◾പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കലാപം അഴിച്ചുവിട്ടു. അഴിമതിക്കേസില്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരായ ഇമ്രാനെ അര്‍ധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സാണ് പിടികൂടിയത്. അഴിമതിക്കേസിലാണ് അറസ്റ്റ്. ഉച്ചകഴിഞ്ഞ് വന്‍ വാഹനവ്യൂഹവുമായി കോടതിയിലെത്തിയ ഇമ്രാന്‍ കോടതി മുറിയില്‍ കയറിയ ഉടനേ പിടികൂടുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച ഇമ്രാനെയും അഭിഭാഷകനേയും സുരക്ഷാ ഉദ്യോഗസ്ഥരേയും മര്‍ദിച്ചൊതുക്കിയാണ് സൈന്യം അറസ്റ്റു ചെയ്തത്.
◾കരസേനയില്‍ ബ്രിഗേഡിയര്‍ റാങ്കിനു മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഒരേ യൂണിഫോം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഐക്യബോധം വളര്‍ത്താനാണ് തീരുമാനം. മേജര്‍ ജനറല്‍, ലെഫ്റ്റനന്റ് ജനറല്‍, ജനറല്‍ പദവികളില്‍ റെജിമെന്റ് വ്യത്യാസമില്ലാതെ ഒറ്റ യൂണിഫോം ആകും. തൊപ്പി, റാങ്ക് ബാഡ്ജ്, കോളറുകളിലെ പാച്ച്, ബല്‍റ്റ്, ഷൂസ് എന്നിവയിലും ഏകീകൃത രൂപമാകും. കേണല്‍ മുതല്‍ താഴേക്കുള്ള പദവികളിലുള്ളവരുടെ യൂണിഫോമില്‍ മാറ്റമില്ല.
◾സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് വരുന്നു. ഇന്നു മുതല്‍ മെമ്പര്‍ഷിപ് കാംപെയിന്‍. ഈ മാസം 15 മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം. മത്സരിക്കാനുള്ള പ്രായപരിധി 36 വയസാണ്. സമവായത്തിന് സംസ്ഥാന നേതൃത്വം ശ്രമം തുടരുന്നതിനിടെ ദേശീയ നേതൃത്വമാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.
◾ക്യാമറ പദ്ധതിയിലടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേ സെക്രട്ടേറിയറ്റില്‍ വ്യവസായ മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി വിനോദിന്റെ ഓഫീസിലുണ്ടായ തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. സംഭവത്തില്‍ കണ്‍ഡോണ്‍മെന്റ് പൊലീസും കേസെടുത്തിട്ടുണ്ട്.
◾ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും 25 മാര്‍ക്ക് ഗ്രേസ് മാര്‍ക്കു നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ ദേശീയ തലത്തില്‍ മെഡല്‍ നേടിയവര്‍ക്കു മാത്രമായിരുന്നു ഗ്രേസ് മാര്‍ക്ക്.
◾ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണിക്കിണര്‍ വറ്റിച്ച് വൃത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ മുതല്‍ ദര്‍ശനത്തിനും പ്രസാദ വിതരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
◾താനൂര്‍ ബോട്ട് ദുരന്തത്തിലെ പ്രതി നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നു പേര്‍ പിടിയിലായി. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് പിടികൂടിയത്. ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
◾താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ മന്ത്രിമാരായ വി അബ്ദു റഹ്‌മാനും മുഹമ്മദ് റിയാസിനുമെതിരെ മനുഷ്യക്കുരുതിക്കു കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടം. ലൈസന്‍സില്ലാത്ത ബോട്ട് സര്‍വീസ് നടത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം 23 ന് മന്ത്രിമാരോട് മുഹാജിദ് എന്ന മത്സ്യത്തൊഴിലാളി പരാതിപ്പെട്ടിരുന്നു. പക്ഷേ, മന്ത്രിമാര്‍ നടപടിയെടുത്തില്ലെന്നാണ് ആരോപണം.
