*_പ്രഭാത വാർത്തകൾ_*```2023 | മെയ് 11 | വ്യാഴം |

◾കൊട്ടാരക്ക സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നും ഡോക്ടര്‍മാര്‍ പണിമുടക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ അറിയിച്ചു. വിഐപി ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂ. ഇന്നലത്തെ മിന്നല്‍ പണിമുടക്കില്‍ രോഗികള്‍ വലഞ്ഞിരുന്നു.

◾വിവാദ കാമറകള്‍ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം അഞ്ചു മുതല്‍ ഈടാക്കും. ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

◾കുട്ടികളുടെ അവധിക്കാല ക്ലാസുകള്‍ വിലക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണു സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവു സ്റ്റേ ചെയ്തത്. ചൂടു പ്രതിരോധിക്കാനുള്ള സൗകര്യങ്ങളോടെ ക്ലാസു നടത്താമെന്ന് കോടതി ഉത്തരവിട്ടു. വിദ്യാര്‍ത്ഥികളുടെ ഗുണത്തിനുള്ള വെക്കേഷന്‍ ക്ലാസുകള്‍ കൃത്യമായ കാരണങ്ങളില്ലാതെ തടയാനാവില്ലെന്നു കോടതി വ്യക്തമാക്കി.

◾പ്രതികളെ മജിസ്ട്രേറ്റുമാര്‍ക്കു മുന്നില്‍ ഹാജരാക്കുമ്പോഴുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ ഹാജരാക്കുമ്പോഴും വേണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ അതിനുളള നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര സര്‍ക്കാര്‍ ആശൂപത്രിയില്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വയം കേസെടുത്ത് പരിശോധിക്കവേയാണ് ഈ നിരീക്ഷണം. ഇന്നു രാവിലെ കേസ് വീണ്ടും പരിഗണിക്കും.

◾ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ ആശുപത്രിയില്‍ എത്തിച്ച പോലീസിന്റെ കൈയില്‍ തോക്കുണ്ടായിരുന്നില്ലേയെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷാ ചുമതല പൊലീസിനല്ലേ. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഇന്ന് ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണം. ഡോ. വന്ദനയെ ആക്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദര്‍ശിച്ച് ഇന്നു രാവിലെ റിപ്പോര്‍ട്ട് നല്‍കണം.

◾ഡോ വന്ദനയ്ക്കു 11 കുത്തേറ്റെന്നും പ്രതി സന്ദീപ് പിന്തുടര്‍ന്ന് കുത്തിയെന്നും എഫ്.ഐ.ആര്‍. കാലിലെ മുറിവില്‍ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കി വന്ദനയുടെ തലയില്‍ ആദ്യം കുത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചു. ഒബ്സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചു കയറിയും പ്രതി സന്ദീപ് ആക്രമിച്ചു. പിടലിക്കും തലയിലും തുരുതുരാ കുത്തി. വന്ദന അവശയായി നിലത്തു വീണപ്പോള്‍ നിലത്തിട്ടു കുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രതി ബന്ധുവിനെയും പോലീസിനേയുമാണ് ആദ്യം കുത്തിയതെന്നാണ് ആദ്യം പോലീസ് പ്രചരിപ്പിച്ചിരുന്നത്.

◾ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഐഎംഎ അടക്കമുള്ള സംഘടനകളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചു. ഇന്നു പത്തരയ്ക്കാണ് ചര്‍ച്ച. ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമം വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

◾കേരളത്തിന്റെ നോവായി ഡോ. വന്ദനദാസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റു മരിച്ച ഡോ. വന്ദനയുടെ മൃതദേഹം രാത്രി എട്ടു മണിയോടെ കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടിലെത്തിച്ചു. വന്‍ജനാവലിയാണ് വന്ദനക്ക് യാത്രൊമൊഴിയേകാന്‍ വീട്ടിലേക്ക് എത്തിയത്. വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍ തുടങ്ങിയ മന്ത്രിമാരും എത്തി. ഇന്ന് ഉച്ചയ്ക്കു രണ്ടിനു വീട്ടുവളപ്പിലാണു സംസ്‌കാരം.

◾കൊട്ടാരക്കര ആശുപത്രിയില്‍ യുവഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പ്രതി സന്ദീപിനെ ചികില്‍സിക്കാന്‍ വിസമ്മതിച്ചു. ഇതോടെ സന്ദീപിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെല്ലിലേക്കു മാറ്റി. പ്രത്യേക ആംബുലന്‍സ് സംവിധാനത്തോടെയാണ് ഇയാളെ പോലീസ് കൊണ്ടുപോയത്.

