*ലോക തൊഴിലാളി ദിനം*
◾സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം ഔദാര്യമല്ല, അവകാശമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയലുകള്‍ തീര്‍പ്പാക്കാതെ വച്ചുതാമസിപ്പിക്കുന്നതും അഴിമതിയും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'കരുതലും കൈത്താങ്ങും' താലൂക്ക് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചക്കാലമാണ് താലൂക്കുതല അദാലത്തുകള്‍ നടക്കുന്നത്.
◾മേയ് നാലു വരെ കേരളത്തില്‍ ശക്തമായ മഴക്കു സാധ്യത. ഇടിമിന്നലും 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യത. നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ സാധ്യത.
◾വികസന പദ്ധതികള്‍ക്ക് കേരളത്തിന് അര്‍ഹമായ തുക തരാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുവം എന്ന ബിജെപിയുടെ രാഷ്ട്രീയ പരിപാടിയില്‍ കേരളത്തെ ഇകഴ്ത്തി പ്രസംഗിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയെന്ന സത്യസന്ധമായ പ്രസംഗമാണ് മോദി പിറ്റേന്ന് ഔദ്യോഗിക പരിപാടിയില്‍ നടത്തിയത്. ഒരു വന്ദേഭാരത് തന്നതുകൊണ്ട് കേരളത്തോടുള്ള അവഗണന മറയ്ക്കാനാവില്ല. ഏഴു വര്‍ഷത്തിനിടെ പിഎസ് സി വഴി ഏഴു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. ഇങ്ങനെ എല്ലാ മേഖലയിലും കേരളം മുന്നില്‍ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ മുതലെടുപ്പിനായി പ്രധാനമന്ത്രി കേരളത്തെ ഇകഴ്ത്തി പ്രസംഗിച്ചത്. മുഖ്യമന്ത്രി പറഞ്ഞു.
◾കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശന പരിപാടി റദ്ദാക്കി. യുഎഇ സര്‍ക്കാരിന്റെ നിക്ഷേപക സംഗമ പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും ഏഴാം തിയതി യുഎഇയിലേക്കു പോകാന്‍ ഒരുങ്ങിയിരുന്നത്.
◾സേഫ് കേരള പദ്ധതിയില്‍ എസ്ആര്‍ഐടിയുമായി സഹകരിക്കുന്നുണ്ടെന്ന് ട്രോയ്സ്. എഐ ക്യാമറ വിവാദത്തിലാണു ട്രോയ്സ് എംഡി ജിതേഷിന്റെ വിശദീകരണം. ഊരാളുങ്കല്‍- എസ്ആര്‍ഐടി സംയുക്ത കമ്പനിയുടെ ഡയറക്ടറായിരുന്ന ജിതേഷ് ഊരാളുങ്കലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്ആര്‍ഐടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. നിലവില്‍ ഊരാളുങ്കലുമായോ സംയുക്ത കമ്പനിയുമായോ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾റോഡപകടങ്ങള്‍ കുറയ്ക്കാനാണ് എഐ കാമറകള്‍ സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുചക്രവാഹന യാത്രക്കാരുടെ പ്രശ്നങ്ങള്‍ കേന്ദ്രവുമായി സംസാരിക്കും. അനാവശ്യ വിവാദങ്ങളുണ്ടാക്കി പദ്ധതി തടയാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാവ് ആരെന്ന തര്‍ക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
◾കേരളത്തിലെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിക്കൊമ്പനെ പിടികൂടി എങ്ങനെ കൊണ്ടുപോകുമെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. നിലവാരമുള്ള റോഡ് സൗകര്യം ഇടുക്കിയില്‍ ഉണ്ടായിരുന്നതിനാല്‍ തടസമില്ലാതെ കൊണ്ടുപോകാന്‍ കഴിഞ്ഞു. കേരളത്തിലെ പൊതു അവസ്ഥ ഇതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
◾ജനസാഗരത്തെ ഇളക്കി മറിച്ച് തൃശൂര്‍ പൂരം. മഠത്തില്‍ വരവിലും ഇലഞ്ഞിത്തറയിലും വാദ്യമേളങ്ങളില്‍ അലിഞ്ഞു ജനം താളംതുള്ളി. ലോക കപ്പേന്തിയ മെസി കുടകള്‍ നിരന്ന കുടമാറ്റം ആവേശോജ്വലമായി. ഗണപതിയും ശിവനും ഹനുമാനും പാര്‍വതിയുമെല്ലാം കുടകളായി. എല്‍ഇഡി കുടകളും നിലക്കുടകളുമെല്ലാം നിരന്നു. മാനത്തു നക്ഷത്രപൂക്കളമൊരുക്കിയ വെടിക്കെട്ടിനും പതിനായിരങ്ങളെത്തി. ഇന്ന് ഉച്ചയോടെ പൂരം സമാപിക്കും.