◾ആലപ്പുഴ കൊമ്മാടിയില്‍ റോഡിലെ കുഴിയില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ ഹൈക്കോടതി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ടു തേടി. സൈക്കിളില്‍ യാത്ര ചെയ്യവേ, കുഴിയില്‍ വീണ് കളരിക്കല്‍ സ്വദേശി ജോയ് മരിച്ച സംഭവം വിവാദമായിരുന്നു. മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാതിരുന്ന സ്ഥലത്ത് അപകടം നടന്നതിനു പിറകേ, മരാമത്ത് വകുപ്പ് അധികൃതര്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചെന്നാണു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നത്.
◾ഈ കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണെന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണിന്റെ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി. താനൂര്‍ ബോട്ടപകട ദുരന്തത്തെത്തുടര്‍ന്നു സാമൂഹ്യ മാധ്യമത്തിലൂടെയാണു പാര്‍വതിയുടെ പ്രതികരണം. എത്ര കോടി രൂപ നഷ്ടപരിഹാരം കൊടുത്താലും ആ ജീവനോളം വില വരില്ല. അഴിമതി മാത്രമേയുള്ളു ചുറ്റും. നാറിയ ഭരണം. മുഖ്യമന്ത്രി അവറുകള്‍ക്ക് ഒന്നും പറയാനില്ലേ? പാര്‍വ്വതി ചോദിച്ചു.
◾പ്രശസ്ത കൂടിയാട്ടം, ചാക്യാര്‍ക്കൂത്ത് കലാകാരനായ ഒറ്റപ്പാലം ലക്കിടി പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തില്‍ പി കെ ജി നമ്പ്യാര്‍ അന്തരിച്ചു. ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സെക്രട്ടറി ആയിരുന്നു.
◾ട്രെയിന്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിതീഷാണ് പിടിയിലായത്. നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെ മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയെന്നാണു കേസ്.
◾മാവേലിക്കരയിലെ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 1,34,986 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത ബീഹാര്‍ സ്വദേശികള്‍ പിടിയില്‍. സൂരജ് കുമാര്‍ (23), അമന്‍ കുമാര്‍ (21) എന്നിവരെയാണ് പിടികൂടിയത്. അധ്യാപികയുടെ മൊബൈല്‍ ഫോണിലേക്ക് എസ്ബിഐ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തെന്നും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നും എസ് എം എസ് അയച്ചാണു തട്ടിപ്പു നടത്തിയത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് അല്‍പ്പ സമയത്തിനകം അക്കൗണ്ടില്‍നിന്നും പണം നഷ്ടപ്പെടുകയായിരുന്നു.
◾തൃശൂര്‍ ഒളരിയില്‍ സതീശന്‍ എന്നയാളുടെ കാര്‍ തടഞ്ഞു നിര്‍ത്തി അന്‍പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ വനിതാ അഭിഭാഷക ലിജി അടക്കം ഏഴ് പേര്‍ പിടിയില്‍. കഴിഞ്ഞ ജനുവരിയിലാണ് സംഭവം.
◾ഒന്‍പതു വര്‍ഷം മുമ്പ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ അച്ഛനും മകനും ജീവപര്യന്തം കഠിനതടവ്. തമിഴ്നാട് കമ്പം വടക്കുപെട്ടി സ്വദേശികളായ ജയരാജ് മകന്‍ കറുപ്പ് സ്വാമി എന്നിവരെയാണ് മുട്ടം മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇടുക്കി പൊട്ടന്‍കാട് സ്വദേശികളായ അപ്പുക്കുട്ടനെയും ഭാര്യ ശാന്തമ്മയേയുമാണ് കൊലപ്പെടുത്തിയത്.
◾ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. ആലപ്പുഴ കായംകുളത്ത് ചേരാവള്ളി ചക്കാലയില്‍ ലൗലി എന്ന രശ്മിയെയാണ് ഭര്‍ത്താവ് ബിജു കുത്തിക്കൊന്നത്. ചേരാവള്ളി ലെവല്‍ ക്രോസിനു സമീപം ഭര്‍ത്താവ് ബിജു ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി.
