രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെ നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച നിർദേശം നൽകി. ഇന്നലെ ബിവറേജസ് കോർപറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ബിവറേജുകളിൽ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സർക്കുലർ. മെയ് 19നാണ് ആർബിഐ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇതിന് പിന്നിലെ കാരണവും ആർബിഐ തന്നെ വിശദീകരിക്കുന്നുണ്ട്. 2016ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്ന് ആർബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ രംഗപ്രവേശം ചെയ്തത്.
ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ 500,200 നോട്ടുകൾ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ജനങ്ങളുടെ കൈവശമുള്ളതിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു. ഇത്തരമൊരു പശ്ചാത്തലത്തിൽ 2000 രൂപാ നോട്ടുകൾ അവ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂർത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിൻവലിക്കുന്നതെന്ന് ആർബിഐ വിശദീകരിക്കുന്നു.