◾ഡോ. വന്ദനാ ദാസിന്റെ കൊലപാതകി നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനായ ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.

◾ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൃത്യവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ കത്തയച്ചു.

◾ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിലെ പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ ശരത് കുമാര്‍ അഗര്‍വാള്‍. സുരക്ഷ നല്‍കാന്‍ പോലും തയ്യാറാകാത്ത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് പ്രോസിക്യൂട്ടു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

◾കൊല്ലപ്പെട്ട ഡോ. വന്ദനദാസിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. വീണയ്ക്ക് എന്ത് എക്‌സീപീരിയന്‍സാണ് ഉള്ളതെന്ന് ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. വീണയ്ക്കു വിവേകം ഇല്ലാത്തതുകൊണ്ടാണ് അത്രയും മോശമായി പ്രതികരിച്ചതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

◾സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടന ഈ മാസത്തോടെ പൂര്‍ത്തിയാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപിക്കെതിരേ രാഷ്ട്രീയ രേഖ പുറത്തിറക്കിക്കൊണ്ട് വയനാട്ടിലെ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിനു സമാപനം. മിഷന്‍ 24 ന്റെ ആശയങ്ങള്‍ ഇന്നു മുതല്‍ ബൂത്തുതലങ്ങളിലേക്ക് എത്തിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഒക്ടോബര്‍ 31 വരെയുള്ള പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

◾താനൂരില്‍ ബോട്ടു മുങ്ങി 22 പേര്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. ബോട്ടിലെ സഹായികളായ അപ്പു, അനി, ബിലാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോട്ടുടമ നാസറും സ്രാങ്ക് ദിനേശനും നേരത്തെ അറസ്റ്റിലായിരുന്നു.

◾താനൂര്‍ ബോട്ടപകടത്തിനു കാരണം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിയമവിരുദ്ധ ബോട്ട് യാത്രയെപറ്റി മന്ത്രിമാരായ അബ്ദുള്‍ റഹ്‌മാനും മുഹമ്മദ് റിയാസിനും അറിവുണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയില്‍ നടപടിയെടുക്കാതിരുന്നതുകൊണ്ടാണ് 22 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. അദ്ദേഹം പറഞ്ഞു.

◾ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വളര്‍ച്ച പ്രശ്നങ്ങള്‍ എന്നിവയുള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ജോലി സമയത്തില്‍ സര്‍ക്കാര്‍ ഇളവ് നല്‍കും. 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാള്‍ക്കാണ് ഇളവ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ജോലി സമയത്തില്‍ 16 മണിക്കൂര്‍ കൂടി ഇളവാണു പ്രഖ്യാപിച്ചിരിക്കുന്നത്.

◾മറയൂരില്‍ പുതിയ ചന്ദനക്കാടുകൂടി ഒരുങ്ങുന്നു. മറയുര്‍ ചന്ദന ഡിവിഷനില്‍ 10 ഹെക്ടറില്‍ 15,000 ചന്ദനത്തൈകള്‍കൂടി നട്ടുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. മറയൂര്‍, ചിന്നാര്‍ മേഖലയിലെ വന ഭൂമിയില്‍ മാത്രം 30 സെന്റീമീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള 65,000 ചന്ദനമരങ്ങളുണ്ട്.

◾വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായ യുവതിക്ക് പലിശയുള്‍പ്പെടെ ഒരു കോടി ആറര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ചേര്‍ത്തല കൊക്കോതമംഗലം കൂവക്കല്‍വീട്ടില്‍ ജോസഫൈന്‍ ജോസഫിന് ഇന്‍ഷ്വറന്‍സ് കമ്പനി ഒരുമാസത്തിനകം തുക നല്‍കണമെന്ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ എംഎസിടി കോടതി ഉത്തരവിട്ടത്.

◾മണ്ണാര്‍ക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു മുന്നില്‍ ഡിവൈഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റു. രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പി.കെ. ശശിയെ അനുകൂലിക്കുന്ന ഡിവൈഎഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ. ഷാനിഫിനെ പുറത്താക്കാനും റഷീദ് തച്ചനാട്ടുകരയെ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനും യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച ഷാനിഫ് അടക്കമുള്ളവരെ പുറത്തുണ്ടായിരുന്ന ഒരു സംഘം ആക്രമിക്കുകയായിരുന്നു.