◾കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ എസ് ഐ പി ടി ബിജുക്കുട്ടന്റെ തലയ്ക്കടിച്ച സംഭവത്തില്‍ പ്രതികളായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കരിയില്‍ കിഴക്കേതില്‍ ജയേഷ് (24), കരിപ്പുറത്ത് വീട്ടില്‍ രോഹിത് ചന്ദ്രന്‍ (24), വിഷവര്‍ശ്ശേരിക്കര ആതിര ഭവനത്തില്‍ അരുണ്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◾എറണാകുളം ചെങ്ങമനാട് അച്ഛനേയും മകനേയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൃപ്പൂണിത്തുറ സ്വദേശി സുനില്‍ ദത്തിനെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൂവത്തുശേരി സ്വദേശികളായ ഉണ്ണി, മകന്‍ സുജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്.
◾ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളില്‍ മൂന്നാമത്തേതു കൂടി ചത്തു. ദക്ഷ എന്ന പെണ്‍ ചീറ്റയാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് ഈ ചീറ്റയുടെ മരണ കാരണം. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു.
◾മധ്യപ്രദേശ് സാഗറില്‍ വൈദികരെ പൊലീസ് മര്‍ദ്ദിച്ചശേഷം അറസ്റ്റു ചെയ്തതു. സെന്റ് ഫ്രാന്‍സിസ് അനാഥശാലയിലെ മലയാളി വൈദികരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അനാഥശാലയിലെ ഫയലുകളും കംപ്യൂട്ടറുകളും തകര്‍ത്തെന്നും വൈദികര്‍ ആരോപിച്ചു. നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചു. അനാഥശാലയോടനുബന്ധിച്ച് നിയമ വിരുദ്ധമായി പള്ളി പണിതെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥര്‍ പോലീസുമായി എത്തി ആക്രമണം നടത്തിയതെന്നാണ് ആരോപണം.
◾കര്‍ണാടകത്തില്‍ ഇന്നു വോട്ടെടുപ്പ്. ശനിയാഴ്ചയാണു വോട്ടെണ്ണല്‍. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
◾പാരമ്പര്യങ്ങളെ കാലോചിതമായി തിരുത്തേണ്ടത് അനിവാര്യമാണെന്നും അങ്ങനെ തിരുത്തിയ ചരിത്രമാണ് ഇന്ത്യന്‍ ഭരണഘടനയക്കുള്ളതെന്നും സുപ്രീം കോടതി. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇങ്ങനെ പ്രതികരിച്ചത്. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തോടു വിയോജിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജാതി വിവേചനം ഉള്‍പ്പടെയുള്ള പാരമ്പര്യങ്ങള്‍ തിരുത്തിയില്ലായിരുന്നെങ്കില്‍ സമൂഹത്തിന്റെ അവസ്ഥ എന്താകുമായിരുന്നു. വിവാഹ കാര്യത്തിലും മാറ്റങ്ങള്‍ വേണമെന്ന് കോടതി പറഞ്ഞു.
◾സുപ്രീം കോടതിയില്‍ മാധ്യമ സ്വാതന്ത്ര്യ വിഷയം ചര്‍ച്ചയാക്കി ജഡ്ജിയും സോളിസിറ്റര്‍ ജനറലും. ബില്‍ക്കിസ് ബാനു കേസിനിടെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ 161 ാം സ്ഥാനത്താണെന്നു സുപ്രിം കോടതിയില്‍ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. എന്നാല്‍ ഒന്നാം സ്ഥാനത്താണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചു. റാങ്കിംഗ് നടത്തുന്ന ഏജന്‍സിയുടെ താല്‍പര്യമനുസരിച്ചാണ് റാങ്കെന്നാണ് സോളിസിറ്റര്‍ ജനറല്‍ അഭിപ്രായപ്പെട്ടത്.