◾കേരളത്തിലേക്കു പോകാന്‍ മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. 60 ലക്ഷം രൂപ വേണം. അകമ്പടി പൊലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. യതീഷ് ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്.
◾പെരിയാന്‍ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരിക്കൊമ്പന്‍ ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് വനംവകുപ്പ്. കോളര്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ആനയെ നിരീക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
◾നടന്‍ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സുരേഷ് ഗോപി, ജോയ് മാത്യു എന്നിവരും മാമുക്കോയയുടെ വീടു സന്ദര്‍ശിച്ചു.
◾സിനിമാ താരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ റിട്ടയേഡ് ഡിവൈഎസ്പിയും നടനുമായ മധുസൂദനനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്.
◾ആലുവയില്‍ 28 കിലോ കഞ്ചാവു കേസിലെ പ്രതിയായ മകനെ വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച എസ്ഐ അറസ്റ്റില്‍. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റു ചെയ്തത്.
◾തിരുവനന്തപുരത്ത് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ പതിനാലുകാരി മരിച്ച സംഭവത്തില്‍ ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഫോറന്‍സിക് ലാബിന് പൊലീസ് കത്ത് നല്‍കി. മൂന്നാഴ്ച മുമ്പു മരിച്ച പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവാദമായിരിക്കേയാണ് പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നത്.
◾പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്സിനു നേരെ ആസിഡ് ആക്രമണം. വെട്ടിക്കവല സ്വദേശി നീതുവിന്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ച ഭര്‍ത്താവ് ബിബിന്‍ രാജുവിനെ പോലീസ് പിടികൂടി.
◾ദ്രവരൂപത്തിലാക്കി ജീന്‍സില്‍ ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി യുവാവ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി നിധിനാണ് ഒന്നര കിലോ സ്വര്‍ണവുമായി പിടിയിലായത്.
◾കല്‍പ്പറ്റയില്‍ വില്‍പനയ്ക്കെത്തിച്ച കസ്തൂരിയുമായി രണ്ട് പേര്‍ പിടിയില്‍. മഞ്ചേരി സ്വദേശി ഷംസുദ്ദീന്‍, മങ്കട സ്വദേശി മുഹമ്മദ് മുനീര്‍ എന്നിവരെയാണ് 42 കസ്തൂരിമാന്‍ ഗ്രന്ഥികളുമായി വനം വകുപ്പ് പിടികൂടിയത്.
◾കാസര്‍കോട് രാജപുരത്ത് പത്തൊമ്പതുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോളിച്ചാല്‍ പതിനെട്ടാംമൈല്‍ സ്വദേശി റെനില്‍
വര്‍ഗീസാണ് (39) പിടിയിലായത്.
◾പൂരത്തിരക്കിനിടെ തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ തീപിടിത്തം. അഞ്ചു വിളക്കിനടുത്ത ശവപ്പെട്ടി കട അടക്കം കത്തി നശിച്ചു. ചായക്കടയിലെ ഗ്യാസ് സിലിണ്ടറില്‍നിന്നു തീ പടര്‍ന്നതാണ് തീപിടിത്തത്തിനു കാരണം.