◾കണ്ണൂര്‍ കാട്ടാമ്പള്ളി പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. അറ്റകുറ്റ പണികള്‍ക്കായി പുഴയോരത്തു നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് ആണ് കത്തിയത്.

◾തിരുവനന്തപുരം ബാലരാമപുരത്ത് മുഖം മറച്ചെത്തിയ യുവാവ് വയോധികയുടെ കാല്‍ തല്ലിയൊടിച്ചു. ബാലരാമപുരം ആറാലുംമൂട് തലയല്‍ പുന്നക്കണ്ടത്തില്‍ വാസന്തിക്കാണ്(63) അക്രമണത്തില്‍ പരിക്കേറ്റത്. ഒന്നിലെറെ തവണ അടിയേറ്റ് കാല്‍ ഒടിഞ്ഞ് തൂങ്ങി. മികച്ച കര്‍ഷകക്കുള്ള അവാര്‍ഡു നേടിയ വനിതയാണ് വാസന്തി.

◾തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 2011 ല്‍ ചെന്നൈ മെട്രോയുടെ കരാര്‍ ഉറപ്പിക്കാന്‍ എം കെ സ്റ്റാലിന്‍ 200 കോടി രൂപ കോഴ വാങ്ങിയെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു.

◾കര്‍ണാടകത്തില്‍ തൂക്കുസഭയെന്നും കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിക്കുമെന്നും എക്സിറ്റ് പോള്‍ ഫലപ്രവചനം. ശനിയാഴ്ചയാണു വോട്ടെണ്ണല്‍. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. കോണ്‍ഗ്രസിനു നേരിയ ഭൂരിപക്ഷം ലഭിച്ചാലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയായാലും ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാകും.

◾പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 22 ന് അമേരിക്കയിലേക്ക്. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണമനുസരിച്ചാണ് മോദിയുടെ സന്ദര്‍ശനം.  

◾ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍ പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട വിമാനം ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കി.

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്സിന് ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ 27 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഈ ജയത്തോടെ 12 കളികളില്‍ നിന്ന് 15 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫിനരികിലെത്തി. അതേസമയം നിലവില്‍ അവസാന സ്ഥാനത്തുള്ള ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം.

◾കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ അറ്റാദായം 162 ശതമാനം വളര്‍ച്ചയോടെ 325 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 124 കോടിയായിരുന്നു. പ്രവര്‍ത്തന ലാഭം 412 കോടി രൂപയില്‍ നിന്നും 31% വളര്‍ച്ചയോടെ 539 കോടിയായി. മൂലധന പര്യാപ്തത അനുപാതം 11.41 ശതമാനത്തില്‍ നിന്നും 13.10 ആയി വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ നെറ്റ് ഇന്ററസ്റ്റ് ഇന്‍കം 12.31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 3.89 ശതമാനത്തില്‍ നിന്നും 4.03 ആയി മെച്ചപ്പെട്ടു. ആസ്തികളില്‍ നിന്നുള്ള വരുമാനം മുന്‍ മാര്‍ച്ചിലെ 0.46 ശതമാനത്തില്‍ നിന്നും 1.14 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 2.26 ശതമാനമാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 43,839 കോടിയിലെത്തി. ബാങ്കിന്റെ ഉപഭോക്തൃ അടിത്തറ 97.89 ലക്ഷമാണ്. മൊത്തം നിക്ഷേപം 2023 മാര്‍ച്ചില്‍ 21,954 കോടിയാണ്. ഇതില്‍ സി.എ.എസ്.എ ഡെപ്പോസിറ്റ് വിഹിതം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 42.57 ശതമാനത്തില്‍ നിന്ന് 44.47 ശതമാനമായി ഉയര്‍ന്ന് 9764 കോടിയായി. ഗവ. നല്‍കിയ അധിക മൂലധനത്തിന്റെ പിന്തുണയോടെ ബാങ്കിന്റെ മൊത്തം വായ്പ 13.5 ശതമാനം വളര്‍ച്ചയോടെ 21,885 കോടിയിലെത്തി. ഇതില്‍ 94 ശതമാനം മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള വായ്പയാണ്. മൊത്തം വായ്പയുടെ 18 ശതമാനം കാര്‍ഷിക വായ്പയ്ക്കായി നീക്കിവയ്ക്കണമെന്ന് ഗവ. മാനദണ്ഡമുള്ളപ്പോള്‍ ബാങ്കിന്റെ കാര്‍ഷിക വായ്പ മൊത്തം വായ്പയുടെ 68 ശതമാനമായി.