◾പാകിസ്ഥാനില്‍ കലാപം. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായി. സൈനിക കേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരെ ആക്രമണമുണ്ടായി. കറാച്ചി അടക്കം പലയിടത്തും സര്‍ക്കാരിന്റേയും പോലീസിന്റേയും വാഹനങ്ങള്‍ കത്തിച്ചു. പാക് എയര്‍ഫോഴ്സ് മെമ്മോറിയല്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സൈനിക ഉദ്യോഗസ്ഥന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.
◾മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ പാതിരാവില്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നു. മുംബൈക്ക് ബാംഗ്ലൂരിനെതിരെ 6 വിക്കറ്റ് വിജയം, ഒപ്പം മൂന്നാം സ്ഥാനവും. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 68 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലിന്റേയും 65 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിയുടേയും മികവില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗൂര്‍ നേടിയ കൂറ്റന്‍ സ്‌കോറായ 199 റണ്‍സ് വിജയലക്ഷ്യം 35 ബോളില്‍ 83 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ കരുത്തില്‍ മുംബൈ ഇന്ത്യന്‍സ് 21 ബോള്‍ ശേഷിക്കേ മറികടന്നു. 42 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റേയും 52 റണ്‍സ് നേടിയ നെഹാല്‍ വധേരയുടേയും പ്രകടനം മുംബൈ വിജയത്തില്‍ നിര്‍ണായകമായി. ഈ വിജയത്തോടെ എട്ടാം സ്ഥാനത്തായിരുന്ന മുംബൈ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
◾അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയെന്ന വാര്‍ത്തകള്‍ തള്ളി താരത്തിന്റെ പിതാവും മാനേജറുമായ യോര്‍ഗ മെസ്സി. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സൗദി ലീഗിലേക്കെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് കടുത്ത ഭാഷയില്‍ തന്നെ വ്യക്തമാക്കിയ യോര്‍ഗെ മെസ്സി, തന്റെ മകന്റെ പേര് ആളെക്കൂട്ടാന്‍ ഉപയോഗിക്കുകയാണെന്നും തുറന്നടിച്ചു.
◾കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) അവകാശ ഓഹരി പദ്ധതിക്ക് മികച്ച പ്രതികരണം. ഒരുമാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോള്‍ നിലവിലെ നിക്ഷേപകര്‍ക്ക് നിയമാനുസൃത അവകാശ ഓഹരി നല്‍കിയതിലൂടെ സിയാല്‍ 478.21 കോടി രൂപ സമാഹരിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി ധനസമാഹരണ പദ്ധതികളിലൊന്നാണിത്. ഭൂരിഭാഗം ഓഹരിയുടമകളും അവകാശ ഓഹരിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാണ് സിയാലിന്റെ ഏറ്റവും വലിയ നിക്ഷേപകര്‍. 32.42 ശതമാനം ഓഹരിയാണ് സിയാലില്‍ സംസ്ഥാന സര്‍ക്കാരിനുള്ളത്. പുതിയ അവകാശ ഓഹരി പദ്ധതിയില്‍ സര്‍ക്കാര്‍ 178.09 കോടി രൂപ മുടക്കി 3.56 കോടി ഓഹരികള്‍ അധികമായി നേടി. ഇതോടെ സര്‍ക്കാരിന്റെ മൊത്തം ഓഹരി പങ്കാളിത്തം 33.38 ശതമാനമായി ഉയര്‍ന്നു. നിക്ഷേപകരില്‍ നിന്ന് മൊത്തം 564 കോടി രൂപ സിയാലിന് ലഭിച്ചു. ഇതില്‍ നിയമാനുസൃതമായി സമാഹരിക്കാന്‍ സാധിക്കുന്നത് 478.21 കോടി രൂപയായിരുന്നു. ബാക്കിയുള്ള 86 കോടി രൂപ ഓഹരിയുടമകള്‍ക്ക് തിരികെ നല്‍കി. ഇരുപത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നായി 22,000ല്‍ അധികം പേരാണ് സിയാലിന്റെ നിക്ഷേപകരായുള്ളത്. മൊത്തം ഓഹരികള്‍ 38 കോടി. ഒരു ഓഹരിയുടെ അടിസ്ഥാന മൂല്യം 10 രൂപ.