◾താന്‍ വിഷപാമ്പാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം ശരിയാണെന്നും പരമശിവന്റെ കഴുത്തിലെ പാമ്പാണു താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളാണ് തനിക്ക് ദൈവത്തിന്റെ രൂപമാണെന്നു പറയുന്നതെന്നും മോദി പറഞ്ഞു. അഴിമതിക്കെതിരേ ആഞ്ഞുകൊത്തുന്ന പാമ്പാണ്. കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിക്കുളിച്ച പാര്‍ട്ടിയാണ്. കോലാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍നിന്ന് ഓപ്പറേഷന്‍ കാവേരിയിലൂടെ 2300 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഏറ്റവും ഒടുവില്‍ 40 പേരെ സൈനിക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
◾ജന്തര്‍മന്തറില്‍ സമരത്തിനിരുന്നാല്‍ നീതി കിട്ടില്ലെന്നും പൊലീസിനെയും കോടതിയേയും സമീപിക്കണമെന്നും ഗുസ്തിതാരങ്ങളെ പരിഹസിച്ച് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ എംപി. കോടതി വിധിച്ചാല്‍ അനുസരിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. 90 ശതമാനം കായികതാരങ്ങളും തനിക്കൊപ്പമാണ്. ദീപേന്ദ്ര ഹൂഡ രക്ഷാധികാരിയായ ഗുസ്തി പരിശീലന കളരികള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
◾നൂറാമത്തെ മന്‍ കി ബാത്തിലെങ്കിലും ചൈന, അദാനി, പുല്‍വാമ വിഷയങ്ങളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കേണ്ടതായിരുന്നെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മന്‍ കി ബാത്തിനെക്കുറിച്ച് മോദി സ്വയം കൊട്ടിഘോഷിക്കുമ്പോള്‍ ജനങ്ങളുടെ സുപ്രധാന ചോദ്യങ്ങള്‍ക്കു മറുപടിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
◾ജനകീയ വിഷയങ്ങളില്‍ ദേശീയതലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നു സിപിഎം. ജമ്മു കാഷ്മീരില്‍ അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപിക്കു കനത്ത തിരിച്ചടി ഭയന്നാണ് തെരഞ്ഞെടുപ്പു നടത്താത്തതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൈസൂരുവിലെ റോഡ് ഷോയ്ക്കിടെ വാഹനത്തിനു നേരെ പൂക്കള്‍ക്കൊപ്പം ഫോണ്‍ എറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോക്കിടെയാണ് സംഭവം. വനിതാ ബിജെപി പ്രവര്‍ത്തക പൂക്കള്‍ എറിഞ്ഞതിനൊപ്പം അബദ്ധത്തില്‍ ഫോണും വീണതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
◾ഡല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപിചന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുര്‍മന്ത്രവാദി അറസ്റ്റില്‍. മീററ്റ് സ്വദേശി ഗണേശാനന്ദയാണ് പിടിയിലായത്. ഭാര്യയെ ഒഴിവാക്കാന്‍ മന്ത്രവാദം നടത്താനെത്തിയ പൊലീസുകാരനെയാണ് പണം തട്ടിയെടുത്ത് ദുര്‍മന്ത്രവാദി കൊന്നത്.
◾പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കി ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം. ഫൈനലില്‍ മലേഷ്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം സ്വര്‍ണം കരസ്ഥമാക്കിയത്.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന, ആവേശം അവസാന പന്ത് വരെ നിറഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സ്. 52 പന്തില്‍ 92 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയുടെ മികവില്‍ ചെന്നൈ നേടിയ 200 റണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. അവസാന പന്തില്‍ വിജയിക്കാന്‍ വേണ്ടിയിരുന്ന മൂന്ന് റണ്‍സെടുത്താണ് പഞ്ചാബ് ജയിച്ചുകയറിയത്.