◾അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന റോഡ് മൂവി 'ഖജുരാഹോ ഡ്രീംസി'ലെ 'നാമൊരു പോലെ' വീഡിയോ സോംഗ് പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. വിനീത് ശ്രീനിവാസനും മുഹമ്മദ് മഖ്ബൂലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ മനോജ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു റോഡ് മൂവി എന്നതിനപ്പുറം പ്രണയവും ചിരികളും ദുരൂഹതയും എല്ലാം നിറച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്. സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരം രാജ് അര്‍ജുന്‍, ജോണി ആന്റണി, ചന്തുനാഥ്, സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സര്‍വ്വാര്‍, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾ഉദയനിധി സ്റ്റാലിന്‍ നായകനായെത്തുന്ന 'മാമന്നനില്‍' എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ പിന്നണി പാടി നടന്‍ വടിവേലു. മാരി സെല്‍വരാജ് ആണ് മാമന്നന്റെ സംവിധായകന്‍. തമിഴിലെ ജനപ്രിയ ഹാസ്യതാരമായ വടിവേലു ഇതിനു മുന്‍പും ഗായകന്റെ വേഷമണിഞ്ഞിട്ടുണ്ട്. എ.ആര്‍. റഹ്‌മാന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തന്റെ പുതിയ ഗായകനെ പ്രഖ്യാപിച്ചത്. മെയ് ആറിന് ചെന്നൈയിലെ റഹ്‌മാന്റെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു പാട്ടിന്റെ റെക്കോര്‍ഡിങ്. വടിവേലുവിനൊപ്പമുള്ള റെക്കോര്‍ഡിങ് അനുഭവം വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം തങ്ങളെയെല്ലാവരെയും ഏറെ ചിരിപ്പിച്ചുവെന്നും റഹ്‌മാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാമന്നന്‍'. ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. കീര്‍ത്തി സുരേഷ് ആണ് നായിക.

◾ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യയില്‍ പുതിയ സോനെറ്റ് ഓറോക്സ് എഡിഷന്‍ അവതരിപ്പിച്ചു. 11.85 ലക്ഷം രൂപ പ്രാരംഭ വിലയില്‍ (എക്സ്-ഷോറൂം, ദില്ലി) വിലയിലാണ് വാഹനം എത്തുന്നത്. ഈ പ്രത്യേക പതിപ്പ് എക്സ്-ലൈനിന് താഴെയാണ് സ്ഥാനം പിടിക്കുക. ഇത് എച്ച്ടിഎക്സ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പുതിയ പതിപ്പ് കോസ്മെറ്റിക് ഡിസൈന്‍ അപ്‌ഗ്രേഡുകളോടെയാണ് വരുന്നത്. എച്ച്ടിഎക്സ് ട്രിമ്മിനെ അടിസ്ഥാനമാക്കി, പുതിയ ഓറോക്സ് എഡിഷന്‍ 1.0ലി ടര്‍ബോ പെട്രോള്‍, 1.5ലി ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ കൂടാതെ മൊത്തം നാല് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ പതിപ്പ് ഐഎംടി & ഡിസിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഡീസല്‍ പതിപ്പ് ഐഎംടി & ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേള്‍, സ്പാര്‍ക്ക്ലിംഗ് സില്‍വര്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍ എന്നിങ്ങനെ നാല് എക്സ്റ്റീരിയര്‍ പെയിന്റ് ഓപ്ഷനുകളില്‍ പുതിയ പതിപ്പ് ലഭ്യമാണ്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ ഓറോക്സ് എഡിഷന്‍ ലഭ്യമാകുന്നത്. ആദ്യത്തേത് 118 ബിഎച്ച്പിയും 172 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നതാണെങ്കില്‍, ടര്‍ബോ ഡീസല്‍ എഞ്ചിന്‍ പരമാവധി 114 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