◾ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന 'ആദിപുരുഷി'ല്‍ പ്രഭാസ് നായകനാകുന്നു. കൃതി സനോണ്‍ നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. 'ആദിപുരുഷ്' റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
◾ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രമാണ് 'ഖുഷി'. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം 'നാ റോജ നുവ്വേ'യുടെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.
◾ഹോണ്ട ഇന്ത്യയുടെ പുതിയ എസ്.യു.വി എലവേറ്റ് അടുത്ത മാസം നിരത്തിലിറങ്ങും. ജൂണ്‍ ആറിന് വാഹനത്തിന്റെ ആഗോള അവതരണം ഡല്‍ഹിയില്‍ അരങ്ങേറും. സെപ്റ്റംബറില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തേക്കും. ആദ്യം ഇന്ത്യയിലും പിന്നീട് വിദേശവിപണികളിലും വാഹനം വില്പനക്ക് എത്തിക്കാനാണ് ഹോണ്ടയുടെ പ്ലാന്‍. ആഗോള എസ്.യു.വി ലൈനപ്പില്‍ ഡബ്ളിയുആര്‍-വി, എച്ച്ആര്‍-വി എന്നിവയ്ക്ക് ഇടയിലാണ് എലവേറ്റിന്റെ സ്ഥാനം. അഞ്ചാം തലമുറ സിറ്റി പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. 1.5-ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ ആകും എലവേറ്റിന്റേത്. എന്‍ജിന്‍ 121 ബിഎച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭിക്കും. ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഈ വാഹനം ലഭ്യമാകില്ല എന്നാണ് സൂചനകള്‍. പിന്നീട് ഹൈബ്രിഡ് ഓപ്ഷനിലും എസ്യുവി പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്.
◾ധ്യാനം നിങ്ങള്‍ക്ക് തികച്ചും പുതിയൊരു വിഷയമാകാം, അല്ലെങ്കില്‍ നിങ്ങള്‍ വര്‍ഷങ്ങളായി ചിട്ടയായോ അല്ലാതേയോ ധ്യാനിക്കുന്നവരാകാം. ഞാനാവശ്യപ്പെടുന്നത് ഒന്നു മാത്രം. ഈ മോഹിപ്പിക്കുന്ന യാത്രയില്‍ നിങ്ങള്‍ തുറന്ന മനസ്സോടെയിരിക്കണം. ഇത് നിങ്ങള്‍ക്ക് സാധിച്ചാല്‍ ഞാനുറപ്പു നല്‍കുന്നു, നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യും. അവയാകട്ടെ, നിങ്ങളുടെ ധ്യാനക്രമത്തിന്റെ ആഴം കൂട്ടാനും അതുവഴി ജീവിതത്തെ മൂല്യവത്താക്കുവാനും നിങ്ങളെ സഹായിക്കും. ഇന്നത്തെ ലോകത്ത് ധ്യാനം ഒരു ആര്‍ഭാടമല്ല, ആവശ്യമാണ്. എത്ര നേരത്തെ ഇക്കാര്യം മനസ്സിലാക്കുന്നുവോ അത്രയും നല്ലത്. 'ഉള്‍ക്കണ്ണിലേക്കൊരു കണ്ണ്'. സ്വാമി പൂര്‍ണ്ണചൈതന്യ. വിവര്‍ത്തനം: ഇ. മാധവന്‍. ഗ്രീന്‍ ബുക്സ്. വില 187 രൂപ.
