില്യണ്‍ ഡോളറായി. യൂറോപ്പുമായുള്ള വ്യാപാരവും ചുരുങ്ങി. യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതി ഏപ്രിലില്‍ 17.7% കുറഞ്ഞ് 44.7 ബില്യണ്‍ ഡോളറായി. ഇറക്കുമതി 38.6% ചുരുങ്ങി 23.4 ബില്യണ്‍ ഡോളറായി. അതേസമയം, യൂറോപ്യന്‍ യൂണിയനുമായുള്ള ചൈനയുടെ വ്യാപാര മിച്ചം 31.5% വര്‍ധിച്ച് 21.3 ബില്യണ്‍ ഡോളറിലെത്തി.
◾കാളച്ചേകോനുശേഷം കെ.എസ്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന 'അക്കുത്തിക്കുത്താന' എന്ന ചിത്രത്തില്‍ ഷഹിന്‍ സിദ്ധിഖ് നായകന്‍.നടന്‍ സിദ്ധിഖിന്റെ മകനായ ഷഹിന്‍ പത്തേമാരിയില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ക്രിസ്റ്റഫറാണ് ഷഹിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ശ്രീജിത് രവി, സിദ്ധിഖ്, ലാല്‍, ഭീമന്‍ രഘു, സ്ഫടികം ജോര്‍ജ്, അബു സലിം, ശിവജി ഗുരുവായൂര്‍, ഹരീഷ് കണാരന്‍, കലാഭവന്‍ നാരായണന്‍കുട്ടി, നഞ്ചമ്മ, കുളപ്പുള്ളി ലീല, ഗീത വിജയന്‍ തുടങ്ങിയവരാണ് അക്കുത്തിക്കുത്താനയിലെ മറ്റു താരങ്ങള്‍. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജയും ഓഡിയോ പ്രകാശനവും മേയ് 13ന് രാവിലെ 11.30ന് കലൂര്‍ അമ്മ ഹാളില്‍ നടക്കും. റെയിന്‍ബോ ടീം,ഗ്ലോബല്‍ ഫിലിംസ്,പി കെ കരീം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സതീഷ് ബാബു മഞ്ചേരി എഴുതുന്നു.
◾മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ബസുക്ക' എന്ന ചിത്രത്തിലൂടെ ഡിനു ഡെന്നിസ് വീണ്ടും അഭിനയരംഗത്തക്ക്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മക്കളാണ് ഡിനുവും അനുജന്‍ ഡിനോയും. കലൂര്‍ ഡെന്നീസ് രചന നിര്‍വഹിച്ച 'ഒറ്റ നാണയം' സിനിമയില്‍ പ്രിയ മണിയുടെ നായകനായി അഭിനയിച്ചാണ് ഡിനു വെള്ളിത്തിരയില്‍ എത്തുന്നത്. 'എന്നിട്ടും' എന്ന ചിത്രത്തിലും നായകനായി. തുടര്‍ന്ന് സിനിമ രംഗം ഉപേക്ഷിച്ച ഡിനു ഇടവേളയ്ക്കുശേഷം മടങ്ങി വരികയാണ്. ബസുക്കയില്‍ ചെറിയ ഒരു കഥാപാത്രത്തെയാണ് ഡിനു അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ ബസുക്കയുടെ ചിത്രീകരണം ആരംഭിച്ചു. അതിഥി വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു. ഗൗതം വാസുദേവ മേനോന്‍,സണ്ണി വയ്ന്‍, ഷറഫുദ്ദീന്‍, യാക്കോ,സിദ്ധാര്‍ത്ഥ് ഭരതന്‍, സുമിത് നേവല്‍, ജഗദീഷ്, ദിവ്യ പിള്ള, ഐശ്യര്യ മേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