◾കേരളത്തിലെ മാടപ്പുലയനും കര്‍ണ്ണാടകത്തിലെ മാരിപുലയനും ഒരേ വര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ തന്നെയാണ്. പുലയന്‍ കൃഷി ചെയ്താല്‍ നാട് മുടിയുന്ന വിശ്വാസം നിലനില്‍ക്കെ നാലടി മണ്ണില്‍ സ്വസ്ഥമായി കൃഷി ചെയ്ത് കൃഷിക്കാരനാകാന്‍ കൊതിച്ച ചോമന്റെ കഥയാണ് 'ചോമന്റെ തുഡി'. പ്രതികരണത്തിനും പ്രതിഷേധത്തിനുമായി ശിവരാമകാരന്ത് പുലയന്റെ കയ്യില്‍ കൊടുക്കുന്നത് അവന്റെ ജീവിതത്തോട് അലിഞ്ഞു ചേര്‍ന്ന തുടിയാണ്. കര്‍ണ്ണാടകത്തിലെ പ്രശ്നങ്ങള്‍ പല രൂപത്തില്‍ പല ഭാവത്തില്‍ ഭാരതത്തിലെ പല പ്രദേശങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. ചോമന്റെ ദുഡിയുടെ പ്രസിദ്ധീകരണത്തിലൂടെ ഈ പ്രശ്നങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. ഇതിന്റെ ചലച്ചിത്രാവിഷ്‌കാരം മനുഷ്യ മനസാക്ഷിയെ തട്ടിയുണര്‍ത്തുകയുണ്ടായി. വിവര്‍ത്തനം : പി എന്‍ മൂഡിത്തായ, ഗോപകുമാര്‍ വി. ഗ്രീന്‍ ബുക്സ്. വില 72 രൂപ.

◾വായ്ക്കുള്ളിലെ ഏതൊരിടത്ത് ആരംഭിക്കുന്ന അര്‍ബുദ വളര്‍ച്ചയെയും പൊതുവായി മൗത്ത് അഥവാ ഓറല്‍ കാന്‍സര്‍ എന്ന് പറയും. എന്നാല്‍ ഇത് കവിളിനുള്ളില്‍, മോണയില്‍, നാക്കില്‍, ചുണ്ടില്‍ അങ്ങനെ പല തരത്തിലുണ്ട്. കവിളിനുള്ളില്‍ ആരംഭിക്കുന്ന അര്‍ബുദത്തെ ഇന്നര്‍ ചീക്ക് കാന്‍സര്‍, ബക്കല്‍ മ്യൂകോസ് കാന്‍സര്‍ എന്നെല്ലാം വിളിക്കാറുണ്ട്. കവിളിന്റെ ഉള്ളിലെ പാളിയിലുള്ള കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതിനെ തുടര്‍ന്നാണ് ഈ അര്‍ബുദം ഉണ്ടാകുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. വായ്ക്കുള്ളില്‍ വെളുപ്പോ ചുവപ്പോ ഇരുണ്ട നിറത്തിലോ പാടുകള്‍, കവിളിനുള്ളില്‍ ചെറിയ മുഴയോ തടിപ്പോ, വായ്ക്ക് വേദനയും മരവിപ്പും, താടിയെല്ല് അനക്കാന്‍ ബുദ്ധിമുട്ട്, താടിക്ക് വേദനയും നീര്‍ക്കെട്ടും, തൊണ്ടയില്‍ എന്തൊ തടഞ്ഞിരിക്കുന്നത് പോലുള്ള തോന്നല്‍, തൊണ്ടവേദന, മാരകമായ ചെവി വേദന, ശബ്ദത്തിലെ മാറ്റം, ഇളകിയ പല്ലുകളും പല്ലിന് ചുറ്റമുള്ള വേദനയും, ഓറല്‍ സെക്സും തൊണ്ടയിലെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും. നാക്കിന് താഴെ വായുടെ അടിഭാഗത്തു വരുന്ന അര്‍ബുദമാണ് മറ്റൊന്ന്. പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം ഈ അര്‍ബുദം ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വായിലുണ്ടാകുന്ന ക്രമമായി വഷളാകുന്ന മുറിവാണ് ഇതിന്റെ പ്രധാന ലക്ഷണം. വായുടെ മേല്‍ഭാഗത്ത് വരുന്ന ഹാര്‍ഡ് പാലേറ്റ് കാന്‍സറിന്റെ ഭാഗമായി ഇവിടെ മുഴയോ വളര്‍ച്ചയോ ഉണ്ടാകുകയും പിന്നീട് രക്തമൊഴുക്ക് സംഭവിക്കുകയും ചെയ്യും. മദ്യപാനം, പുകയില ഉപയോഗം എന്നിവയ്ക്ക് പുറമേ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കേണ്ടി വരുന്നതും ചുണ്ടില്‍ അര്‍ബുദം ഉണ്ടാക്കാം. ചുണ്ടില്‍ കരിയാത്ത മുറിവ്, തടിപ്പ്, മുഴ, രക്തസ്രാവം, വേദന, മരവിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. നാക്കിന്റെ അര്‍ബുദം രണ്ട് തരത്തില്‍ വരാം. നാക്കിന്റെ സംസാരത്തിന് സഹായിക്കുന്ന ഭാഗത്തും അതിന്റെ ഉള്ളിലുള്ള ഭാഗത്തും. നാക്കില്‍ പ്രത്യക്ഷമാകുന്ന വെളുത്തതോ ചുവപ്പോ ഇരുണ്ടതോ ആയ പാടുകള്‍, തൊണ്ട വേദന, നാക്കില്‍ മുഴ, മുറിവ്, ഭക്ഷണം വിഴുങ്ങുമ്പോള്‍ വേദന, വായ്ക്ക് മരവിപ്പ്, നാക്കില്‍ നിന്ന് രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍.