◾ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിള്‍. കൊളസ്‌ട്രോളിനെതിരായുള്ള ഫീനോള്‍സ് അടങ്ങിയിരിക്കുന്നതിനാല്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സാധിക്കും. ദിവസവും ആപ്പിള്‍ കഴിക്കുന്നതിലൂടെ ആറു മാസത്തിനുള്ളില്‍ 23 ശതമാനം ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും 4 ശതമാനം നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കും. ആപ്പിളിലുള്ള ഫ്‌ളവനോയിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. സ്തനാര്‍ബുദം, കുടല്‍ അര്‍ബുദം എന്നീ ക്യാന്‍സറുകളെയാണ് പ്രതിരോധിക്കാന്‍ കഴിയുന്നത്. ശ്വാസകോശ അര്‍ബുദമുള്ളവരില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാനും സാധിക്കും. കൂടാതെ, ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സിന് ക്യാന്‍സര്‍ കോശങ്ങളെ കൊന്നുകളയുവാന്‍ ശേഷിയുള്ളവയാണ്. ആപ്പിള്‍ വായിലെ അണുബാധയെ അകറ്റുകയും ദന്ത ശുദ്ധി വരുത്തുകയും ചെയ്യുന്നു. ആപ്പിള്‍ കഴിക്കുമ്പോള്‍ ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബര്‍ പല്ലുകളെ വെണ്‍മയുള്ളതാക്കുന്നു. ആപ്പിള്‍ കഴിക്കുമ്പോഴുണ്ടാകുന്ന ഉമിനീര്‍ ബാക്ടീരിയകളില്‍ നിന്ന് പല്ലുകളെ സംരക്ഷിക്കുന്നു. ആപ്പിള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനാല്‍ ടൈപ്പ് ടു പ്രമേഹക്കാര്‍ക്ക് നല്ലതാണ്. ആപ്പിളിലെ പെക്ടിന്‍ ഇന്‍സുലിന്‍ തോത് ക്രമീകരിക്കാന്‍ സഹായിക്കുന്നു. ആപ്പിളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ആപ്പിള്‍ സന്ധിവാതത്തെ തടയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
1949 മാര്‍ച്ച് 3ന് വാഷിങ്ങ്ടനിലാണ് ബോണി ഡന്‍ബാര്‍ ജനിച്ചത്. കുട്ടിക്കാലം മുതലേ ആകാശത്തോടും നക്ഷത്രങ്ങളോടുമെല്ലാം വലിയ കമ്പമായിരുന്നു ബോണിക്ക്. ജെറ്റ് പൈലറ്റ് ആകുക എന്നതായിരുന്നു കൊച്ചുബോണിയുടെ ആഗ്രഹം. വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ എന്‍ജിനീയറിങ്ങ് പഠനകാലത്ത് നടത്തിയ ചില പ്രൊജക്ടുകള്‍ അവരുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. ബഹിരാകാശ വാഹനങ്ങള്‍ക്കായി ഒരു തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം രൂപകല്‍പന ചെയ്യുക. ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ച് പ്രവേശിക്കുമ്പോഴുണ്ടാകന്ന കനത്ത ചൂടിനെ ചെറുക്കാനുളള ടൈലുകള്‍ വികസിപ്പിച്ചെടുക്കു എന്നതായിരുന്നു പ്രോജക്ട്. 1977 ല്‍ ബഹികാകാശസഞ്ചാരിയാകാന്‍ നാസയിലേക്ക് അപേക്ഷ അയച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. പക്ഷേ, രണ്ടുവര്‍ഷം നാസയില്‍ ജോലി ചെയ്തു. 1985 ല്‍ വീണ്ടും അപേക്ഷിച്ചു. അങ്ങനെ STS-61 എന്ന ദൗത്യത്തില്‍ അവര്‍ ബഹിരാകാശത്ത് എത്തി. അങ്ങനെ 1985 നും 1998 നുമിടയില്‍ 5 ദൗത്യങ്ങളിലായി 1208 മണിക്കൂറാണ് ബോണി ബഹിരാകാശത്ത് ചിലവഴിച്ചത്. നമുക്ക് കലാമിന്റെ വാക്കുകള്‍ ഓര്‍ക്കാം.. ഉറങ്ങുമ്പോള്‍ കാണുന്നത് മാത്രമല്ല സ്വപ്നം. ഉറക്കം കെടുത്തുന്നതും സ്വപ്നമാണ്. ഉറക്കം കെടുത്തുന്ന സ്വപ്നങ്ങള്‍ നമ്മുടേതുകൂടിയാകട്ടെ - ശുഭദിനം.