◾അവസാന ഓവറില്‍ ഹാട്രിക് സിക്സ് നേടിയ ഐപിഎല്‍ ചരിത്രത്തിലെ ആയിരാമത്തെ മത്സരത്തില്‍ രാജസ്ഥാനെതിരേ മുംബൈയ്ക്ക് ആറു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. 62 പന്തില്‍ 124 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചുറിയുടെ മികവിലാണ് രാജസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയത്. എന്നാല്‍ 14 പന്തില്‍ 45 റണ്‍സ് നേടിയ ടിം ഡേവിഡിന്റേയും 29പന്തില്‍ 55 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റേയും 26 പന്തില്‍ 44 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനിന്റേയും മികവില്‍ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. അവസാന ഓവറില്‍ ജയിക്കാന്‍ മുംബൈയ്ക്ക് 17 റണ്‍സ് വേണമെന്നിരിക്കെ ജെയ്‌സണ്‍ ഹോള്‍ഡര്‍ എറിഞ്ഞ ആദ്യ മൂന്ന് പന്തും സിക്‌സര്‍ പറത്തി ടിം ഡേവിഡാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഈ തോല്‍വിയോടെ രാജസ്ഥാന്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
◾ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ 29 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തില്‍ 300 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചു. ടൈഗര്‍ ഗ്ലോബല്‍, സെക്കോയ ക്യാപിറ്റല്‍, ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സ്, ത്രൈവ്, കെ 2 ഗ്ലോബല്‍ എന്നിവയുള്‍പ്പെടെയുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളാണ് നിക്ഷേപകര്‍. മൈക്രോസോഫ്റ്റ് നേരത്തെ 10 ബില്യണ്‍ ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. ഇതോടെ മൈക്രോസോഫ്റ്റിന്റെ മൊത്തം നിക്ഷേപം 13 ബില്യണ്‍ ഡോളറായി. മനുഷ്യരെ വെല്ലുന്ന ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന ചാറ്റ് ജി.പി.ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് തരംഗമായത്. ഓണ്‍ലൈന്‍ ഡാറ്റയുടെ വിശാലമായ പൂളുകള്‍ ഉപയോഗിച്ചാണ് ഈ ചാറ്റ് ബോട്ടിന്റെ പ്രവര്‍ത്തനം. സാം ആള്‍ട്ട്മാന്‍,എലോണ്‍മസ്‌ക്ക്, ഇല്യ സ്റ്റെസ്‌കവരുള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് 2015 ലാണ് ഓപ്പണ്‍ എഐ സ്ഥാപിക്കുന്നത്. 2018 ല്‍ മസ്‌ക് സംരംഭം ഉപേക്ഷിച്ചതിനുശേഷം, ആള്‍ട്ട്മാന്‍ ഓപ്പണ്‍ എ.ഐയെ ലാഭേച്ഛയില്ലാത്ത കമ്പനിയായി പുനര്‍നിര്‍മ്മിച്ചു. പിന്നീട് മൈക്രോസോഫ്റ്റുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ കമ്പനിയിലേയ്ക്ക് നിക്ഷേപം ഒഴുക്കി.
◾മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് 'വിരൂപാക്ഷ'. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ട് എത്തിയ 'വിരൂപാക്ഷ' 70 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 'വിരൂപാക്ഷ' എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 19.8 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളില്‍ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരുന്നത്. കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങള്‍ പറയുന്ന 'വിരൂപാക്ഷ'യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. അജയ്, സായ് ചന്ദ്, ബ്രഹ്‌മജി, രാജീവ് കനകല, സുനില്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.