◾ആഡംബര ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു എക്സ്1 എസ്ഡ്രൈവ് 18ഐ എം സ്‌പോര്‍ട്ട് എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ ഉയര്‍ന്ന പ്രകടനമുള്ള മോട്ടോര്‍സ്പോര്‍ട്ട് ജീനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ എസ്യുവി നിര്‍മ്മിച്ചതെന്ന് കമ്പനി പറയുന്നു. എം-സ്പെസിഫിക് ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, എക്സ്‌ക്ലൂസീവ് എം ലോഗോ ഇന്‍സ്‌ക്രിപ്ഷനുകള്‍, എം ലെതര്‍ സ്റ്റിയറിംഗ് വീല്‍, എം അലോയ് വീലുകള്‍, സ്‌പോര്‍ട്ടി ഇന്റീരിയര്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് പുതിയ എം സ്‌പോര്‍ട്ട് വേരിയന്റ് വരുന്നത്. എക്സ്1 ശ്രേണിയില്‍ ഇതിനകം ജനപ്രിയമായ എം സ്‌പോര്‍ട്ട് ലൈനപ്പിലേക്ക് കമ്പനി ഒരു പെട്രോള്‍ വേരിയന്റ് ചേര്‍ത്തു. ഇപ്പോള്‍ ബുക്കിംഗിന് ലഭ്യമാണ്. ഡെലിവറി 2023 ജൂണില്‍ ആരംഭിക്കും. 45.90 ലക്ഷം മുതല്‍ 50.90 വരെയാണ് വിവിധ വേരിയന്റുകളുടെ വില.
◾യുവതികളെ വശീകരിച്ച് സെക്സ് റാക്കറ്റുകള്‍ക്ക് വില്‍ക്ക്കുന്ന ഏജന്റുമാര്‍ വിലസുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. പെണ്‍ വാണിഭ സംഘട്ടനങ്ങള്‍ നാട്ടില്‍ സൃഷ്ടിക്കുന്ന അരാജകത്വത്തെ അടിച്ചമര്‍ത്താന്‍ തുനിഞ്ഞിരിക്കുന്ന നിയമപാലകരുടെ പോരാട്ടങ്ങളുടെ കഥ. 'കുടിപ്പക'. മെഴുവേലി ബാബുജി. സൈന്ധവ ബുക്സ്. വില 330 രൂപ.
◾കാത്സ്യത്തിന്റെ അഭാവം കുട്ടികളിലും മുതിര്‍ന്നവരിലും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ക്ഷീണം, ദന്തസംബന്ധമായ പ്രശ്നങ്ങള്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയാണ് കാത്സ്യത്തിന്റെ കുറവിന്റെ ചില പ്രധാന ലക്ഷണങ്ങള്‍. ഒരു വ്യക്തിയുടെ പല്ലുകള്‍ക്കും എല്ലുകള്‍ക്കും ഗുണം ചെയ്യുന്ന ഒരു പോഷകമാണ് കാത്സ്യം. കാത്സ്യത്തിന്റെ കുറവ് ഒരു വ്യക്തിയുടെ പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പല്ലിന്റെ കുറവ് ദന്തക്ഷയത്തിനും മോണരോഗത്തിനും കാരണമാകും. കാത്സ്യത്തിന്റെ കുറവ് പേശിവേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ച് കാലുകളില്‍. കാത്സ്യത്തിന്റെ കുറവ് പേശികളുടെ സങ്കോചത്തിനും മൊത്തത്തിലുള്ള അസ്വസ്ഥതയ്ക്കും കാരണമാകുന്നു. കാരണം ഈ ധാതു പേശികളെ കൂടുതല്‍ ശക്തമാക്കുന്നതിന് സഹായിക്കുന്നു. കുട്ടികളില്‍ കാല്‍സ്യത്തിന്റെ കുറവ് വളര്‍ച്ചയെ വൈകിപ്പിക്കും. കാരണം ആരോഗ്യകരമായ അസ്ഥി വളര്‍ച്ചയ്ക്ക് കാത്സ്യം ആവശ്യമാണ്. എല്ലുകളുടെ വളര്‍ച്ചയ്ക്ക് കാത്സ്യം വളരെ പ്രധാനമാണ്. നിങ്ങളുടെ കുട്ടികള്‍ക്ക് മതിയായ അളവില്‍ കാല്‍സ്യം ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം ഇത് ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ദുര്‍ബലവും പൊട്ടുന്നതുമായ നഖങ്ങളും കാത്സ്യത്തിന്റെ കുറവിന്റെ ലക്ഷണമാകാം. നഖങ്ങളുടെ ആരോഗ്യത്തെയും കാത്സ്യത്തിന്റെ കുറവ് കാര്യമായി ബാധിക്കാം. കാലക്രമേണ, കാല്‍സ്യത്തിന്റെ കുറവ് അസ്ഥികള്‍ ദുര്‍ബലമാവുകയും പൊട്ടുകയും ചെയ്യും. ഇത് ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കുന്നു. കാല്‍സ്യത്തിന്റെ ആജീവനാന്ത അഭാവം ഓസ്റ്റിയോപൊറോസിസ് വികസിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നു. കാല്‍സ്യത്തിന്റെ കുറവ് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. കാത്സ്യത്തിന്റെ കുറവ് വിരലുകള്‍, കാല്‍വിരലുകള്‍ എന്നിവയില്‍ മരവിപ്പിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ എലിയെ നിറയെ ധാന്യമുള്ള ഒരു ഭരണിയിലാക്കി. എലിക്ക് സന്തോഷമായി. ഇനി അലഞ്ഞുതിരിഞ്ഞു നടക്കാതെ സുഖമായി ഇരിക്കാം. എത്ര തിന്നാലും തീരാത്തത്ര ധാന്യവുമുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞു. ധാന്യം തീര്‍ന്നുതുടങ്ങി. അവസാനം ഭരണിയുടെ അടിയിലെത്തിയപ്പോഴാണ്, ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്കാത്തവിധം താന്‍ കുടുങ്ങിപ്പോയെന്ന് എലിക്ക് മനസ്സിലായത്. മാത്രമല്ല, താന്‍ ഇനിമുതല്‍ ഭക്ഷണത്തിന് ആരെയെങ്കിലും ആശ്രയിക്കണം. തന്നെ കെണിയിലകപ്പെടുത്തിയ ആള്‍ നല്‍കുന്ന ഭക്ഷണവും കഴിച്ച് ശിഷ്ടകാലം ഭരണിക്കുള്ളില്‍ തന്നെ എലിക്ക് കഴിച്ചുകൂട്ടേണ്ടിവന്നു. പോരാട്ടമാണ് മുന്നേറ്റം. അത് സ്വന്തം ശരീരവും മനസ്സും പണയപ്പെടുത്തിയുള്ള ഒരു അതിജീവനമാണ്. സമരങ്ങളിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവരിലും സമരശേഷം ഒരു പുതിയ വ്യക്തി രൂപം കൊള്ളുന്നുണ്ട്. മഴനനഞ്ഞതിനും വെയില്‍ കൊണ്ടതിനും കൈകാലുകള്‍ വിണ്ടുകീറിയതിനും ശേഷം രൂപംകൊള്ളുന്ന പുതിയ സ്വത്വം പോലെ. അതിജീവനസമരങ്ങളുടെ വിജയമളക്കുന്നത് അവയില്‍ നിന്നുണ്ടായ ലാഭം നോക്കി മാത്രമല്ല. അവ സമ്മാനിച്ച പുതുജീവിതം കൂടി അളവുകോലായിമാറണം. എളുപ്പത്തില്‍ കിട്ടുന്നവയുടേയും സൗജന്യമായി കിട്ടുന്നവയുടേയും പിന്നില്‍ എപ്പോഴും കെണികളുണ്ടാകും. നമ്മള്‍ തങ്ങുന്നയിടങ്ങള്‍ നമുക്ക് താങ്ങാകണം. വളരാനും വലുതാകാനുമുളള വിസ്തൃതി അവയ്ക്കുണ്ടാകണം. ഇല്ലെങ്കില്‍ നമ്മുടെ വേരുകള്‍ പടരില്ല, ശിഖിരങ്ങള്‍ പന്തലിക്കില്ല. സ്വന്തം സ്വാതന്ത്ര്യം പണയംവെയ്ക്കാതെ സ്വന്തം വഴികള്‍ സ്വയം കണ്ടെത്തി മുന്നോട്ട് പോകാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.