*ശുഭദിനം*

രാജഗുരുവിനെ എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു. രാജാവ് അദ്ദേഹത്തെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കും. ഒരു ദിവസം രാജാവ് ഗുരുവിനോട് ചോദിച്ചു: അറിവാണോ സ്വഭാവമാണോ മുഖ്യം? കുറച്ച് ദിവസം കഴിഞ്ഞ് ഇതിന് മറുപടി തരാമെന്ന് ഗുരു പറഞ്ഞു. പിറ്റേന്ന് ഗുരു ഖജനാവില്‍ നിന്ന കുറച്ച് സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയി. കാവല്‍ക്കാരന്‍ കണ്ടെങ്കിലും പ്രതികരിച്ചില്ല. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചപ്പോള്‍ കാവല്‍ക്കാരന്‍ ഇത് രാജാവിനോട് പറഞ്ഞു. അടുത്തദിവസം ഗുരു രാജാവിനെ കാണാന്‍ എത്തിയിട്ടും അദ്ദേഹം എഴുന്നേറ്റതേയില്ല. കാര്യം മനസ്സിലാക്കിയ ഗുരു രാജാവിനോട് ചോദിച്ചു: എന്നെ കണ്ടപ്പോള്‍ താങ്കള്‍ എഴുന്നേല്‍ക്കാഞ്ഞത് ഞാന്‍ പണമെടുത്ത വിവിരം അറിഞ്ഞതുകൊണ്ടാണ്. താങ്കളുടെ ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ കിട്ടിയെന്ന് ഞാന്‍ കരുതുന്നു. സ്വഭാവം മോശമായാല്‍ എത്ര ഉന്നതനാണെങ്കിലും ബഹുമാനിക്കാന്‍ നാം മടിക്കും. അതുകൊണ്ട് സ്വഭാവം തന്നയാണ് മുഖ്യം. ബഹുമാനം പിടിച്ചുവാങ്ങുന്നവരുമുണ്ട്, അത് സ്വഭാവികമായി നേടിയെടുക്കുന്നവരും ഉണ്ട്. ധനാഢ്യന്റെയും അധികാരിയുടേയും പിറകെ ആളുകള്‍ വട്ടമിട്ടു നടക്കുന്നത് അയാളുടെ സ്വഭാവ വൈശിഷ്ട്യത്തിനുള്ള സാക്ഷ്യപത്രമല്ല. അത് അവരുടെ ശേഷിയെ ചൂഷണം ചെയ്യുന്നതിന് വേണ്ടി മാത്രമാണ്. എന്ന് ഇവയ്ക്ക് നാശം സംഭവിക്കുന്നുവോ അന്ന് ഇതെല്ലാം ഇല്ലാതെയും ആകും.. ബഹുമാനിക്കുക എന്നത് ഒരു വാക്കോ പ്രവൃത്തിയോ അല്ല. അതൊരാള്‍ക്കു മറ്റൊരാളോട് തോന്നുന്ന സ്വാഭാവിക വികാരമാണ്. ആ സ്വാഭാവികത നമുക്കും നേടിയെടുക്കാന്‍ സാധിക്കട്ടെ - *ശുഭദിനം.*