◾ഷെബി ചൗഘട്ട് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'കാക്കിപ്പട'. ഹൈദരാബാദില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയതായിരുന്നു 'കാക്കിപ്പട'. ഷെബി ചൗഘട്ട് തന്നെയാണ് കാക്കിപ്പടയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. 'കാക്കിപ്പട' എന്ന സിനിമയ്ക്ക് മെല്‍ബണില്‍ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നു. ചിരഞ്ജീവിയെ നായകനാക്കി പന്ത്രണ്ടോളം ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച കെ എസ് രാമറാവു 'കാക്കിപ്പട'യുടെ റീമേക്ക് അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് 'കാക്കിപ്പട' പറയുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സൂര്യാ അനില്‍, പ്രദീപ്, മാലാ പാര്‍വ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
◾മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ആഗോള വില്‍പ്പനയിലും ഉല്‍പാദനത്തിലും എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് രേഖപ്പെടുത്തി ടൊയോട്ട. ആഗോള ഉല്‍പ്പാദനം 6.5 ശതമാനം വര്‍ധിച്ച് 9.13 ദശലക്ഷം കാറുകളായി വര്‍ധിപ്പിച്ചു. ലോകമെമ്പാടുമുള്ള വില്‍പ്പന ഒരു ശതമാനം ഉയര്‍ന്ന് 9.61 ദശലക്ഷം യൂണിറ്റിലെത്തി. കൊവിഡ് 19 മഹാമാരിയില്‍ നിന്നുള്ള പ്രതികൂല പ്രത്യാഘാതങ്ങളും ചിപ്പ് ക്ഷാമവും കുറഞ്ഞതിനാല്‍ വടക്കേ അമേരിക്കയിലെയും ഏഷ്യയിലെയും ഉല്‍പ്പാദനം വീണ്ടെടുത്തതാണ് ഈ നേട്ടത്തിനുള്ള പ്രധാന കാരണം. തെക്കുകിഴക്കന്‍ ഏഷ്യയിലെയും യൂറോപ്പിലെയും വില്‍പ്പന 1.1 ശതമാനം വര്‍ധിച്ചു. ജപ്പാന് പുറത്ത് കമ്പനി 8.20 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. മിനി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര വില്‍പ്പന 0.8% വര്‍ധിച്ച് 1.41 ദശലക്ഷം കാറുകളായി. കമ്പനിയുടെ ആഗോള ഉല്‍പ്പാദനം 2016 സാമ്പത്തിക വര്‍ഷത്തിലെ 9.08 ദശലക്ഷം യൂണിറ്റുകളുടെ മുന്‍ റെക്കോര്‍ഡ് മറികടന്നു. 2018 സാമ്പത്തിക വര്‍ഷം വിറ്റ 9.55 ദശലക്ഷം വാഹനങ്ങളാണ് കമ്പനിയുടെ ലോകമെമ്പാടുമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പന. മാര്‍ച്ചില്‍ മാത്രം, ടൊയോട്ടയുടെ ആഗോള ഉല്‍പ്പാദനം ഒരു വര്‍ഷം മുമ്പുള്ളതില്‍ നിന്ന് 3.8 ശതമാനം ഉയര്‍ന്ന് 899,684 യൂണിറ്റുകളായി. ലോകമെമ്പാടുമുള്ള വില്‍പ്പന 1.5 ശതമാനം വര്‍ദ്ധിച്ച് 916,205 കാറുകളായി.
◾ഐതിഹ്യങ്ങളും മിത്തുകളുംകൊണ്ടുള്ള കഥാസമ്പന്നതയാണീ നോവല്‍ അനാവരണം ചെയ്യുന്നത്. അറേബ്യയിലെ മക്കനഗരത്തില്‍നിന്നും തുടങ്ങി ഉരാക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലൂടെ വളര്‍ന്നു വികസിക്കുന്ന നോവല്‍ ചരിത്രത്തിന്റെയും കാലത്തിന്റെയും അപ്പുറം സഞ്ചരിക്കുന്നു. കൂടരഞ്ഞി ദേശത്തിന്റെ വാമൊഴിവഴക്കങ്ങളിലൂടെ ധാരാളം കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ഈ നോവല്‍ വ്യത്യസ്തമായ വായനാനുഭവമാണ്. ഒരു ദേശത്തെ തോറ്റിയുണര്‍ത്തുന്ന രചന. 'കൂടരഞ്ഞിദേശം കോലോത്തും കടവ് അംശം'. അന്‍വര്‍ മസൂദ്. ഗ്രീന്‍ ബുക്സ്. വില 142 രൂപ.
◾രക്തസമ്മര്‍ദ്ദം പെട്ടെന്ന് വര്‍ദ്ധിക്കുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ അറിയാം. പുകയിലയുടെ ഉപയോഗം രക്തസമ്മര്‍ദ്ദത്തിന്റെ നില വര്‍ദ്ധിപ്പിക്കും. പുകവലിയും ചവയ്ക്കുന്ന പുകയിലയുടെ ഉപയോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പുകയില ഉപയോഗം വഴിവയ്ക്കുന്നതാണ്. നിങ്ങള്‍ക്ക് സാധാരണ രക്തസമ്മര്‍ദ്ദം ഉണ്ടെങ്കിലും കഫീന്‍ ഉപഭോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് ഗവേഷകര്‍ക്ക് ഉറപ്പില്ലെങ്കിലും, നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍, നിങ്ങള്‍ കഫീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ പരിമിതപ്പെടുത്തണോ ഒഴിവാക്കുകയോ ചെയ്യുക. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ മരുന്നുകളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ചില സ്റ്റിറോയ്ഡല്‍ അല്ലാത്ത വിരുദ്ധ ബാഹ്യാവിഷ്‌ക്കാര മരുന്നുകള്‍, മരുന്നുകളുടെ കോമ്പിനേഷനുകള്‍ എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അപകടകരമായേക്കാമെന്ന് പറയുന്നു. മാനസിക സമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദത്തിനും കാരണമാകും. ജോലിയിലെ സമ്മര്‍ദ്ദം, പരീക്ഷ തുടങ്ങി നിരവധി കാരണങ്ങള്‍ മൂലം സമ്മര്‍ദ്ദം അനുഭവപ്പെടാം. സമ്മര്‍ദ്ദത്തിനുള്ള കാരണം ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. മദ്യപാനം രക്തസമ്മര്‍ദ്ദത്തിന്റെ നില വര്‍ദ്ധിപ്പിക്കും. മദ്യപാനം മറ്റ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
1983 ഫെബ്രുവരി രണ്ടിന് അമേരിക്കയിലെ അരിസോനയില്‍ ആണ് ജസീക്ക ജനിച്ചത്. രണ്ടു കൈകളും ഇല്ലാതെ ജനിച്ച തങ്ങളുടെ കുഞ്ഞിനെകണ്ട് ആ മാതാപിതാക്കള്‍ ഏറെ വേദനിച്ചു. ഈ കുഞ്ഞ് എങ്ങിനെ ജീവിക്കുമെന്ന ആശങ്കയായിരുന്നു അവരെ അലട്ടിയത്. എന്നാല്‍ ഈ പോരായ്മയ്ക്ക് മുമ്പില്‍ തന്റെ മകള്‍ തോറ്റ് പോകുന്നത് അവളുടെ അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. മൂന്നാം വയസ്സില്‍ അമ്മ ജസീക്കയെ ജിംനാസ്റ്റിക്‌സ് പഠിക്കാനയച്ചു. കാലിന് ആവശ്യമായ ചലനനിയന്ത്രണവും വേഗവും ജസീക്കയ്ക്ക ലഭിച്ചത് ഈ പരിശീലനത്തിലൂടെയാണ്. അഞ്ചു വയസ്സുമുതല്‍ നീന്തല്‍ പരിശീലനവും ആറാം വയസ്സില്‍ നൃത്തവും അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. 14 വയസ്സുവരെ കൃത്രിമകൈവെച്ചാണ് ജസീക്ക ജീവിച്ചത്. തന്റെ പരിമിതികളെ കരുത്താക്കി മാറ്റാന്‍ തീരുമാനിച്ച ദിവസം അവള്‍ ആ കൈ ഊരിമാറ്റി... 2008 ഒക്ടോബര്‍ 10 അമേരിക്കയുടെ ആകാശത്ത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു ഗിന്നസ് റെക്കാര്‍ഡ് പിറന്നു. ജസീക്ക കോക്‌സ് എന്ന പെണ്‍കുട്ടി 10,000 അടി ഉയരത്തില്‍ കാലുകള്‍കൊണ്ട് വിമാനം പറത്തി കൈകളില്ലാത്ത വിമാനം പറത്തിയ ആദ്യ വ്യക്തിയും ഏക വ്യക്തിയും ജസീക്കയാണ്. കാലുകൊണ്ട് മനോഹരമായി പിയാനോ വായിക്കുന്ന ജസീക്ക, തയാക്വന്‍ഡോയില്‍ ട്രിപ്പിള്‍ ബ്ലാക്ക് ബെല്‍ററ് നേടിയിട്ടുണ്ട്. കൂടാതെ ജസീക്ക കോക്‌സ് ഇന്ന് മികച്ച ഒരു മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയാണ്. സ്വയം അത്ഭുതമായി മാറിയവര്‍ക്ക് ഒരു ഉദാഹരണമാണ് ജസീക്ക കോക്‌സ്.. സ്വന്തം പരിമിതികളെ കരുത്താക്കിമാറ്റാന്‍ നാം എന്ന് തീരുമാനിക്കുന്നുവോ.. അന്ന് ആ പരിമിതികള്‍ നമുക്ക് സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടികളായി മാറും - ശുഭദിനം.